ലൈംഗിക ആരോപണവുമായി എട്ടു സ്ത്രീകൾ, നട്ടംതിരിഞ്ഞ് പ്രശസ്ത എഴുത്തുകാരൻ; ‘പ്രോജക്ടുകൾ’ അവതാളത്തിൽ

Mail This Article
എട്ടു സ്ത്രീകൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണ് ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനായ നീൽ ഗെയ്മാനെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. കഴിഞ്ഞ വർഷം ‘മാസ്റ്റർ’ എന്ന ടോർട്ടിസ് മീഡിയ പോഡ്‌കാസ്റ്റിൽ അഞ്ചു സ്ത്രീകൾ ലൈംഗിക ആരോപണങ്ങളുമായി വന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുൾപ്പെടെ കഴിഞ്ഞാഴ്ച ന്യൂയോർക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ചത് എട്ടു സ്ത്രീകളുടെ അനുഭവങ്ങളാണ്.

‘ദ് സാൻഡ്മാൻ’ എന്ന കൃതിയിലൂടെ പ്രസിദ്ധനായ ബ്രിട്ടിഷ് എഴുത്തുകാരൻ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ആദ്യമായി ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചത്. ഭയത്തോടെയും നിരാശയോടെയുമാണ് താൻ അത് വായിച്ചതെന്ന് നീൽ ഗെയ്മാന്‍ പറഞ്ഞു. "ഒരിക്കലും ആരുമായും സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നു’ വ്യക്തമാക്കി ലൈഗിംക ആരോപണങ്ങൾ നീൽ നിഷേധിച്ചു.
ഗെയ്മാന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നാനിയായി 2022ല്‍ ജോലി ചെയ്തിരുന്ന സ്കാർലറ്റ് പാവ്‌ലോവിച്ചാണ് ആദ്യമായി ആരോപണവുമായി വന്നത്. വികൃതമായ ആവശ്യങ്ങളുമായി സമീപിക്കുന്ന ഗെയ്മാൻ തന്നെ വൈകാരികമായി മുറിവേൽപ്പിച്ചുവെന്ന് ആരോപണമുന്നയിച്ച സ്ത്രീകള്‍ പറഞ്ഞു. ഇവ ഗെയ്മാന്റെ നിരവധി പ്രോജക്ടുകളെ ബാധിച്ചിട്ടുണ്ട്.

ചെറുകഥകൾ, നോവലുകൾ, കോമിക് പുസ്തകങ്ങൾ, ഗ്രാഫിക് നോവലുകൾ, തിരക്കഥകൾ എന്നിവയാണ് നീൽ ഗെയ്മാന്റെ പ്രധാന മേഖല. കോമിക് പുസ്തക പരമ്പരയായ 'ദ് സാൻഡ്മാൻ', 'ഗുഡ് ഒമെൻസ്', 'സ്റ്റാർഡസ്റ്റ്', 'അനൻസി ബോയ്സ്', 'അമേരിക്കൻ ഗോഡ്സ്', 'കൊറലൈൻ', 'ദ് ഗ്രേവിയാർഡ് ബുക്ക്' എന്നിവയാണ് കൃതികള്‍. 'ഗുഡ് ഒമെൻസ്', 'ദ് സാൻഡ്മാൻ' എന്നീ നോവലുകളെ ആസ്പദമാക്കിയുള്ള ടിവി പരമ്പരകളുടെ സഹരചയിതാവുമായിരുന്നു.

2024 മുതൽ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്, നിരവധി അഡാപ്റ്റേഷനുകളുടെ നിർമ്മാണത്തെ ബാധിച്ചു. 'ഗുഡ് ഒമെൻസിന്റെ' അവസാന ഭാഗമായ മൂന്നാം സീസൺ നിർമാണം ആരംഭിച്ചിരുന്നെങ്കിലും തുടക്കത്തിൽ തന്നെ അത് നിർത്തി. തുടർന്ന് പ്രൈം വീഡിയോ അത് ഒരു എപ്പിസോഡിലേക്ക് ചുരുക്കി. ഹ്യൂഗോ, നെബുല, ബ്രാം സ്റ്റോക്കർ അവാർഡുകൾ, ന്യൂബെറി, കാർണഗീ മെഡലുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ഗെയ്മാന്റെ 'ഡെഡ് ബോയ് ഡിറ്റക്ടീവ്സ്' നെറ്റ്ഫ്ലിക്സ് റദ്ദാക്കി. 'ദ് ഗ്രേവ്യാർഡ് ബുക്ക്' എന്ന സിനിമ, ഡിസ്നി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ആരോപണങ്ങൾ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും അതിൽ പലതും യാഥാർഥ്യമല്ലെന്നും വളച്ചൊടിച്ചതാണെന്നുമാണ് നീൽ ഗെയ്മാൻ അവകാശപ്പെടുന്നത്. താൻ ഏന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണെന്നും നീൽ വ്യക്തമാക്കി.