2024ലെ ഓടക്കുഴൽ അവാർഡ് കെ. അരവിന്ദാക്ഷന്റെ 'ഗോപ' എന്ന നോവലിന്

Mail This Article
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം. ബുദ്ധനായി മാറിയ സിദ്ധാർത്ഥനെ അദ്ദേഹത്തിന്റെ പത്നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് നോവലിന്റെ ഇതിവൃത്തം.
മഹാകവിയുടെ ചരമവാർഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ പുരസ്കാരം കെ. അരവിന്ദാക്ഷന് അവാർഡ് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകൻ കെ. ബി. പ്രസന്നകുമാർ, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി. എച്ച്. ദിരാർ എന്നിവർ പ്രഭാഷണം നടത്തും. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.
തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരിയിൽ 1953 ജൂൺ 10-ന് ജനിച്ച കെ. അരവിന്ദാക്ഷൻ കേരളസാഹിത്യ അക്കാദമി അവാർഡും ഗുരുദർശന അവാർഡും നേടിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. സാക്ഷിമൊഴി, ഭോപ്പാൽ, പുതിയ ഗോത്രത്തിന്റെ ഉല്പത്തി, എലിവേട്ടക്കാരുടെ കൈപ്പുസ്തകം, കുശിനാരയിലേക്ക്, മറുപാതി, അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിലെ വിരലുകൾ, രജിതയുടെ തിരോധാനം, ദൈവം തുറക്കാത്ത പുസ്തകം, ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്നിവ പ്രധാന പുസ്തകങ്ങൾ.
ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ സാഹിത്യപുരസ്കാരജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് സമ്മാനത്തുകയുടെ നാലിലൊന്ന് നിക്ഷേപിച്ച് സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. ഓരോ വര്‍ഷവും മലയാളത്തിലെ മികച്ച സാഹിത്യ കൃതിയ്ക്ക് 1968 മുതല്‍ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്കാരമാണ് ഓടക്കുഴല്‍ അവാര്‍ഡ്.