ചന്ദനമണമുള്ള മരണം – സിബി ജോൺ തൂവൽ എഴുതിയ കഥ

Mail This Article
അവറാൻ ജോലി സ്ഥലത്തും ഇങ്ങനെ തന്നെയാണ്. യക്ഷിയെ തളച്ചതെന്ന മട്ടിൽ ഏതെങ്കിലും ഭിത്തിയിൽ അടിച്ചിറക്കിയ ആണി കണ്ടെത്തി അതിൽ ഷർട്ടൂരി കൊളുത്തും. ചെവിമടക്കിൽ വച്ചിരിക്കുന്ന കട്ടൻബീഡിയിൽ ഒന്നെടുത്ത് അതിന്റെ അരക്കെട്ടിലെ നൂല് ഒന്നൂടെ പിരിച്ചുമുറുക്കും. വിടർന്ന ചുണ്ടുകൾക്കുള്ളിലേക്കാ ബീഡി തീ കത്തിച്ചമർത്തും. പിന്നെയൊട്ടും വൈകില്ല. ചിന്തേരിട്ടു മിനുക്കി വച്ചിരിക്കുന്ന തടിയുടെ മേൽ കാലകത്തി ഉളിയുമായി കുനിഞ്ഞിരിക്കും. ഇതിപ്പോൾ അവറാൻ സ്വന്തം കിടപ്പറയിലാണ്. ഷർട്ടൂരി ആണിയേൽ തൂക്കി. അധ്വാനത്താൽ ക്ഷീണിച്ച ശരീരം തിരിച്ചു കട്ടിലിലേക്കു കുനിഞ്ഞു. പാമ്പിളകുന്നപോലെ ശരീരമൊന്നു പുണച്ചു ചേർത്തപ്പോൾ ദീനാമ്മ കൈവിടർത്തി മുഖം പൊത്തി. നാണം മുഖത്തു ഫണം വിരിച്ചു. അവളുടെ അരക്കെട്ടു കൈപ്പത്തി വിടർത്തി തിരഞ്ഞ അവറാൻ പാവാടവള്ളിയിൽ വിരലുകൾ കോർത്തു. മുറുക്കാനല്ല, അഴിക്കാനാണ്. തീനാളം നെറ്റിയിൽ തൊട്ട ബീഡിപോലെ നീറിപ്പുകഞ്ഞൊന്നു കുറുകുന്നതിനിടെ ദീനാമ്മ മൂക്കു വിടർത്തി.
ഓ... കരിവീട്ടിയാരുന്നല്ലേ ഇന്ന്..? മുല്ലപ്പൂ മണമുള്ള സോപ്പ് പലവട്ടം ദേഹത്തു പതപ്പിച്ചു കഴുകിയകറ്റിയിരുന്നു. എന്നിട്ടും വിയർപ്പിനൊപ്പം പൂർണമായും അയാളുടെ ദേഹത്തു നിന്നു കരിവീട്ടിയുടെ കറയും മണവും പോയിരുന്നില്ല. 'അതേടീ, തടി ശെരിക്കും ഒണങ്ങീരുന്നുമില്ല. എന്നാ പറയാനാ' അവളുടെ മുഖത്തു ചുണ്ടു കൂർപ്പിച്ചു മൃദുവായൊന്നു മുത്താൻ ഒരുങ്ങുകയാരുന്ന അവറാൻ വിഷമത്തോടെ മുഖം പിന്നാക്കമകത്തി. പിന്നെ തുടർന്നു. 'തടി വെട്ടിയിട്ടാൽ മഴേം മഞ്ഞുമൊക്കെ കൊണ്ടു കുറച്ചുകാലം മലർന്നങ്ങനെ കിടക്കണം. പിന്നെയാ തൊലിപൊളിച്ചു മേടച്ചൂടിൽ ഉടുക്കാകുണ്ടനായിട്ട് ഉണക്കിയെടുക്കണം. എന്നിട്ടു ചിന്തേരു തലങ്ങും വിലങ്ങും പായിച്ചു മിനുക്കിയൊരുക്കണം. ശേഷം ഉളി മെല്ലെ വച്ചങ്ങു പണി തുടങ്ങിയാൽ എന്നാ....' 'ഇതിപ്പം എല്ലാത്തേനും ധൃറ്തിയല്ലേ' ദീനാമ്മയുടെ അടിയവയറിനുമുകളിൽ ചിന്തേരിട്ടു നീങ്ങിയിരുന്ന വിടർന്ന കൈപ്പത്തി തീ തൊട്ടപോലെ അവറാൻ വലിച്ചെടുത്തു. എന്തേ..? ദീനാമ്മ സ്വരം താഴ്ത്തി. പൊട്ടിത്തെറിക്കാനൊരുങ്ങുന്ന അരക്കെട്ടിനൊപ്പം ഒരു വിധം മുഖത്തും ശാന്തത വരുത്തി അവറാൻ ദീനാമ്മയെ ദയനീയമായി നോക്കി. 'ആർക്കു ധിറ്തിയെന്നാ നീ പറഞ്ഞേ.. അല്ലേൽ. ങാ.. അതൊക്കെ പോട്ടെ. ഇപ്പം അതൊക്കെയെന്തിനാ......' അയാളുടെ കാലുകൾ വീണ്ടും ചലന ചക്രങ്ങൾക്കു തുടക്കമിട്ടു. 'ആ കൊളക്കരലേ സാവിത്രിക്ക്. അവളു പണ്ടേ അങ്ങനാ. വല്യ ധിറ്തിക്കാരിയാ..' അവറാന്റെ ദേഹത്തു ഒരു വീതുളി വന്നു വീണു. പലതും കൊതിച്ചോടിത്തുടങ്ങിയ കാലുകൾ രണ്ടും ചെത്തിയകന്ന് എങ്ങോട്ടോ ഭാരമില്ലാതെ പറന്നു.

ദീനാമ്മ പറഞ്ഞതു ശരിയായിരുന്നു. പേരു കേട്ട മാളികപ്പുറത്തു വീട്ടിലെ തൊമ്മിച്ചൻ പുത്തൻവീട് കെട്ടുന്നിടത്തേക്കു മരപ്പണീടെ ബാക്കി കണക്കുകൊടുക്കാനാണ് ആ വഴി പോയത്. നേരത്തെ കുറച്ചു വാതിലും ജനലുമൊക്കെ പണിതു വച്ചിട്ടു പോന്നതാണ്. ബാക്കി പണിയാമെന്നു പറഞ്ഞ ദിവസങ്ങളായിട്ടും കാണാതായപ്പോൾ തൊമ്മിച്ചൻ തെറിവിളി തുടങ്ങി. എന്നവിടെ പോകും എന്നോർത്തിരിക്കുമ്പോഴാ അന്നു ഉച്ചയ്ക്കു മുൻപു അൽപം സമയം വീണു കിട്ടിയത്. പണിശാലയിൽ തടിലോഡ് വന്നില്ല. എന്നാലോ, തൊമ്മച്ചനു തടിക്കണക്കു കൊടുത്തു വരാമെന്നു കരുതി. വൈകിയാൽ തെറിയുടെ കാതൽ കൂടും. തിടുക്കത്തിൽ പോയി വരാനാണു കുന്നിറങ്ങി കുളക്കര ചേർന്നുള്ള കുറുക്കുവഴി തിരഞ്ഞെടുത്തത്. അല്ലെങ്കിൽ ആ വഴി യാത്രയില്ല. എത്രയാണി അടച്ചുകയറ്റീട്ടും ഒതുങ്ങാത്ത യക്ഷീയുണ്ടത്രേ. 'അവറാൻ മേസ്ത്രി ഇതെങ്ങോട്ടാ കടപിഴുകിയ മരംപോലാണല്ലോ പോക്ക്.'? വീതികുറഞ്ഞ ഇടവഴീൽ കാലു തെറ്റാതെ നടക്കാൻ പ്രയാസപ്പെടുമ്പോഴായിരുന്നു ശബ്ദം. ആളെ കണ്ടില്ല. 'ദേ.. ഇബിടെ.' ശബ്ദം കേട്ടിടത്തേക്കു എത്തി നോക്കി. നനഞ്ഞു കുതിർന്നൊരു അരബ്ലൗസ്. അറ്റമെത്താത്തൊരു തോർത്തു അരയിൽ ചുറ്റി ഒരു കാല് അലക്കുകല്ലിൽ കയറ്റിവച്ചു സോപ്പ് പതപ്പിക്കുകയാണു സാവിത്രി. കളയാനൊന്നുമില്ല, വെളുത്ത കാതലാണു മുഴുവൻ. 'തൊമ്മിച്ചൻ വീടു പണിയുന്നേടം വരേ..' വേഗം നടന്നു. എന്നിട്ടു ഉളിയൊക്കെ എടുത്തീട്ടുള്ളതായി തോന്നുന്നില്ലല്ലോ..?
സാവിത്രിയെ അവറാൻ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി. അധികം നേരം നോക്കാനും പറ്റില്ല. തീ എറിഞ്ഞു കൊളുത്തുന്നവളാണ്. മുണ്ടുമുറുക്കിയുടുത്തു അവറാൻ തലവെട്ടിച്ചു. കാലുകൾ വീണ്ടും നീട്ടി വച്ചു 'ശ്ശോ.. ഒന്നു നിന്നയബിടെ...' കേൾക്കാത്ത മട്ടിൽ അവറാൻ മുന്നോട്ടു നടന്നു. 'ഒരു കാര്യം പറയാനാ. ഇല്ലേൽ ഞാനങ്ങോട്ടു വരും, വീട്ടിലേക്ക് ' ഭൂമിലോട്ടാരോ പാദം ചേർത്താണിയടിച്ചു തറച്ചപോലെ അവറാൻ ഒറ്റ നിൽപ്പ്. കുടുക്കിട്ടു പിടിച്ചൊരു പന്നിയെപ്പോലെ കിതച്ചുനിന്നു. 'ഉം എന്താ...?' 'എനിക്കൊരു കട്ടിലു പണിതു തരുവോ..?' മുഖത്തെ വെളുത്ത സോപ്പുപത കൈനീട്ടിത്തുടച്ചു കുടഞ്ഞു സാവിത്രി ചോദിച്ചു. സോപ്പു കുമിളകൾ സമീപത്തെ കൈതയിലകളിൽ പൂപോലെ തെറിച്ചു വീണു. 'നിനക്കെന്തിനായിപ്പം പുതുകട്ടിൽ.?' 'ശോ എനിക്കല്ല.' സാവിത്രി നാണം വീണ പൂപോലെ ഒന്നകംപുറം കുടഞ്ഞു. ഇലകളിൽ വീണ്ടും പതപ്പൂക്കൾ വിരിഞ്ഞു. 'മോളുടെ കല്യാണമാ. അവളു ഡൽഹീ നഴ്‌സാ.' 'ഓഹോ..' 'പൈസയൊക്കെ അയച്ചു തന്നു കട്ടിലു പണിയാൻ. വേഗം വേണമെന്നാ അവളു പറഞ്ഞേക്കുന്നേ.. കല്യാണോം അവിടെ റജിസ്റ്റർ ചെയ്തു രണ്ടുംകൂടി അടുത്താഴ്ചയിങ്ങു വരും..' സാവിത്രി കുലുങ്ങിച്ചിരിച്ചു. പരിസരത്തെ ഇലകളിൽ സോപ്പുകുമിളകൾ വിരിഞ്ഞു. 'നടക്കൂല. സമയം കിട്ടുകേല.' 'നടക്കേണ്ട കിടക്കാനാ...' തൊമ്മിച്ചൻ മുതലാളി കാത്തു നിൽക്കുന്നു. ഇല്ലേൽ ഇവളോട്... മനസ്സിൽ വന്നതു കടിച്ചമർത്തി. 'പൈസയൊക്കെ ഇഷ്ടംപോലുണ്ട്. എത്ര വേണേലും.' 'പൈസയല്ല കാര്യം.. തീരേ സമയമില്ല...' അടുത്ത തർക്കുത്തരം കേൾക്കേണ്ടി വരും. പിന്നെ ഒരുനിമിഷം നിന്നില്ല.
തടിക്കണക്കുമായി വരാമെന്നു പറഞ്ഞിട്ടു എത്രനേരമായെന്നും ഇടയ്ക്ക് ഏതവളുടെയടുത്താ വൈകിയേന്നും തെറി വിളിച്ചാണു തൊമ്മിച്ചൻ സ്വീകരിച്ചത്. ഒരു വിധം കണക്കുകൊടുത്തിറങ്ങി തിരികെ വേഗം പോന്നു. പിറ്റേന്നു പുലർച്ചെ ചെല്ലണമെന്ന് തൊമ്മിച്ചൻ സമ്മതിപ്പിച്ചിരുന്നു. തിരികെ പോരും മുൻപ് ഒരു കെട്ടു തുക കയ്യിലെടുത്തു തന്നു ഉറപ്പു മേടിച്ചു. കശാപ്പുകാരൻ ഇറച്ചിയിൽ നിന്നും ഊരിയെടുത്തിട്ട അസ്ഥി പോലെ, നേരത്തെ പണി തീർത്ത കുറച്ചു കതകും ജനലും അയാളുടെ പാതി പണിതീർന്ന വീടിന്റെ മുറ്റത്തു ഇരിപ്പുണ്ടായിരുന്നപ്പോൾ. വീട്ടിൽ വന്നു ഷർട്ടൂരി ആണിയിൽ കൊളുത്തിക്കിടന്നു. ദീനാമ്മ കൊടുത്ത കാപ്പി കുടിച്ചു രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി. 'രാവിലെ ഇങ്ങുപോരെ. തീറ്റേം കുടിമൊക്കെ ഇബിടാക്കാം.. അൽപം വൈകിയിരുന്നു പണിതാലും കുഴപ്പമില്ലെനിക്ക്...' തൊമ്മിച്ചനു കണക്കുകൊടുക്കുമ്പോഴും മനസ്സിൽ മുഴങ്ങിയ സാവിത്രീടെ ഈ ശബ്ദമാണു തീരുമാനം തെറ്റിച്ചത്. ചെന്നു കേറിയതു സാവിത്രിയുടെ വീട്ടിൽ. പക്ഷേ, ഇതു ദീനാമ്മ എങ്ങനെ അറിഞ്ഞു. 'കരിവീട്ടി കഴിഞ്ഞയാഴ്ച അവളു വെട്ടിമറിച്ചിട്ടിരിക്കുന്നതു കണ്ടിരുന്നു. ഉണങ്ങാൻ സമയമായിട്ടില്ല...' ദീനാമ്മയുടെ സ്വരം അയാളെ ആശ്വാസക്കാറ്റിലാഴ്ത്തി. ഭാഗ്യം.!

അറുത്തിട്ടിരുന്ന തടികഷണങ്ങൾ രണ്ടെണ്ണം ചേർത്തിട്ടു ചേർച്ച നോക്കുമ്പോൾ പിന്നിൽ സാവിത്രി വന്നു നിന്നതു അവറാൻ ശ്രദ്ധിച്ചിരുന്നില്ല. വെള്ളം നിറച്ച പാത്രം മേശപ്പുറത്തു വയ്ക്കുന്ന ഒച്ചകേട്ടാണു മുഖം തിരിഞ്ഞു നോക്കിയത്. ഒരു കൈ മടക്കി അരയിൽ കുത്തി പിൻഭാഗം സാധിക്കുന്നത്ര മുഴപ്പിച്ചും മുൻഭാഗം പരമാവധി കൂർപ്പിച്ചും ചുണ്ടിലൊരു ചിരിയും കുത്തി ചെരിഞ്ഞു നിൽക്കുകാരുന്നു സാവിത്രി. തടിയെങ്ങനുണ്ട്..? 'കൊള്ളാം ചെറിയൊരു വളവുണ്ടെന്നു മാത്രം.' അവളിലേക്കു പാളിയ കണ്ണുളി വേഗം തടിയിലേക്കു തിരികെ കൊത്തി പിടിച്ചു. 'തടീക്കൊരു വളവും പൊളവുമൊക്കെയുള്ളതാ നല്ല ആശാരിമാർക്കിഷ്ടം. അവരുടെ കൈഗുണം കാട്ടാനതാ നല്ലത്. കൈഗുണം വേണം. കൈഗുണം....' 'വെള്ളോം വല്ലോം വേണേൽ ഞാൻ വിളിച്ചോളാം. നീ അപ്പുറത്തു വേഗം പൊക്കോ.' ചിന്തേരെടുത്തു കുലുക്കികൊണ്ടു മുൻപിലെ തടിയിലേക്കു കുനിഞ്ഞിരിക്കാനൊരുങ്ങിയ അവളെ ഒരുവിധമാണു പറഞ്ഞു വിട്ടത്.
'എന്നതാ ചിരിക്കുന്നേ..' ദീനാമ്മേടെ സ്വരം അയാളെ സാവിത്രീടെ വീട്ടിലെ പണിസ്ഥലത്തു നിന്നു അതിവേഗം കിടപ്പറയിലേക്കു കുലുക്കി വിളിച്ചുണർത്തി. 'നല്ല ഇളകാത്ത കാലുകളുള്ള കട്ടിലുവേണം കേട്ടോ പണിയാനെന്ന്. മോളുടെ കെട്ടിയോൻ പട്ടാളക്കാരനാന്ന്. സാവിത്രി നടന്നകലുമ്പോൾ പറഞ്ഞതാടി..' അവറാൻ ചിരി തുടർന്നു. 'ഹോ.. അവളുടെ ഇളകാത്ത...' ദീനാമ്മ പൂർത്തിയാക്കിയില്ല. 'നിങ്ങളാ തൊമ്മച്ചന്റെ വീട്ടിൽ പോകുന്നതാരുന്നു എനിക്കിഷ്ടം.' 'അതെങ്ങനാടി. എന്റെ പണി തടിപ്പണിയല്ലേ. ആരു പണി തന്നോ അതങ്ങു ചെയ്തു കൊടുത്തു പണം വാങ്ങും. അതല്ലേ പറ്റൂ..' നാട്ടിലെ മറ്റുപല പെണ്ണുങ്ങളേയും പോലെ സാവിത്രിയെ ദീനാമ്മയ്ക്കും ഇഷ്ടമല്ലെന്നതോർത്തും ആശ്വാസമാകുന്നെങ്കിൽ ആകട്ടെ എന്ന മട്ടിലുമാണ് അവറാൻ അത്രയും പറഞ്ഞത്. 'അവളുടെ വീട്ടിൽപോയി പണിയുന്നതിനു കുഴപ്പമില്ല. പക്ഷേ, അന്നു തൊമ്മിച്ചന്റെ അവിടെ പണിതിട്ടു വന്നപ്പോൾ നിങ്ങളെ വിയർപ്പിനൊപ്പം ചന്ദനം മണത്തിരുന്നു.' ആരോടും പറയരുതെന്നു ചട്ടംകെട്ടി തൊമ്മിച്ചൻ ചെറിയൊരു ചന്ദനമുട്ടി നൽകി. ചെറിയൊരു വിഗ്രഹം അതിൽ കൊത്തി നൽകിയിരുന്നു. ഇവൾ.... ഇതൊക്കെ...!
'പിന്നെ പണ്ടൊരു ഗൾഫുകാരന്റെ വീട്ടിൽ പണിയാൻ പോയതോർമ്മയില്ലേ.?' അവറാനതു ഓർമ്മയുണ്ടായിരുന്നു. മുല്ലപ്പൂ മണമുള്ള സെന്റ് കുപ്പി രണ്ടെണ്ണം തന്നു വിട്ടിരുന്നു. 'മുല്ലപ്പൂ സെന്റല്ല മനുഷ്യ, അന്നു നിങ്ങളെ കാട്ടുതേക്ക് മണത്തിരുന്നു. പിന്നെ കുറകുമലേൽ ഒരു വീട്ടിൽ പണി കഴിഞ്ഞു വന്നപ്പോൾ വെള്ളിലാവ് മരത്തിന്റെ സുഗന്താരുന്നു...' ഇതു പറഞ്ഞു ദീനാമ്മ അവറാനെ കാട്ടുമണം നുണയാൻ ഒന്നുകൂടി വട്ടം പൊതിഞ്ഞു. പിന്നെ വേഗം കൈവിട്ടകന്നു. 'ച്ഛേ.. ഈ കരിവീട്ടിയുടെ മുശുക്കു മണം...' അവറാൻ ദീനാമ്മയെ ദയനീയമായി നോക്കി. 'നിനക്ക് ഇനി എന്തുമണമാ ഇഷ്ടം.?' 'വെടിമരുന്നിന്റെ....' 'ങേ..വെടിമരുന്നിന്റെയോ..?' ഇതു പറഞ്ഞു അവറാൻ തിരിഞ്ഞു ദീനാമ്മയെ ചേർത്തു പിടിക്കാൻ നോക്കി. കട്ടിൽ കാലുകളിൽ ഇളകി വിറച്ചു. തടിക്കാലുകൾ സിമന്റു തറയിലുരസുന്ന കറപറ സ്വരം അന്തരീക്ഷത്തിൽ പടർന്നു. അപ്പോൾ വീടിനു പുറത്ത് ആരോ അനങ്ങുന്നതുപോലെ അവർക്കു തോന്നി. എന്തോ ശബ്ദം പുറത്തുനിന്നും കേട്ടപോലെ. അവറാൻ വീണ്ടും തിരിഞ്ഞു കിടന്നു. കട്ടിലപ്പോഴും കറപറ ശബ്ദം മുഴക്കി. ഛേ.. ആരെങ്കിലും കേൾക്കും. അവറാനെ തള്ളിയകറ്റി ദീനാമ്മ തുടർന്നു.
'എനിക്കൊരു ആഗ്രഹമുണ്ട്...?' 'എന്നതാടി..?' അവറാൻ ഒന്നുകൂടി അവളെ ചേർത്തണയ്ക്കാൻ തിരിഞ്ഞു. കട്ടിൽ ഉറയ്ക്കാത്ത കാലുകളിൽ വീണ്ടുമൊന്നിളകി. എന്താ വേണ്ടേ... ഏതു മരത്തിന്റെ പൂമണമാ. നാണിക്കാതെ പറഞ്ഞോ.....? ചുണ്ടു കോണിച്ചൊരു വികൃത ചിരിയോടെയായിരുന്നു അവറാന്റെ ചോദ്യം. 'പോ മനുഷ്യാ, നിങ്ങളു നാടുമുഴുവൻ കട്ടിലു പണിതു നടന്നോ. നമുക്കൊരു ഇളകാത്ത കട്ടിലു വേണം. ഒരു ദിവസമെങ്കിലുമതിൽ... അതേള്ളൂ ആഗ്രഹം..' ദീനാമ്മ ഇതു പറഞ്ഞു തലവെട്ടിച്ചു. നാട്ടില്ലെല്ലാവർക്കും ഇളകാത്ത കട്ടിൽ പണിയുന്ന അവറാനു പക്ഷേ, സ്വന്തമായൊരു കാലുറച്ച കട്ടിൽ വീട്ടിൽ ഉണ്ടായിരുന്നില്ല. കരിവീട്ടിയുടെയും ചന്ദനത്തിന്റെയും മണത്തിലേക്കു ദീനാമ്മ മുഖമമർത്തുമ്പോൾ കട്ടിലു കരഞ്ഞു നിലവിളിക്കാൻ തുടങ്ങും. അപശബ്ദങ്ങളിൽ അവളുടെ മുഖം വാടും. വിടരാനുറച്ച പൂക്കൾ കൊഴിഞ്ഞു ശരീരം തളരും. അവൾക്കിഷ്ടമുള്ള മരമണങ്ങൾ അവളിൽ നിന്നു മുഖമകറ്റും. കാട്ടാഞ്ഞിലി വെട്ടിയിട്ടു തൊലിപൊളിച്ചു വെയിലത്തുണക്കി സ്വന്തമായൊരു കട്ടിൽ പണിതിട്ടേ ഇനി മറ്റ് എന്തും ഉള്ളൂ. തന്നോടു താൽപര്യമില്ലാതെ അകന്നു കിടക്കുന്ന ഭാര്യേ നോക്കി അവറാൻ തീരുമാനിച്ച സമയമായിരുന്നത്.
വീടിനു പുറത്തു നേരത്തെ കേട്ട ബഹളം കൂടി വന്നു. ആരൊക്കയോ എങ്ങോട്ടോ ഓടുന്നു. ആർപ്പുവിളികളും ചെണ്ടമേളവും. അവറാൻ കട്ടിലിൽ നിന്നും ഊർന്നിറങ്ങി. എന്താണെന്ന ആകാംക്ഷയോടെ പിന്നാലെ ദീനാമ്മയും. വിളക്കു തെളിച്ചശേഷം ആണിയിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്തു അവറാൻ ധരിച്ചു. 'കാടിറങ്ങി കരടി വന്നു അവറാനേ..' മുന്നോട്ടോടി ചെറിയ തോട് ചാടിക്കടക്കുന്നതിനിടെ ആരോ വിളിച്ചു പറയുന്നതു കേട്ടു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാനോങ്ങിയ അവറാൻ നടക്കല്ലിൽ പ്രതിഷ്ഠപോലെ നിന്നു. 'കരടി...' കാടിനോടു ചേർന്നായിരുന്നു അവരുടെ വീട്. പുലിയും കടുവയുമൊക്കെ പലപ്രദേശങ്ങളിലും കാടിറങ്ങി ചെന്നു കർഷകരെ ആക്രമിക്കുന്നു. അവരുടെ നാട്ടിൽ കരടിയാണ് ഇറങ്ങുന്നത്. മനുഷ്യരെ ആക്രമിക്കുന്ന കരടി. അതപൂർവമായിരുന്നു, പക്ഷേ, അവിടെ അങ്ങനാരുന്നു. കൂട്ടമായി അതിവേഗം ഓടിയിരുന്നവർ പലഭാഗത്തേക്കും ചിതറിത്തെറിച്ചു. അത്രയും ഭയാനകമായിരുന്നു മുൻപിലെ കാഴ്ച. ചിലർ മുഖം മറച്ചു. വലിയൊരു ചെമ്പരത്തിപ്പൂവ് നാലായി വലിച്ചുകീറിയെറിഞ്ഞു ചവിട്ടിയരച്ചതുപോലെയായിരുന്നു ശവത്തിന്റെ കിടപ്പ്. കരടിയാക്രമിച്ചു കൊന്ന വേലപ്പൻ. മുഖം മറഞ്ഞു കോടിയിരിക്കുന്നു. ശരീരം ചതഞ്ഞുവലഞ്ഞിരുന്നു. കുങ്കുമക്കായ് കല്ലിടിച്ചു പൊട്ടിച്ചു ചാറൊഴുക്കിയപോലെ രക്തം നാലുപാടും പടർന്നു. വേലപ്പന്റെ കയ്യിൽ വീട്ടിലേക്കു വാങ്ങിയ അരിയും പലചരക്കു സാമാനങ്ങളും നിറഞ്ഞ സഞ്ചി വള്ളിപൊട്ടി കിടന്നിരുന്നു. വിരലുകൾ ആ വള്ളികളിൽ കുരുങ്ങിക്കിടന്നു.

'ഇതിങ്ങനെ വിട്ടാൽ പറ്റുകേല.' 'ഇന്നു തന്നെ ഒരു തീരുമാനമുണ്ടാക്കണം' 'ഇതിപ്പം എത്രമത്തെ ആളേയാ കരടി തീർക്കുന്നേ...' 'വാ എല്ലാരും.' ആൾക്കൂട്ടത്തിന്റെ മുന്നിൽ നിന്നവർ ഓരോരുത്തരായി പറഞ്ഞു. കുറച്ചുമുൻപു അങ്ങോട്ടോടിയവർ തിരികെ ഓട്ടമാരംഭിച്ചു. കൂട്ടമായി തന്നെ അവർ പുഴയും തോടും കടന്നു. ഒതുക്കുകല്ലുകൾ കയറി നേരെ മറ്റൊരു വീടിനു മുറ്റത്ത് എത്തി. വീടിനുള്ളിൽ ജാനകി അപ്പോഴും ഉറങ്ങിയിരുന്നില്ല. ജനക്കൂട്ടം വാതിലിൽ മുട്ടി. ജാനകി വാതിൽ തുറന്നു. ജനം അന്ധാളിച്ചു പിൻവാങ്ങി. തൂവെള്ള സാരിയിൽ അടിമുടി മൂടിയിരുന്നു ജാനകി. മുടി ചുമലിൽ അഴിച്ചിട്ടിരിക്കുന്നു. മുറിക്കുള്ളിലെ മേശപ്പുറത്തു ദൈവങ്ങളുടെ ചിത്രം. അതിനു മുൻപിൽ എരിയുന്ന സാമ്പ്രാണിത്തിരികൾ. മേശയുടെ മറ്റൊരു വശത്തു പാത്രത്തിൽ പാതി കുടിച്ചതിന്റെ ബാക്കി പുഴുക്കല്ലരിക്കഞ്ഞി തണുപ്പാറിയത്. 'എന്താ...? എന്താ.. ഈ രാത്രിയിൽ എല്ലാരും കൂടെ..?' ജാനകി ആശങ്കയോടെ ചോദിച്ചു. 'വീണ്ടും കരടിയിറങ്ങി. നമ്മുടെ വേലപ്പനേം തീർത്തു.' 'അയ്യോ...എപ്പം.' ജാനകി അതിശയിച്ചു. 'ഇപ്പം നടന്നേയുള്ളൂ.' എല്ലാരും ജാനകിയെ തന്നെ പ്രതീക്ഷയോടെ നോക്കി. 'ഞാനിപ്പം.. അതും ഈ രാത്രിയിൽ എന്തു ചെയ്യും.?' 'പ്രസിഡന്റ് വെടി വയ്ക്കണം' 'എന്ത്..?' ജാനകി ചോദിച്ചു. 'നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ഇപ്പം പഞ്ചായത്തു പ്രസിഡന്റുമാർക്കു വെടി വയ്ക്കാം. സർക്കാർ പുതിയ നിയമം പാസാക്കിയിട്ടുണ്ട്. വനം വകുപ്പിന് അതിനുള്ള സഹായോം തരും. ഇനി ഞങ്ങൾക്കു ക്ഷമിക്കാൻ വയ്യ പ്രസിഡന്റേ... അടുത്തയിര ആരാകുമെന്ന് ആർക്കറിയാം.'
സഖാവ് രാമകൃഷ്ണന്റെ വാർഡ് വനിതാ സംവരണമാക്കിയപ്പോഴാണു ഭാര്യ ജാനകിയെ നാട്ടുകാർ നിർബന്ധിച്ചു അവിടെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിച്ചത്. ജയിച്ചു പഞ്ചായത്തു പ്രസിഡന്റുമാക്കി. രാമകൃഷ്ണനൊപ്പം ചുവപ്പു വസ്ത്രമണിഞ്ഞു കയ്യിൽ അരിവാളുമായി എന്തിനേയും നേരിട്ടിരുന്ന ജാനകി അവർക്കു ഝാൻസി റാണിയായിരുന്നു. ഇതിനിടെ എതിരാളികൾ രാമകൃഷ്ണനെ ഇരുട്ടുമറയിൽ വച്ചു കുത്തിവീഴ്ത്തി. രാമകൃഷ്ണന്റെ മരണശേഷമാണ് ജാനകിയുടെ മാറ്റം. അധികം നാൾ ആകാത്തതിനാൽ ആളുകൾ കരുതിയതു ജാനകി ശ്രാദ്ധം കഴിഞ്ഞു പഞ്ചായത്തിലേക്കു തിരികെ വരുമെന്നായിരുന്നു. ചുവപ്പണിഞ്ഞു ജ്വലിച്ചു കത്തുമെന്നും. പക്ഷേയിത്.. തലമുതൽ പാദംവരെ മൂടുന്ന വെളുത്ത സാരി. മുറിയിലെപ്പോഴും സാമ്പ്രാണിത്തിരി. അരികെ ഗീതയും ബൈബിളും. ഭക്ഷിക്കാൻ അൽപം പഴങ്ങൾ. മൊന്ത നിറച്ചുവച്ചിരിക്കുന്ന ശുദ്ധമായ ദാഹജലം. മുദ്രാവാക്യങ്ങളും വിപ്ലവവും മറന്ന കണ്ണുകളിൽ വിഷാദത്തിന്റെ നിഴൽവേരുകൾ. 'പ്രസിഡന്റ് കരടിയെ കൊല്ലണം.. വെടി വയ്ക്കണം...' ആളുകൾ ഇതു പറഞ്ഞു മുറിയിലേക്കു തള്ളിക്കയറി. മേശപ്പുറത്തു സഖാവ് രാമകൃഷ്ണന്റെ ചിത്രത്തിനു മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ദീപനാളം. അരികെ മുറിയുടെ ഭിത്തിയിൽ അഹിംസാ വചനങ്ങൾ. വട്ടക്കണ്ണട വച്ച ഗാന്ധി. അരുത് കാട്ടാളാ എന്നു കരമുയർത്തുന്ന മുനിവര്യൻ. ഇതിനെല്ലാമിടയിൽ വെള്ളപുതച്ചു നിൽക്കുകയാണു ജാനകി. 'ബഹളമുണ്ടാക്കേണ്ട പരിഹാരമുണ്ടാക്കാം. ഇപ്പോളൊന്നു പിരിഞ്ഞു പോകൂ..' പതിഞ്ഞ സ്വരത്തിൽ ജാനകി പറഞ്ഞു. ഉറപ്പാണോ..? ജനക്കൂട്ടം ചോദിച്ചു. 'പഴേയാ ചുവപ്പണിഞ്ഞ ജാനകിയുടെ ഉറപ്പുവേണം ഞങ്ങൾക്ക്..' ആരോ വിളിച്ചു പറഞ്ഞു. എന്നിട്ടവർ ഇരുട്ടിലേക്കു തിരികെ നടന്നു പിരിഞ്ഞു.
ദിവസങ്ങൾ വെളുത്തു കറുത്തു. സൂര്യൻ ചുവപ്പിൽ ജനിച്ചു. ചുവപ്പുവിതറി അസ്തമിച്ചു. വളവുള്ള തടിയായിരുന്നെങ്കിലും കൂട്ടിയോജിപ്പിച്ചു ആണിയടിച്ചുറപ്പിക്കുമ്പോൾ അന്ന് അവറാന്റെ സമീപത്തു ദീനാമ്മ നിൽപ്പുണ്ടായിരുന്നു. 'നിങ്ങളു നല്ല കൈഗുണോള്ള ആളുതന്നേ..' പേശിയുറച്ച ചുമലിലെ വിയർപ്പുതുള്ളികൾ തലയിൽ നിന്നു തോർത്തൂരി അവറാൻ തുടയ്ക്കുമ്പോൾ ദീനാമ്മ ഉച്ചത്തിൽ പറഞ്ഞു. ചെല്ലാമെന്നു പറഞ്ഞെങ്കിലും സാവിത്രിയുടെ അടുത്തേക്കു കട്ടിലു പണിയാൻ അവറാൻ പിന്നെ പോയിരുന്നില്ല. അവളുടെ കരിവീട്ടിത്തടികൾ പാതി തുളഞ്ഞു മുറ്റത്തു മാനംനോക്കി കിടന്നു. തൊമ്മിച്ചൻ മുതലാളിയുടെ കാര്യമായിരുന്നു അതിലും കഷ്ടം. അയാൾ പുലഭ്യം പറഞ്ഞു നടന്നു. കരടിയെ പേടിയുള്ളതിനാൽ ഒറ്റയ്ക്കു അവറാനെ തേടി വന്നില്ലെന്നു മാത്രം. ആരു വന്നാലും പ്രശ്‌നമില്ല. അവറാൻ ഒന്നു തീരുമാനിച്ചിരുന്നു. സ്വന്തമായി ബലമുള്ളൊരു കട്ടിൽ പണിതശേഷം മാത്രമേ ഇനി മറ്റെവിടേക്കുമുള്ളു. ദീനാമ്മയ്ക്കും തനിക്കുമായൊരു ബലമുള്ള കട്ടിൽ. കാട്ടുമരത്തടികളുടെ മണമുള്ള നെഞ്ചിൽ അവൾ മുഖമമർത്തി കഴിയുമ്പോൾ, ചേർന്നു പുണരുമ്പോൾ ഇനി അപസ്വരം പാടില്ല. പണി തീർത്തിട്ട കട്ടിലിൽ കയറിയിരുന്ന അവറാൻ സാധിക്കുന്നത്ര ബലത്തിൽ കുലുക്കി. കാലുകളിൽ കട്ടിൽ ഉറച്ചുനിന്നു. ഒരിടത്തു നിന്നും അപശബ്ദമൊന്നുമില്ല.
അവറാൻ ദേഹമാസകലം വിയർപ്പുതുടച്ചുമാറ്റി. അപ്പോഴെല്ലാം അയാൾ കാട്ടുപൂക്കൾ വിരിഞ്ഞ കണ്ണുകൾ കൊണ്ടു ദീനാമ്മയിൽ പൂമ്പോടി വിതറികൊണ്ടിരുന്നു.
നെഞ്ചിൽ കാട്ടുമര മണങ്ങളുടെ വസന്തത്തുടിപ്പ്. ചുവപ്പു പടിഞ്ഞാറെ ചക്രവാളത്തിൽ വിതറി സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. നെഞ്ചകങ്ങളിൽ ചൂടേറ്റു സ്വപ്‌നങ്ങൾ വിരിയുന്ന രാവിന്റെ വരവാകുന്നു. 'പോയി കുളിച്ചിട്ടു വാ...' ദീനാമ്മ കുറുകുന്നതു കേട്ടു അവറാൻ കുളിക്കാൻ പോകാനൊരുങ്ങി. 'എനിക്കു നല്ല തടിയൊന്നും കിട്ടിയില്ല. ദുർഗന്ധമുള്ള കാട്ടുവേങ്ങയായിത്. എന്നാലും തൊമ്മിച്ചൻ കാണാതവിടേന്നു കൊണ്ടു വന്ന ചന്ദനത്തിന്റെ ചെറുതുണ്ടുകൊണ്ടു ഞാൻ രണ്ടു ആണി വച്ചിട്ടുണ്ട്..' നെഞ്ചിൽ സോപ്പു പതപ്പിച്ചുകൊണ്ടു അവറാനതു പറയുമ്പോൾ ചുണ്ടിൽ ചെറുചിരി വിടർന്നു. ഇരുട്ടത്തുകൂടെ ആരോ നടന്നു വരുന്നതു ദീനാമ്മ കണ്ടു. അതൊരു സ്ത്രീയാണെന്നു തിരിച്ചറിഞ്ഞു അവറാൻ. നാളെ ഉറപ്പായും വരാം സാവിത്രി എന്ന മറുപടി മനസ്സിൽ ഉറപ്പിച്ചു. അതു വിളിച്ചു പറയേണ്ടി വന്നില്ല. ഇരുട്ടിലൂടെ അവറാന്റെ മുറ്റത്തേക്കു കയറിയതു തൂവെള്ള സാരി ധരിച്ചൊരു സ്ത്രീ രൂപമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജാനകി. പൂർണമായും സോപ്പുപതയിൽ അലിഞ്ഞുപോകാത്ത ചന്ദനമണമുള്ള നെഞ്ചുമായി അവറാൻ കുളി കഴിഞ്ഞു വരുമ്പോൾ ജാനകി അന്നു പണിതീർത്തിട്ട കട്ടിലിൽ അവറാനെ കാത്ത് ഇരിക്കുകയായിരുന്നു.

കട്ടിലെടുത്തു അകത്തിട്ടു മെത്ത വിരിക്കാൻ ഒരുങ്ങിയ ദീനാമ്മയ്ക്കു അതിനുള്ള സമയം കിട്ടും മുൻപെ ജാനകി എത്തിയിരുന്നു. സാമ്പ്രാണിമണത്തിൽ പൊതിഞ്ഞു തൂവെള്ളസാരിയണിഞ്ഞു നിലത്തുമുട്ടാത്ത കാലുകളുമായി കട്ടിലിൽ ഇരിക്കുന്ന ജാനകിയുടെ സമീപത്തേക്കു അവറാൻ നടന്നു ചെല്ലുമ്പോൾ ഉള്ളിൽ രാത്രിയുടെ വരവിനായി വീർപ്പുമുട്ടുകയായിരുന്നു അയാൾ. വേഗം ജാനകിയെ പറഞ്ഞു വിടണം. ചന്ദ്രൻ ഉദിച്ചുയർന്നു കഴിഞ്ഞു. ഭൂമുഖത്തു നിലാവ് പൗഡറിടുന്നു. ജാനകി അവറാനെയും ദീനാമ്മയെയും നോക്കി ചിരിച്ചു. ആ ചിരിക്കു പഴയൊരു കാലത്തിന്റെ ക്ലാവ് പിടിച്ച ചന്തമുണ്ടായിരുന്നു. അവറാൻ ദീനാമ്മയെയും കൂട്ടി ഒളിച്ചോടി അവിടെ എത്തുമ്പോൾ കയ്യിലൊന്നുമുണ്ടായിരുന്നില്ല. ഉളി പിടിച്ചു നടക്കുന്നൊരുത്തനു നിന്നെ കെട്ടിച്ചു തരുകില്ലെന്നു ദീനാമ്മയുടെ പ്രതാപിയായ അപ്പൻ പറഞ്ഞദിവസം തന്നെ അവറാൻ നാടുവിടുകയായിരുന്നു. ഒരു കയ്യിൽ ഉളിയും മറ്റൊരു കയ്യിൽ ദീനാമ്മയും. പാറമടയിൽ കരിമരുന്നു നിറച്ചു പൊട്ടിക്കുന്ന ജോലിയായിരുന്നു ദീനാമ്മേടെ അപ്പന്. എന്റെ നെഞ്ചത്തുകിടത്തി ലാളിച്ചവളേയാ നീ... സാധിക്കുന്നത്ര ദൂരേക്കു പോകുമ്പോഴും അവറാന്റെ മനസ്സിൽ ഈ ഭീഷണി മുഴങ്ങി. 'ഞാനുണ്ട് നിങ്ങൾക്കൊപ്പം. ഇവിടെ താമസിക്കാം.' സഖാവ് രാമകൃഷ്ണൻ പറയുമ്പോൾ അന്നേ സമീപത്തു ജാനകിയുണ്ടായിരുന്നു. ചോരച്ചുവപ്പണിഞ്ഞ ജാനകി. അലഞ്ഞു നടന്ന അവറാനും ദീനാമ്മയും അങ്ങനെയാണ് ആ ഗ്രാമത്തിൽ കുറ്റിയടിച്ചത്.
'ജാനകി...' അവറാൻ ചിരിച്ചു. 'എന്തേ വിശേഷിച്ച്.' 'പറയാം. എനിക്കൊരു സഹായം ചെയ്യണം. ' എന്തു സഹായം.? 'നിങ്ങൾ കരടിയെ കൊല്ലണം. നാട്ടുകാരെല്ലാം എന്നോടു വെടിവച്ചു കൊല്ലാൻ പറയുന്നു. ഇല്ലേൽ ആരെയേലും കണ്ടെത്താൻ. എനിക്കാരേം അറിയില്ല.' ഞാൻ കരടിയെ കൊല്ലാനോ..? അവറാൻ അന്തം വിട്ടു. കരടിയുടെ കാര്യം പറയുമ്പോൾ തന്നെ ആളുകൾ ഭയത്തോടെ വീട്ടിനകത്ത് ഒളിക്കുന്നു. കണ്ടവർ പലരും ബോധം കെട്ടുവീണു. ചിലർ പേടിച്ചു തുള്ളിപ്പനിച്ചു മരിച്ചുവത്രേ. ജാനകി കട്ടിലിനു കാൽക്കീഴിലേക്കു നോക്കി. അവറാന്റെ വീതുളി അപ്പോഴുമവിടെ കിടപ്പുണ്ടായിരുന്നു. മാനത്തുദിച്ചൊരു ചന്ദ്രക്കലപോലെ ഇരുട്ടുനിലത്തു ഉളിയുടെ വാ തിളങ്ങി. 'ഇരുട്ടിൽ പതുങ്ങിച്ചെന്നാൽ മതി. കരടി വരുമ്പോൾ, ചാടി വീഴുമ്പോൾ വീതുളി മെല്ലെ നെഞ്ചിലേക്കു കുത്തിക്കയറ്റണം. നല്ല മൂർച്ചയുള്ള വീതുളിയെപ്പോലെ നല്ലൊരു ആയുധം ഇപ്പോ മറ്റൊന്നില്ല.' ആ വാചകം എവിടയോ കേട്ടതുപോലെ അവറാനു തോന്നി. പണ്ടൊരു ദിവസം കുന്നിനു മുകളിലെ പാറപ്പുറത്തിരുന്നു വാറ്റു ചാരായം കുടിക്കുമ്പോഴാണു രാമകൃഷ്ണനോടു താനതു പറഞ്ഞത്. പാർട്ടി പ്രവർത്തനത്തിനിടെ ശത്രുക്കളുടെ ഭീഷണിയെ കുറിച്ചു രാമകൃഷ്ണൻ പറഞ്ഞപ്പോൾ ഉള്ളിൽ കിടന്ന ചാരായത്തിന്റെ ബലത്തിലായിരുന്നു തന്റെ കസർത്ത്. 'എടാ രാമകൃഷ്ണാ. നിനക്കൊരാവശ്യം വന്നാൽ ഞാനുണ്ട്. നല്ല വീതുളിയെപോലെ നല്ലൊരു ആയുധം മറ്റൊന്നില്ല. ഇരുട്ടിൽ പതുങ്ങി ആരു വന്നാലും മൂർച്ചയുള്ള ഉളി വീശിയാൽ രണ്ടാകും. നിനക്കറിയോ, ഞാനിതുകൊണ്ടു ആനയെപ്പോലും രണ്ടായി മുറിക്കും...' വാറ്റിന്റെ ലഹരി അത്രയും വലുതായിരുന്നു. അഭയം നൽകിയവനായി നഷ്ടമില്ലാത്തൊരു ആശ്വാസ വാക്ക് എന്നേ ഉദ്ദേശിച്ചുള്ളു. രാമകൃഷ്ണൻ അതെല്ലാം ജാനകിയോടു പറഞ്ഞിരിക്കുന്നു. ഒരു പക്ഷേ, എപ്പോഴെങ്കിലുമവർ പറഞ്ഞു ചിരിച്ചതാകും.
അവറാൻ മുരടനക്കി. ഞാനതന്നു വെറുതേ പറഞ്ഞതാ ജാനകി. കരടിയേയും കാട്ടുമൃഗങ്ങളേയുമൊക്കെ വെടിവച്ചു വേണം കൊല്ലാൻ. ഉളി കൊണ്ടിപ്പോ എന്തു ചെയ്യാനാ..?' 'ആനേപ്പോലും മുറിക്കാമെന്നൊക്കെ രാമകൃഷ്ണനോടു പറഞ്ഞതോ.' 'കള്ളം...അതൊക്കെ പറ്റുന്ന കാര്യമാണോ.?' 'കേട്ടവർ മരിച്ചുപോയിക്കഴിഞ്ഞാൽ പറഞ്ഞ കള്ളംപോലും പിന്നെ സത്യാ....' ജാനകി പറഞ്ഞതു കേട്ടു അവറാനകംപുറം പൊള്ളി. 'നിങ്ങൾ കരടിയെ കൊല്ലും വരെ ഞാൻ പോകില്ലെങ്ങോട്ടും...' കട്ടിലിലുറച്ചിരുന്നു കാലാട്ടികൊണ്ടു ജാനകി തുടർന്നു. 'നല്ല ബലോള്ള കട്ടിൽ...' കുളിച്ചു കഴിഞ്ഞിരുന്ന അവറാനെ വിയർത്തൊഴുകി. അയാൾ ഉളി കുനിഞ്ഞെടുത്തു ഇരുട്ടിലേക്കു നടന്നു. വാതിൽക്കൽ ദീനാമ്മ നിസംഗയായി നോക്കി നിൽപ്പുണ്ട്. സാധിക്കുന്നത്ര ദൂരം ചെന്നിട്ടു വീട്ടിലേക്കു തിരിഞ്ഞുനോക്കുമ്പോഴും കട്ടിലിൽ വെളുപ്പുകണ്ട് അയാൾ പിന്നെയും നടന്നു. ഒരു കയ്യിൽ അയാൾ ഉളി മുറുക്കി പിടിച്ചിരുന്നു. മറുകൈ ശൂന്യമായിരുന്നു. പുഴയുടെ അരികുപറ്റി വള്ളിപ്പടർപ്പുകൾ പിന്നിട്ടു അവറാൻ കാട്ടിലേക്കു നടന്നു. ചെറുചെടികൾ വന്മരങ്ങൾക്കു വഴിമാറിക്കൊടുക്കുന്നു. കാട്.. മരങ്ങൾ.. മണങ്ങൾ. അവറാനെന്തൊക്കയോ തോന്നി. ഒറ്റയ്ക്കു നിൽക്കുന്ന മരങ്ങളെ മുറിച്ചു മേശയും കസേരയും കട്ടിലും പണിയാം. ഇതു കൂട്ടമരങ്ങൾ. കൂട്ടമണങ്ങൾ.
എന്തോ ശബ്ദം കേട്ടു മരങ്ങൾക്കു പിന്നിൽ അവറാൻ പതുങ്ങി. ചെറുചെടികളും പച്ചിലകളും ഒടിയുന്നു. ഭയം കത്തുന്ന കണ്ണുകളോടെ അവറാൻ അതു കണ്ടു. മുന്നിൽ കറുത്തിരുണ്ട കരടി. രണ്ടു കാലിൽ എഴുന്നേറ്റു നിൽക്കുന്ന ക്രൂരമൃഗം. അയാൾക്കു കണ്ണുകൾ കത്തുന്നതായി തോന്നി. കാലുകൾ വിയർക്കുന്നു. ശ്വാസം കിട്ടാതെ നെഞ്ചു പിടയുന്നു. കരടി തന്നെ കണ്ടു കഴിഞ്ഞു. ഇനി രക്ഷയില്ല. മരിക്കുന്നെങ്കിൽ അങ്ങനെ. അവറാൻ ഉളിയിൽ പിടി മുറുക്കി. ങേ.. രക്ഷയില്ല. ആ കാട്ടുമൃഗം തന്നെ കണ്ടു. മരണം തൊട്ടടുത്തെത്തിയ നിമിഷം. കരടി അവറാനു നേരെ തിരിഞ്ഞു. കൈ നീട്ടി അവറാനെ ആഞ്ഞടിച്ചു. അവറാൻ ഉളി നീട്ടി. അതു ലക്ഷ്യം പാളി ഇരുട്ടിനെ മുറിച്ചു. അവറാനു മുഖം വേദനിച്ചു. കരടി ഇങ്ങനെ അടിക്കുകയോ..? അവറാൻ എങ്ങു നിന്നോ കിട്ടിയൊരു ശക്തിയിൽ ഉളി ഏതോ അവ്യക്ത ലക്ഷ്യങ്ങളിലേക്കു നീട്ടി. ഭാഗ്യം. കരടിയുടെ ദേഹത്തു തന്നെ. കരടി വേദനയാൽ അലറി. അതും മനുഷ്യ ശബ്ദം. വേദന കൊണ്ടുള്ള അലർച്ച. 'രാമകൃഷ്ണനേം വേലപ്പനേം കൊന്നു. ഇനി മറ്റൊരാളാ ഞങ്ങളുടെ ലക്ഷ്യം. നീ എന്തിനാ ഇതിനിടേക്കു വന്നത്..' തീക്ഷ്ണഗന്ധമുള്ള ദ്രാവകമെന്തോ മുഖത്തു വന്നു പതിക്കുന്നതു അവറാൻ അറിഞ്ഞു. മാംസം ഉരുകുന്നു. ഹോ... ആസിഡ്... അവറാൻ വേദനകൊണ്ട് ഉരുകി. ഉളി മുൻപിലുള്ള കരടി രൂപത്തിലേക്കു വീണ്ടും തിടുക്കത്തിൽക്കുത്തി. ഉളിയിൽ ചോര പടർന്നു. ചുടു കട്ടച്ചോര. അലർച്ചയോടെ ആ രൂപം ഉരുണ്ടുമാറി. ചോരപ്പാടുകളോടെ പുഴയിലേക്കു മറിഞ്ഞു വീണു. വെള്ളത്തിൽ കുങ്കുമരേഖകൾ പ്രത്യക്ഷപ്പെട്ടു. കരടി രൂപം എങ്ങോട്ടോ ഒഴുകിയകന്ന് അപ്രത്യക്ഷമായി.

അവറാൻ മുഖം പൊത്തി നിലത്തിരുന്നു. ഇറച്ചി വേവുന്ന രൂക്ഷഗന്ധം. പേശികളിൽ തീനാളം തൊട്ടതുപോലുള്ള ആന്തൽ. നിയന്ത്രിക്കാനാവാത്ത പൊള്ളലോടെ അയാൾ കൈപ്പത്തി വിടർത്തി മുഖം തുടച്ചു. ഉരുകിയ സ്വന്തം ശരീരഭാഗങ്ങൾ കൈപ്പത്തിയിൽ രൂക്ഷഗന്ധത്തോടെ ഒട്ടിയിരിക്കുന്നതു അവറാൻ ഭീതിയോടെ കുടഞ്ഞു. പേരറിയാത്ത പച്ചിലത്തലപ്പുകളിൽ അതു രക്തപുഷ്പം വിടർത്തി. ചുണ്ടുകൾ വിണ്ടുരുകി കഴുത്തിലോട്ടു തൂങ്ങി. ചെവികൾ ഉരുകിയറ്റു. മാംസതുള്ളികൾ ചുമലിൽ വീണു. കഴുത്തും നെഞ്ചിന്റെ മുകൾഭാഗവും ഉരുകിയിട്ടുണ്ട്. അടിക്കാട്ടിൽ വീണുകിടക്കുന്ന ഉണങ്ങിയ പച്ചിലക്കൂട്ടങ്ങളിൽ വേദനയോടെ വീണുരുണ്ടു അവറാൻ. ഏറെ നേരം അവിടെ കിടന്നു. വേദന ഒന്നു കുറഞ്ഞപ്പോൾ കണ്ണുതുറക്കാൻ നോക്കി. പീലികൾ ഇല്ല. പോളകളിൽ നീരു കെട്ടിയിരിക്കുന്നു. തട്ടിയും മുട്ടിയും മുന്നോട്ടു നടന്നു. ലക്ഷ്യമില്ലാത്ത നടപ്പ്. അതങ്ങനെ എങ്ങോട്ടോ നീണ്ടുപോയി. ഒരു കരടിയോ പുലിയോ വന്നെങ്കിൽ.. തന്നെ അടിമുടി വിഴുങ്ങിയെങ്കിൽ...! ഒടുവിലൊരു നാട്ടുവൈദ്യശാലയിൽ മുഖംകുത്തി വീണു. തലയിലൂടെ തുണിയിട്ടു മൂടി മുൻപിലിരുന്നു. നാട്ടുവൈദ്യനോടു വിവരം പറഞ്ഞു. 'ഉം...ശ്രമിച്ചുനോക്കാം..' അയാൾ പച്ചിലകളും മരത്തണ്ടുകളും ചതച്ചു തേച്ചു. രണ്ടുദിവസം പൊള്ളിപ്പനിച്ചു. കഴിക്കുന്നതെല്ലാം ഛർദിച്ചു. കയ്പ്പും മധുരവും ചവർപ്പും നിറഞ്ഞതെന്തൊക്കയോ വായിലേക്കു കോപ്പയിൽ നിന്നൊഴിച്ചു. മുഖത്തു ചിലതൊക്കെ അരച്ചിട്ടു. അടുത്തദിവസമതു പച്ചക്കമ്പുകൊണ്ടു ചിരണ്ടി മാറ്റുമ്പോൾ പ്രാണനെ ആത്മാവിൽ നിന്നു ചുരുണ്ടുന്നപോലെ തോന്നി.
ദിവസങ്ങൾ ഇഴഞ്ഞു. ഒടുവിൽ വൈദ്യനോടു വിവരം പറഞ്ഞു. 'എനിക്കു പോണം...' 'വേണ്ട..' ശബ്ദമുയർത്തി വിലക്കി. 'പറ്റില്ല, പോയേ തീരൂ...' അത്ര നിർബന്ധമാണോ.? 'അതേ...' അയാളുടെ മനസ്സിൽ ദീനാമ്മയുടെ മുഖമായിരുന്നു. പരിഭവം നിറഞ്ഞ അവളുടെ സ്വരം. നിങ്ങളെ ഇങ്ങനെ കണ്ടാൽ..? എന്താ കുഴപ്പം.? ഞാനാരാന്നു മനസ്സിലാകില്ലേ...? വൈദ്യൻ ആദ്യം ഒന്നും മിണ്ടിയില്ല. മറുപടി പറയാൻ ഏറെനേരം എടുത്തു. പച്ചിലകൂട്ടുകൾ അരിച്ചും കുഴച്ചുമെടുത്തു അവറാന്റെ മുഖത്തു വൈദ്യൻ ഏറെനേരം മാറ്റങ്ങൾ വരുത്തി. 'ഇനി പൊക്കോ..' ഇറങ്ങുമ്പോൾ തലയിലൊരു തുണിയെടുത്തിട്ടു. അവറാൻ വേഗം വീട്ടിലേക്കു നടന്നു. പാതി ദൂരം പിന്നിട്ടപ്പോൾ ചെറിയൊരു വനത്തിലെത്തി. പല വലുപ്പത്തിലും രൂപത്തിലുമുള്ള മരങ്ങൾ. 'നിങ്ങളേ സ്വന്തം ഭാര്യേം മക്കളും പോലും തിരിച്ചറിഞ്ഞില്ലെന്നു വരാം.' വൈദ്യന്റെ വാക്കുകൾ കാട്ടിൽ നിന്നെന്നവണ്ണം മുഴങ്ങുന്നു. മനസ്സ് നീറുന്നു. ജീവിച്ചിരിക്കെ അന്യനായി പോകുന്നതാണു മരണം. അവറാനു മനസ്സ് നീറി. അയാൾ ദീനാമ്മയെ ഓർത്തു. പ്രാവിനെപ്പോലെ കുറുകി തന്റെ നെഞ്ചോടു ചേരുന്ന ദീനാമ്മ. അവൾ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ... അവറാൻ മരങ്ങളിലേക്കു നോക്കി. കരിവേങ്ങ, കരിവീട്ടി, ചന്ദനം, തേക്ക്... അയാൾ ഓടി ഓരോന്നിനും അടുത്തേക്കു ചെന്നു. നെഞ്ച് മൂടിയിരുന്ന തുണി മാറ്റി. മരങ്ങളിൽ നെഞ്ചു ചേർത്തുരസി. വല്ലാത്തൊരു വന്യത അയാളെ അടിമുടി മൂടിപ്പിടിച്ചു.
കരിവേങ്ങയുടെ തൊലി അയാളുടെ ചേർത്തുപിടിക്കലിലും നെഞ്ചുരക്കലിലും ഇളകിയകന്നു. കറ നെഞ്ചിലേക്കു വീണൊട്ടി. നെഞ്ചുനിറയെ വേണമയാൾക്കു കാട്ടുമണങ്ങൾ. കരീവീട്ടിയും തേക്കും ചന്ദനവും അയാൾ നെഞ്ചിട്ടുരച്ചു. അവയെ ഒരു കാമിനിയെ എന്നപോലെ ആലിംഗനം ചെയ്തു. മരങ്ങളുടെ ഇളംതളിരലകളിൽ ഇളക്കംകൊള്ളുകയും പൂവുകളിൽ തേനൊലിക്കുകയും ചെയ്തിരിക്കണം. വനം അകാലത്തിൽ വസന്തം അറിഞ്ഞിരിക്കണം. മണം.. ആഹാ.. മരണത്തെ അകറ്റുന്ന പ്രിയപ്പെട്ടവരുടെ ശരീരഗന്ധം. ആത്മവിശ്വാസത്താൽ വിടർന്ന മൂക്കുമായി അവറാൻ മുന്നോട്ടു നടന്നു. ഇരുട്ടുവീണ കിടക്കുന്ന വഴികളിലൂടെ മെല്ലയാണു നടപ്പ്. പതുങ്ങിപ്പതുങ്ങി. രാത്രി... ഭിത്തിയിലൊരു പോസ്റ്റർ. തന്റെ മുഖം ദീർഘനാളുകൾക്കുശേഷം അവറാൻ കണ്ടു. കരടിയെ കൊല്ലുകയും അതിനിടെ രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത അവറാന് ആദരാഞ്ജലികൾ. ഹോ... ഇരുട്ടിൽ അയാൾ കരഞ്ഞു. ഇരുട്ടു ഉരുകിയൊലിക്കുന്നു. അൽപനേരം നിന്നശേഷം അവറാൻ കൂടുതൽ ജാഗരൂകനായി മുൻപോട്ടു നടന്നു. ആരെങ്കിലും കണ്ടാൽ അപകടമാണ്. മറ്റൊന്നും കാണേണ്ട. മറ്റൊരിടത്തും എത്തേണ്ട. സ്വന്തം വീട്. അതയാൾ ദൂരെ നിന്നു കണ്ടു. ഉള്ളിലൊരു ചെറിയ വിളക്കുണ്ട്. ചുറ്റും ഇരുട്ടു പാടകെട്ടി കിടക്കുന്നു. എങ്ങും അനക്കമില്ല. ഇരുട്ടുപുതച്ച ഗ്രാമം ശാന്തമാണ്.
മുറ്റത്തിനു പുറത്തൊരു മരത്തിൽ ചുവട്ടിൽ അയാൾ പതുങ്ങി നിന്നു. ഇര തേടുന്ന കരടിയെപോലെ ഇരുട്ടിലൂടെ ചുറ്റുപാടും കണ്ണോടിച്ചു. ഇല്ല.. പരിസരങ്ങളിലെങ്ങും ആരുമില്ല. താൻ കുളിക്കുന്നിടം. സോപ്പു പതച്ചു വെള്ളമൊഴിച്ചു മരക്കറകൾ അകറ്റുന്നിടം. അവിടെയെല്ലാം പായൽ വളർന്നിരിക്കുന്നു. പാത്രങ്ങളെല്ലാം ചളുങ്ങിയും ചെളിപുരണ്ടും കിടക്കുന്നു. പരിചിതമല്ലാത്ത ഗന്ധങ്ങളുടെ രംഗം. പൂവിട്ടിരുന്ന ചെടികൾ കൊഴിഞ്ഞിരിക്കുന്നു. അയാൾ വേഗം കാലുകൾ വച്ചു തിണ്ണയിലേക്കു കയറി. തന്റെ വീട്... ഹൃദയം തുടിക്കുന്നു. ഇല്ല... ആരുമില്ല. വാതിൽ മെല്ലെ അയാൾ തള്ളിത്തുറന്നു. താനുണ്ടാക്കിയ കട്ടിൽ അത് വീടിനകത്തു കയറ്റിയിട്ടിട്ടുണ്ട്. കരടി ചത്തപ്പോൾ ജാനകി അതിൽ നിന്നിറങ്ങിപോയപ്പോഴാകുമത്. വാതിൽ അൽപംകൂടി അവറാൻ തള്ളിത്തുറന്നു. കട്ടിലിൽ... അതിൽ നിഴൽരൂപം. നിഴൽ രൂപങ്ങൾ ചലിക്കുന്നു. നിഴലല്ല, അതു രണ്ടു പേരാണ്. ഉണക്കാൻ തൊലിപൊളിച്ചിട്ട തടിപോലെ മലർന്നു കിടക്കുന്ന ദീനാമ്മ. അവൾക്കു മുകളിൽ തടിയിൽ ചിന്തേരിടുന്ന ചലനങ്ങളോടെ മറ്റൊരാൾ. ബലിഷ്ഠമായ ശരീരം. ഒരേ താളത്തിൽ ആരോഹണവരോഹണങ്ങളിൽ തുടിക്കുന്ന ഇരുശരീരങ്ങൾ. അപസ്വരം കേൾപ്പിക്കാതെ ആ കട്ടിൽ. ഹോ.....! കാണുന്നതു സ്വപ്‌നമോ അതോ? അവറാനു കാഴ്ച മങ്ങി. രണ്ടു കൈവിരലുകളുമെടുത്തു അയാൾ കൺപോളകളെ അകത്താൻ ശ്രമിച്ചു. ഉരുകിയൊട്ടിയിരിക്കുന്ന അവ കാഴ്ച പകരാൻ വിസമ്മതിക്കുന്നു. കനത്തതോളും വിടർന്ന ശരീരമുള്ളൊരാളാണ് കട്ടിലിൽ.
'അവധി തീരാറായി. കളി തമാശകളും. മകളു പറഞ്ഞിട്ടുപോലും സാവിത്രിയമ്മ ഇത്രം നല്ലൊരു കട്ടിൽ.. പണിതില്ല. ഇത് എന്താ സൊഖം.. ആഹാ..' ആ ദൃഢശരീരം വീണ്ടും ദീനാമ്മയിലേക്കു കുഴഞ്ഞു വീഴുമ്പോൾ അവറാൻ ചുറ്റും നോക്കി. ഭിത്തിയിൽ താൻ ഷർട്ടു തൂക്കുന്ന ആണിയിൽ ഒരു പട്ടാളക്കാരന്റെ ഷർട്ട്. അതിനു കീഴെ ആകാശത്തേക്കു കുഴൽനീട്ടിയൊരു തോക്ക്. സാവിത്രീടെ മരുമകൻ. ഒരു വന്യമൃഗത്തെപ്പോലെ ആ മുറിയിലേക്കു എടുത്തുചാടാനും രണ്ടുപേരേം വലിച്ചുകീറാനും അവറാൻ ഒരുങ്ങി. കാലുകളിൽ രക്തക്കുതിപ്പ്. കൈവിരലുകളിൽ ഭ്രാന്ത് പെരുകുന്നു. ദംഷ്ട്രകളും നഖങ്ങളും വളരുന്നു. പെട്ടന്നയാൾ ദീനാമ്മയുടെ മുഖം കണ്ടു. ഇഷ്ടമുള്ളൊരു മണം ആസ്വദിച്ചുലയുന്ന മാൻപേട. അയാൾ തളർന്നു. തൊണ്ടയിലാരോ അമർത്തിപ്പിടിക്കുന്നു. വീതുളികൊണ്ടു തലമുതൽ രണ്ടായി പിളർത്തി അകത്തിയിട്ടൊരു കബന്ധം പോലെ. എത്തിപ്പിടിക്കാനാവാത്ത പ്രാണനും ദേഹവുമായി അയാൾ പിരിഞ്ഞു നിന്നു. ശീൽക്കാരങ്ങളുടെ അലകൾ ഉരുകിയ ചെവിത്തലങ്ങളിൽ തട്ടുന്നതിനു മുൻപ് അയാൾ തിണ്ണയിൽ നിന്നിറങ്ങി. ഇരുട്ടിലൂടെ മുറ്റത്ത് എത്തി. എങ്ങോട്ടു പോണം. എങ്ങോട്ടു പോകാൻ. അയാൾ മുറ്റത്തേക്കിറങ്ങി. വേച്ചു.. വേച്ചു നടന്നു. കുളിക്കുന്നിടത്തേക്കു ചെന്നു. പാത്രം നിറയെ വെള്ളമുണ്ട്. തലയിലെ മുണ്ടെടുത്തയാൾ ദൂരേക്ക് എറിഞ്ഞു. അൽപം വെള്ളംകോരി മുഖത്തൊഴിച്ചു. നാട്ടുവൈദ്യൻ ഉരച്ചു ചേർത്തിരുന്ന വച്ചുകെട്ടലുകൾ തുടച്ചുനീക്കി. വീണ്ടും അൽപംകൂടി വെള്ളമൊഴിച്ചു. മുഖം വീണ്ടും തുടച്ചു.

വികൃതമുഴകളും തടിപ്പുകളും മുഖത്തുള്ളതു അയാൾ കൈവിരലുകളാൽ തൊട്ടറിഞ്ഞു. ചിന്തേരിടാത്തൊരു കാട്ടുതടിപോലെ വികൃതമായൊരു മുഖം. അയാൾ വെള്ളത്തിലേക്കു നോക്കി. മനുഷ്യനല്ല... അതൊരു മൃഗമാണ്. ഒരു ഭയാനക മൃഗം. ഒരു കരടി. അതായിരുന്നു വെള്ളത്തിലെ കാഴ്ച. വികൃതമായൊരു മനുഷ്യക്കരടി. ഹോ... അയാളുടെ ഉള്ളിൽ നിന്നുലഞ്ഞെത്തിയ അലർച്ച അൽപം മുഴക്കത്തിലായിരുന്നു. വീടിനുള്ളിൽ വെളിച്ചം തെളിഞ്ഞു. എന്തൊക്കയോ തട്ടിവീഴുന്ന ശബ്ദം. വീട്ടിലുള്ളവർ ഉണർന്നു. തോക്കിന്റെ കുഴൽ ജനാലയിലൂടെ പുറത്തേക്കു നീളുന്നു. ഇരുട്ടിലേക്ക് എങ്ങോട്ടോ ഒരു കരടിയെപ്പോലെ അവറാൻ ഊളയിട്ടു. കുറേനേരം അലഞ്ഞു നടന്നു. പഴയവഴികൾ മറന്നു. പുതിയവ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. എന്തു ചെയ്യും. ഒരു മരച്ചുവട്ടിലിരുന്നു ഏറെ നേരം ആലോചിച്ചു. നിലാവിൽ പ്രേതവിരലുകൾപോലെ മരങ്ങളുടെ ശിഖരാഗ്രങ്ങൾ തെളിഞ്ഞു നിന്നു. എവിടേക്കു പോകും.? കാട്... വീട്... രണ്ടും തന്നെ സ്വീകരിക്കില്ല. രണ്ടിനും ചേർന്നവനല്ല, രൂപാന്തരപെട്ടവനാണു താൻ. ജാനകി. വെള്ളസാരിയുടുത്ത ജാനകി. നെൽക്കതിർ മണത്തിൽ നിന്നു സാമ്പ്രാണിയിലേക്കു രൂപാന്തരപെട്ട ജാനകി. തെറ്റിയോ എന്നറിയില്ല. ഇരുട്ടിൽ ഏറെനേരം പണിപ്പെട്ടു വഴി കണ്ടെത്താൻ. ചുറ്റിക്കറങ്ങിയാണു ജാനകിയുടെ വീടിനു സമീപം എത്തിയത്.
ദൂരെ നിന്നെ അതു കണ്ടു. മുറ്റത്തൊരു ആൾക്കൂട്ടം. മാറ്റമൊന്നുമില്ല, വെള്ള സാരിയുടുത്തു ജാനകി അവർക്കു മുൻപിലായി വാതിൽപടിയിൽ നിൽക്കുന്നു. മുറ്റത്തു കൂടിയിരിക്കുന്നവരുടെ മുൻപിൽ അതേ പട്ടാളക്കാരൻ. 'ഞാങ്കണ്ടതാ... കരടി വീണ്ടും ഇറങ്ങി.' അയാൾ എപ്പോൾ ഇവിടെ എത്തി. ശബ്ദമുണ്ടാക്കാതെ അവറാൻ അൽപംകൂടി അടുത്തേക്കു ചെന്നു. ഇപ്പോഴെല്ലാവരെയും വ്യക്തമായി കാണാം. പട്ടാള വേഷം ധരിച്ച അയാൾ തോക്കുകളുമായാണു ആളുകളുടെ മുൻപിൽ നിൽക്കുന്നത്. പല വലിപ്പമുളള തോക്കുകൾ. പല പല കുഴലുകൾ. ഒന്നൊന്നായി അയാൾ ആളുകളെ കാണിക്കുന്നു. എല്ലാം സസൂക്ഷ്മം വീക്ഷിച്ചു നിൽക്കുന്ന ജാനകി. പട്ടാളക്കാരൻ ഒരു തോക്ക് എടുത്തു നീട്ടി. 'ഇതു പോയിന്റ് 303. നിസാരക്കാരനല്ല, രണ്ടാം ലോകമഹായുദ്ധത്തിലൊക്കെ ഉപയോഗിച്ചതാണ്. ഓരോ തവണയും ഫയർ ചെയ്യും മുൻപും ലിവർ പിന്നോട്ടു വലിച്ചു ലോഡ് ചെയ്യണം.' അയാൾ അങ്ങനെ ചെയ്തുകാട്ടി. ഗ്രാമവാസികൾ ഭീതിയോടെ നോക്കുന്നു. മറ്റൊരെണ്ണം എടുത്തു. 'ഇതു പോയിന്റെ 22 സ്‌പോർട്ടിങ് റൈഫിൾ എന്നു പറയും.' അതു അന്തരീക്ഷത്തിലേക്കു ഉയർത്തിയശേഷം അയാളൊരു സിഗരറ്റു കത്തിച്ചു പുകയൂതി. തോക്കിനെ കുറിച്ചുള്ള വിശദീകരണം തുടർന്നു. 'ഫയറിങ് പരിശീലനത്തിനും മറ്റും ഉപയോഗിക്കുന്നവനാണിത്. നഗരങ്ങളിലൊക്കെ എൻസിസി കേഡറ്റുകളും ഇതുപയോഗിക്കും. ' എല്ലാവരും വിടർന്ന വായകളും വിസ്മയമുള്ള കണ്ണുകളുമായി അയാളെ തന്നെ നോക്കിയിരിക്കുകയാണ്. 'ഇത്... പോയിന്റ് 62 എംഎംഎസ്ആർഎൽ... ഇത് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റില്ല.'
അവറാൻ മെല്ലെ മുഖം അവിടെ നിന്നു പിൻവലിച്ചു. തന്റെ ഉളി. അതുമാത്രമാണു രക്ഷയെന്നു പറഞ്ഞവർക്ക് ഇപ്പോൾ മറ്റായുധങ്ങളും രക്ഷകരും. 'കുറച്ചു ദിവസങ്ങൾകൂടിയേ ഞാനിവിടെ കാണൂ. പിന്നെ ഭാര്യക്കൊപ്പം ഡൽഹിലേക്കു മടങ്ങും. സാവ്രിത്രിയമ്മേം ഞങ്ങടെ കൂടെ പോരും. അതിനുമുൻപു കരടിയെ എന്റെ കയ്യിൽ കിട്ടും. ഇല്ലെങ്കിൽ നിങ്ങളാരെങ്കിലും.' പ്രസിഡന്റിനു വെടി വയ്ക്കാൻ അറിയില്ലെങ്കിൽ ആരെയേലും ചുമതലപ്പെടുത്താമെന്നാണിപ്പോ നിയമം. എല്ലാ കാര്യങ്ങളും ഇപ്പോ അവനോനു തന്നെ ചെയ്യാ പറ്റുമോ. പകരക്കാരോക്കെ ഇപ്പോ സൊഭാവികാ...' ജാനകിയെ നോക്കി അയാളതു പറയുമ്പോ ചുണ്ടിന്റെ കോണുകൾ കൂർപ്പിച്ചു ചിരിച്ചു. രാമകൃഷ്ണന്റെ രൂപത്തിനു മുൻപിൽ വെട്ടുകത്തിയിരിക്കുന്നതു ജാനകി ഒന്നുകൂടി നോക്കിയുറപ്പിച്ചു. എവിടയോ നഷ്ടപ്പെട്ട ഉളി. അത് ഉണ്ടായിരുന്നെങ്കിൽ. ആലോചനയോടെയാണു നടപ്പ്. എവിടയോ ചെന്നു അവറാൻ മുട്ടി. താൻ ചേർന്നു നിൽക്കുന്ന മരത്തിൽ അവറാൻ ഒന്നു കുലുക്കി. ദേഷ്യവും അരിശവും അയാളിൽ കാട്ടുതീയായി പടർന്നു. അയാൾ ഒന്നുകൂടി മരം കുലുക്കി. ഉളിയില്ലാത്ത കൈകൊണ്ടു നിരാശയോടെ മരത്തിൽ ആഞ്ഞുകുത്തി. ജാനകിയുടെ വീടിനു മുറ്റത്തു നിന്നിരുന്നവർ അലറിവിളിച്ചു. 'കരടി ഇറങ്ങിട്ടുണ്ടേ...' ആരോ പറഞ്ഞു. താൻ നിൽക്കുന്നിടത്തേക്കു ഫ്‌ളാഷ് ലൈറ്റ് തെളിയുംമുൻപെ അവറാൻ അവിടെ നിന്നു പിന്തിരിഞ്ഞോടി. പച്ചിലത്തലപ്പുകൾക്കിടയിലൂടെ നീണ്ടുവരുന്ന വെളിച്ചത്തിന്റെ കുന്തമുനകൾ ദേഹത്തു കൊള്ളാതെ വെട്ടിച്ചുമാറി ദൂരേക്കു പിന്നെയും ഓടി. താഴ്‌വാരത്തുകൂടി പാഞ്ഞു. പിന്നാലെ ആരൊക്കയോ കുതിച്ചു വരുന്നു. ശബ്ദം കേൾക്കാം.
കരടി... കരടി... കരടിയിറങ്ങിയേ... ആളുകൾ വിളിച്ചു കൂവുന്നുണ്ട്. സാവിത്രിയുടെ വീടിനെ ചുറ്റി തോടു കടന്നു. കുന്നു കയറി ചെല്ലുമ്പോൾ കണ്ടു. സാവിത്രി വീടിനുള്ളിലെ വിളക്ക് അണയ്ക്കുന്നു. വാതിൽ ചേർത്തടയ്ക്കുന്നു. ഉള്ളിൽ കൊളുത്തിടുന്നു. മുറ്റത്തു നിന്നു തിരികെയിറങ്ങി. എവിടെയാണ് അഭയം. ആളുകൾ പിന്നാലെയുണ്ട്. അവറാൻ മുന്നോട്ട് ഓടി. അകലെ തൊമ്മിച്ചന്റെ പാതിമാത്രം പണി പൂർത്തിയായ വീട് കാണാം. വാതിലുകളും ജനാലകളും ഇനിയും നിർമിക്കാത്ത വീട്, തുറന്നു കിടക്കുന്ന ഇരുട്ടിന്റെ ഗുഹയാണത്. അതിനുള്ളിലേക്കു അവറാൻ വലിഞ്ഞു കയറി. പിന്നെ ഒരു മുറിയിലൊളിച്ചു. പാതി തുറന്ന കണ്ണുകളോടെ ഭയത്തോടെ പുറത്തേക്കു നോക്കി. നിലാവുപോലും കണ്ണിൽ വീണു നീറുന്നു. താഴ്‌വാരത്തൊരു ഫ്‌ളാഷ് ലൈറ്റ് തെളിഞ്ഞു. അതു കുന്നുകയറി. തൊമ്മിച്ചന്റെ വീടിനു മുറ്റത്തു വന്നു നിന്നു ഫ്‌ളാഷ് ലൈറ്റ് കെട്ടു. അടക്കിപ്പിടിച്ച സംസാരങ്ങൾ. അവറാൻ ശ്വാസം പിടിച്ചു.
'കരടി ഇതിനുള്ളിലുണ്ടാകും.' പട്ടാളക്കാരന്റെ ശബ്ദം. ഉളി ഇവിടെയുണ്ടാകുമോ.? അവറാൻ കാലു കൊണ്ടു പരതി. കാൽവിരലുകളിൽ എന്തോ കൊണ്ടു. അയാളതു വിരലുകൾ കൊണ്ടു തിരഞ്ഞെടുത്തു. ചന്ദനത്തിന്റെ ചെറു കമ്പുകൾ. ദീനാമ്മയ്ക്കുള്ള കട്ടിലിൽ ആപ്പുചേർക്കാൻ മുറിച്ചെടുത്തവയുടെ ബാക്കി. അതൊന്നു മണത്തു. നിശബ്ദത... ഇരുട്ട്...! ചന്ദനത്തിന്റെ ആ ചെറുകമ്പൊന്ന് അവറാൻ നെഞ്ചോട് ചേർത്തു. പെട്ടെന്നു ഇരുട്ടിനെ കീറിമുറിച്ച് ഒരു വെടിയുണ്ട പാഞ്ഞുവന്നു. ചന്ദനം ചേർത്തുവച്ച സ്വന്തം നെഞ്ചിൽ വെടിമരുന്നിന്റെ ഗന്ധം പതിയുന്നതു അവറാൻ അറിഞ്ഞു. ദീനാമ്മയ്ക്കു ഇഷ്ടമുള്ള വെടിമരുന്നിന്റെ ഗന്ധം. ശരീരം തളർന്നു കുഴഞ്ഞുവീഴുമ്പോൾ ഒരു കരടിയുടെ ദേഹത്തിനുള്ളിൽ നിന്നു ഊർന്നു കൊച്ചുകുട്ടിയായി പച്ചപ്പുൽമേട്ടിലൂടെ ഏതോ കളിസ്ഥലത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു താൻ ഓടിയകലുന്നതു അവറാൻ തിരിച്ചറിഞ്ഞു. ആളുകൾ വിളിച്ചു പറയുന്നു. ‘കരടി ചത്തേ...’