എഡ്ഗർ അലൻ പോ; നമ്മെ പിന്തുടരുന്ന സ്വപ്നത്തിനുള്ളിലെ സ്വപ്നം

Mail This Article
കാലം തെറ്റി പൂത്തൊരു വടവൃക്ഷമായിരുന്നു എഡ്ഗർ അലൻ പോ. എല്ലാ എഴുത്തുകാരും യാഥാർഥ്യങ്ങളെ അതേപടി പകർത്താനും ചിട്ടപ്പടി എഴുതാനും തുനിഞ്ഞപ്പോൾ പോ, പോയുടെ വഴിക്കു പോയി. മനുഷ്യാന്തരാളങ്ങളിലേക്ക് ഒരു ഡിറ്റക്ടീവിന്റെ മനസ്സോടെ ഊളിയിട്ടു. അവിടെക്കണ്ട വിഭ്രാമക സ്വപ്നങ്ങളെയും ഭീതികളെയും അരക്ഷിതാവസ്ഥയെയും കവിതയും ഗദ്യവുമാക്കി വായനക്കാർക്കു പകർന്നു. ദുരൂഹതയുണർത്തുന്ന, ഏതോ പിടികിട്ടായ്കകൾ ബാക്കിനിർത്തുന്ന സത്രങ്ങൾ പോലെ ഉദ്വേഗജനകമായിരുന്നു പോയുടെ എഴുത്ത്. അമേരിക്ക കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായി വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ രചനകൾ ഇന്നും എഴുത്തുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. അഗസ്റ്റെ ഡുപിൻ എന്ന പൊലീസ് ഡിറ്റക്ടീവ് ഇന്നും അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നായി നമ്മെ പിന്തുടരുന്നു.

നാടുചുറ്റി സഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ചിരുന്ന നടീനടൻമാരുടെ മകനായാണ് 1809 ജനുവരി 19ന് പോ പിറന്നത്. വൈകാതെ അച്ഛൻ കുടുംബം ഉപേക്ഷിച്ചുപോയി. പോയ്ക്കു വെറും മൂന്നു വയസ്സുള്ളപ്പോൾ അമ്മ ക്ഷയരോഗം വന്നു മരിച്ചു. നോക്കാനാരുമില്ലാതായിപ്പോയ ആ കുട്ടിയെ സമ്പന്നമായ അലൻ കുടുംബം ഏറ്റെടുത്തു. എങ്കിലും സഹോദരനിൽനിന്നും സഹോദരിയിൽനിന്നും അവനു വേർപിരിയേണ്ടി വന്നു. നല്ല വിദ്യാഭ്യാസം ലഭിച്ചെങ്കിലും പോ എഴുത്തുവഴിയേ സഞ്ചരിക്കുന്നതിനോടു കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. വിർജീനിയ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ ചൂതുകളിച്ച് വൻ കടക്കാരനായി. ഇതോടെ അലൻകുടുംബവുമായുള്ള അകൽച്ച പൂർണമായി. പഠനം അവസാനിപ്പിക്കേണ്ടി വന്ന പോ യുഎസ് സൈന്യത്തിൽ ചേർന്നു. സൈന്യം വിട്ട ശേഷം വീണ്ടും സാഹിത്യത്തിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചു. ടെയ്മർലെയിൻ ആൻഡ് അദർ പോയംസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതു പോ തന്നെയായിരുന്നു. ദ് നരേറ്റിവ് ഓഫ് ആർതർ ഗോർഡൻ പിം പോലുള്ള അദ്ദേഹത്തിന്റെ രചനകൾ വായനക്കാരെ വലിയതോതിൽ ആകർഷിച്ചു. മോബിഡിക് എഴുതാൻ ഹെർമൻ മെൽവിലിനു പ്രേരണയായത് ഈ പുസ്തകമാണെന്നു കരുതപ്പെടുന്നു.
യാഥാർഥ്യങ്ങളെ പോ തെല്ലും കൂസിയില്ല. അനുഭവങ്ങളുടെ പുറംതോടുകൾ പൊളിച്ച് അതിന്ദ്രീയതയോട് അടുത്തുനിൽക്കുന്ന തരത്തിൽ അവയെ ആവിഷ്കരിക്കാനാണു പോ കൊതിച്ചത്. ‘നാം കാണുന്നതും തോന്നുന്നതുമായ എല്ലാം ഒരു സ്വപ്നത്തിനുള്ളിലെ സ്വപ്നമല്ലാതെ മറ്റൊന്നുമല്ല’ എന്നാണു പോ എഴുതിയത്. അതു കവിയുടെ സത്യവാങ്മൂലമായി വായിക്കാവുന്നതാണ്. പ്രണയങ്ങളിലൂടെയും നൈരാശ്യങ്ങളിലൂടെയും പോ കടന്നുപോയി. അമ്മയെപ്പോലെ ഭാര്യയും ക്ഷയത്തിനു കീഴടങ്ങുന്നത് അദ്ദേഹത്തിനു കാണേണ്ടി വന്നു.

കുടുംബത്തെ നോക്കാൻ പലയിടത്തും പണിയെടുത്തു. പത്രാധിപരെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും പോയുടെ മികവ് അസാധാരണമായിരുന്നെങ്കിലും വ്യവസ്ഥയോടും അതിന്റെ കെട്ടുപാടുകളോടും പൊരുത്തപ്പെടാൻ പലപ്പോഴും കഴിഞ്ഞില്ല. ഒരു ജോലിയിലും അധികകാലം തുടർന്നില്ല. ഒന്നരക്കൊല്ലത്തിൽ കൂടുതൽ ഒരിടത്തും തങ്ങാൻ പോയ്ക്കായില്ല. ഒപ്പം ലക്കുകെട്ട മദ്യപാനവും കൂട്ടിനുണ്ടായിരുന്നു. ദ് റെയ്‌വൻ എന്ന ഉജ്വലകവിതയോടെ പോയുടെ കീർത്തി ഒന്നുകൂടി വ്യാപിച്ചു. 1847 ജനുവരിയിൽ ഭാര്യ മരിച്ചതോടെ പോയുടെ ജീവിതം കൊടുങ്കാറ്റിൽപ്പെട്ട കപ്പൽ പോലെ ആടിയുലഞ്ഞു. ‘യുറീക്ക’ എന്ന രചനയുമായാണ് ആ ദുഃഖത്തിൽനിന്ന് അദ്ദേഹം പുറത്തുവന്നത്. പുതിയൊരു പ്രസിദ്ധീകരണം തുടങ്ങാനും ബാല്യകാലസഖിയെ സ്വന്തമാക്കാനും കൊതിച്ചു. മദ്യപാനത്തിൽനിന്ന് അപ്പോഴും മോചിതനാകാനായില്ല.

ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ ബാൾട്ടിമോറിൽ തങ്ങിയ പോയെ പിന്നീടു കണ്ടത് ഒരു ബാറിനു പുറത്ത് തെരുവിൽ അതീവ മോശം സ്ഥിതിയിൽ വീണുകിടക്കുന്നതായാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലു ദിവസങ്ങൾ കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. മരണത്തിനു പിന്നിൽ ദുരൂഹത സംശയിക്കുന്നവരുണ്ടായിരുന്നു. എന്നാൽ ഒന്നും തെളിഞ്ഞില്ല. മരണവുമായുള്ള നിരന്തര മുഖാമുഖങ്ങൾ പോയുടെ എഴുത്തുലകത്തുണ്ട്. ‘പ്രിമെച്വർ ബറിയൽ’ പോയെ അലോസരപ്പെടുത്തിയിരുന്ന മാനസികവിഭ്രമമായിരുന്നു. അതേപേരിൽ അദ്ദേഹം ഒരു കഥ തന്നെയെഴുതിയിട്ടുണ്ട്. ഒരർഥത്തിൽ പോയുടേതും ഒരു ‘പ്രിമെച്വർ ബറിയൽ’ ആയിരുന്നു. വെറും നാൽപതാം വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്. പോയെ ജനപ്രിയ എഴുത്തുകാരനായി ഇകഴ്ത്തിക്കെട്ടാൻ എല്ലാക്കാലത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ‘വൾഗർ’ എന്നാണ് ആൽഡസ് ഹക്സ്‌ലി പോയെ വിളിച്ചത്. കവി, കഥാകൃത്ത്, സാഹിത്യവിമർശകൻ എന്നീ നിലകളിലെല്ലാം പോ തന്റെ മികവറിയിച്ചു. പോയെ വിമർശിക്കാം, പക്ഷേ അവഗണിക്കാനാവില്ല. കാരണം അത്ര തുച്ഛമായ രചനകളല്ല അദ്ദേഹം ബാക്കിവച്ചു പോയത്. വിസ്മൃതിയിലേക്ക് ആണ്ടുപോകുമായിരുന്ന പോയെ ഉയിർത്തെഴുന്നേൽപിച്ചത് ബോദ്‌ലേയറെപ്പോലുള്ള കവികളാണ്. പോയുടെ കാതൽക്കനമുള്ള കവിതകൾ മറവിയുടെ പാതാളത്തിൽനിന്നു പൂത്തുതളിർത്തു പുറത്തേക്കു വന്നു.