നോവൽ കത്തിച്ചുകളഞ്ഞ രാജലക്ഷ്മി; അന്നേ തുടങ്ങി എഴുത്തുകാരിയുടെ ആത്മഹത്യ

Mail This Article
‘ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്...’ എന്നു പറഞ്ഞാണ് ‘ആത്മഹത്യ’ എന്ന കഥ രാജലക്ഷ്മി തുടങ്ങിയത്. സ്വന്തം ജീവിതത്തെ ഒരു ചോദ്യചിഹ്നം പോലെ കുരുക്കിയിടുമ്പോൾ ആ വരി എഴുത്തുകാരി ഓർമിച്ചിരിക്കുമോ?
മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവിളിക്കാൻ ആ വരിയുടെ ഓർമ മതിയായിരുന്നു. എന്നാൽ അതു സംഭവിച്ചില്ല. വെറും 34–ാമത്തെ വയസ്സിൽ ജീവിതത്തിനു പൂർണവിരാമമിട്ട്, ഒരു അസ്തമയ സന്ധ്യയുടെ വിഷാദരാശി അവശേഷിപ്പിച്ച് രാജലക്ഷ്മി പോയി.
രാജലക്ഷ്മിക്ക് ഇളംനിലാവായിരുന്നില്ല, നട്ടുച്ചവെയിലായിരുന്നു ജീവിതം. അതു പാദങ്ങളെ മാത്രമല്ല, പദങ്ങളെയും പൊള്ളിച്ചു. എഴുത്തായിരുന്നു ഏക അഭയം. അനുഭവങ്ങളോടു സത്യസന്ധത പുലർത്തി, യാഥാർഥ്യത്തിന്റെ എല്ലാ തീവ്രതകളോടെയും എഴുതാൻ എഴുത്തുകാരി കൊതിച്ചു. ലോകം പക്ഷേ അതിനെതിരായിരുന്നു. ‘എഴുത്തുകാരിക്കു സ്വന്തമായൊരു മുറി’ അതിന്റെ എല്ലാ സ്വാതന്ത്ര്യങ്ങളോടെയും സ്വകാര്യതയോടെയും സാധ്യമാകില്ലെന്നു പതുക്കെ തിരിച്ചറിയുകയായിരുന്നു. വായനക്കാരെ അഗാധമായി സ്പർശിച്ച ഒട്ടേറെ രചനകളുണ്ടായിട്ടും ജീവിതത്തിൽ അള്ളിപ്പിടിച്ചുനിൽക്കാൻ അതൊന്നും പോരാതെ വന്നു. മരണത്തിന്റെ ഒറ്റയടിപ്പാത ആ കഥാഭൂമികയിൽ പലയിടത്തും തെളിഞ്ഞുകിടപ്പുണ്ടെന്ന് പിൽക്കാലത്തു വായനക്കാർ നടുക്കത്തോടെ അറിഞ്ഞു. അതൊരു സാധ്യതയുടെ തുറന്നിടലാണെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല.
മരണത്തിന്റെ വഴി പലപ്പോഴും രാജലക്ഷ്മിയെ വിളിച്ചു. മുൻപുള്ള ശ്രമങ്ങൾ ഭാഗ്യംകൊണ്ടു പരാജയപ്പെട്ടെന്നു മാത്രം. എഴുത്തുകാരിയുടെ സ്വാതന്ത്ര്യത്തെ തെല്ലും വകവയ്ക്കാത്ത ഈ ലോകത്തു ജനിക്കേണ്ടവളോ ജീവിക്കേണ്ടവളോ അല്ല താനെന്നൊരു തിരിച്ചറിവിലേക്കു പതിയെ എത്തിയിരിക്കണം. എന്നാൽ ജീവിതനിഷേധത്തിന്റെയോ മരണപ്രകീർത്തനത്തിന്റെയോ കഥാകാരിയായിരുന്നില്ല രാജലക്ഷ്മി. ജീവിതോൽസുകതയാണ് ആ കഥകളിൽ നിറഞ്ഞിരുന്നത്.

‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവൽ തന്റെ ജീവിതമാണെന്ന് രാജലക്ഷ്മിയുടെ ഒരു കൂട്ടുകാരിക്കു തോന്നി. അവർ ആരോപണങ്ങൾക്കു മുനകൂർപ്പിച്ചു കത്തുകളെഴുതി. അസഹനീയമായ മാനസികപീഡനമായിരുന്നു അത്. നോവൽ തുടർ പതിപ്പുകളിലേക്കു കടന്നതോടെ അവർ ആക്രമണം കൂടുതൽ കടുപ്പിച്ചു. രാജലക്ഷ്മിയുടെ കഥകൾ വരുമ്പോൾ അതെല്ലാം ചിക്കിച്ചികഞ്ഞ് ഇതാരെക്കുറിച്ചാണെന്നു ഗവേഷണം നടത്തുന്ന പരദൂഷണ ഡിറ്റക്ടീവുകൾ ഏറെയുണ്ടായിരുന്നു. ഈ ആരോപണങ്ങളും പരാതികളും എഴുത്തുകാരിയുടെ മനംമടുപ്പിച്ചു. ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതിനുശേഷം അതു നിർത്തിവയ്ക്കണമെന്നു രാജലക്ഷ്മിയും സഹോദരിയും ആവശ്യപ്പെടുകയായിരുന്നു. അത്രമേൽ സമ്മർദം അവർ അനുഭവിച്ചുകാണണം. അന്ന് ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്ന എംടിയാണ് ആ അഭ്യർഥന മാനിച്ച് നോവൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. പിൽക്കാലത്ത് ആ തീരുമാനത്തിൽ എഴുത്തുകാരി ഖേദിച്ചിരുന്നു. ആഴ്ചപ്പതിപ്പിൽനിന്നു തിരിച്ചുകിട്ടിയ നോവൽ രാജലക്ഷ്മി കത്തിച്ചുകളയുകയായിരുന്നു. പ്രസിദ്ധീകരിച്ചു വന്ന ഭാഗമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.
ആ നോവൽവിവാദത്തിനു ശേഷം കുറേക്കാലം എഴുതാവ്രതത്തിൽ തുടർന്നു. ആവിഷ്കാരത്തിന് എഴുത്തു മാത്രം മാധ്യമമായുള്ള രാജലക്ഷ്മി പതിയ കഥകളെഴുതി തിരിച്ചുവന്നു. പിന്നീടു ‘ഞാനെന്ന ഭാവം’ എന്ന നോവൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോഴും അത്തരക്കാർ വെറുതെയിരുന്നില്ല. ജീവിച്ചിരിക്കുന്നവരുടെ മുഖഛായ കഥാപാത്രങ്ങളിൽ കണ്ടെത്താൻ അവർ പാടുപെട്ടു. നോവൽ വലിയ തോതിൽ സ്വീകരിക്കപ്പെടുകയും വായനക്കാർ ഓരോ ലക്കത്തിനും കാത്തിരിക്കുകയും ചെയ്തു. ഉദ്വേഗപൂർണമായ കാത്തിരിപ്പിന്റെ ആ നാളുകളിലൊന്നിലാണ് രാജലക്ഷ്മി ജീവനൊടുക്കിയെന്ന സങ്കടവാർത്ത കേരളം വായിച്ചത്. എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷം സഹോദരിക്കെഴുതിയ കത്തിൽ രാജലക്ഷ്മി പറഞ്ഞു: ‘ഞാൻ ഇരുന്നാൽ ഇനിയും കഥ എഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? പോട്ടെ’.
1965 ജനുവരി 18. ഒറ്റപ്പാലത്തെ എൻഎസ്എസ് കോളജിൽനിന്ന് ഇടയ്ക്കു വാടകവീട്ടിലേക്കു പോയ രാജലക്ഷ്മിയുടെ മരണവാർത്തയാണു പിന്നീടു പുറംലോകമറിഞ്ഞത്. മകളെ പുറത്തേക്കു കാണാഞ്ഞ് ചെന്നുനോക്കിയ അമ്മ കണ്ടത് തൂങ്ങിയാടുന്ന ഒരു ചോദ്യചിഹ്നം. എഴുത്തിൽ പെൺസാന്നിധ്യം അധികമില്ലാതിരുന്ന കാലത്ത്, ഭാവതീവ്രമായ കഥകളിലൂടെ സ്വന്തം ഇടം സൃഷ്ടിച്ച എഴുത്തുകാരിക്ക് ജീവിതത്തിൽ പിടിച്ചുനിൽക്കാനായില്ല. മരണത്തിൽപ്പോലും എഴുത്തുകാരിയെ പലരും വെറുതെവിട്ടില്ല. മരണകാരണത്തെക്കുറിച്ച് അപസർപ്പക ചർച്ചകൾ പത്രവാരികകളിൽ പൊടിപൊടിച്ചു. ഒടുവിൽ സഹോദരിക്കു തന്നെ വിശദീകരണ കുറിപ്പ് എഴുതേണ്ടി വന്നു.
‘ഏകാന്തപഥിക’ എന്ന കുറിപ്പിൽ എം.ടി.വാസുദേവൻ നായർ എഴുതി: ‘എഴുത്തുകാരന്റെ ധർമസങ്കടങ്ങളെപ്പറ്റി, സാഹിത്യസൃഷ്ടിയുടെ പശ്ചാത്തലമായി വർത്തിക്കുന്ന മാനസികാസ്വാസ്ഥ്യത്തെപ്പറ്റി, സങ്കീർണമായ വേദനകളെപ്പറ്റി, അനുഭാവപൂർവം മനസ്സിലാക്കാവുന്ന സമൂഹത്തിന്റെ ഒരു ഖണ്ഡം അവർക്ക് തണൽ വിരിച്ചില്ല. ഇളംകാറ്റിനു കൂടി ഉലയ്ക്കാൻ കഴിയുന്ന ലോലമായ ഹൃദയമുള്ള ഒരു കലാകാരനോ കലാകാരിയോ അവസാനത്തെ അധ്യായം സ്വന്തം ജീവിതകൃതിയിലെഴുതിച്ചേർക്കാൻ ഇടവരുത്തുന്നതിൽ, അവരുടെ ജീവിതപശ്ചാത്തലമായി വർത്തിച്ച സമൂഹത്തിന്റെ സഹതാപശൂന്യതയ്ക്ക് പങ്കുണ്ട്’.
രാജലക്ഷ്മിയെപ്പോലെ ഒരു എഴുത്തുകാരിയെ അംഗീകരിക്കാൻ പോന്ന മാനസികവലുപ്പമില്ലാതിരുന്ന സമൂഹമാണ് അവരെ മരണത്തിലേക്കു നയിച്ചത്. എഴുത്തുകാരുടെ യാത്രാമൊഴി സമൂഹത്തിനെതിരായ സത്യവാങ്മൂലം കൂടിയായി മാറുന്നു. നോവൽ കത്തിച്ചുകളയേണ്ടി വന്നപ്പോൾത്തന്നെ രാജലക്ഷ്മിയെന്ന എഴുത്തുകാരിയുടെ മരണം സംഭവിച്ചുതുടങ്ങിയിരുന്നു.