അപാരതീരങ്ങളിലേക്കു കവിഞ്ഞൊഴുകിയ ബഷീർ; ആളുന്ന മലയാളാനുഭവം

Mail This Article
‘മതിലുകൾ’ക്ക് ഉൾക്കാഴ്ചയുടെ ഉയരം. ‘ബാല്യകാലസഖി’ ചുട്ടുനീറ്റുന്ന സങ്കടം. ‘ശബ്ദങ്ങൾ’ സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരായ രോഷം. എന്തെന്തു മാന്ത്രികാനുഭവങ്ങളാണ് ബഷീർ മലയാളമെന്ന ച്ചിരിപ്പോലും ഭാഷയിൽ സാധിച്ചത്. ബഷീർ ഒരൊറ്റ എഴുത്തുകാരനല്ല; പല എഴുത്തുകാരുടെ സമ്പൂർണ സമാഹാരം. ഒരു പേരിൽ മറഞ്ഞിരിക്കുന്ന പലമ. പ്രിയപ്പെട്ടവരുടെ കത്തു വായിക്കുന്നത്ര ആത്മബന്ധത്തോടെയാണ് മലയാളം ബഷീറിനെ വായിച്ചത്, വായിക്കുന്നത്, വായിക്കാൻ പോകുന്നത്. ‘ഞാൻ ഒരു കഥയെഴുതുന്നു. ചുമ്മാ ചുമ്മാ. ഒരു കഥ ചുമ്മാ. അല്ലെങ്കിൽ നിങ്ങൾക്കൊരെഴുത്ത്’ എന്നാണല്ലോ മസിലുപിടിക്കാതെ എഴുത്തുകാരൻ പറഞ്ഞത്. ചുമ്മാതങ്ങ് എഴുതിയാൽ വിശ്വസാഹിത്യമാകുമോ? എഴുതുന്നതു ബഷീറാണെങ്കിൽ അതു വിശ്വവിഖ്യാത സാഹിത്യം തന്നെയാകും. വിശ്വത്തിന്റെ ഒരു ഭാഗത്തിരുന്ന് എഴുതുന്നതാണു വിശ്വസാഹിത്യമെന്നു ബഷീർ തന്നെ പറഞ്ഞിട്ടുമുണ്ട്.

ബഷീറിൽ മലയാളി അടിമുടി മലയാളിയായിരുന്നു; അന്യതാബോധം അനുഭവിക്കാൻ വിട്ടിട്ടില്ല ബഷീർ. നാട്യങ്ങളും വിശദീകരണസഹായികളും വേണ്ടായിരുന്നു അദ്ദേഹത്തെ വായിക്കാൻ. ഭൂമിമലയാളത്തിലെ പുഴയും മഴയും പോലെയായിരുന്നു ബഷീറും ആ ഉശിരൻ എഴുത്തും. ‘എന്തുകൊണ്ട് എഴുത്തുകാരനായി’ എന്ന ചോദ്യത്തിനു നൽകിയ മറുപടി ഇതായിരുന്നു: ‘കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞ് ആലോചിച്ചപ്പോൾ നിധി കിട്ടിയ മാതിരി ഒരെണ്ണം കിട്ടി. സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ഭാവനയും വേണ്ട. ചുമ്മാ എവിടെ എങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ച്ചിരിപ്പിടിയോളമുണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി. എഴുതി’.
വിവർത്തനത്തിനു വഴങ്ങാത്തതാണു നല്ല കവിതയെങ്കിൽ ബഷീർ എഴുതിയതിൽ ഏറെയും കവിതകൾ. ഗദ്യത്തിന്റെ അലകുംപിടിയും മാറ്റി ഉന്മിഷിത്തമായ അനുഭവമാക്കി. ബഷീറിയൻ മൗലികത വിവർത്തനത്തിനു തടസ്സമാണ്. ഇംഗ്ലിഷിലേക്കോ ഹിന്ദിയിലേക്കോ പകരുമ്പോൾ ബഷീറിൽനിന്നു ബഷീറിനെ എടുത്തുമാറ്റിയതുപോലെ തോന്നും. എഴുത്തച്ഛനും കുഞ്ചനും വികെഎന്നുമൊക്കെ പോലെ മലയാളമൊഴിയിലാണ് ബഷീർ കവിഞ്ഞൊഴുകുക. ബഷീർ എഴുതുന്നതിനു മുൻപു വരെയുള്ള മലയാളമല്ല, അതിനുശേഷമുള്ളത്. സുന്ദര സുരഭിലമായ വിചിത്ര കൽപനകൾകൊണ്ട് ബഷീർ മലയാളത്തെ അപാരതീരങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രത്യേകിച്ച് ഒരർഥവുമില്ലാത്ത വാക്കുകൾ പോലും ബഷീറിന്റെ പേനയിൽനിന്ന് ഇറ്റുവീണപ്പോൾ അർഥഗംഭീരൻമാരായി. ആകാശമിഠായിയോളം രുചിയുള്ള പേരുണ്ടോ? ഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞു വരുന്ന മാദകമനോഹര ഗാനത്തോളം ഇമ്പം ഏതുഗാനത്തിനുണ്ട്?

നളപാകമറിയാമായിരുന്ന ബഷീർ ആറ്റിക്കുറുക്കിയാണ് ഓരോ കൃതിയും പടച്ചത്. ഇന്ന് ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന, വെറും 75 പേജു മാത്രം നീളമുള്ള ബാല്യകാലസഖിക്ക് ആദ്യം അഞ്ഞൂറു പേജോളം ഉണ്ടായിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. നാലിലൊന്നായി കാച്ചിക്കുറുക്കി. ആദ്യം ഇംഗ്ലിഷിൽ എഴുതിയ പുസ്തകം പിന്നീടാണു മലയാളത്തിലായത്. പത്തുതവണ അടിമുടി മാറ്റിയെഴുതി. എഴുതിയതിനെക്കാളും അദ്ദേഹം തിരുത്തിയെഴുതി. പരന്നതിനെ ചുരുക്കി.
‘ബാല്യകാലസഖി’ പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചത് എറണാകുളത്തെ ഒരു പ്രസിലാണ്. അച്ചടിച്ച പേജുകളത്രയും മറിച്ചുനോക്കിയ ബഷീർ ഞെട്ടി. പ്രസിൽ നൽകിയ കയ്യെഴുത്തുപ്രതിയിൽ ഉള്ളതുപോലെയല്ല അച്ചടിച്ചുവന്നിരിക്കുന്നത്. നാടൻപദങ്ങൾ മാറ്റി കടുകട്ടി സംസ്കൃതമാക്കി. ഉമ്മയും ബാപ്പയും സംസാരിക്കുന്നതു കീറാമുട്ടിയായ സംസ്കൃതവാക്കുകളിൽ. അന്നു പതിവായി ബഷീർ ഒരു കഠാര കൊണ്ടുനടന്നിരുന്നു. അതു പുറത്തെടുത്തു. അച്ചടിച്ച പേജുകളെല്ലാം എടുത്തുകൊണ്ടുവരാൻ പറഞ്ഞു. ബഷീർ പിന്നെ മടിച്ചില്ല. തീപ്പെട്ടിയെടുത്ത് കടലാസുകൂമ്പാരത്തിനു തീകൊളുത്തി. അതിൽനിന്നൊരു ബീഡി കത്തിച്ചു വലിച്ചു. പുകയൂതിവിട്ടുകൊണ്ട് പ്രസുകാരോടു പറഞ്ഞു: ‘ഞാൻ എഴുതിത്തന്നതു പോലെ അച്ചടിക്കണം. ഒരു വാക്കു പോലും മാറരുത്’. സ്വന്തം എഴുത്തിനെ ബഷീർ അത്രമേൽ വിലവച്ചു. എന്താണ് എഴുതുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം എഴുതിയത്. അവകാശവാദങ്ങളൊന്നും ഉയർത്തിയില്ലെങ്കിലും തന്റേതൊരു തനിവഴിയാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

പ്രേമലേഖനം, ബാല്യകാലസഖി, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, മുച്ചീട്ടുകളിക്കാരന്റെ മകൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക്, പാത്തുമ്മായുടെ ആട്, മതിലുകൾ, മാന്ത്രികപ്പൂച്ച, ഓർമയുടെ അറകൾ, ആനപ്പൂട, ഭൂമിയുടെ അവകാശികൾ, അനുരാഗത്തിന്റെ ദിനങ്ങൾ, ചെവിയോർക്കുക! അന്തിമകാഹളം തുടങ്ങിയ പുസ്തകങ്ങളോരോന്നും കാലാതിവർത്തികളായി തുടരുന്നുണ്ടെങ്കിൽ ആ എഴുത്തുകാരൻ വിജയിച്ചു എന്നുതന്നെയാണ് അർഥം.

‘ഒന്നും ഒന്നും എത്രയാണെടാ?’ എന്ന് ക്ലാസിൽ അധ്യാപകൻ ചോദിച്ചപ്പോൾ മജീദ് ഒന്നാലോചിച്ചു. ‘രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചുചേരുമ്പോൾ കുറച്ചുകൂടി വണ്ണം വച്ച ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു: ‘ഉമ്മിണി വല്യ ഒന്ന്’. മജീദിനെപ്പോലെ, സുഹ്റായെപ്പോലെ, സാറാമ്മയെപ്പോലെ, കേശവൻ നായരെപ്പോലെ, ടൈഗറിനെപ്പോലെ, ഒറ്റക്കണ്ണൻ പോക്കരിനെപ്പോലെ, മണ്ടൻ മുത്തപായെപ്പോലെ, സൈനബയെപ്പോലെ, ഭാർഗവിയെപ്പോലെ, രാമൻ നായരെപ്പോലെ, തോമയെപ്പോലെ, പാത്തുമ്മയെപ്പോലെ, അബ്ദുൽ ഖാദറിനെപ്പോലെ, നാരായണിയെപ്പോലെ, മമ്മൂഞ്ഞിനെപ്പോലെ, നിസ്സാർ അഹമ്മദിനെപ്പോലെ, കുഞ്ഞുപാത്തുമ്മയെപ്പോലെ, കുഞ്ഞുതാച്ചുമ്മയെപ്പോലെ എത്രയോ അവിസ്മരണീയ കഥാപാത്രങ്ങളെ ബഷീർ നമുക്കുതന്നു.
'മാന്ത്രികപ്പൂച്ച'യിൽ ബഷീർ എഴുതി: 'മനസ്സിന് അസുഖം തോന്നുമ്പോൾ ലേശം സംഗീതം നല്ലതാണ്. മനുഷ്യനെന്ന ഈ അദ്ഭുത പ്രതിഭാസത്തിനു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിൽ വച്ച് ഏറ്റവും മഹത്തായതത്രേ സംഗീതം’. ബഷീറിയൻ സാഹിത്യവും മലയാളിക്ക് അതുപോലെ ഒരു അനുഗ്രഹം.