ADVERTISEMENT

അവളുടെ കൂർത്ത നഖങ്ങള്‍ മറക്കാനേയാകുന്നില്ല. അയാളുടെ കൈയും മുഖവും മാന്തി പറിച്ച ബീനയുടെ കൂർത്ത നഖങ്ങൾ... 

പത്മരാജൻ എന്നും ഇങ്ങനെയാണ്. അസ്തമയസൂര്യനെ മറച്ചുകൊണ്ടു പെട്ടെന്നു പെയ്യുന്ന മഴത്തുള്ളികളെ പോലെ അസ്വസ്ഥതകൾ വാരിയെറിഞ്ഞു നൽകിട്ടു പോയ്ക്കളയും. അദ്ദേഹത്തിന്റെ മരണവും അത്തരത്തിൽ ഒന്നായിരുന്നു. 1991 ജനുവരി 24ന് മലയാളിമനസ്സിനെ ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹം പോയ്മറഞ്ഞത്.

padmarajan-books

സുഖമുള്ള ഓർമകളെപ്പോലെ തന്നെ അപ്രതീക്ഷിത ഞെട്ടലുകളും പത്മരാജന്റെ പ്രത്യേകതയാണ്. ചെറുകഥകളിലാണ് അവ ഏറ്റവുമധികം കാണുക. 'മൂവന്തി' എന്ന ചെറുകഥയിലെ ബീനയുടെ നഖങ്ങളും അങ്ങനെയൊന്നാണ്. തന്നെ ആക്രമിക്കാൻ വന്നവനു നേരെ പ്രതിരോധമുയർത്തുവാൻ അന്ധയായ ആ പെൺകുട്ടിയെ സഹായിച്ചത് നഖങ്ങളായിരുന്നു. തന്നെ നിഷ്ക്കരുണം കീഴ്പ്പെടുത്താൻ, നശിപ്പിക്കാൻ ഒരുമ്പെട്ടത് സ്വന്തം അച്ഛനാണ് എന്ന നടുക്കുന്ന സത്യം അവൾ തിരിച്ചറിയുന്നതും ആ നഖങ്ങൾ നൽകിയ മുറിപ്പാടുകളിലൂടെയാണ്...! 

അമ്മയ്ക്ക് നീല നിറമായിരുന്നുവത്രേ ഇഷ്ടം എന്നു പറഞ്ഞ്, നീലപ്പൂക്കൾക്കൊണ്ട് അമ്മയുടെ ചിത്രത്തിൽ ചാർ‍ത്താൻ മാല കെട്ടുന്ന പെണ്‍കുട്ടിയെ കാട്ടി തുടങ്ങുന്ന കഥ ഇങ്ങനെ പര്യയവസാനിക്കുമെന്ന് ആരും കരുതില്ല. പക്ഷേ പത്മരാജനെ വായിക്കുമ്പോള്‍ ഇങ്ങനെ പലതുമുണ്ടാകും. ഒന്നല്ല, ഒരായിരം തവണ. 

തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധമായ എഴുത്തിനെ കിട പിടിക്കുന്നതാണ് പത്മരാജന്റെ കഥകള്‍. ദൃശ്യസൗന്ദര്യത്തിലൂടെ മലയാളിയുടെ മനം കവർന്ന സംവിധായകൻ, വാക്കുകളിലൂടെ ഹൃദയത്തിലേക്ക് തുളഞ്ഞിറങ്ങുകയാണ്. ആനന്ദം മാത്രമല്ല, നോവിന്റെ ചോരമണവും ജീവന്റെ ഭാഗമാണെന്നു കാട്ടുന്ന രചനാവൈഭവമാണ് പത്മരാജന്റെ സൃഷ്ടികള്‍.

P-Padmarajan

“ഇനി എല്ലാ ബുധനാഴ്ചയും എനിക്കു കിട്ടത്തക്ക വണ്ണം എഴുതണം. ഞാൻ എല്ലാ വെള്ളിയാഴ്ചയും അവിടെ എത്തുന്ന തരത്തിൽ മറുപടി എഴുതാം. ഏറ്റോ?"

ദയയുടെ ഈ ചോദ്യത്തിൽ നിന്നാരംഭിച്ചത് നീറുന്നൊരു മുറിവിലേക്കൊരു യാത്രയാണെന്ന് 'ദയ എന്ന പെൺകുട്ടി' വായിക്കുമ്പോൾ നാം ഒരിക്കലും സങ്കൽപ്പിക്കില്ല. കുനുകുനേ എഴുതി അക്ഷരമറിയാത്ത വേലക്കാരിയുടെ കൈയിൽ പോസ്റ്റ് ചെയ്യാൻ കൊടുത്തിരുന്ന കത്തുകള്‍ ഇടയ്ക്ക് നിന്നു പോകുന്നുണ്ട്. വിഷാദം നിറഞ്ഞ മറുപടിക്കത്തുകൾക്ക് വിരാമിട്ട്, അവളുടെ വിവാഹക്കാര്യത്തെ ഒറ്റ വാക്കിലാണ് ദയയുടെ കാമുകൻ ഒതുക്കുന്നത്, 'സയനോരാ...' എന്ന വിളിയിലൂടെ. 

book-kazhinja-vasanthakalathil-by-p-padmarajan

പ്രസവത്തിനുശേഷം ഏകാന്തതയിൽ ഇരിക്കേ അതിൽ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് അയാള്‍ക്ക് അവൾ വീണ്ടും കത്തയയ്ക്കുന്നത്.

"ബുധനാഴ്ച കിട്ടത്തക്കവണ്ണം ഞാനെഴുതുന്നു. മോനേ ഞാൻ പെറ്റു. അയാളുടെ തനിരൂപം." 

വെള്ളിയാഴ്ച പരിചിതമല്ലാത്ത കൈയക്ഷരത്തിൽ വന്ന മറുപടി ഇതായിരുന്നു.

“എന്നെ അറിയില്ല എന്ന് എനിക്കറിയാം. പക്ഷേ, നിങ്ങളെ വിവരമറിയിക്കണം എന്ന് അനിയൻ പ്രത്യേകം എഴുതിവെച്ചിരുന്നു. നിങ്ങളുടെ വിലാസവും അവൻ കുറിച്ചിട്ടിട്ടുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി....."

P PADMARAJAN
P PADMARAJAN

കത്തിന്റെ ശേഷമുള്ള ഭാഗത്തെ അക്ഷരങ്ങൾ മുഴുവൻ അജ്ഞാതകാരണങ്ങൾകൊണ്ടു ആത്മഹത്യ ചെയ്തവയാണെന്നും, അവയ്ക്കൊന്നും ഇപ്പോൾ ജീവനില്ലെന്നും ഒരു ഞെട്ടലോടെ ദയയ്ക്കൊപ്പം വായനക്കാരും മനസ്സിലാക്കുന്നു. ഒരു മരണമാണ് ആ എഴുതി വെച്ചിരിക്കുന്നതെന്ന് ഒരിക്കലും മറക്കാനാവാത്ത രീതിയിൽ പത്മരാജൻ ഉള്ളിൽ തറഞ്ഞു പോകുന്നു. ഇങ്ങനെ എത്രയെത്ര രചനകൾ...

മഴയും മറവിയും മോഹവുമെല്ലാം പത്മരാജന്റെ തൂലികയിൽ അനശ്വരമാണ്. ഗന്ധർവസാന്നിധ്യമായി മലയാളി മനസ്സിൽ കുടികൊള്ളുന്ന പപ്പേട്ടൻ, മുറിവുകളെ കൂട്ടി തുന്നുന്നത് ലോലസ്നേഹം കൊണ്ടാണ്. ചതിക്കുന്നവരെ പോലും വെറുക്കാനാവാതെ കഴിയുന്ന കഥാപാത്രങ്ങളാണ് പത്മരാജൻ എന്ന പ്രതിഭ, മലയാളസാഹിത്യത്തിന് സംഭാവനയായി നൽകിയത്. വേദന പോലും അനന്യമനോഹരമായി എഴുതി ചേർക്കുന്ന മാന്ത്രികത്തൂലികയുടെ ബാക്കിപത്രങ്ങളായി അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നമുക്കിടയിലുണ്ട്. എത്ര വായിച്ചാലും മതിവരാത്ത പുസ്തകങ്ങൾ...!

English Summary:

The Enduring Legacy of Padmarajan: A Master of Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com