മലയാളത്തിന്റെ സോക്രട്ടീസ്; എം. ഗോവിന്ദൻ, 77 ബി, ഹാരിസ് റോഡ്, മദ്രാസ്

Mail This Article
'ഗോവിന്ദൻ' എന്നൊരു കവിതയെഴുതിയിട്ടുണ്ട് സച്ചിദാനന്ദൻ. മലയാളം കണ്ടിട്ടുള്ള ഏറ്റവും സ്വതന്ത്രനായ, വിട്ടുവീഴ്ചകളില്ലാത്ത ധിഷണകളിലൊന്നായിരുന്ന മാഞ്ചേരത്ത് ഗോവിന്ദനെക്കുറിച്ചുള്ള ആ കവിത ' വിക്ക് ' എന്ന സമാഹാരത്തിലുണ്ട്.
'ഓർക്കാതെയല്ലാ
സമീക്ഷപ്പൂക്കാലം '
എന്നാണ് കവിത തുടങ്ങുന്നത്. കേരളീയ പൊതുസമൂഹത്തിൽ സാഹിത്യ, സാംസ്കാരിക, ബൗദ്ധിക ഇടപെടലുകൾ നടത്തിയ പ്രസിദ്ധീകരണമായിരുന്നു സമീക്ഷ. സി. ജെ. തോമസ്, പി.കെ. ബാലകൃഷ്ണൻ, എൻ.പി. മുഹമ്മദ് തുടങ്ങി പത്തോളം പേർ ചേർന്നു തുടക്കമിട്ട സമീക്ഷയുടെ ആൾബലവും ആശയബലവും എം. ഗോവിന്ദൻ ആയിരുന്നു. മറഞ്ഞിരിക്കുന്ന ഗോവിന്ദനാണ് എം. ഗോവിന്ദൻ എന്ന് അയ്യപ്പപ്പണിക്കർ പറഞ്ഞിട്ടുണ്ട്. എല്ലാ സാംസ്കാരിക ദൗത്യങ്ങളുടെയും പിന്നണിയിൽ ഗോവിന്ദനുണ്ടാകുമായിരുന്നു. സംഘാടന മികവിലും ഭിന്ന പ്രകൃതികളായ മനുഷ്യരെ കൂട്ടിയിണക്കിക്കൊണ്ടു പോകുന്നതിലും അസാധാരണമായ പാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

'ഓർക്കാതെയല്ലാ
സംവാദവിവാദങ്ങൾക്കുള്ളിൽ
കടുചിരട്ടയിൽ കാമ്പെന്ന പോ-
ലുറച്ച മധുരമാം നിൻ വാത്സല്യം ' എന്നു സച്ചിദാനന്ദൻ എഴുതുന്നു. ഏതു കൊടിയ വിമർശനത്തെയും ആശയപരമായി ഉൾക്കൊള്ളാൻ ശ്രമിക്കുകയും തിരുത്തൽ വേണ്ടിടത്തു തിരുത്തുകയും ചെയ്ത ഗോവിന്ദൻ ഒരിക്കലും വ്യക്തിപരമായ വിദ്വേഷത്തിലേക്ക് അതിനെ കൊണ്ടുപോയില്ല. ഏതു കൊച്ചു കുട്ടിക്കും അദ്ദേഹത്തെ നിർഭയമായി വിമർശിക്കാമായിരുന്നു. ചെറിയ വിമർശനങ്ങളിൽ പോലും നിലതെറ്റി പെരുമാറുന്ന എഴുത്തുകാരും കാരികളുമുള്ള സമകാലിക കേരളത്തിലിരുന്ന്, ഗോവിന്ദൻ നടത്തിയ ആശയസംവാദങ്ങളുടെ വിശാല തുറസ്സിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അതിന്റെ ജനാധിപത്യ സ്വഭാവം നമ്മെ വിസമയപ്പെടുത്തും.
സർവാധിപത്യത്തെയും സമഗ്രാധിപത്യത്തെയും ജീവിതത്തിൽ ഉടനീളം എതിർത്ത ഗോവിന്ദനു കമ്യൂണിസത്തോടുള്ള എതിർപ്പും അതായിരുന്നു. 'കമൂണിസ്റ്റ് വിരുദ്ധ പട്ടം ' സിജെ യ്ക്ക് എന്ന പോലെ ഗോവിന്ദനും ചാർത്തിക്കിട്ടിയിരുന്നു. സിഐഎ ചാരനെന്നു വിളിച്ച് അധിക്ഷേപിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധനായ എം. ഗോവിന്ദനെ കാലം ചവറ്റുകുട്ടയിൽ എറിഞ്ഞെന്ന് ഒരു മുഖ്യമന്ത്രി പ്രസംഗിക്കുന്നതു കേരളം കേട്ടു. കമ്യൂണിസത്തിന്റെ സമഗ്രാധിപത്യ സ്വഭാവത്തോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഗോവിന്ദന്റെ നിലപാടുകൾ പ്രച്ഛന്ന കമ്യൂണിസ്റ്റുകളെപ്പോലും അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവായിരുന്നു, ഗോവിന്ദന്റെ വിയോഗത്തിനും പതിറ്റാണ്ടുകൾ കഴിഞ്ഞു പിറന്ന ആ അധിക്ഷേപം. ജീവിച്ചിരിക്കുമ്പോഴേ കാലഹരണപ്പെടുന്ന, അക്കാദമി ഭാരവാഹിത്വത്തിനും പുരസ്കാരങ്ങൾക്കുമായി നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടി പ്രതിഷ്ഠിക്കുന്ന, പരമാധികാരിയോടൊപ്പം 'സെൽഫി'യെടുക്കാൻ വെമ്പുന്ന സാഹിത്യ, സാംസ്കാരിക ബുദ്ധിജീവികളെ കണ്ടു ശീലിച്ചയാൾക്ക് ഗോവിന്ദനെ മനസ്സിലാകാത്തതിൽ അത്ഭുതമില്ല. അതിലും വലിയൊരു ബഹുമതി ഗോവിന്ദനു കിട്ടാനുമില്ല. അധികാരത്തിൽ അഭിരമിക്കുന്നൊരാളുടെ പ്രശംസയെങ്ങാനും കിട്ടിയിരുന്നെങ്കിൽ അതു ഗോവിന്ദന്റെ സ്വതന്ത്രമായ ബൗദ്ധിക ജീവിതത്തിനു തന്നെ ക്ഷീണമാകുമായിരുന്നു. ഗോവിന്ദനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിൽനിന്നുതന്നെ ഒരു കാര്യം വ്യക്തം: ഗോവിന്ദൻ കാലഹരണപ്പെട്ടിട്ടില്ല. അതു ചിലരുടെ മനോഹരമായ, നടക്കാത്ത സ്വപ്നം മാത്രം.
കമ്യൂണിസത്തെ എതിർക്കാനുള്ള കാരണങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഗോവിന്ദൻ പറഞ്ഞു: 'കമ്യൂണിസത്തെയല്ല ഞാൻ എതിർത്തത്. ആ പേരിൽ പ്രചരിച്ച കമ്യൂണിസ്റ്റ് വക്രതകളെയാണ്. അതിന്റെ ചൊല്ലാൾക്കാരായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റുകളും. സ്വന്തമായി ചിന്തിക്കുക അവർക്കാർക്കും ഒരു ശീലമായിരുന്നില്ല. അത് ചെയ്യുന്നത് ഒരു ശല്യമാണെന്നും അവർ കരുതി'. നൈതികതയോടുള്ള പ്രതിജ്ഞാബദ്ധത മാത്രമാണ് എല്ലാക്കാലത്തും ഗോവിന്ദനെ നയിച്ചത്. എം. എൻ. റോയിയുടെ റാഡിക്കൽ ഹ്യൂമനിസത്തെ പിന്തുടർന്നതിന്റെ പരിമിതികൾ ഗോവിന്ദനെ നിശ്ചയമായും ബാധിച്ചിരുന്നെന്ന് ഇന്നു തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും. എന്നാൽ പ്രത്യയശാസ്ത്രപരമായ അടിമത്തം ബാധിച്ചിരുന്നുമില്ല.
ഗോവിന്ദൻ എന്തുകൊണ്ടു വേണ്ട വിധം അംഗീകരിക്കപ്പെട്ടില്ലെന്ന് ഒ.വി.വിജയൻ എഴുതിയിട്ടുണ്ട്: 'ഗോവിന്ദൻ തന്റെ തലമുറയുടെ ഒരരത്തലമുറ മുമ്പിലായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ദുരന്തം. പ്രാദേശികങ്ങളും പരിമിതങ്ങളുമായ താത്ത്വിക സാഹിതിയെ പുകഴ്ത്താൻ പഠിച്ച കൈരളി ഗോവിന്ദനെ അവഗണിച്ചു. മലയാളത്തിൽ ആദ്യമായി എഴുത്തുകാരനെയും സാഹിത്യകാരനെയും വകതിരിച്ച നിരൂപകൻ ഗോവിന്ദനാണ്. മാർക്സിസത്തിനപ്പുറം മാനവികതയുടെയും വിപ്ലവത്തിന്റെയും പുറംപോക്കുകൾ അധിവസിക്കപ്പെടാതെ കിടപ്പുണ്ടെന്ന് മലയാളത്തിൽ ആദ്യമായിപ്പറഞ്ഞ ബുദ്ധിജീവിയും ഗോവിന്ദൻ തന്നെ.... മൗലികതയോടു ശത്രുത പുലർത്തുകയെന്നത് സ്ഥാപനവത്കൃത താത്പര്യങ്ങളുടെ സ്വഭാവമാണ്. തന്റെ മൗലികചിന്തയുടെ ഫലമായി ഗോവിന്ദൻ അണിനിരത്തിയ ശത്രു സഞ്ചയം ഇതിനു തെളിവാണ്'.

ഒത്തുതീർപ്പുകളേക്കാൾ, ആശയപരവും ആവിഷ്കാരപരവുമായ വിട്ടുവീഴ്ചകളേക്കാൾ നല്ലതു നരകമാണെന്നു വിവേചിച്ചറിഞ്ഞ സ്വതന്ത്ര ചിന്തകനായിരുന്നു ഗോവിന്ദൻ. ഒരു കവിതയിൽ അദ്ദേഹം എഴുതി:
'എഴുത്തോ നിന്റെ കഴുത്തോ
ഇവയിൽ കൂറേതിനോട്
എന്നു ചോദിച്ചൊരുവനെ-
ന്നരികിൽ വരും മുമ്പ്
ദൈവമേ, നീ ഉൺമയെങ്കിൽ
എന്നെ കെട്ടിയെടുത്തേക്ക്
നരകത്തിലേക്കെങ്കിലങ്ങോട്ട് '
നിർഭയമായ ധൈഷണികജീവിതം നയിക്കാനാണ് ഗോവിന്ദൻ എക്കാലത്തും കൊതിച്ചതും ശ്രമിച്ചതും. ഒൻപതാം ക്ലാസിൽ പഠിപ്പു നിർത്തേണ്ടി വന്ന ഗോവിന്ദൻ മദ്രാസിലെത്തിപ്പെട്ടപ്പോൾ കണ്ണിമാറ പബ്ലിക് ലൈബ്രറിയിൽ എല്ലാ ദിവസവും രണ്ടു മണി മുതൽ ആറു മണി വരെയിരുന്നു വായിച്ചു. സാഹിത്യത്തിന്റെയും ദർശനങ്ങളുടെയും വലിയൊരു ലോകം, പുതിയൊരു ലോകം തുറന്നു കിട്ടി. ഗോവിന്ദൻ തന്റെ കാലത്തിനും മുൻപേ പറന്നു. 'ആൾക്കൂട്ടം' എന്ന മലയാളത്തിലെ മഹത്തായ നോവലുകളിലൊന്ന് എഴുതിത്തീർത്ത ആനന്ദ് അത് അയച്ചു കൊടുത്തത് ഗോവിന്ദനായിരുന്നു. നോവലിന്റെ പ്രഹരശേഷി തിരിച്ചറിഞ്ഞ ഗോവിന്ദനാണ് അതു പുസ്തകമാക്കാൻ ഉത്സാഹിച്ചത്. മലയാളം അതുവരെ പരിചയിച്ചതിൽ നിന്നു തീർത്തും വ്യത്യസ്തമായ പ്രമേയവും ആഖ്യാനരീതിയുമുണ്ടായിരുന്ന 'ആൾക്കൂട്ട'ത്തിന്റെ ഭാവുകത്വ പുതുമ മനസ്സിലാക്കാൻ ഗോവിന്ദന്റെ നിരന്തരം പുതുക്കപ്പെട്ടു കൊണ്ടിരുന്ന ധിഷണയ്ക്കായി. അതുപോലെ മലയാളത്തിലെ എത്രയോ എഴുത്തുകാർക്ക് അദ്ദേഹം വഴിയും വെളിച്ചവുമായി. വഴിത്തിരിവുണ്ടാക്കിയ എത്രയോ കൃതികളുടെ മാറ്റുരച്ചറിയാനായി. എത്രയോ സാഹിത്യ സമ്മേളനങ്ങൾക്ക്, ചിന്തയുടെ പ്രകാശം പ്രസരിച്ച സംവാദങ്ങൾക്ക് ഗോവിന്ദൻ മുന്നിട്ടിറങ്ങി. ചെറിയ സദസ്സുകളോടു സംവദിച്ച സോക്രട്ടീസിനെപ്പോലെ, ഗോവിന്ദനും നമ്മുടെ ധൈഷണിക ജീവിതത്തെ സമ്പന്നമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മദ്രാസ് ഹാരിസ് റോഡിലെ 77 ബി വീട്ടിലെ ചർച്ചകളാണ് ഒരു കാലത്ത് കേരളത്തിന്റെയല്ല, ദക്ഷിണേന്ത്യയുടെ തന്നെ ആശയലോകത്തെ നിർണയിച്ചതും ദിശാസൂചിയായതും.