ADVERTISEMENT

ഒരിക്കൽ സുകുമാർ അഴീക്കോടിനെ ഒരു നിരൂപകൻ ‘മൈതാനപ്രാസംഗികൻ’ എന്നു പരിഹസിച്ചു വിളിച്ചു. ഉടൻ വന്നു, ഉരുളയ്ക്ക് ഉപ്പേരി. അഴീക്കോടിനു മാത്രം സാധ്യമായ ആ മറുപടി ഇതായിരുന്നു: 'ഞാൻ മൈതാനപ്രാസംഗികൻ തന്നെ. എന്റെ പ്രസംഗം കേൾക്കാൻ മൈതാനത്ത് ആളുകളുണ്ടാകും. അദ്ദേഹം പ്രസംഗിക്കുമ്പോൾ ആളുണ്ടാവില്ല, മൈതാനം മാത്രം കാണും’.

എതിരാളികളുടെ സ്കോറിനെ ചെയ്സ് ചെയ്യുമ്പോൾ അസാധാരണ മികവിലേക്കുയരുന്ന ചില ബാറ്റർമാരെ കണ്ടിട്ടില്ലേ? ലക്ഷ്യം മുന്നിൽക്കിട്ടിയാൽ ഏകാഗ്രതയോടെ അതിനെ പിന്തുടരുന്നവർ. അതുപോലെയായിരുന്നു അഴീക്കോട്. പ്രത്യുത്തരങ്ങളിൽ അദ്ദേഹത്തെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല. ഒരമ്പു കൊണ്ടാൽ നൂറുതൊടുക്കുന്നതായിരുന്നു ശീലം. ചിലതിന്റെ അറ്റത്തു രൂക്ഷവിമർശനം, ചിലതിൽ അസ്തപ്രജ്ഞമാക്കുന്ന പരിഹാസം, ചിലതിൽ ദർശനപ്പൊരുൾ. എതിരാളികൾ നിലംപരിശാകും. ‘പ്രസംഗം സുകുമാരകലയാണ്’ എന്നുപറഞ്ഞത് വികെഎൻ ആണ്. അതു കല മാത്രമല്ല, ജ്ഞാനകലാപവും കൂടിയായി മാറുന്നതിനു കേരളം പലകുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്.

THRISSUR  2008 JULY 08 :  Writer and famous speaker Dr. Sukumar Azhikode in his house  @ JOSEKUTTY PANACKAL
സുകുമാർ അഴീക്കോട്

അഴീക്കോട് ഭൂമിമലയാളത്തിന്റെ മുഴുവൻ പ്രഭാഷകനായിരുന്നു. പണ്ഡിതവരേണ്യ സദസ്സുകളിൽ ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ വാഗ്‌വിലാസം. ഏതു സദസ്സിനെയും കയ്യിലെടുക്കാൻ വാണീദേവി അഴീക്കോടിനൊപ്പം നിന്നു. ഉപനിഷത്തും ഗാന്ധിമാർഗവും ചരിത്രവും സാഹിത്യവും ആത്മവിദ്യയും ഗുരുദർശനവും ഏതു സാധാരണക്കാരുടെ സദസ്സിലും പറഞ്ഞു. അദ്ദേഹം പറഞ്ഞതിനെല്ലാം അവർ കാതോർത്തു. വർഗീയത തിളച്ചുമറിഞ്ഞ കാലത്ത്, വാക്കുകളിലൂടെ അഴീക്കോടു നടത്തിയ രക്ഷാപ്രവർത്തനം കേരളീയസമൂഹം എക്കാലവും നന്ദിയോടെ ഓർമിക്കേണ്ടതാണ്. വർഗീയതയോടു വിട്ടുവീഴ്ച ചെയ്യാത്തൊരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. മതനിരപേക്ഷതയുടെ ഗാന്ധിയൻ വഴി അദ്ദേഹം കേരളത്തിനു കാണിച്ചുകൊടുത്തു.

sukumar-azheekode-books-two

ആ പ്രഭാഷണത്തിന്റെ അനന്യചാരുതയനുഭവിച്ച  വൈക്കം മുഹമ്മദ് ബഷീർ അതിനെ ‘സാഗരഗർജനം’ എന്നുവിളിച്ചു. ആദ്യം സൗമ്യമായൊരു തിര തീരത്തെ തൊട്ടു, തൊട്ടില്ല എന്ന മട്ടിലെത്തുന്നു. അങ്ങനെ പല കുറിയാവർത്തിച്ച് തിര മെല്ലെ ശക്തിയാർജിക്കുന്നു. ഇപ്പോളത് അലതല്ലിയെത്തുന്നു. തീരത്തേക്ക് ഇരമ്പിക്കയറുന്നു. അഴീക്കോട് മാഷും അങ്ങനെത്തന്നെ. അദ്ദേഹം പ്രസംഗം തുടങ്ങുമ്പോൾ സദസ്സിന്റെ മുൻനിരയിലുള്ളവരേ ശരിക്കും കേൾക്കൂ. പുറകിലെ സീറ്റുകളിലുള്ളവർ ആ വാക്കുകൾ കേൾക്കാൻ ജാഗ്രതയോടെ കാതുകൂർപ്പിക്കുന്നു. പതുക്കെ വാക്കുകൾ തിരയടിച്ചുയരുന്നു. സദസ്സ് അതിൽ മുങ്ങുന്നു. ഉച്ചസ്ഥായിയിൽ അതു സാഗരഗർജനം തന്നെ.

 ഒരിക്കൽ ലോക്സഭയിലേക്കു മത്സരിച്ചു തോറ്റ അദ്ദേഹം പിൽക്കാലത്തു വൈലോപ്പിള്ളി എഴുതിയതുപോലെ ‘സൗവർണപ്രതിപക്ഷ’മായി. അതൊരു നിരന്തരപ്രതിപക്ഷമായിരുന്നു. നീതികേടുകൾക്കെതിരായ ഒറ്റയാൻ ജാഥ. സാഹിത്യത്തിലും രാഷ്ട്രീയത്തിലും സിനിമയിലുമുള്ളവർ വാഗ്‌വിചാരണയ്ക്കു വിധേയമായി. ജി.ശങ്കരക്കുറ‍ുപ്പിന്റെ കവിതയ്ക്കു നേരെ ഖണ്ഡനവിമർശനത്തിന്റെ ഖഡ്ഗം നീട്ടിയ അഴീക്കോട് സൗമ്യനിരൂപണത്തിന്റെ പതിവുപാത വിട്ടു സഞ്ചരിക്കുകയായിരുന്നു. തത്ത്വമസിയാകട്ടെ ഉപനിഷദ് ദർശനങ്ങളെ സാധാരണ മനുഷ്യർക്കു പോലും പരിചയപ്പെടുത്തി. ‘ആശാന്റെ സീതാകാവ്യം’ അഴീക്കോടിലെ നിപുണനായ കാവ്യവിമർശകനെ നമുക്കു കാട്ടിത്തന്നു.

sukumar-azheekode-books

ഒന്നിനോടും അദ്ദേഹത്തിനു തൊട്ടുകൂടായ്മ ഇല്ലായിരുന്നു. വേദങ്ങളും ഉപനിഷത്തുകളും കരതലാമലകം പോലെ വഴങ്ങിയിരുന്ന അദ്ദേഹം അതേ ഇഷ്ടത്തോടെ അഗതാ ക്രിസ്റ്റിയെയും എഡ്ഗാർ വാലസിനെയും ആർതർ കോനൻ ഡോയലിനെയും വായിച്ചു. അപസർപ്പക കഥകൾക്ക് അദ്ദേഹത്തിന്റെ വായനാമുറിയിൽ അയിത്തമുണ്ടായിരുന്നില്ല.  കഠിനവാദങ്ങളെപ്പോലും അനായാസം ചുരുളഴിച്ച് ജനങ്ങൾക്കു മനസ്സിലാകും വിധം അവതരിപ്പിക്കാൻ ഡിറ്റക്ടീവ് നോവലുകളുടെ വായന അദ്ദേഹത്തെ സഹായിച്ചിരിക്കണം. ആഹാരപ്രിയനായിരുന്ന അഴീക്കോട് അക്കാര്യത്തിൽ മാത്രം ഗാന്ധിമാർഗത്തിലൂടെ സഞ്ചരിച്ചില്ല. കോഴിക്കോടൻ ബിരിയാണിയുടെ ആരാധകനായിരുന്ന അദ്ദേഹം അതുവഴിയുള്ള പ്രസംഗയാത്രകളിൽ അത് ആസ്വദിച്ചു കഴിച്ചു. മീൻകറി വിട്ടൊരു കറിയെക്കുറിച്ചും അദ്ദേഹത്തിന് ആലോചിക്കാനാകുമായിരുന്നില്ല. അഴീക്കോട്ടു ജനിച്ചുവളർന്ന അദ്ദേഹത്തിന് കുട്ടിക്കാലത്തേ പ്ര‍ിയമായിരുന്നു മത്സ്യവിഭവങ്ങൾ. ഒരിക്കൽ അദ്ദേഹം സരസമായി തന്റെ മത്സ്യാഭിമുഖ്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘കള്ളുകുടിയൻമാരോട് എനിക്കുള്ള ഒരേയൊരു മതിപ്പ്, മത്സ്യക്കൂട്ടാൻ വേണമെന്നുള്ള വകതിരിവ് എത്ര കുടിച്ചാലും അവർക്കു നഷ്ടപ്പെടുന്നില്ലല്ലോ എന്നോർത്താണ്’.

ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന ദിവസം പ്രസംഗത്തിനു പോകാൻ അദ്ദേഹത്തിനു മടിയായിരുന്നു. സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിങ് ചാരുതയെക്കുറിച്ച്, ആശാൻ കവിത ഇതൾവിടർത്തുന്ന അതേ ആഭിമുഖ്യത്തോടെ അദ്ദേഹം സംസാരിച്ചു. ക്രിക്കറ്റിൽ ഒതുങ്ങിനിന്നില്ല കളിപ്രിയം. ഫുട്ബോളും ടെന്നിസുമെല്ലാം ഹരമായിരുന്നു. വളരെ ചെറുപ്പത്തിലേ മലയാളവിമർശനത്തിൽ തന്റേതായൊരു കസേര വലിച്ചിട്ടിരിക്കാൻ കഴിഞ്ഞ അഴീക്കോടിന് ആ ഒറ്റയടിപ്പാതയിലൂടെ മാത്രം വേണമെങ്കിൽ സഞ്ചരിക്കാമായിരുന്നു. ഒരുപക്ഷേ, മികച്ച ഒരുപാടു കൃതികൾ എഴുതാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. എന്നാൽ അദ്ദേഹം സമൂഹത്തിലേക്കിറങ്ങുകയായിരുന്നു. സാമൂഹികവിമർശനം കൂടി തന്റെ വഴിയായി സ്വീകരിച്ചു.

പുഴുക്കുത്തുകളെ കൊത്ത‍‍ിയെടുക്കാൻ ചിലപ്പോഴൊക്കെ ഉപനിഷദ്ശ്യംഗങ്ങൾ വിട്ട് അദ്ദേഹത്തിനു താഴ്ന്നുപറക്കേണ്ടി വന്നു. അഴീക്കോട് കേരളത്തിലെ ഏതു തെരുവിൽ വന്നുനിന്നാലും നിമിഷങ്ങൾകൊണ്ട് അതൊരു സദസ്സായി മാറുമായിരുന്നു. ആളെക്കൂട്ടാൻ പാർട്ടികളുടെയോ സംഘടനകളുടെയോ പിൻബലം അദ്ദേഹത്തിനു േവണ്ടായിരുന്നു. ജനങ്ങൾ അദ്ദേഹത്തെ അകമഴിഞ്ഞു കേട്ടു, വിശ്വസിച്ചു. ‘നട്ടെല്ല് എന്ന ഗുണം’ അവർ അദ്ദേഹത്തിൽ കണ്ടു. അഴീക്കോടിന്റെ വിയോഗത്തോടെ ശൂന്യമായ സാംസ്കാരിക ഇടം ഉറപ്പിക്കാൻ പലരും ഒരുമ്പെട്ടു നടക്കുന്നുണ്ടെങ്കിലും അവരുടെ വാക്കുകൾ ജനങ്ങളെ തൊടുന്നില്ല. അഴീക്കോട് ഒറിജിനിലായിരുന്നെങ്കിൽ അദ്ദേഹത്തെ അനുകരിക്കുന്നവരിൽ പലരുടെയും ബൗദ്ധികജീവിതം തന്നെ വ്യാജമാണ്. കട്ടെടുത്ത വാക്കുകൾ കേൾക്കാൻ കേരളത്തിനു മനസ്സില്ല, സർ!

English Summary:

Remembering Sukumar Azhikode: A Legacy of Eloquence and Social Commentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com