എം.ടി കണ്ടെത്തിയ പത്മരാജൻ

Mail This Article
ഇരുട്ടിനെ തുളച്ചുമുറിച്ച് മംഗലാപുരം എക്സ്പ്രസ് തീവണ്ടി കായംകുളം സ്റ്റേഷനിൽ വന്നുനിന്നു. മഴച്ചാറ്റലേറ്റ് നനഞ്ഞു നിൽക്കുന്ന രാത്രി. പെട്ടെന്നുള്ള യാത്രയായതിനാൽ റിസർവേഷൻ ഇല്ല. തീവണ്ടിയിൽ തിരക്ക് കുറവുണ്ട്. സഹയാത്രക്കാർ കയറും മുമ്പേ ചാടിക്കയറിയതിനാൽ ജനാലക്കരിയിൽതന്നെ സീറ്റ് കിട്ടി. തീവണ്ടി നീങ്ങിത്തുടങ്ങുകയാണ്. മടിയിൽവച്ച ബാഗിനുള്ളിൽനിന്നു വീതികുറഞ്ഞ കമ്പിളി മഫ്ളറെടുത്ത് ചെവിയടച്ച് ചുറ്റിക്കെട്ടി. തുറന്നു കിടക്കുന്ന ജനൽ പാളിയിലൂടെ പറന്നുവരുന്ന തൂവാനത്തുമ്പികൾ. അവ മുഖത്തു മുത്തമിട്ട് വട്ടംചുറ്റുമ്പോൾ മനസ്സിലും ശരീരത്തിലും സുഖദമായ അനുഭൂതി.
ഉച്ചയ്ക്ക് യാദൃച്ഛികമായാണ് രാജേഷിന്റെ വിളി വന്നത്. ‘‘എംടി സാർ നാളെ കാണാം എന്ന് സമ്മതിച്ചു. എന്താ പോരുന്നോ? ഉച്ചവരെ ഫ്രീയാണ്.’’ കരിപ്പൂർ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥനാണ് രാജേഷ്. എംടി സാറിന്റെ കടുത്ത ആരാധകൻ. പരിചയപ്പെട്ടിട്ട് അധികമായില്ല. പക്ഷേ കുറഞ്ഞനാൾ കൊണ്ട് നല്ല സൗഹൃദമായി. വാക്കിനു പോയിട്ട് ചിരിക്കു പോലും പിശുക്കനായ എംടി സാറിൽ ഒരൽപം സ്വാതന്ത്ര്യം രാജേഷിനുണ്ട്. “ഓ റെഡി” പെട്ടെന്നുതന്നെ ഞാൻ മറുപടി പറഞ്ഞു. പിന്നെ വളരെ വേഗം യാത്രയ്ക്കു തയാറായി.
വണ്ടി കോട്ടയത്ത് എത്തിയതോടെ ജനറൽ കമ്പാർട്ട്മെന്റിൽ തിരക്ക് ഏറിയിട്ടുണ്ട്. എനിക്കെതിരെ സീറ്റിൽ ഇരിക്കുന്നത് 70 കഴിഞ്ഞ ഒരു തമിഴനാണ്. വെളുത്തുതടിച്ച് ഉച്ചിയോളം കഷണ്ടി കയറിയ ഒരാൾ. ഉറക്കം തമിഴനെ കീഴടക്കിക്കഴിഞ്ഞു. വലിയ പ്രിന്റടിച്ച തുണിസഞ്ചി മാറോടു ചേർത്തു പിടിച്ചിട്ടുണ്ട്. വശത്തെ ഗ്ലാസ് വിൻഡോ ഉയർത്തി ദൂരേക്ക് മിഴി നട്ടപ്പോൾ കരിമേഘക്കൂട്ടങ്ങൾക്കിടയിൽനിന്ന് ഉരുണ്ട് ഇറങ്ങിവരുന്ന മുഴുത്ത ചന്ദ്രനെ കണ്ടു.
മഴ മാറിത്തുടങ്ങിയിരിക്കുന്നു. തൂവാനത്തുമ്പികൾക്ക് ചിറകു മുറിഞ്ഞിരിക്കുന്നു. രാവിലെ കാണാൻ പോകുന്ന മലയാളത്തിന്റെ പ്രിയ കഥാകാരനെക്കുറിച്ച് ഓർത്തു. ആരോ പറഞ്ഞതുപോലെ “അഗാധ സ്നേഹോഷ്മളതയോടെയല്ലാതെ ആർക്കും അദ്ദേഹത്തെക്കുറിച്ച് എഴുതാൻ ആവില്ല” എന്നതറിയുന്നു. വണ്ടിക്ക് വേഗം കൂടിത്തുടങ്ങിയതോടെ തുറന്നിട്ട ജാലകപ്പരപ്പിലൂടെ ഇളംകാറ്റ് തിക്കി കടന്നുവന്ന് കെട്ടിപ്പുണരുന്നു. അവളുടെ മദിച്ച മുത്തങ്ങളുടെ മധുരാനുഭൂതിയിൽ മിഴിപ്പോളകൾക്ക് കനം തൂങ്ങുന്നു. മെല്ലെ മെല്ലെ മയക്കത്തിന്റെ തൂവൽ ഉഴിയുന്നു.

അപ്പോൾ കാണാം. പച്ചവിരിച്ച പാടത്തിനപ്പുറം എടുത്തു പിടിച്ചു നിൽക്കുന്ന, പച്ചതേച്ച താന്നിക്കുന്ന്. വെയിലേറ്റു മുഖംവാടിയ അരയാൽ പെരുമന്റെ തലയ്ക്കു മുകളിലൂടെ നിളയുടെ മണൽപ്പുറ്റ് തെളിഞ്ഞുവരുന്നു. സൂക്ഷിച്ചുനോക്കി. കണ്ണീരുണങ്ങിയ കവിൾച്ചാലുപോലെ പുഴപ്പെണ്ണ്. അവളുടെ മിനുത്ത മാറിലൂടെ ഒലിച്ചിറങ്ങുന്ന ഒരിറ്റ് നീർക്കണം. നദിക്കു ചാരെയുള്ള കവുങ്ങിൻ തോട്ടത്തിൽ നിൽക്കുന്ന ഞാൻ ഓർത്തു. ‘അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രത്തെക്കാൾ അറിയുന്ന എന്റെ നിളയെയാണ് എനിക്കിഷ്ടം’ എന്നു പറഞ്ഞ കഥാകാരനെ. നിരുപമ ഭാവാർദ്ര രാഗങ്ങളുമായി തന്റെ പ്രിയപ്പെട്ട കഥാകാരനെ കാത്തിരുന്ന നിള. ഇന്ന് അവളുടെ ഗതി എന്താണ്? ദുരയുടെ കത്തിയാൽ മനുഷ്യന്റെ ആർത്തിക്കരങ്ങൾ കുഴിച്ചു താഴ്ത്തി കൊല്ലുകയാണ് അവളെ. കാണാത്ത ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി അപ്രത്യക്ഷമാവുകയാണ്. അവളുടെ നിലവിളി കേൾക്കാത്ത അധികാര വർഗ്ഗത്തോട് കഥാകാരൻ തന്നെ പലവട്ടം പരാതിപ്പെട്ടു, എഴുതി, പറഞ്ഞു. പക്ഷേ, ആരു കേൾക്കാൻ. ഇനി ഞാനെന്റെ നിളയെക്കുറിച്ച് ഒരക്ഷരം പറയില്ലെന്ന് ഹൃദയവേദനയോടെ പൊട്ടിത്തെറിച്ച എംടി.
മനസ്സിന്റെ കാണാപ്പുറങ്ങളിലൂടെ കഥകളും രംഗങ്ങളും ഇരമ്പിയോടുകയാണ്. അപ്പുണ്ണിയും സേതുവും ഗോവിന്ദൻകുട്ടിയും കുട്യേട്ടത്തിയും ഭ്രാന്തൻ വേലായുധേട്ടനും മുതൽ ഓളോർമാങ്ങയുടെ നിറമുള്ള കവിളുകളുള്ള കുഞ്ഞുമാളുവും പിന്നെ കാത്തിരിപ്പിന്റെ നൊമ്പരം ഉണർത്തുന്ന വിമല ടീച്ചറും സുമിത്രയും സുലോചന ടീച്ചറും ഒക്കെ ഹൃദയത്തെ വേട്ടയാടുകയാണ്. ഞെട്ടിയുണർന്നു.. വണ്ടി എവിടെയോ കിതച്ചു നിൽക്കുകയാണ്. പുറത്തേക്കു പാളി നോക്കി. മഞ്ഞച്ചായമടിച്ച വലിയ സിമന്റ് പലകയിൽ കറുത്ത വടിവൊത്ത അക്ഷരങ്ങൾ വിരിഞ്ഞു നിൽക്കുന്നു-തൃശ്ശിവപേരൂർ. ഇറങ്ങാൻ കുറച്ചുപേരെയുള്ളൂ. കയറാനാണ് അധികം തിരക്ക്. തിക്കിത്തിരക്കുന്നവർ. പിടിവിടാൻ മടി കാട്ടുന്ന ഉറക്കത്തെ തുരത്താൻ ഒരു കപ്പ് ചായയ്ക്ക് കൈനീട്ടി.
ഇളകിത്തുടങ്ങിയ തീവണ്ടിക്കുള്ളിൽനിന്ന് ചൂടുള്ള വായു ഒഴിഞ്ഞു തുടങ്ങുന്നു. വേഗം കൂടുംതോറും തണുപ്പിന്റെ പേലവ കരങ്ങൾ ഉണർന്നു പുണർന്നു തുടങ്ങുന്നു. മനസ്സുനിറയെ എംടിയും കഥാപാത്രങ്ങളുമാണ്. സൂര്യനെപ്പോലെ ജ്വലിച്ചു നിൽക്കുന്ന എഴുത്തുകാരൻ. ചുറ്റും താരാഗണങ്ങളെപ്പോലെ കഥാപാത്രങ്ങൾ. മറ്റൊരു ക്ഷീരപഥം. താനൂരും പരപ്പനങ്ങാടിയും ഞൊടിയിടയിൽ കടന്നുപോയി. ഇരുട്ടിന്റെ കറുത്ത കോട്ടയ്ക്ക് തുള വീഴുന്നു. വെള്ളകീറുന്ന വാനത്തിന് നരച്ച കമ്പിളിയുടെ മിനുപ്പ്.
കോഴിക്കോട്. ഇഞ്ചുകളുടെ വലുപ്പം മാത്രമുള്ള ഇരുമ്പുപാളത്തിൽ വണ്ടി കിതച്ചു നിന്നു. മേൽപാലം വഴി ഒന്നാം പ്ലാറ്റ്ഫോമിലേക്കു നടക്കുമ്പോൾ, വന്ന തീവണ്ടിയിലേക്ക് ഒന്നു തിരിഞ്ഞുനോക്കി. നിറഞ്ഞ യാത്രക്കാരെക്കൊണ്ട് ബോഗികൾ ഉറുമ്പിൻകൂടുകൾ പോലെയുണ്ട്. തീവണ്ടി ആപ്പീസിനു പുറത്ത് മൂന്നു ഭാഷകളിലും യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. നേരം പുലർന്നിട്ടേയുള്ളൂ. നഗരം ഉറക്കത്തിന്റെ ആലസ്യത്തിൽത്തന്നെ. മാനാഞ്ചിറയ്ക്ക് ചുറ്റുമുള്ള ഓടുപാകിയ നടപ്പാത വഴി ചുറ്റിത്തിരിഞ്ഞു വരുമ്പോൾ പ്രഭാത സവാരിക്കാർ തിരക്കിട്ട് കടന്നുപോകുന്നു. പൊലീസ് ക്ലബ്ബിനും കസബ സ്റ്റേഷനും അപ്പുറമാണ് സ്ഥിരമായി തങ്ങാറുള്ള ലോഡ്ജ്. മുറിയെടുത്തു. പിന്നെ രാജേഷിനെ വിളിച്ചു. “ഞാൻ 9:30 ക്ക് എത്താം. എംടി സാറിനോട് പത്തിന് എത്തും എന്നു വിളിച്ചുപറയാം”. മറുപടി കൃത്യം.
ബൈക്കിലാണ് രാജേഷ് എത്തിയത്. നേരെ കൊട്ടാരം റോഡിലെ ‘സിതാര’യിലേക്ക്. റോഡിൽനിന്ന് അൽപം ഉള്ളിലേക്കു നീങ്ങി നിൽക്കുകയാണ് എംടിയുടെ വീട്. മുന്നിലെ ഇരുനില വീടിന്റെ വശത്തുകൂടി അകത്തേക്കു പോകാൻ റോഡുണ്ട്. വീട്ടിലേക്കു തിരിച്ചപ്പോൾ മുതൽ മനസ്സിൽ ഒരു വിറയലുണ്ട്. കാരണം കഥാകാരനെക്കുറിച്ചു കേട്ടതെല്ലാം അങ്ങനെയാണ്. ‘ചിരിക്കാൻ കടുത്ത പിശുക്കൻ. കാണാൻ എത്തുന്നവരെ കാര്യമായി ‘മൈൻഡ്’ ചെയ്യാറില്ല. എന്തെങ്കിലും ചോദിച്ചാൽ മൂളലോ ഒറ്റവാക്കോ മറുപടി. മൂക്കിൻ തുമ്പത്താണ് കോപം.’ ഇങ്ങനെയൊക്കെ സ്വഭാവമുള്ള ഒരാളോട് എങ്ങനെ പറഞ്ഞു തുടങ്ങും.
പത്മരാജനെക്കുറിച്ച് എഴുതിയ ഗ്രന്ഥത്തിന് ഒരു ആമുഖം കൂടി എഴുതി വാങ്ങണമെന്ന അത്യാഗ്രഹവും മനസ്സിലുണ്ട്. (രാജേഷ് വഴി നേരത്തേ സൂചിപ്പിച്ചപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ല എന്നതാണ് പ്രേരണ). വാക്കുകൾക്കു പൊൻവിലയുള്ള എഴുത്തുകാരനോട് ആദ്യമായി കാണാൻ എത്തിയ ഉടൻ ആമുഖം ചോദിച്ചാൽ പ്രതികരണം എന്താകും?

കൊട്ടാരം റോഡിൽനിന്ന് ബൈക്ക് ‘സിതാര’യിലേക്കു തിരിഞ്ഞപ്പോൾ മനസ്സിലെ വികാരം എന്തായിരുന്നുവെന്ന് പറയാനാവില്ല. വടക്കൻ വീരഗാഥയും രണ്ടാമൂഴവും പെരുന്തച്ചനും വൈശാലിയും ഒക്കെ എഴുതിയ കഥാകാരന്റെ വീടാകുമ്പോൾ അത്തരത്തിൽ ഒരു പൗരാണിക ’ടച്ച്’ ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ സാധാരണ കോൺക്രീറ്റ് ഇരുനില വീട്. സിറ്റൗട്ടിൽ ബീഡിയും പുകച്ച് ഇരിക്കുന്ന സാക്ഷാൽ എംടി. ഒറ്റമുണ്ട് ഉടുത്ത്, ഉടുപ്പിടാതെ ഇരിക്കുന്ന അദ്ദേഹത്തിന്റെ കഴുത്തിൽ വേദന കുറയ്ക്കാനുള്ള’കോളർ’ ചുറ്റിയിരിക്കുന്നു. അവിടം വരെ ഉശിരോടെ സംസാരിച്ചു വാഹനം ഓടിച്ച രാജേഷ് പോലും വിനയാന്വിതനായി. പിന്നെ എന്റെ കാര്യം പറയണോ? സിറ്റൗട്ടിന്റെ മുന്നിലേക്ക് ഞങ്ങൾ നടന്നെത്തുമ്പോൾ എംടി സാർ തല ചരിച്ചൊന്ന് നോക്കി. ആദ്യം രാജേഷിനെയും പിന്നെ എന്നെയും കണ്ടു. വിനയപൂർവം തൊഴുത് ഞാൻ നമസ്കാരം പറഞ്ഞു. അദ്ദേഹം ഒന്നു പുഞ്ചിരിച്ചു. ചുണ്ടുകോട്ടിയുള്ള ആ വിഖ്യാതചിരി. വാതിൽക്കൽ ചവിട്ടുപടിയിലേക്കു കയറിയപ്പോൾ രാജേഷ് എന്നെ പരിചയപ്പെടുത്തി “മുതുകുളത്ത്.. പത്മരാജന്റെ വീടിന് തൊട്ടടുത്താണ്”. അദ്ദേഹം ഒന്നുമൂളി. പിന്നെ അടുത്തുകിടന്ന കസേരയിൽ ഇരിക്കാനായി തലയാട്ടി വിളിച്ചു. എനിക്ക് അനൽപമായ ആഹ്ലാദം തോന്നി.
പ്രിയപ്പെട്ട കഥാകാരനെ കണ്ട സന്തോഷത്തിൽ എന്തു ചെയ്യണം, എന്തു പറയണം എന്നറിയാതെ ഞാൻ പകച്ചു നിൽക്കുകയാണ്. ഇരിക്കാൻ ക്ഷണിച്ചപ്പോൾ അതുകൊണ്ടുതന്നെ കസേര മുഴുവൻ ഉപയോഗിക്കാതെ അതിന്റെ തുമ്പത്ത് ഇരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് സൗഹൃദത്തിന്റെ സരളത ദൃശ്യമായത് പേടി കുറച്ചു. രാജേഷ് ആദ്യം തന്നെ ചോദിച്ചു ‘‘കഴുത്തുവേദന എങ്ങനെ?’’. “കുറവില്ല.. ഗൾഫിൽ അവതരിപ്പിക്കാനുള്ള പ്രസംഗവും പുസ്തകത്തിന്റെ ആമുഖവും എഴുതുന്നതിനാൽ വേദന അങ്ങനെതന്നെ” (പഴശ്ശിരാജയുടെ ഇംഗ്ലിഷ് പരിഭാഷ ഗൾഫിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിനെക്കുറിച്ചായിരുന്നു മറുപടി). ‘‘എഴുതുമ്പോൾ വേദന കൂടുന്നു” അപ്പോൾ ഞാൻ മെല്ലെ ചോദിച്ചു. “ആരോടെങ്കിലും പറഞ്ഞുകൊടുത്ത്..’’ “ഇല്ല, അങ്ങനെ ഇതുവരെ നോക്കിയിട്ടില്ല. അത് എനിക്ക് പറ്റില്ല” എംടി സാർ സൗമ്യമായി പറഞ്ഞു. കേട്ടറിഞ്ഞതുപോലെയല്ല അദ്ദേഹത്തിന്റെ പെരുമാറ്റം എന്ന് തിരിച്ചറിഞ്ഞതോടെ എനിക്ക് ഒരു ആത്മവിശ്വാസം കൈവന്നു.
പിന്നെ ‘പഴശ്ശിരാജ’യെക്കുറിച്ചായി സംസാരം. മലയാളത്തിലും ഇംഗ്ലിഷിലും തിരക്കഥ പുസ്തകരൂപത്തിൽ വരികയാണ്. ഇംഗ്ലിഷ് പുസ്തകത്തിന്റെ പ്രകാശനം ഗൾഫിലാണ്. അതിന് ഒരു ആമുഖം വേണമെന്ന് ഇപ്പോൾ പെട്ടെന്നാണ് പ്രസാധകർ പറഞ്ഞത്. തിരക്കിട്ട് എഴുതണം. പക്ഷേ കഴുത്തുവേദന കാരണം മൂന്നു പേജിൽ കൂടുതൽ എഴുതാനായിട്ടില്ല. എന്നു പറഞ്ഞ് എഴുതിവച്ച പേജുകൾ അദ്ദേഹം എടുത്തുകാട്ടി.
കൊച്ചു കൊച്ചു വാക്കുകളിലൂടെ വർത്തമാനം പുരോഗമിക്കുമ്പോഴും ‘പത്മരാജൻ : ദുരന്തകാമനകളിലെ ഗന്ധർവ്വൻ’ എന്ന എന്റെ പുസ്തകത്തെക്കുറിച്ച് പറയാനോ കാട്ടാനോ ഉള്ള ധൈര്യം കിട്ടിയില്ല. എന്റെ മനസ്സറിഞ്ഞ് രാജേഷ് സമർഥമായി ഇടപെട്ടു. എന്റെ ഗവേഷണത്തെക്കുറിച്ചും അതിന്റെ ശ്രമങ്ങളെക്കുറിച്ചും കൊച്ചു കൊച്ചു സൂചനകൾ. പത്മരാജനെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു നിമിഷം എംടി സാർ നിശബ്ദനായി. “പത്മരാജന്റെ ആദ്യ കഥ - ചൂണ്ടൽ- മാതൃഭൂമിയിൽ കൊടുത്തത് ഞാനാണ്. അറിയാമോ?” അദ്ദേഹം എന്നോടു ചോദിച്ചു. (പത്മരാജന്റെ ആദ്യ കഥ ‘ലോല’ 1965 ജൂണിൽ കൗമുദി വാരികയിലാണ് വന്നത്. എന്നാൽ പത്മരാജനെ മലയാള സാഹിത്യലോകം അംഗീകരിച്ച കഥ 1967ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ‘ചൂണ്ടൽ’ ആണ്.) “അന്ന് എൻവി (എൻ.വി.കൃഷ്ണവാര്യർ) ആണ് ചീഫ് എഡിറ്റർ. എൻവിയുടെ പേരിലാണ് കഥ വന്നത്. തൃശൂർ ആകാശവാണി നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ‘ലേഡി’യുടെ കത്തും ഉണ്ടായിരുന്നു. അന്ന് കഥകൾ നോക്കിയിരുന്നത് ഞാനാണ്. കത്തും കഥയും എനിക്ക് കൈമാറി. വായിച്ചപ്പോൾ മികച്ച രചന. ഉടൻ കൊടുക്കുകയായിരുന്നു.” പതിറ്റാണ്ടുകൾക്ക് അപ്പുറത്തുനിന്നും ആ ഓർമകൾ എം.ടി ഓർത്തെടുത്തു. പത്മരാജന്റെ സാഹിത്യം മാത്രമല്ല, ജീവിതവും എന്റെ ഗവേഷണ പരിധിയിൽ വരുന്നതിനാൽ എംടി സാർ പറഞ്ഞ കാര്യങ്ങൾ പുതിയ അറിവായി. “ചൂണ്ടൽ മാത്രമല്ല, പെരുവഴിയമ്പലവും ഒടുവിൽ എഴുതിയ പ്രതിമയും രാജകുമാരിയും ഞാൻ തന്നെയാണ് മാതൃഭൂമിയിൽ കൊടുത്തത്. അപ്പോൾ പക്ഷേ പത്മരാജനെ പരിചയപ്പെടുത്തുവാൻ ആരുടെയും കത്തു വേണ്ടാത്തതിനാൽ രചനകൾ മാത്രമാണ് വന്നത്”.
എംടി സാർ വാചാലനാകുന്നത് ഞാൻ കൗതുകത്തോടെ കണ്ടിരുന്നു. ദീർഘമായ ഇടവേളകൾ ഇട്ട് ബീഡി മുത്തുന്നുണ്ട്. അപ്പോൾ ചെറിയ ചുമ സംഭാഷണം മുറിക്കും. ഇടയ്ക്ക് എന്തോ ഓർത്തതുപോലെ എന്നോട് ചോദിച്ചു. “പത്മരാജന്റെ കൃതികളിലെ എന്തിനെക്കുറിച്ചാണ് നിങ്ങൾ ഗവേഷണം നടത്തിയത്”. ‘ദുരന്തവും ദുരന്തബോധവും’ ഞാൻ മറുപടി പറഞ്ഞു. “അദ്ദേഹത്തിന്റെ മഹാഭൂരിപക്ഷം രചനകളും ദുരന്തത്തിലാണ് അവസാനിക്കുന്നത്. അതും ക്രൂരമായ ദുരന്തം. കൂടാതെ കുടുംബത്തിലെ ദുരന്തങ്ങളും. ജീവിതത്തിലെ ദുരന്തങ്ങൾ പത്മരാജന്റെ രചനകളെ ബാധിച്ചോ എന്ന് ദുരന്ത ബോധവും പരിശോധിക്കുന്നു” ഞാൻ വിശദമാക്കിയ ഉടൻ എംടി സാർ പറഞ്ഞു “എല്ലാ കഥകളും ദുരന്തത്തിൽ അവസാനിക്കുന്നു. അങ്ങനെ അവസാനിക്കാത്തവ നല്ല കഥകൾ ആയിരിക്കില്ല. ഹെമിങ് വേ എഴുതിയത് അങ്ങനെയാണ്. അതാണ് സത്യം.” ‘മരണം എന്റെ പ്രിയപ്പെട്ട സ്വപ്നം’ ആണെന്നു പറഞ്ഞ എംടിയെ ക്കുറിച്ചാണ് അപ്പോൾ ഓർത്തത്; ‘മരണം രംഗബോധമില്ലാത്ത കോമാളി’ യാണെന്ന് പറഞ്ഞ ‘മഞ്ഞി’ലെ സർദാർജിയിലൂടെ.
സംസാരം പത്മരാജനിൽ കേന്ദ്രീകരിച്ചപ്പോൾ രാജേഷ് എന്റെ പുസ്തകത്തിന്റെ കാര്യം ഓർമിപ്പിച്ചു. ഡിടിപി കോപ്പി കയ്യിലുണ്ട് എന്ന് പറഞ്ഞപ്പോൾ “കാണാം”എന്ന് എംടി സാർ. ദൈവത്തിന്റെ വിരൽ സ്പർശമേറ്റ കൈകളിലേക്ക് ആഹ്ലാദത്തോടെ ഞാൻ പുസ്തകം കൈമാറി. അദ്ദേഹം ശ്രദ്ധാപൂർവം പുസ്തകത്തിന്റെ ഉള്ളടക്കം വായിച്ചുനോക്കി. തുടർന്ന് എല്ലാ അധ്യായങ്ങളുടെയും ഏതാനും പേജുകൾ വായിച്ചു. അപ്പോൾ വളരെ വിനയാന്വിതനായി ഞാൻ പറഞ്ഞു. “പുസ്തകത്തിന്റെ മുഖക്കുറിപ്പായി സാറിന്റെ ഒരു ചെറുകുറിപ്പ് കിട്ടിയിരുന്നെങ്കിൽ..” വായന മുറിക്കാതെ എന്റെ കണ്ടെത്തലുകൾ വിവരിക്കുന്ന അവസാന അധ്യായം അദ്ദേഹം സൂക്ഷ്മമായി വായിച്ചു തുടങ്ങി.
മുഖത്ത് മിന്നുന്ന വികാരങ്ങളിലൂടെ ഗ്രന്ഥം അദ്ദേഹത്തിനു സ്വീകാര്യമാകുന്നുണ്ടെന്ന് തോന്നി. അധ്യായം ഏതാണ്ട് പൂർണമായി വായിച്ചശേഷം അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. “പറഞ്ഞതിനെക്കാൾ പറയാൻ ബാക്കിവച്ചിട്ടാണ് പത്മരാജൻ പോയത്. ഈ ഗ്രന്ഥത്തിന് മികച്ച നിരൂപകരാണ് ആമുഖം എഴുതേണ്ടത്. അപ്പൻ (കെ.പി.അപ്പൻ) ആയിരുന്നു ശരിയായ ആൾ. അതിന് ഇനി കഴിയില്ലല്ലോ. രാജകൃഷ്ണനോട് ചോദിച്ചോ”. ഞാൻ ഇല്ലെന്നു തലയാട്ടി. “ഞാൻ എഴുതണമെങ്കിൽ പുസ്തകം പൂർണമായും വായിക്കണം. ആരോഗ്യം കുറഞ്ഞതോടെ എഴുതാനും വായിക്കാനും കൂടുതൽ സമയം ചെലവാക്കേണ്ടി വരും. ആറുമാസമെങ്കിലും എടുക്കും ഞാൻ ഇത് വായിച്ചുതീരാൻ. പിന്നെ എഴുതാനും വേണം ഏതാണ്ട് അത്ര നാൾ. അത് നിങ്ങൾക്കു ബുദ്ധിമുട്ടാകും”.
എംടി സാറിന്റെ മറുപടിയിൽ അൽപം നിരാശ തോന്നിയെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായവും സൗഹാർദവും എന്നെ സന്തോഷിപ്പിച്ചു. പിന്നെ പത്മരാജന്റെ കുടുംബത്തെക്കുറിച്ചും മകനുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദമായി പറഞ്ഞു. പത്മരാജനുമായി ഉണ്ടായിരുന്ന സൗഹൃദം അദ്ദേഹം ഓർത്തെടുത്തു.
പുറത്ത് വെയിലിന് കനം വെച്ചിരിക്കുന്നു. സായന്തനത്തിലും മധ്യാഹ്‌നസൂര്യനെപ്പോലെ എരിയുന്ന പ്രതിഭയ്ക്കു മുന്നിലാണ് ഞങ്ങൾ. ഉച്ചസൂര്യനെപ്പോലെ കത്തിനിൽക്കെ പെട്ടെന്ന് അണഞ്ഞുപോയ പത്മരാജനെക്കുറിച്ചുള്ള ഓർമകളാണ് ചുറ്റും. വരുംദിവസത്തെ യാത്രകളെക്കുറിച്ച് രാജേഷുമായി അൽപം വർത്തമാനം. ഞങ്ങൾ യാത്ര പറയുമ്പോൾ ‘രണ്ടാമൂഴം’ എടുത്ത് ഒന്നാം പേജിൽ എഴുതി ‘ബെസ്റ്റ് വിഷസ്’. ‘ഇനിയും വരാം’ ഞാൻ പറഞ്ഞു. എംടി സാർ പുഞ്ചിരിച്ച് തലകുലുക്കി.