ഇനി വേണ്ട I LOVE YOU... നീ മാത്രം, നീ മാത്രം ! 1984ന്റെ ചരിത്ര, പ്രണയ പാഠം

Mail This Article
ജീവിതത്തെ പൂർണമായി നിയന്ത്രിക്കുന്ന അധികാര രാഷ്ട്രീയത്തിന് എതിരെ മാത്രമായിരുന്നില്ല ആ പുസ്തകം; ഓരോ നിമിഷവും കീഴടക്കുന്ന രോഗത്തിനെതിരെ കൂടിയായിരുന്നു. ചികിത്സ മാറ്റിവച്ചതു പോലും എഴുതിത്തീർക്കാൻ വേണ്ടി മാത്രമായിരുന്നു. ആദ്യത്തെ ഡ്രാഫ്റ്റ്. പിന്നീടുള്ള തിരുത്തലുകൾ. പറഞ്ഞ സമയത്ത് പ്രസാധകർക്ക് കയ്യെഴുത്ത്പ്രതി കൊടുക്കേണ്ടിയിരുന്നു. പൂർണ സംതൃപ്തി തോന്നിയില്ല. എന്നാൽ, കൂടുതലായി ഒന്നും ചെയ്യാൻ ആരോഗ്യം അനുവദിച്ചില്ല. പുസ്തകം കൈമാറി നേരേ പോയത് ആശുപത്രിയിലേക്ക്. അവിടെ നിന്നെഴുതിയ കത്തിൽ അന്നത്തെ അവസ്ഥ വ്യക്തമായിരുന്നു.
രണ്ടു മാസം മുൻപെങ്കിലും ആശുപത്രിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ ആ പുസ്തകം തീർക്കുകയായിരുന്നു പ്രധാനം. പുസ്തകം മാറ്റിവച്ച് രണ്ടു മാസം മുന്നേ ആശുപത്രിയിൽ എത്തി ചികിത്സിച്ചിരുന്നെങ്കിൽ കുറേക്കാലം കൂടി ജീവിച്ചിരിക്കാൻ കഴിയുമായിരുന്നോ. ഭാവിക്കു വേണ്ടിക്കൂടി എഴുതിയ അക്ഷരങ്ങൾ ലോകം ഏറ്റെടുക്കുന്നത് കാണുമായിരുന്നോ. എഴുതിയതെല്ലാം അക്ഷരാർഥത്തിൽ യാഥാർഥ്യമാകുന്നതു കണ്ട് വേദനിക്കുമായിരുന്നോ. എന്നാൽ അതൊന്നും വേണ്ടിവന്നില്ല. 1949 ജൂൺ 8 ന് പുസ്തകം പുറത്തുവന്നു. നാലു മാസം കൂടി കഴിഞ്ഞ് ആശുപത്രിക്കിടക്കയിൽ തന്നെ രണ്ടാം വിവാഹം. രണ്ടു മാസം കൂടി കഴിഞ്ഞു. നൂറ്റാണ്ടിന്റെ രണ്ടാം പകുതി പിറന്നു. 1950. ജനുവരി 21ന് പുലർച്ചെ ഏറ്റവും കൂടുതൽ പേടിച്ച ഏകാന്തതയിൽ മറ്റെല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ എഴുത്തുകാരൻ കണ്ണടച്ചു: 46–ാം വയസ്സിൽ.

75 വർഷമായിട്ടും ആ പുസ്തകം പഴകിയിട്ടില്ല. കാലാഹരണപ്പെട്ടില്ല. ഒരു വാക്ക് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റേണ്ടതില്ല. പുത്തനിൽ പുത്തനായ ഭാഷ. വായിക്കുന്നവരൊക്കെ ആ എഴുത്തിനു കീഴടങ്ങുന്നു. പ്രവചനങ്ങൾക്കു ചെവിയോർക്കുന്നു. അധികാരം തലയ്ക്കു പിടിച്ച എല്ലാ ബിഗ് ബ്രദർമാരെയും ചരിത്രം ചവറ്റുകുട്ടയിൽ എറിയുമെന്ന് മുന്നറിയിപ്പ് നൽകുന്നു. വിൻസ്റ്റൺ സ്മിത്തിന് ജൂലിയ ആദ്യമായി കൈമാറിയ കത്തിലെ മൂന്നു വാക്കുകളിൽ ജീവിതത്തോടുള്ള പ്രണയം കണ്ടെടുക്കുന്നു. I LOVE YOU.
1984 തന്നെ. ജോർജ് ഓർവെൽ തന്നെ. കാലത്തെ ജയിച്ച ക്ലാസിക്. ചരിത്രത്തിൽ സർഗാത്മകമായി ഇടപെട്ട എഴുത്തുകാരനും. ഇന്നും ഉൾക്കിടിലത്തോടെ അദ്ഭുതപ്പെടുത്തുന്ന മാസ്റ്റർപീസ്.
ചിലപ്പോൾ വാക്കുകൾ പറയുന്ന വ്യക്തി ഉദ്ദേശിച്ചതിനേക്കാൾ ആഴത്തിൽ കേൾക്കുന്നവരിൽ തറയ്ക്കും. വിചാരിക്കാത്തതിനേക്കാൾ വലിയ ആഘാതം സൃഷ്ടിക്കും. പിന്നീട് ആലോചിക്കുമ്പോഴായിരിക്കും ആ വാക്കുകളുടെ മൂർച്ച പൂർണമായി തിരിച്ചറിയുക. 1984ലെ വാക്കുകൾക്കും ഉണ്ടായിരുന്നു ഇത്തരമൊരു നിയോഗം. ഓരോ വ്യക്തിയും എന്തു ചിന്തിക്കണം, എങ്ങനെ സ്നേഹിക്കണം, എന്തു കാണണം, കാണരുത്... പിടിമുറുക്കുന്ന അധികാര രാഷ്ട്രീയത്തിന് എതിരെ ആക്ഷേപഹാസ്യം ആയിരുന്നു മനസ്സിൽ എന്ന് ഓർവെൽ തന്നെ പറഞ്ഞിട്ടുണ്ട്. അതങ്ങനെ തന്നെയാണു താനും. എന്നാൽ, ഹാസ്യം ഗൗരവമായപ്പോൾ, ഓർവെൽ ഭാവന ചെയ്തതിനേക്കാൾ കൂടുതലായി മനുഷ്യർ വരിഞ്ഞുമുറുക്കപ്പെട്ടപ്പോൾ 1984ലെ ഓരോ വാക്കിനും മൂല്യം ഇരട്ടിച്ചു.

ജനാധിപത്യം കൊട്ടിഘോഷിക്കുന്നവർ പോലും ഇന്നും എതിർത്തു പറയുന്നവർക്ക് ജയിലറകൾ വിധിക്കുമ്പോൾ മുഴങ്ങിക്കേൾക്കുന്നുണ്ട് ആ മുദ്രാവാക്യങ്ങൾ:
യുദ്ധമാണ് സമാധാനം.
സ്വാതന്ത്ര്യമാണ് അടിമത്തം.
അജ്ഞത തന്നെ ഏറ്റവും വലിയ ബലം.
അന്തരാർഥത്തിൽ, അധികാരത്തിന് എതിരെ മാത്രമല്ല ഓർവെൽ വിരൽചൂണ്ടിയത്. ഇരുട്ട് ഇല്ലാത്ത ലോകത്ത് ഒരിക്കൽ കാണാമെന്ന പ്രതീക്ഷ. എന്തും ഏതും സംഭവിച്ചോട്ടെ. നിന്നെ ഞാൻ ഒറ്റിക്കൊടുക്കില്ല എന്ന വാക്ക്. എന്തിനും തയാറാണെങ്കിലും ഇനി ഒരിക്കലും തമ്മിൽ കാണരുതെന്ന് പറയരുതേ എന്ന നിലവിളി. അതേ പ്രണയികൾ തന്നെയല്ലേ പരസ്പരം വഞ്ചിച്ച് വീണ്ടും കണ്ടത്. അപ്പോൾ അവർ അവരായിരുന്നില്ല എന്നു മാത്രം. നഷ്ടപ്പെട്ടത് ജീവിതം തന്നെയായിരുന്നു. ആത്മാവും. എന്നിട്ടും നീട്ടിക്കിട്ടിയ ജീവിതത്തിൽ അവർ സംതൃപ്തരാണെന്നോ.
ഞാൻ നിന്നെ വഞ്ചിച്ചു എന്നു വിൻസ്റ്റൺ പറയുമ്പോൾ ജൂലിയയും അതേ വാക്കുകൾ ഏറ്റുപറയുന്നു. നിനക്ക് നീ മാത്രമായിരുന്നു പ്രധാനം. ജൂലിയയും സമ്മതിക്കുന്നു. അതിനപ്പുറം ഒന്നുമില്ലെന്നോ!
ജൂലിയ നടന്നകലുമ്പോൾ വിൻസ്റ്റൻ തിരിഞ്ഞുനോക്കുന്നുണ്ട്. ആൾക്കൂട്ടത്തിൽ അവളെ തിരിച്ചറിയാൻ അയാൾക്കു കഴിയുന്നില്ല. കാമുകനായിരുന്നെങ്കിൽ, ജൂലിയ കാമുകിയായിരുന്നെങ്കിൽ അയാൾ അവളെ തിരിച്ചറിയുമായിരുന്നു. ഏത് ആൾക്കൂട്ടത്തിലും. എത്ര വിദൂരത്തിലും. അതല്ലേ പ്രണയം. അങ്ങനെയല്ലേ അനുഭവം നമ്മെ പഠിപ്പിച്ചത്. ഏതു ദുരന്തത്തിലും. തിരിച്ചറിഞ്ഞില്ല എന്നതാണ് യാഥാർഥ്യം. നോക്കിയത് അവളെയല്ല അയാളെ തന്നെയായിരുന്നു എന്നുമാവാം.
സ്വയം മറന്ന്, എല്ലാം മറന്ന്, ഇനി എന്ന് നോക്കും. അതല്ലേ ഇരുട്ടില്ലാത്ത ലോകം. നമ്മൾ വീണ്ടും കാണാം എന്നു പറഞ്ഞ ലോകം. അതെവടെ? എന്നു വരും.
I LOVE YOU എന്നല്ല LOVE YOU എന്ന്. ഞാനില്ലാത്ത പ്രണയം. നീ മാത്രം... നീ മാത്രം. ഇന്നെന്റെ മനസ്സിൽ പ്രിയേ, നീ മാത്രം, നീ മാത്രം...