സാഹിത്യോത്സവത്തിന് ഒരുങ്ങി ജയ്പുർ: അഞ്ചു നാൾ ആഘോഷം; അതിഥികളായി നൊബേൽ, ബുക്കർ ജേതാക്കൾ

Mail This Article
സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷമായ ജയ്പുർ സാഹിത്യോത്സവത്തിന്റെ (ജെഎൽഎഫ്) 18-ാമത് പതിപ്പ് ഈ മാസം 30 മുതൽ ഫെബ്രുവരി മൂന്നു വരെ ജയ്പുരിലെ ഹോട്ടൽ ക്ലാർക്ക്സ് അമറിൽ നടക്കും. ലോകത്തെ ഏറ്റവും വലിയ സാഹിത്യ പരിപാടികളിൽ ഒന്നായ ജയ്പുർ സാഹിത്യോത്സവം വൈവിധ്യമാർന്ന വിഷയങ്ങളാണ് ചർച്ചയ്ക്കായി ഉള്‍പ്പെടുത്തിരിക്കുന്നത്.

നൊബേൽ സമ്മാന ജേതാക്കൾ, ബുക്കർ സമ്മാന ജേതാക്കൾ, സാഹിത്യം, കല, രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ എന്നിവയിലെ പ്രമുഖർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 300 ലധികം വിശിഷ്ട പ്രഭാഷകർ ഫെസ്റ്റിവലിൽ പങ്കെടുക്കും. പുലിറ്റ്‌സർ അവാർഡ് ജേതാക്കളായ ബെഞ്ചമിൻ മോസറും നഥാൻ ത്രാലും ബുക്കർ സമ്മാന ജേതാക്കളായ ജെന്നി എർപെൻബെക്കും ഗീതാഞ്ജലി ശ്രീയും നൊബേൽ സമ്മാന ജേതാക്കളായ വെങ്കി രാമകൃഷ്ണനും എസ്തർ ഡുഫ്ലോയും സാഹിത്യോത്സവത്തിന്റെ ഭാഗമാകും.
സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി, മാസ്റ്റർഷെഫിലൂടെ പ്രശസ്തനായ ഭക്ഷ്യ നിരൂപകൻ അഭിജിത് ബാനർജി, സംവിധായകൻ ഇംതിയാസ് അലി, നയതന്ത്രജ്ഞൻ അമിതാഭ് കാന്ത്, നടൻ അമോൽ പാലേക്കർ, ആക്ടിവിസ്റ്റ് കൈലാഷ് സത്യാർത്ഥി, ചരിത്ര ഗ്രന്ഥകര്‍ത്താവ് അനിരുദ്ധ കനിസെട്ടി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഭൂരാഷ്ട്രീയം, യുദ്ധം, കാലാവസ്ഥാ വ്യതിയാനം, കല, സംഗീതം, സിനിമ, കായികം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സെഷനുകൾക്കൊപ്പം വിവർത്തനം, കഥപറച്ചിലിലെ നവീകരണം, പ്രസിദ്ധീകരണത്തിൽ എഐയുടെ പങ്ക് എന്നീ വിഷയങ്ങളെയും ജെഎൽഎഫ് അഭിസംബോധന ചെയ്യും.
കവിതയ്ക്കുള്ള കനയ്യ ലാൽ സേത്തിയ അവാർഡ് പ്രശസ്ത ഹിന്ദി കവി ബദ്രി നാരായണന് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. തുംഡി കെ ശബ്ദ് എന്ന തന്റെ സമാഹാരത്തിന് 2022ൽ സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തിയാണ് ബദ്രി. സന്ദർശകർക്കായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അമീർ ഖുസ്രു, കൈലാസ് ഖേർ തുടങ്ങിയ പ്രതിഭകളുടെ സംഗീതവിരുന്നും കരകൗശല ഉൽപ്പന്നങ്ങള്‍ ലഭിക്കുന്ന ഫെസ്റ്റിവൽ ബസാറും ഒരുക്കിട്ടുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പ്രസിദ്ധീകരണ വ്യവസായത്തിലെ വിദഗ്ധര്‍ക്ക് പരസ്പരം പരിചയപ്പെടാൻ വേദിയൊരുക്കുന്ന ‘ജയ്പുർ ബുക്ക്മാർക്ക്’ എന്ന പരിപാടിയും സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. പ്രസാധകർ, സാഹിത്യ ഏജന്റുമാർ, എഴുത്തുകാർ, പുസ്തക വിൽപ്പനക്കാർ, വിവർത്തകർ, ഏജൻസികൾ എന്നിവരെ ഒന്നിപ്പിക്കുന്ന ജയ്പൂർ ബുക്ക്മാർക്കിന്റെ 12–ാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്.