30 വർഷമായി ട്രെൻഡിങ്ങിൽ; പൊട്ടിച്ചിരിപ്പിക്കാൻ ‘ബ്രിഡ്ജറ്റ് ജോൺസ്’ വീണ്ടുമെത്തുന്നു

Mail This Article
ബ്രിട്ടിഷ് എഴുത്തുകാരിയായ ഹെലൻ ഫീൽഡിങ് എഴുതിയ രസകരമായ ഒരു നോവലാണ് 'ബ്രിഡ്ജറ്റ് ജോൺസ് ഡയറി'. 1996ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവൽ വൻ വിജയമായി മാറി. 30 വയസ്സുള്ള, അവിവാഹിതയായ ഒരു സ്ത്രീയായിരുന്നു അതിലെ പ്രധാന കഥാപാത്രം. ബ്രിഡ്ജറ്റ് റോസ് ജോൺസ്. ബ്രിഡ്ജറ്റ് ജോൺസ് എന്ന് ചുരുക്കി വിളിക്കപ്പെടുന്ന കഥാപാത്രം ഒരു ബ്രിട്ടിഷ് സാംസ്കാരിക ഐക്കണായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. പലപ്പോഴായി പുസ്തകമായും സിനിമയായും ബ്രിഡ്ജറ്റിന്റെ ജീവിതം പുറത്തുവന്നു. ഇപ്പോഴിതാ, നാലാമത്തെ ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകർക്കു മുന്നിലെത്താൻ തയാറെടുക്കുകയാണ്.
1995ൽ 'ദി ഇൻഡിപെൻഡന്റ്' എന്ന ബ്രിട്ടിഷ് ഓൺലൈൻ പത്രത്തിലാണ് ബ്രിഡ്ജറ്റ് ജോൺസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ബ്രിഡ്ജറ്റ് ജോൺസിന്റെ ജീവിതത്തെ നർമ്മത്തിൽ ചിത്രീകരിച്ചതിലൂടെ ഹെലൻ ഫീൽഡിങ് വായനക്കാരെ ആകർഷിച്ചു. ലണ്ടനിൽ താമസിക്കുന്ന ബ്രിഡ്ജറ്റിന്റെ സ്വകാര്യ ഡയറിയുടെ രൂപത്തിലായിരുന്നു കഥ മുന്നോട്ടു പോയത്. തമാശ നിറഞ്ഞ ആ ഡയറിയിലൂടെ പ്രണയം, വിവാഹം എന്നിവയോടുള്ള സ്ത്രീകളുടെ അഭിനിവേശത്തെയും അക്കാലത്തെ ബ്രിട്ടനിലെ സാമൂഹിക പ്രവണതകളെയും കുറിച്ച് രസകരമായ വിവരണമാണ് ഹെലൻ നൽകിയത്. ബ്രിഡ്ജറ്റിന്റെ ചിന്തകൾ, ബന്ധങ്ങൾ, പോരാട്ടങ്ങൾ എന്നിവയുടെ സത്യസന്ധവും ഹാസ്യാത്മകവുമായ വിവരണം ഒരു വലിയ ആരാധകവൃന്ദത്തെയാണ് സൃഷ്ടിച്ചത്.

'ബ്രിഡ്ജറ്റ് ജോൺസ് ഡയറി' കോളത്തിന്റെ രൂപത്തിൽ നിന്ന് നോവലായി മാറുന്നത് 1996ലാണ്. 1999ൽ 'ദി എഡ്ജ് ഓഫ് റീസൺ' എന്ന പേരിൽ ഒരു തുടർച്ചയും പ്രസിദ്ധീകരിച്ചു. 2013ൽ മൂന്നാമത്തെ നോവലായ 'ബ്രിഡ്ജറ്റ് ജോൺസ്: മാഡ് എബൗട്ട് ദ് ബോയ്യും' 2016ല്‍ നാലാമത്തെ നോവലായ 'ബ്രിഡ്ജറ്റ് ജോൺസ് ബേബി: ദ് ഡയറീസും' പുറത്തിറങ്ങി.
ആദ്യ നോവലിൽ ബ്രിഡ്ജറ്റ് ജോൺസ് ബാംഗോർ യൂണിവേഴ്സിറ്റി ബിരുദധാരിയാണ്. 34 വയസ്സുള്ള അവൾക്ക് ഒരു നല്ല പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നു മാത്രമല്ല പുകവലി, മദ്യപാനം പോലെയുള്ള ശീലങ്ങളുമുണ്ട്. പുകവലി നിർത്താനും വണ്ണം കുറയ്ക്കാനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് അവൾ തന്റെ പുതുവത്സര തീരുമാനങ്ങൾ ഡയറിയിൽ എഴുതുന്നതോടെയാണ് കഥ തുടങ്ങുന്നത്.
ചിക്ക് ലിറ്റ് വിഭാഗത്തിലെ ഒരു ആധുനിക ക്ലാസിക്കായിട്ടാണ് ബ്രിഡ്ജറ്റ് ജോൺസ് കണക്കാക്കപ്പെടുന്നത്. ഓരോ പുസ്തകം കഴിയുമ്പോഴും ബ്രിഡ്ജറ്റിന്റെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളാണ് നാം കാണുന്നത്. പല പ്രായങ്ങളിലായി ബ്രിഡ്ജറ്റ് ജീവിതസാഹചര്യങ്ങളെ നേരിടുന്ന രീതിയും അവളുടെ വളർച്ചയും വായനക്കാർ ഏറ്റെടുത്തു. കഴിഞ്ഞ 70 വർഷത്തിനിടയിൽ സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഏഴ് സ്ത്രീകളിൽ ഒരാളായി 2016ലെ വുമൺസ് അവർ പവർ ലിസ്റ്റിൽ ബ്രിഡ്ജറ്റ് ഇടം നേടി.

2001ലും 2004ലും 2016ലും ആദ്യ മൂന്ന് നോവലുകളും റെനീ സെൽവെഗര്‍ ബ്രിഡ്ജറ്റ് ജോൺസായി വേഷമിടുന്ന ചലചിത്രങ്ങളായി പുറത്തിറങ്ങി. 'മാഡ് എബൗട്ട് ദ് ബോയ്' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ നാലാമത്തെ ചിത്രം 2025 ഫെബ്രുവരി 12ന് പുറത്തിറങ്ങും. പല ഘട്ടങ്ങളും കടന്ന് 51 വയസ്സുള്ള രൂപത്തിലാണ് ഇതിൽ ബ്രിഡ്ജറ്റ് വരുക. ഭർത്താവ് മാർക്ക് ഡാർസിയുടെ മരണശേഷം ഒറ്റപ്പെട്ടു പോയ ബ്രിഡ്ജറ്റ്, ആധുനിക ഡേറ്റിങ്, സാമൂഹിക മാധ്യമങ്ങൾ, സൗന്ദര്യവർധക ചികിത്സകൾ എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് രസകരമായി അവതരിപ്പിക്കുന്നതാണ് ചലച്ചിത്രം.