'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ച; പുതിയ പുസ്തകം ഈ വർഷം പുറത്തിറങ്ങുമെന്ന് ഡാൻ ബ്രൗൺ

Mail This Article
എട്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് പുതിയ പുസ്തകവുമായി പ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗൺ. 'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ചയായിട്ടാണ് 2025 സെപ്റ്റംബർ 9ന് 'ദ് സീക്രട്ട് ഓഫ് സീക്രട്ട്സ്' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഡാൻ ബ്രൗൺ ഈ വിവരം പങ്കുവെച്ചത്.

2000ൽ 'ഏഞ്ചൽസ് ആൻഡ് ഡീമൺസ്' എന്ന പുസ്തകത്തോടെ ആരംഭിച്ച റോബർട്ട് ലാങ്‌ഡൺ പ്രധാന കഥാപാത്രമായി വരുന്ന സീരീസ് ലോകമെമ്പാടുമുള്ള വായനക്കാരുടെ ഹൃദയം കീഴടക്കിയിരുന്നു. 'ദ് ഡാ വിഞ്ചി കോഡ്' (2003), 'ദ് ലോസ്റ്റ് സിംബൾ' (2009), 'ഇൻഫെർണോ' (2013), 'ഒറിജിൻ' (2017) എന്നിവയാണ് സീരീസിലെ മറ്റ് പുസ്തകങ്ങൾ. ചരിത്രം, കല, ശാസ്ത്രം, മതം എന്നിവയുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലാങ്‌ഡണ്‍ നടത്തുന്ന സാഹസിക യാത്രകള്‍ ചിത്രീകരിക്കുന്ന പുസ്തക പരമ്പരയുടെ ആറാം ഭാഗമാണ് 'ദ് സീക്രട്ട് ഓഫ് സീക്രട്ട്സ്'. ഡാൻ ബ്രൗണിന്റെ പുസ്തകങ്ങൾ ലോകമെമ്പാടും 25 കോടിയിലധികം പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്.
പ്രശസ്ത നോറ്റിക് സയന്റിസ്റ്റ് കാതറിൻ സോളമണിന്റെ ഒരു ലെക്ചറിൽ പങ്കെടുക്കാൻ പ്രാഗിലേക്ക് പോകുന്ന ഹാർവാർഡ് സിംബോളജി പ്രഫസറായ റോബർട്ട് ലാങ്‌ഡണില്‍ നിന്നാണ് 'ദ് സീക്രട്ട് ഓഫ് സീക്രട്ട്സി'ന്റെ ആരംഭമെന്ന പുസ്തകത്തിന്റെ സിനോപ്സിസിൽ പറയുന്നു. മനുഷ്യ മനസ്സിന്റെ സ്വഭാവത്തെക്കുറിച്ച് ചില അദ്ഭുതകരമായ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കാതറിൻ സോളമൺ. എന്നാൽ, ഒരു ക്രൂരമായ കൊലപാതകം നടക്കുകയും കാതറിനും അവൾ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിന്റെ മാനുസ്ക്രിപ്റ്റു കാണാതെയാകുകയും ചെയ്യുന്നതോടെ ആ കേസ് അന്വേഷിക്കാൻ ലാങ്‌ഡണ്‍ നിർബന്ധിതനാകുന്നതാണ് കഥാതന്തു.

ഡാൻ ബ്രൗണിന്റെ പുസ്തകങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങളും വലിയ വിജയം നേടിയിട്ടുണ്ട്. റോൺ ഹോവാർഡ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങൾ 'ദ് ഡാ വിഞ്ചി കോഡ്' (2006), 'ഏഞ്ചൽസ് ആൻഡ് ഡീമൺസ്' (2009), 'ഇൻഫെർണോ' (2016) പ്രേക്ഷക മനസ്സ് കീഴടക്കി. 2021ൽ 'ദ് ലോസ്റ്റ് സിംബൾ' പീക്കോക്ക് പ്ലാറ്റ്ഫോമിൽ 10 എപ്പിസോഡുകളുള്ള ഒരു സീരീസായി മാറ്റിയെങ്കിലും പിന്നീട് അത് വേണ്ടെന്നുവച്ചു.

റോബർട്ട് ലാങ്‌ഡണിന്റെ മറ്റൊരു സാഹസിക കഥമായി വരുന്ന 'ദ് സീക്രട്ട് ഓഫ് സീക്രട്ട്സിനെ', ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. നിരവധി രാജ്യങ്ങളിലും പുസ്തകത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.