വേരുറച്ച 50 വർഷങ്ങൾ; മലയാളത്തിന്റെ സുറാബ്

Mail This Article
∙സുറാബ് എന്ന പേരിനു പിന്നിൽ!
നീലേശ്വരത്തെ ബന്ധുക്കൾ ചെറുപ്പത്തിൽ വിളിച്ചിരുന്നത് കുഞ്ഞൗക്കർ. സർട്ടിഫിക്കറ്റുകളിൽ അബൂബക്കർ അഹമ്മദ്. പക്ഷേ എഴുത്തു ലോകത്ത് അദ്ദേഹത്തിന് വേറെ പേരാണ്. സുറാബ്. മലയാള വായനാ ലോകത്തിന് വടക്കൻ മലബാറിലെ മുസ്‍ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ. പ്രവാസ ലോകത്തിരുന്ന് കാസർകോടിന്റെ ഗ്രാമ ജീവിതങ്ങളും ദാർശനീകതയും പ്രണയവും വേറിട്ട ഭാവങ്ങളോടെ അക്ഷരങ്ങളിലേക്ക് പകർത്തിയ സുറാബിന് ഇത് എഴുത്തിന്റെ 50-ാം വർഷം. എഴുത്തിന്റെ 50ാം വർഷത്തിൽ തന്റെ പേരിനു പിന്നിലെ കൗതുകവും എഴുത്തും അടക്കമുള്ളവയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
∙എഴുത്തിലേക്ക് 1975ൽ
ചെറുപ്പം മുതലേ വായന ശീലമുണ്ടായിരുന്നു. 19ാം വയസ്സിലാണ് ആദ്യ രചന പ്രസിദ്ധീകരിച്ചത്. കൊച്ചിയിൽ നിന്ന് ഇറങ്ങിയ ‘ഇമ്മത്ത്’ മാസികയിലായിരുന്നു അത്. പിന്നീട് മുഖ്യധാര പ്രസിദ്ധീകരണങ്ങളുടെ അടക്കം ബാല പക്തികളിൽ സുറാബിന്റെ കഥകളും കവിതകളും അച്ചടിച്ചു വന്നു. ആ സമയത്ത് 1977ൽ ജോലി തേടി പ്രവാസിയായി ഷാർജയിലേക്ക് വിമാനം കയറേണ്ടി വന്നു. 2015 ഡിസംബറിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും എഴുത്ത് തുടരുന്നു.

∙എം.മുകുന്ദൻ പറഞ്ഞത്
38 വർഷത്തോളം പ്രവാസിയായിരുന്നിട്ടും ഒരു കഥ പോലും സുറാബ് പ്രവാസത്തെക്കുറിച്ച് എഴുതിയില്ല. ഉത്തര മലബാറിലെ മുസ്‌ലിം ജീവിതങ്ങളായിരുന്നു എഴുതിയതിലേറെയും. ഒരിക്കൽ എം.മുകുന്ദൻ സുറാബിനോട് ഇങ്ങനെ ചോദിച്ചു. ‘ഈ മരുഭൂമിയിലിരുന്ന് എന്തിനാണ് നിങ്ങൾ നാട്ടിലെ പച്ചപ്പിനെ കുറിച്ച് എഴുതുന്നത്. പ്രവാസ ലോകത്തെ കുറിച്ച് എഴുതു.’ തനിക്ക് ആഴത്തിൽ വേരുകളുള്ള നാടിന്റെ കഥകൾ തന്നെ മതി എന്നായിരുന്നു സുറാബിന്റെ മറുപടി.
∙ടി. വി. കൊച്ചുബാവയ്ക്കൊപ്പം
സുറാബ് ഷാർജയിലെത്തി 7 വർഷം കഴിഞ്ഞ് 1982ൽ കേരളത്തിൽ നിന്ന് മറ്റൊരു യുവ എഴുത്തുകാരനും അവിടേക്ക് വിമാനം കയറി. അന്തരിച്ച ടി.വി.കൊച്ചുബാവ. ഷാർജയിലെത്തിയ വിവരം അറിയിച്ച് കൊച്ചുബാവ സുറാബിന് കത്തയക്കുന്നു. പിന്നീട് ഇരുവരും ഒന്നിച്ചായി താമസം. സുറാബിന്റെ ‘ഘോഷയാത്ര’ എന്ന നാടകം കൊച്ചുബാവ സംവിധാനം ചെയ്ത് ഷാർജ ഇന്ത്യൻ അസോസിയേഷൻ പരിപാടിയിൽ അവതരിപ്പിച്ചു.
∙സുറാബ് എന്ന പേര്? എന്താണ് സുറാബ് എന്ന തൂലികാ നാമത്തിനു പിന്നിൽ?
മറുപടി ഒരു ഉറുദു കവിതയായിരുന്നു. ഉറുദു മഹാകവി മിർത്തഖി മീറിന്റെ
‘ഹസ്തി അപനി ഹുബാബ് കീ സീ ഹെ
യ നുമായിഷ് സുറാബ് കീ സി ഹെ’
(എല്ലാം കുമിളകളാണ്. അൽപായുസ്സുള്ള നീർക്കുമിളകൾ. കാണുന്നതും കേൾക്കുന്നതും മരീചിക പോലെ.) ‘മരീചിക എന്നാണ് സുറാബ് എന്ന ഉറുദു വാക്കിന്റെ അർഥം. അറബിയിൽ കലാകാരൻ എന്നും അർഥമുണ്ട്. നാലുപുരപ്പാട്ടിൽ അബൂബക്കർ അഹമ്മദ് എന്നാണു ശരിയായ പേര്. ധാരാളം അബൂബക്കർമാർ ഉള്ളതിനാലാണ് ഈ പേര് സ്വീകരിച്ചത്.’ സുറാബ് പറഞ്ഞു.

∙50-ാം വർഷ സമ്മാനം
എഴുത്തിന്റെ 50-ാം വർഷത്തിൽ സുറാബിന്റെ 7 നോവലുകളുടെ സമാഹാരം ‘സുറാബിന്റെ നോവലുകൾ’ എന്ന പേരിൽ പുറത്തിറങ്ങുകയാണ്. കഥ, കവിത, ലേഖനം, സമ്പൂർണ കൃതികൾ എന്നിങ്ങനെ പല സമാഹാരങ്ങളും പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും നോവൽ സമാഹാരം പ്രസിദ്ധീകരിക്കുന്നത് ആദ്യമായിരിക്കാമെന്ന് സുറാബ് പറയുന്നു. അഞ്ചില്ലം, പുതുമന, നീ പോകുന്നിടം, ഉപ്പയുടെ പ്രണയം, ഷാർജ, കല്ലിവല്ലി, പത്തേമാരി എന്നീ നോവലുകളാണ് പുസ്തകത്തിലുള്ളത്.
∙എംടി പറഞ്ഞു; ഇത് സിനിമയാകണം
ഉത്തര മലബാറിലെ കല്യാണത്തിനുള്ള അറ സമ്പ്രദായത്തെകുറിച്ച് സുറാബ് എഴുതിയ തിരക്കഥയായിരുന്നു ‘അറ.’ ചിത്രഭൂമി –സെവൻ ആർട്സിന്റെ മികച്ച തിരക്കഥാ പുരസ്കാരം ലഭിച്ച ഈ തിരക്കഥ സിനിമയാക്കാനുള്ള ആലോചനകൾ അന്ന് ഉണ്ടായിരുന്നു. ഒരു മുസ്‌ലിം തറവാട്ടിലെ സുഖിയന്മാരായ പുതിയാപ്ലമാരെക്കുറിച്ചായിരുന്നു ‘അറ.’ എന്ന കഥ. ഭാര്യാവീട്ടിലെ മുറിക്കകത്ത് സുഖിയന്മാരാരായി കഴിഞ്ഞ പുതിയാപ്ലമാരെ പുറത്തേക്ക് കൊണ്ടു വന്ന് വെയിൽ കൊള്ളിക്കുന്നതടക്കമാണ് കഥ. സിനിമ നടന്നില്ല. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘മണൽ നഗരം’ ടെലി സീരിയലിന്റെ തിരക്കഥയും സുറാബിന്റെതായിരുന്നു.

∙പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ
നീലേശ്വരം മന്ദംപുറത്താണ് തറവാട്. ഒന്നും എഴുതാത്ത കവിയിയിരുന്നു ഉപ്പ അഹമ്മദ്. വീട്ടു വരാന്തയിലിരുന്ന് നിലാവിനെ നോക്കി അദ്ദേഹം പാടി. സബീനപ്പാട്ടുകൾ, മാലകൾ, ബദർ കിസ്സപ്പാട്ടുകൾ, കെസ്സുപാട്ടുകൾ, നിമിഷ കവിതകൾ.... ഉപ്പ മരിച്ചത് കോരിച്ചൊരിയുന്ന മഴക്കാലത്തായിരുന്നു.തറവാട്ടിൽ കൈമുട്ടും ഒപ്പനയും നിലച്ച ദിവസം. എല്ലാ മക്കളും അനാഥരാകുന്നത് അവരുടെ മാതാപിതാക്കളുടെ മരണശേഷമാണ്. തറവാട് നഷ്ടപ്പെടും. കുടുംബം വേർപെടും. കൂടപ്പിറപ്പുകൾ ദൂരത്താകും. മന്ദംപുറത്തെ കുളവും കണ്ടവും കൈക്കോട്ട് പണിക്കാരുമെവ്വാം നഷ്ടമാക്കിയാണ് ഏറെക്കാലം കുടുംബസമേതം ഷാർജയിൽ ജീവിച്ചത്. വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കുപ്പായമിടാത്ത ആ പഴയ നാട്ടിൻ പുറവും സ്വന്തം മണ്ണും അകന്നുപോയി. ഇപ്പോൾ മറ്റൊരിടത്ത്, ബേക്കൽ കുന്നിൽ കുടുംബ സമേതം താമസിക്കുന്നു.
∙ലഘുത്വം, സുറാബ് ശൈലി, 53 പുസ്തകങ്ങൾ
ഇതുവരെ 53 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. നോവലുകളിൽ ‘അഞ്ചില്ലം’ ആണ് വായനക്കാരുടെ അംഗീകാരം ഏറ്റവുമധികം നേടിത്തന്നത്. കഥ, കവിത,നോവൽ, തിരക്കഥ, അനുഭവം, ഗാനരചന തുടങ്ങി എഴുത്തിന്റെ മിക്ക മേഖലകളിലും സുറാബ് കയ്യൊപ്പിട്ടു. സുറാബിന്റെ എഴുത്തിലേക്ക് വായനക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം അവ പുലർത്തുന്ന ലാളിത്യമാണ്. വിപുലമായ കാൻവാസും സങ്കീർണ്ണമായ കഥാപാത്രബന്ധങ്ങളും രചനകളിലില്ല. കവിതയ്ക്ക് മലയാള മനോരമ യുവ അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, കാസർകോട് പബ്ലിക് സെർവെന്റ്സ് അവാർഡ്, അബുദാബി ശക്തി അവാർഡ് കഥയ്ക്ക് കമലാ സുരയ്യ അവാർഡ്, നോവലിന് കൈരളി അവാർഡ്, തിരക്കഥയ്ക്ക് സെവൻ ആർട്ട്സ് ചിത്രഭൂമി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.