എന്താണ് ക്ലി-ഫൈ? കാലാവസ്ഥാ പ്രതിസന്ധിയോടുള്ള സാഹിത്യത്തിന്റെ പ്രതികരണം

Mail This Article
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തകർച്ച, പാരിസ്ഥിതിക ദുരന്തങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹിത്യവിഭാഗമാണ് ക്ലൈമറ്റ് ഫിക്ഷൻ അല്ലെങ്കിൽ ക്ലി-ഫൈ. വിദൂര ഗാലക്സികളുടെയോ ഭാവി സാങ്കേതികവിദ്യകളുടെയോ കഥ പറയുന്ന പരമ്പരാഗത സയൻസ് ഫിക്ഷനിൽ നിന്ന് വ്യത്യസ്തമാണ് ക്ലി-ഫൈ. മനുഷ്യൻ കാരണം പരിസ്ഥിതിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ അധിഷ്ഠിതമാണ് ഈ വിഭാഗം.

2010കളുടെ തുടക്കത്തിൽ പത്രപ്രവർത്തകനായ ഡാൻ ബ്ലൂം ആണ് ക്ലൈമറ്റ് ഫിക്ഷൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 2075ൽ അലാസ്കയിലുള്ള കാലാവസ്ഥാ അഭയാർഥികളെ മുൻനിർത്തി എഴുതിയ തന്റെ 'പോളാർ സിറ്റി റെഡ്' എന്ന നോവലിനെ വിശേഷിപ്പിക്കാനാണ് അദ്ദേഹം ഈ പദം ഉപയോഗിച്ചത്. പിന്നീട് 2013 ഏപ്രിലിൽ ക്രിസ്റ്റ്യൻ സയൻസ് മോണിറ്ററും എൻപിആറും മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനത്തെ കൈകാര്യം ചെയ്യുന്ന നോവലുകളുടെയും സിനിമകളുടെയും ഒരു പുതിയ സാഹിത്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള കഥകൾ പ്രസിദ്ധീകരിച്ചപ്പോൾ ക്ലി-ഫൈ എന്ന വാക്ക് മുഖ്യധാരാ ഉപയോഗത്തിലേക്ക് വന്നു.
പരിസ്ഥിതി തകർച്ചയുടെയും മനുഷ്യന്റെ പൊരുത്തപ്പെടുത്തലിന്റെയും വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് നിരവധി എഴുത്തുകാർ ക്ലി-ഫൈയ്ക്ക് അടിത്തറ പാകി. സമുദ്രനിരപ്പ് ഉയരുക, അസഹനീയമായ കാലാവസ്ഥ, ജീവിവർഗങ്ങളുടെ വംശനാശം, സാമൂഹിക തകർച്ച തുടങ്ങിയ വിപത്തുകളെ തടയാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഇത്തരം കൃതികൾ. കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ വഷളാകുമ്പോൾ, സഹാനുഭൂതിയും ധാരണയും വളർത്തുന്നതിനുള്ള ഒരു സുപ്രധാന ഉപകരണമായി ക്ലി-ഫൈ മാറുന്നു.

കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയിലും ഗ്രഹത്തിലും ചെലുത്തുന്ന സ്വാധീനത്തെ അഭിസംബോധന ചെയ്യുന്ന ശക്തമായ ഒരു സാഹിത്യ വിഭാഗമായി ക്ലൈമറ്റ് ഫിക്ഷൻ ഉയർന്നുവന്നിട്ടുണ്ട്. ശാസ്ത്രം, ഭാവന, കഥപറച്ചിൽ എന്നിവ സംയോജിപ്പിച്ച്, ക്ലി-ഫൈ ഒരു മുന്നറിയിപ്പായും പ്രവർത്തനത്തിലേക്കുള്ള ആഹ്വാനമായും വർത്തിക്കുന്നു. ലോകത്തിന്റെ യാഥാർഥ്യങ്ങളെ നേരിടാനും ഭൂമിയുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് ചിന്തിക്കുവാനും വായനക്കാരെ പ്രേരിപ്പിക്കുന്നു. കഥപറച്ചിലിനെ ശാസ്ത്രവുമായി സംയോജിപ്പിച്ച്, കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർഥ്യങ്ങളെ നേരിടാൻ ക്ലി-ഫൈ നമ്മെ വെല്ലുവിളിക്കുകയും കൂടുതൽ സുസ്ഥിരമായ ഒരു ഭാവി സങ്കൽപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

മാർഗരറ്റ് ആറ്റ്‌വുഡിന്റെ 'ഒറിക്സ് ആൻഡ് ക്രേക്ക്' (2004), 'ദി ഇയർ ഓഫ് ദ് ഫ്ലഡ്' (2009), 'മാഡ് ആഡം' (2013), ഡാനിയൽ ക്വിൻ എഴുതിയ 'ഇസ്മായേൽ' (2009), ഒക്ടാവിയ ഇ. ബട്ലറുടെ 'പാരബിൾ ഓഫ് ദി സോവർ' (2012), നഥാനിയേൽ റിച്ചിന്റെ 'ഓഡ്സ് എഗെയിൻസ്റ്റ് ടുമാറോ' (2013), ഷെറി എൽ. സ്മിത്തിന്റെ 'ഓർലിയൻസ്' (2013), ഹെലൻ ഫിലിപ്സിന്റെ 'സം പോസിബിൾ സൊല്യൂഷൻസ്' (2016), ഒമർ എൽ അക്കാഡിന്റെ 'അമേരിക്കൻ വാർ' (2017), ജെയിംസ് ബ്രാഡ്‌ലിയുടെ 'ക്ലേഡ്' (2017), ഒലിവിയ ക്ലെയറിന്റെ 'ഡിസാസ്റ്റേഴ്‌സ് ഇൻ ദ് ഫസ്റ്റ് വേൾഡ്' (2017), ലോറൻ ഗ്രോഫിന്റെ 'ഫ്ലോറിഡ' (2018), ടോച്ചി ഒനിബുച്ചിയുടെ 'വാർ ഗേൾസ്' (2019), 'റെബൽ സിസ്റ്റേഴ്‌സ്' (2020) തുടങ്ങി കൃതികളെല്ലാം ക്ലി-ഫൈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

കാലാവസ്ഥാ പ്രതിസന്ധിയുമായി വൈകാരികമായി ബന്ധപ്പെടാൻ വായനക്കാരെ സഹായിക്കുന്നുവെന്നത് ക്ലി-ഫൈയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്. ഭാവിയുമായുള്ള വൈകാരിക ബന്ധത്തിന്റെ അഭാവം ഭാവിയിൽ അവരെ സഹായിച്ചേക്കാവുന്ന പ്രവർത്തനങ്ങൾ വർത്തമാനകാലത്ത് ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്ന കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്നത് വായനക്കാരെ സമാനമായ ഫലങ്ങൾ അനുഭവിക്കാൻ സാധ്യതയുള്ള അവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.