റുഷ്ദിയും അക്രമിയും വീണ്ടും കാണും; കോടതിയിൽ

Mail This Article
ന്യൂയോർക്ക് ∙ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ വിചാരണ ഷട്ടോക്വ കൗണ്ടി കോടതിയിൽ ആരംഭിച്ചു. സാക്ഷി വിസ്താരത്തിന് റുഷ്ദിയും ഹാജരാകും. 2022 ഓഗസ്റ്റിൽ ഷട്ടോക്വയിൽ പൊതുചടങ്ങിനിടെയാണു റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ (26) കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. പ്രതിയുടെ അപേക്ഷപ്രകാരം വിചാരണ രണ്ടുവട്ടം മാറ്റിയിരുന്നു.
കത്തിമുനയിൽ കടന്നുപോയ നിമിഷങ്ങളെക്കുറിച്ച് എഴുതിയ പുതിയ കൃതിയായ മൂന്നു നോവല്ലകളുടെ സമാഹാരം ഉടൻ വരുമെന്ന് അടുത്തിടെ റുഷ്ദി പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിനു ശേഷമാണു പ്രസിദ്ധീകരിച്ചതെങ്കിലും വിജയനഗരം (വിക്ടറി സിറ്റി) മുന്നേ എഴുതിയതാണ്. തിരിച്ചുകിട്ടിയ ജീവിതത്തിലെ ആദ്യ ഫിക്‌ഷൻ എന്നതാണ് ഉടൻ പുറത്തിറങ്ങുന്ന കൃതിയുടെ പ്രത്യേകത.