‘ആര്‍മി’യുടെ സ്വന്തം ബിടിഎസിനെ അടുത്തറിയാം; ‘ബിയോണ്ട് ദ് സ്റ്റോറി’യിൽ ലഭിക്കും എല്ലാ ചോദ്യങ്ങളുടെയും ഉത്തരം!

Mail This Article
ബിടിഎസ് ഈ മൂന്നു വാക്ക് ലോകത്തിന്റെ ഏതുകോണിലും സുപരിചിതമാണ്. സംഗീതത്തിലൂടെ ലോകത്തെ ഒരു കുടക്കീഴിലേക്ക് എത്തിക്കാൻ ബിടിഎസിനും അവരുടെ ‘ആർമിക്കും’ സാധിച്ചു. കൊറിയൻ പോപ് ബ്രാൻഡായ ബിടിഎസിന്റെ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടെങ്കിലും അവരുടെ ജീവിതവും ചരിത്രം കുറിച്ച സംഘത്തിന്റെ ആരംഭവും അവരുടെ വളർച്ചയുമെല്ലാം അറിയാൻ പലർക്കും താൽപര്യമുണ്ടാകും. 2023ൽ പുറത്തിറങ്ങിയ ‘ബിയോണ്ട് ദ് സ്റ്റോറി: 10-ഇയർ റെക്കോർഡ് ഓഫ് ബിടിഎസ്’ എന്ന അവരുടെ ആദ്യത്തെ ഔദ്യോഗിക ജീവചരിത്രം ഇതിനുള്ള ഉത്തരങ്ങൾ നൽകും. ബിടിഎസ് അംഗങ്ങളും പത്രപ്രവർത്തകനായ കാങ് മിയോങ്-സിയോക്കും ചേർന്ന് എഴുതിയ ഈ പുസ്തകം ക്ലെയർ റിച്ചാർഡ്‌സും സ്ലിൻ ജംഗും എന്നിവരുടെ സഹകരണത്തോടെ ആന്റൺ ഹർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
2023 ജൂലൈ 9ന് പുറത്തിറങ്ങിയ ഈ പുസ്തകം, എളിയ തുടക്കത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സംഗീത ഗ്രൂപ്പുകളിൽ ഒന്നായി ബിടിഎസ് മാറിയത് വരെയുള്ള കഥ പറയുന്നു. ബിടിഎസ് അംഗങ്ങള്‍, അവരുടെ ഉയർച്ചയെക്കുറിച്ചുള്ള ഹൃദയസ്പർശിയായതും വിശദവുമായ വിവരണം നൽകുന്നുണ്ട്. ഒരു ദശാബ്ദക്കാലത്തെ അസാധാരണമായ യാത്രയുടെ പ്രതിഫലനമായി 'ബിയോണ്ട് ദ് സ്റ്റോറി: 10-ഇയർ റെക്കോർഡ് ഓഫ് ബിടിഎസ്' മാറി. ബിടിഎസ് അംഗങ്ങളുടെ കരിയറിലെ വെല്ലുവിളികളിലേക്കും പിന്നണിയിലെ നിമിഷങ്ങളിലേക്കും കൃതി കടന്നു ചെല്ലുന്നു.

2013ൽ ബിഗ് ഹിറ്റ് എന്റർടൈൻമെന്റ് (ഇപ്പോൾ HYBE കോർപ്പറേഷൻ) രൂപീകരിച്ച ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. റെക്കോർഡുകൾ തകർത്ത് വിജയത്തിന്റെ അഭൂതപൂർവമായ ഉയരങ്ങൾ കൈവരിച്ച ബിടിഎസ് ഗ്രൂപ്പിൽ ഏഴ് അംഗങ്ങളാണുള്ളത്. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളും അതനുസരിച്ച് ബാൻഡില്‍ റോളുകളുമുണ്ട്. ലോകപ്രസിദ്ധമായ ഈ മ്യൂസിക് ബാന്‍ഡിന് ലോകത്തിലെ ഏറ്റവും സമർപ്പിതരും ശക്തരുമായ ആരാധക സമൂഹമാണുള്ളത്.
‘ആര്‍മി’ എന്നറിയപ്പെടുന്ന ബിടിഎസിന്റെ ആരാധകവൃന്ദം, സംഗീതം മുതൽ സാമൂഹിക നീതി വരെയുള്ള എല്ലാ കാര്യങ്ങളിലും ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും അഗാധമായ നന്ദി പ്രകടിപ്പിക്കുവാനും അവരുടെ അവിശ്വസനീയമായ യാത്ര പങ്കിടുവാനും വേണ്ടിയാണ് ബിടിഎസ് അംഗങ്ങൾ അവരുടെ അരങ്ങേറ്റത്തിന്റെ 10–ാം വാർഷികത്തിൽ ഒരു പുസ്തകം പുറത്തിറക്കിയത്.
ആഗോള സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള ബിടിഎസിന്റെ ഉയർച്ച മാത്രമല്ല ഒരു ഗ്രൂപ്പെന്ന നിലയിൽ അവരുടെ ദൗത്യത്തിലേക്കും പ്രചോദനങ്ങളിലേക്കുമുള്ള ആഴത്തിലുള്ള പഠനം കൂടിയാണ് ഈ പുസ്തകം. ഏഴ് അധ്യായങ്ങളിലായി പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ആർമി എന്നറിയപ്പെടുന്ന ആരാധകരുമായുള്ള ബിടിഎസ് അംഗങ്ങളുടെ ബന്ധവും അവർ അനുഭവിക്കുന്ന പ്രശസ്തിയുടെ സമ്മർദ്ദങ്ങളും പരിശോധിക്കുന്നതിനൊപ്പം അവരുടെ വ്യക്തി ജീവിതത്തിലേക്കും സവിശേഷ വീക്ഷണം നൽകുന്നു. അവരുടെ പോരാട്ടങ്ങൾ, സ്വപ്നങ്ങൾ, അവർ ചെയ്ത ത്യാഗങ്ങൾ എല്ലാം പുസ്തകത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

അഭിമുഖങ്ങളിലൂടെയാണ് ഈ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. അംഗങ്ങൾ സ്വതന്ത്രമായി തുറന്നു സംസാരിക്കുന്ന അസംസ്‌കൃതവും സത്യസന്ധവുമായ ഫോർമാറ്റിലാണ് അഭിമുഖങ്ങൾ നടത്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ബിടിഎസിന്റെ സംഗീത വീഡിയോകളിലേക്കും ട്രെയിലറുകളിലേക്കും മറ്റു പ്രധാന നിമിഷങ്ങളിലേക്കും നയിക്കുന്ന 330ലധികം ക്യൂആർ കോഡുകള്‍ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.
ഓരോ അംഗത്തിന്റെയും അപൂർവ ഫോട്ടോകൾ, ആൽബം ട്രാക്ക്‌ലിസ്റ്റുകൾ, ബിടിഎസിന്റെ പ്രധാന നാഴികക്കല്ലുകളുടെ ഒരു ടൈംലൈൻ എന്നിവയുമുണ്ട്. ബിടിഎസിന്റെ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ബാൻഡിനെ അടുത്തറിയാൻ 'ബിയോണ്ട് ദ് സ്റ്റോറി: 10-ഇയർ റെക്കോർഡ് ഓഫ് ബിടിഎസ്' കൂടുതൽ സഹായിക്കും.