13–ാം വയസ്സിൽ രണ്ടാം പുസ്തകം; എഴുത്തിനൊപ്പം നടന്ന് ചാരുനൈനിക

Mail This Article
കോഴിക്കോട്∙ പുസ്തകങ്ങളോട് ഓർമ വച്ച കാലം മുതലേ കൂട്ടുകൂടി തുടങ്ങിയതാണ് ചാരുനൈനിക. കഥ പറയാനും കേൾക്കാനുമുള്ള ആഗ്രഹം പിന്നാലെ എഴുത്തിലെത്തി. ഇപ്പോഴിതാ 13–ാം വയസ്സിൽ രണ്ടാമത്തെ പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ചാരുനൈനിക എ.എൽ. കോവിഡ് കാലത്തെ വിരസതയും ഒറ്റപ്പെടലും ഒക്കെ കുട്ടികളുടെ കണ്ണിലൂടെ കാണുന്ന പുസ്തകത്തിന്റെ പേര് ‘റിവേഴ്സ് ക്വാറന്റീൻ’ എന്നാണ്. അവധിക്കാലത്ത് അപ്പൂപ്പന്റെ അടുത്തേക്ക് പോകുന്ന ശിവാനി എന്ന പെൺകുട്ടിയുടെ കണ്ണിലൂടെയാണ് ചാരുവിന്റെ നോവൽ വികസിക്കുന്നത്.
എഴുത്ത് മാത്രമല്ല, പുസ്തകത്തിന്റെ കവർ ഉൾപ്പെടെയുള്ള വരകളും ചെയ്തിരിക്കുന്നത് ചാരുനൈനിക തന്നെയാണ്. നാലാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോഴാണ് ചാരുനൈനിക തന്റെ ആദ്യനോവലായ ‘ദി അൺനോൺ ഫ്രണ്ട്’ എഴുതുന്നത്. ബോർഡിങ് സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അനുഭവങ്ങളും വിചാരങ്ങളും ഒക്കെയായിരുന്നു ആ നോവലിന്റെ പ്രമേയം. അതിന്റെയും വരകൾ ചെയ്തത് എഴുത്തുകാരി തന്നെയാണ്. വരയ്ക്കാനുള്ള ഇഷ്ടമാണ് തന്നെ കഥകളെഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് ചാരു പറയുന്നു.

സാഹിത്യ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ‘ഉജ്വല ബാല്യം’ പുരസ്കാര ജേതാവാണ്. വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്താനായി ‘ഡൂഡിൽ ചാരു’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട് ചാരുനൈനിക. അക്ഷരങ്ങൾ ഉറയ്ക്കും മുന്നേ കഥകൾ വായിച്ചു തന്നിരുന്ന അമ്മ അഞ്ജലിയും അച്ഛൻ ലാജുവുമാണ് തന്റെ പ്രധാന പിന്തുണയെന്ന് ചാരു പറയുന്നു.