ആശാലതയുടെ ആത്മകഥ ‘ഏകരാഗം’ പ്രകാശനം ചെയ്തു

Mail This Article
ഗായികയും റേഡിയോ അവതാരകയുമായ ആശാലതയുടെ ആത്മകഥ ‘ഏകരാഗം’ പ്രകാശനം ചെയ്തു. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് ഏറ്റുവാങ്ങി. പിന്നണി ഗായികയായി എത്തി ആർജെയായി മാറിയ ആശാലതയുടെ ഓർമകളും അനുഭവങ്ങളുമാണ് ‘ഏകരാഗം’. ലോഗോസ് ബുക്‌സാണ് പ്രസാധകര്‍.
മലയാളം, തമിഴ് സിനിമാ പിന്നണി രംഗത്ത് ഒരുപിടി ഹിറ്റുഗാനങ്ങൾ സമ്മാനിച്ച ആശാലത സിനിമാ ലോകത്തും കഴിഞ്ഞ കാൽ നൂറ്റാണ്ടായി റേഡിയോ അവതാരക എന്ന നിലയിലും ഉള്ള തന്റെ അനുഭവ കുറിപ്പുകളാണ് പുസ്തകത്തിൽ പറയുന്നത്. കൗമാരപ്രായം മുതൽ യേശുദാസ് ഉൾപ്പെടെയുള്ള ഗായകർക്കൊപ്പം സിനിമയിൽ പാടി തുടങ്ങിയ ആശാലത പിന്നിട് ആകാശവാണിയിൽ ആശേച്ചി എന്ന പേരിൽ ആർജെ ആയി പ്രശസ്തി നേടുകയായിരുന്നു.

പുസ്തകത്തിന്റെ ചില അധ്യായങ്ങൾ ആശയുടെ സംഗീത ജീവിതത്തിലെ അനുഭവങ്ങളാണ്. കൂടാതെ, റേഡിയോ ജോക്കിയായി പ്രവർത്തിക്കുമ്പോഴുള്ള അനുഭവങ്ങളും പറയുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ടപ്പോൾ സാമൂഹിക സേവനവും ആത്മീയതയും എങ്ങനെ സഹായിച്ചുവെന്നും ലളിതമായി ഈ പുസ്തകത്തിൽ പറയുന്നു.
ആശാലതയുടെ ഈ ആത്മകഥ വായിച്ചു കഴിയുമ്പോൾ ജീവിതത്തെ അതു നൽകുന്ന എല്ലാ അനുഭവത്തോടെയും ഇരുകൈയും നീട്ടി സ്വീകരിക്കാൻ കഴിയുന്ന ഒരു ഉള്ളം നമുക്കു സമ്മാനിക്കാതിരിക്കില്ലെന്നു പുസ്തകത്തിന്റെ അവതാരികയിൽ ഷൗക്കത്ത് പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ മാറിപ്പോകട്ടെ എന്നു പറയുന്നതിനു പകരം ആ പ്രയാസങ്ങളെ ഒരു ചെറു പുഞ്ചിരിയോടെ സ്വീകരിച്ച് ഉഷാറായി ജീവിക്കാൻ ആശേച്ചിയുടെ ജീവിത കഥ നമ്മുക്ക് പ്രചോദനമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആമസോണിലും പ്രധാന പുസ്തകശാലകളിലും ‘ഏകരാഗം’ ലഭ്യമാണ്.