കള്ളന്മാരേ, അത് ഇന്ത്യയുടെ അഭിമാനമായിരുന്നു; ആദ്യ നൊബേൽ സമ്മാനം മോഷ്ടിക്കപ്പെട്ട കഥ!

Mail This Article
ഇന്ത്യൻ സാഹിത്യം, സംഗീതം, കല എന്നിവയെ ആധുനികതയുമായി ബന്ധിപ്പിച്ച പ്രതിഭയായിരുന്നു രവീന്ദ്രനാഥ ടഗോർ. 'ഗീതാഞ്ജലി' എന്ന കവിതാ സമാഹാരത്തിന് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അദ്ദേഹം, അത് കരസ്ഥമാക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയായിരുന്നു. എന്നാൽ, ഇന്ത്യയെയും സാഹിത്യലോകത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും ദുഃഖിപ്പിച്ച ഒരു സംഭവം 2004ൽ നടന്നു. ഇന്ത്യയുടെ അഭിമാന ചിഹ്നമായ ടഗോറിന്റെ നൊബേൽ പുരസ്കാരം മോഷ്ടിക്കപ്പെട്ടു!
ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിൽ 2004 മാർച്ച് 25നാണ് സംഭവം നടക്കുന്നത്. ടഗോറിന്റെ നൊബേൽ മെഡലും സർട്ടിഫിക്കറ്റും മാത്രമല്ല, ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടഗോറിന്റെ മറ്റു ചില വ്യക്തിഗത സാധനങ്ങളും അന്ന് മോഷ്ടിക്കപ്പെട്ടു. ഈ സംഭവം ഇന്ത്യൻ സാംസ്കാരിക ലോകത്തെ തന്നെ ഞെട്ടിച്ചു. വിപുലമായ അന്വേഷണം നടന്നെങ്കിലും അവയൊന്നും കണ്ടെത്താനായില്ല.

സമ്മാനം തിരികെ ലഭിക്കാത്തതിനെ തുടർന്ന് 2004 ഡിസംബറിൽ, സ്വീഡിഷ് സർക്കാർ ടഗോറിന്റെ നൊബേൽ പുരസ്കാരത്തിന്റെ രണ്ട് പകർപ്പുകൾ വിശ്വഭാരതി യൂണിവേഴ്സിറ്റിക്ക് സമ്മാനിച്ചു. ഇതിൽ ഒന്ന് സ്വർണ്ണത്തിലും മറ്റൊന്ന് വെങ്കലത്തിലും നിർമ്മിച്ചതായിരുന്നു. എങ്കിലും യഥാർഥ പുരസ്കാരം എവിടെ എന്നത് നിഗൂഢമായി തുടര്‍ന്നു.
2016 നവംബറിൽ, പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയില്‍ ബൗൾ ഗായകനായ പ്രദീപ് ബൗരിയെ ഈ മോഷണത്തിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തി അറസ്റ്റ് ചെയ്തു. ഈ മോഷണത്തിന് പിന്നിൽ ബംഗ്ലാദേശി സ്വദേശിയായ മുഹമ്മദ് ഹൊസൈൻ ഷിപൂൾ എന്നയാളും രണ്ട് യൂറോപ്യൻ കുറ്റാളികളും ഉൾപ്പെട്ടിരുന്നതായിട്ടാണ് അയാളിൽ നിന്ന ലഭിച്ച വിവരം. 1998 മുതൽ 2003 വരെ രൂപ്പൂർ ഗ്രാമപഞ്ചായത്ത് പ്രധാൻ ആയിരുന്ന ബൗരി, മെഡൽ മോഷ്ടിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭയം നൽകുകയും അവരെ സംസ്ഥാനത്തി നിന്ന് പുറത്തേക്കു രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. പക്ഷേ, തെളിവുകളുടെ അഭാവത്തിൽ അയാളെയും വൈകാതെ കുറ്റവിമുക്തനാക്കി.
രാജ്യത്തിന്റെ അഭിമാനമായ ആ പുരസ്കാരം ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. ഇരുപതു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. നൊബേൽ നേട്ടത്തിൽ ഏക ഇന്ത്യൻ സാഹിത്യകാരൻ എന്ന നിലയിൽ ടഗോറിന്റെ നൊബേൽ സമ്മാനത്തിന് വലിയ പ്രാധാന്യമാണുള്ളത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കൈലാഷ് സത്യാർഥിയുടെയും മെഡലും പുരസ്കാരവും 2017ൽ മോഷ്ടിക്കപ്പെട്ടിരുന്നു.

ഡൽഹിയിലെ വീട്ടിൽ നടന്ന കവർച്ചയിൽ നഷ്ടപ്പെട്ടത് നൊബേൽ പുരസ്കാരത്തിന്റെ ഒരു പകർപ്പായിരുന്നു. രാഷ്ട്രപതി ഭവനിലാണ് യഥാർഥ പുരസ്കാരം സൂക്ഷിച്ചിരുന്നത്. എന്നാൽ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മോഷണം പോയ പകർപ്പ് പൊലീസ് കണ്ടെടുക്കുകയായിരുന്നു. ടഗോറിന്റെ പുരസ്കാരവും കണ്ടെത്താൻ, ഇതേകുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല.