കന്നഡയിൽ നിന്ന് 'ഹാർട്ട് ലാമ്പ്'; ഇന്ത്യക്ക് പ്രതീക്ഷ നൽകി ഇന്റർനാഷനൽ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റ്

Mail This Article
ഇന്ത്യക്ക് പ്രതീക്ഷ നൽകി ഇന്റർനാഷനൽ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റിൽ കന്നഡ പുസ്തകത്തിന്റെ വിവർത്തനം. ബാനു മുഷ്താഖ് എഴുതിയ ചെറുകഥാ സമാഹാരത്തിന്റെ ഇംഗ്ലിഷ് പതിപ്പായ 'ഹാർട്ട് ലാമ്പ്' ആണ് പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ പുസ്തകം. ദീപ ഭാസ്തിയാണ് വിവർത്തനം. "സാമൂഹിക അതിർത്തിയിലുള്ളവരുടെയും ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതമാണ് ഹാർട്ട് ലാമ്പ് ചിത്രീകരിക്കുന്നത്" എന്നാണ് വിധികർത്താക്കൾ പുസ്തകത്തെ വിശേഷിപ്പിച്ചത്.

പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് ബുക്കർ പ്രൈസ് അതിന്റെ 2025ലെ ലോങ് ലിസ്റ്റ് ഫെബ്രുവരി 25നാണ് പുറത്തുവിട്ടത്. ജീവിച്ചതും സങ്കൽപ്പിച്ചതുമായ മനുഷ്യാനുഭവങ്ങളെ ധൈര്യത്തോടെയും ആധികാരികതയോടെയും അവതരിപ്പിച്ച കൃതിളെ തിരഞ്ഞെടുത്തു കൊണ്ടാണ് 2025ലെ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് ശ്രദ്ധേയമാകുന്നത്.

ഇംഗ്ലീഷിൽ എഴുതുകയും യുകെയിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഫിക്ഷൻ കൃതികളെയാണ് ബുക്കർ പ്രൈസിനായി തിരഞ്ഞെടുക്കപ്പെടുക. 2024 മേയ് 1നും 2025 ഏപ്രിൽ 30നും ഇടയിൽ പ്രസിദ്ധീകരിച്ച 150ലധികം പുസ്തകങ്ങളിൽ നിന്നുമാണ് 13 കൃതികളെ ലോങ് ലിസ്റ്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
ലോങ് ലിസ്റ്റിൽ ഉൾപ്പെട്ട രചനകൾ
∙ ഇബ്തിസം അസം എഴുതിയ 'ദ് ബുക്ക് ഓഫ് ഡിസപ്പിയറൻസ്'
∙ സോൾവെജ് ബാലെ എഴുതിയ 'ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോളിയം I'
∙ ഗെയ്‌ൽ ബെലെം എഴുതിയ 'ദേർസ് എ മോൺസ്റ്റർ ബിഹൈൻഡ് ദ് ഡോർ'
∙ മിർസിയ കാർട്ടറെസ്‌കു എഴുതിയ 'സോളിനോയ്ഡ്'
∙ ഡാലിയ ഡി ലാ സെർഡ എഴുതിയ 'റിസർവോയർ ബിച്ചസ്'
∙ വിൻസെന്റ് ഡെലെക്രോയിക്‌സ് എഴുതിയ 'സ്മോൾ ബോട്ട്'
∙ സൗ ഇച്ചിക്കാവ എഴുതിയ 'ഹഞ്ച്ബാക്ക്'
∙ ഹിരോമി കവകാമി എഴുതിയ 'അണ്ടർ ദി ഐ ഓഫ് ദി ബിഗ് ബേർഡ്'
∙ ക്രിസ്ത്യൻ ക്രാച്ച് എഴുതിയ 'യൂറോട്രാഷ്'
∙ വിൻസെൻസോ ലാട്രോണിക്കോ എഴുതിയ 'പെർഫെക്ഷൻ'
∙ ബാനു മുഷ്താഖ് എഴുതിയ 'ഹാർട്ട് ലാമ്പ്'
∙ ആസ്ട്രിഡ് റോമർ എഴുതിയ 'ഓൺ എ വുമൺസ് മാഡ്‌നെസ്'
∙ ആനി സെറെ എഴുതിയ 'എ ലെപ്പാർഡ്-സ്കിൻ ഹാറ്റ്'

മാക്സ് പോർട്ടർ അധ്യക്ഷനായ ജഡ്ജിങ് പാനലിൽ കാലേബ് ഫെമി, സന ഗോയൽ, ആന്റൺ ഹർ, ബെത്ത് ഓർട്ടൺ എന്നിവരും അംഗങ്ങളാണ്. ആറ് പുസ്തകങ്ങളുടെ ഷോർട്ട്‌ലിസ്റ്റ് ഏപ്രിൽ 8ന് പ്രഖ്യാപിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത രചയിതാക്കൾക്ക് ഓരോരുത്തർക്കും 2,500 പൗണ്ടും അവരുടെ പുസ്തകത്തിന്റെ പ്രത്യേക പതിപ്പും ലഭിക്കും.
മെയ് 20ന് ലണ്ടനിലെ ടേറ്റ് മോഡേണിൽ നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്ന രചയിതാവിന് 50,000 പൗണ്ടിനൊപ്പം കൂടാതെ ആഗോള അംഗീകാരവും വിൽപ്പനയിൽ ഗണ്യമായ ഉയർച്ചയും ലഭിക്കും.