ഓസ്കർ സിനിമകളായി പുസ്തകങ്ങൾ, വെള്ളിത്തിരയിലും വെന്നിക്കൊടി; പുരസ്കാര നിറവിൽ ആഹ്ലാദിച്ച് വായനാലോകം

Mail This Article
2025ലെ ഓസ്‌കർ നോമിനേഷൻ ലഭിച്ച സിനിമകളിൽ പലതും പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് എന്നത് വായനാലോകത്തിനു സന്തോഷവാർത്തയാണ്. സാഹിത്യത്തിന്റെ ശക്തിയും സിനിമയുടെ മാധുര്യവും ഒന്നിച്ചു ചേർത്ത് പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവമായി മാറി ഈ ചിത്രങ്ങൾ. ഇവയിൽ ചിലത് ക്ലാസിക് നോവലുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്, മറ്റു ചിലത് യഥാർഥ ജീവിതങ്ങളെ ആസ്പദമാക്കിയുള്ളതും. ഓസ്കർ നോമിനേറ്റഡ് ചിത്രങ്ങളും അവയുടെ പുസ്തക പശ്ചാത്തലവും പരിചയപ്പെടാം.

∙ കോൺക്ലേവ്
പുസ്തകം - കോൺക്ലേവ്
എഴുതിയത് – റോബർട്ട് ഹാരിസ്
ബ്രിട്ടിഷ് നോവലിസ്റ്റും മുൻ പത്രപ്രവർത്തകനുമായ റോബർട്ട് ഹാരിസ് 2016ൽ പുറത്തിറക്കിയ പുസ്തകമാണ് 'കോൺക്ലേവ്'. പീറ്റർ സ്ട്രോഗന് മികച്ച അവലംബിത തിരക്കഥയ്ക്ക് ഓസ്കർ നേടിക്കൊടുത്ത 'കോൺക്ലേവ്' എന്ന ചലച്ചിത്രാവിഷ്കാരം 2024 ഒക്ടോബർ 25നാണ് പുറത്തിറങ്ങിയത്. പോപ്പിന്റെ മരണശേഷം, പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനായി 118 കർദിനലുമാർ വത്തിക്കാനിൽ ഒത്തുചേരുന്നു. ഈ രഹസ്യ ഇലക്ഷനിൽ അവരുടെ രഹസ്യങ്ങളും അധികാര സംഘർഷങ്ങളും പൊട്ടിത്തെറികളുമാണ് ഇതിവൃത്തം. റോബർട്ട് ഹാരിസിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, മതവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീർണത വെളിപ്പെടുത്തുന്നു.

∙ ഡ്യൂൺ: പാർട്ട് ടു
പുസ്തകം - ഡ്യൂൺ
എഴുതിയത് – ഫ്രാങ്ക് ഹെർബർട്ട്
മികച്ച വിഷ്വൽ ഇഫക്റ്റ്സ്, മികച്ച സൗണ്ട് തുടങ്ങിയ വിഭാഗങ്ങളിൽ ഓസ്കർ നേടിയ 'ഡ്യൂൺ: പാർട്ട് ടു', ഫ്രാങ്ക് ഹെർബർട്ട് 1965ൽ എഴുതിയ 'ഡ്യൂൺ' എന്ന നോവലിന്റെ രണ്ടാം ഭാഗത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്. അരാക്കീസ് ഗ്രഹത്തിലൂടെയുള്ള പോൾ അട്രെയ്ഡിസിന്റെ യാത്രയാണ് ഇതിവൃത്തം. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സയൻസ് ഫിക്ഷൻ നോവലുകളിൽ ഒന്നാണ് 'ഡ്യൂൺ'. 2021ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പത്ത് അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും അതില്‍ ആറെണ്ണം നേടുകയും ചെയ്തു.

∙ ദ് നിക്കൽ ബോയ്സ്
പുസ്തകം - ദ് നിക്കൽ ബോയ്സ്
എഴുതിയത് – കോൾസൺ വൈറ്റ്ഹെഡ്
മികച്ച ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് 'ദ് നിക്കൽ ബോയ്സ്' ഓസ്കറിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. അമേരിക്കൻ നോവലിസ്റ്റായ കോൾസൺ വൈറ്റ്ഹെഡ് 2019ല്‍ പുറത്തിറക്കിയ 'ദ് നിക്കൽ ബോയ്സ്' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണത്. ദശാബ്ദത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങളിലൊന്നായി ടൈം തിരഞ്ഞെടുത്ത ഈ കൃതി, 2020ലെ ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനം നേടി. 1960കളില്‍ ഫ്ലോറിഡയില്‍ പ്രവർത്തിച്ചിരുന്ന ഒരു സ്കൂളിലേക്ക് അയയ്ക്കപ്പെടുന്ന രണ്ട് ആഫ്രിക്കൻ-അമേരിക്കൻ ആൺകുട്ടികളായ എൽവുഡ്, ടർണർ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ക്രൂരമായ പലതിലൂടെയും കടന്നു പോകേണ്ടി വരുന്ന അവർ പ്രതിരോധത്തിന്റെ പ്രതീകമായി മാറുന്നതാണ് നാം കാണുന്നത്.

∙ വിക്കഡ്
പുസ്തകം - വിക്കഡ്
എഴുതിയത് – ഗ്രെഗറി മഗ്വയർ
പോൾ ടേസ്‌വെൽ മികച്ച കോസ്റ്റ്യൂം ഡിസൈനും നേഥൻ ക്രൗലി മികച്ച പ്രൊഡക്‌ഷൻ ഡിസൈനും ഓസ്കർ നേടിയ ചിത്രമാണ് 'വിക്കഡ്'. ഓസ് ലോകത്തിന്റെ മാന്ത്രികതയും രാഷ്ട്രീയവും പശ്ചാത്തലമാക്കി ഗ്രെഗറി മഗ്വയറെഴുതിയ 'വിക്കഡ്' നോവലിൽ നിന്നാണ് ഈ ചിത്രം പ്രചോദനം ഉൾക്കൊണ്ടത്. ഡോറത്തി ഓസിലെത്തുന്നതിന് മുൻപുള്ള എൽഫബ എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. എൽ. ഫ്രാങ്ക് ബൗമിന്റെ നോവലായ 'ദ് വണ്ടർഫുൾ വിസാർഡ് ഓഫ് ഓസിലെ' കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും മുൻനിർത്തിയാണ് ഗ്രെഗറി മഗ്വയര്‍ പുസ്തകം രചിച്ചിരിക്കുന്നത്.

∙ ഐ ആം സ്റ്റിൽ ഹിയർ
പുസ്തകം - ഐ ആം സ്റ്റിൽ ഹിയർ
എഴുതിയത് – മാർസെലോ റൂബൻസ് പൈവ
മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ഐ ആം സ്റ്റിൽ ഹിയർ', ബ്രസീലിയൻ നോവലിസ്റ്റും പത്രപ്രവർത്തകനുമായ മാർസെലോ റൂബൻസ് പൈവ എഴുതിയ 'ഐ ആം സ്റ്റിൽ ഹിയർ' എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ബ്രസീലിലെ സൈനിക ഏകാധിപത്യ കാലത്ത്, രാഷ്ട്രീയ പ്രവർത്തകനായ റൂബൻസ് പൈവ അപ്രത്യക്ഷനാകുന്നതും അദ്ദേഹത്തിന്റെ ഭാര്യ യൂനിസ് പൈവ അദ്ദേഹത്തെ കണ്ടെത്താൻ പോരാട്ടവുമാണ് കഥാതന്തു.

∙ ദ് വൈൽഡ് റോബോട്ട്
പുസ്തകം - ദ് വൈൽഡ് റോബോട്ട്
എഴുതിയത് – പീറ്റർ ബ്രൗൺ
അമേരിക്കൻ എഴുത്തുകാരനും ചിത്രകാരനുമായ പീറ്റർ ബ്രൗൺ കുട്ടികൾക്കും കൗമാരക്കാർക്കുമായി രചിച്ച സയൻസ് ഫിക്ഷൻ നോവലുകളുടെ ത്രയമാണ് 'ദ് വൈൽഡ് റോബോട്ട്'. അതിലെ ആദ്യ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ നേടിയ 'ദ് വൈൽഡ് റോബോട്ട്'. ഒരു ദ്വീപിൽ എത്തിച്ചേരുന്ന റോസ് എന്ന സർവീസ് റോബോട്ടിന്റെ കഥയാണ് ചിത്രം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ശ്രമിക്കുന്ന റോസ് പ്രാദേശിക വന്യജീവികളുമായി ബന്ധം സ്ഥാപിക്കുകയും അനാഥയായ ബ്രൈറ്റ്ബിൽ എന്ന വാത്ത പക്ഷിയെ വളർത്തുന്നതുമാണ് ഇതിവൃത്തം.

∙ എമിലിയ പെരസ്
പുസ്തകം - എകൗട്ട്
എഴുതിയത് – ബോറിസ് റസോൺ
സോയി സൽദാനയ്ക്ക് മികച്ച സഹനടിയായും എൽ മാലിന് മികച്ച ഒറിജനൽ സോങ്ങിനായും ഓസ്കർ നേടിക്കൊടുത്ത 'എമിലിയ പെരസ്', ജാക്വസ് ഓഡിയാർഡ് എഴുതി സംവിധാനം ചെയ്ത ഒരു മ്യൂസിക്കൽ ക്രൈം കോമഡി ചിത്രമാണ്. ഓഡിയാർഡിന്റെ ഓപ്പറ ലിബ്രെറ്റോയിൽ നിന്നാണ് ഈ ചിത്രം പ്രചോദനം ഉൾക്കൊണ്ടത്. എന്നാൽ, ഓഡിയാർഡ് ഫ്രഞ്ച് എഴുത്തുകാരനായ ബോറിസ് റാസണിന്റെ 2018ലെ നോവലായ 'എകൗട്ടിന്റെ' ഒരു അധ്യായത്തിൽ നിന്നാണ് ഈ കഥ എടുത്തിരുക്കുന്നത്. ഒരു മെക്സിക്കൻ കാർട്ടൽ നേതാവ് ലിംഗമാറ്റം നടത്തി ലോകത്തിനു മുന്നിൽ നിന്നു തന്നെ അപ്രത്യക്ഷനാകാൻ തീരുമാനിക്കുന്നതും അതിനായി തന്റെ വക്കീലിന്റെ സഹായം തേടുന്നതുമാണ് കഥ.

∙ എ കംപ്ലീറ്റ് അൺനോൺ
പുസ്തകം - ഡിലൻ ഗോസ് ഇലക്ട്രിക്!
എഴുതിയത് – എലിജ വാൾഡ്
2024ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ജീവചരിത്ര സംഗീത നാടക ചലച്ചിത്രമാണ് 'എ കംപ്ലീറ്റ് അൺനോൺ'. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലനെക്കുറിച്ചുള്ള ഈ ചിത്രം, 2015ൽ എലിജ വാൾഡ് എഴുതിയ 'ഡിലൻ ഗോസ് ഇലക്ട്രിക്!' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഡിലന്റെ ആദ്യകാല സംഗീത വിജയങ്ങളും അദ്ദേഹം നേരിട്ട വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവാദങ്ങൾ വരെയുമുള്ള കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സംഗീത ചരിത്രകാരനായ എലിജ വാൾഡ് ഗ്രാമി അവാർഡ് ജേതാവ് കൂടിയാണ്.

∙ നോസ്ഫെറാതു
പുസ്തകം - ഡ്രാക്കുള
എഴുതിയത് – ബ്രാം സ്റ്റോക്കർ
ബ്രാം സ്റ്റോക്കറുടെ ക്ലാസിക് നോവൽ 'ഡ്രാക്കുള' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം, കൗണ്ട് ഓർലോക്കിന്റെ ഭീതിജനകമായ കഥ പറയുന്നു. എസ്റ്റേറ്റ് ഏജന്റ് തോമസ് ഹട്ടർ തന്റെ ക്ലയന്റായ കൗണ്ട് ഓർലോക്കുമായി ഒരു കൂടിക്കാഴ്ചയ്ക്കായി ട്രാൻസിൽവാനിയയിലേക്ക് പോകുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ, ഹട്ടറിന്റെ ഭാര്യ എല്ലെൻ, സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്. ആ യുവതിയും അവളിൽ പ്രണയത്തിലായ കൗണ്ട് ഓർലോക്കും തമ്മിലുള്ള അഭിനിവേശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

∙ സിങ് സിങ്
പുസ്തകം - ദ് സിങ് സിങ് ഫോളീസ്
എഴുതിയത് – ജോൺ എച്ച്. റിച്ചാർഡ്സൺ
ക്ലിന്റ് ബെന്റ്‌ലിയും ക്വദറും ചേർന്ന് രചിച്ച് ഗ്രെഗ് ക്വദർ സംവിധാനം ചെയ്ത 'സിങ് സിങ്' എന്ന ചിത്രം, ജോൺ എച്ച്. റിച്ചാർഡ്സൺ എഴുതിയ 'ദ് സിങ് സിങ് ഫോളീസ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മാക്സിമം സെക്യൂരിറ്റി ജയിലിലെ കുറ്റവാളികള്‍, ഒരു നാടകം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പുനരധിവാസ പ്രക്രിയയിൽ കലയുടെ പങ്കിനെ ചിത്രീകരിക്കുന്ന ചിത്രം, വ്യക്തിത്വ പരിവർത്തനത്തിന്റെ ശക്തിയെയും സാമൂഹിക പുനരധിവാസത്തിന്റെ പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നു.
സാഹിത്യപ്രേമികൾക്കും സിനിമാരസികർക്കും ഒരുപോലെ ആസ്വാദ്യമായ കഥകള്‍ ആവിഷ്കാരത്തിന്റെ പുതിയ സാധ്യതകളാണ് തുറന്നുടുന്നത്. കഴിഞ്ഞ വര്‍ഷവും മികച്ച ചിത്രത്തിനു നാമനിർദ്ദേശം ലഭിച്ച പത്ത് സിനിമകളിൽ അഞ്ചും പുസ്തകങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങളായിരുന്നു.