ഹു വാസ് അഫ്രെയ്ഡ് ഓഫ് എം. കൃഷ്ണൻ നായർ?

Mail This Article
രോഗികളുടെ നാഡി പിടിച്ചുനോക്കി ജീവിതവും മരണവും തൊട്ടറിഞ്ഞിരുന്ന ജീവൻ മശായിയെപ്പോലെ പുസ്തകങ്ങളുടെ ജീവനാഡിയിലെ ഓരോ മിടിപ്പും തൊട്ടറിഞ്ഞ മഹാനായ വായനക്കാരനായിരുന്നു എം. കൃഷ്ണൻ നായർ. എതിരാളികൾ ആക്ഷേപിച്ചു രസിച്ച സാഹിത്യവാരഫലക്കാരൻ. വായനയുടെ, അറിവിന്റെ തന്നെയും ജനാധിപത്യവൽക്കരണത്തിനു വേണ്ടി തീവ്രമായി യത്നിച്ച മനുഷ്യൻ. തന്റെ കോളം ലിറ്റററി ജേണലിസത്തിൽ കവിഞ്ഞ ഒന്നുമല്ലെന്ന് വിനയാന്വിതനാകുമായിരുന്നു കൃഷ്ണൻ നായർ. മലയാളനാടിൽ തുടങ്ങി കലാകൗമുദിയിലൂടെ സമകാലിക മലയാളത്തിലെത്തിയ കോളം 37 വർഷത്തിലേറെക്കാലം തുടർന്നു. 1969 മേയ് 18ന് ഇറങ്ങിയ മലയാളനാട് വാരികയുടെ ആദ്യലക്കത്തിലാണ് സാഹിത്യവാരഫലത്തിൽ ആദ്യമായി മഷി പുരണ്ടത്. ഡോ. കെ. ഭാസ്കരൻ നായരുടെ ലേഖനത്തെ വിമർശിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇത്രകാലം ആഘോഷിക്കപ്പെട്ട സാഹിത്യ പംക്തികൾ ലോകത്തുതന്നെ കുറവാണ്.
മിത്രങ്ങളേക്കാളേറെ ശത്രുക്കളെ സൃഷ്ടിച്ചു. വിമർശനശരവ്യമേറ്റവർ അദ്ദേഹത്തിനെതിരെ അശ്ലീലം നിറഞ്ഞ കാര്യങ്ങളെഴുതി നോട്ടിസടിച്ച് കേരളത്തിലങ്ങോളമിങ്ങോളം വിതരണം ചെയ്ത കാലമുണ്ടായിരുന്നു. അതായിരുന്നു സാഹിത്യവാരഫലത്തിന്റെ അസാധാരണമായ പ്രഹരശേഷി. സാധാരണ മലയാളിയുടെ ജീവിതത്തെ സാഹിത്യം സ്പർശിക്കുക കൂടി ചെയ്യാത്ത കാലത്താണു നാം ജീവിക്കുന്നത്. ഒരുകാലത്തു വിശ്വസാഹിത്യത്തെ സാധാരണമനുഷ്യരിലേക്കു കൂടി പകർന്ന കൃഷ്ണൻ നായർ സാറിനെപ്പോലെ വലിയൊരു വായനക്കാരനെയും കോളമെഴുത്തുകാരനെയും മലയാളത്തിനു ‘മിസ്’ ചെയ്യുന്ന സന്ദർഭമാണിത്. വാഴ്ത്തുകളല്ലാതെ, വിചാരണകൾ ശീലിക്കാത്ത എഴുത്തുകാർ സാമൂഹിക മാധ്യമങ്ങളിലെ കസർത്തുകൾ കൊണ്ടും ഇൻസ്റ്റഗ്രാം റീലുകൾ കൊണ്ടും വിൽപന എങ്ങനെ കൂട്ടാമെന്നല്ലാതെ തന്റെ എഴുത്തിന്റെ പോരായ്മകളെന്താണെന്നോ അതെങ്ങനെ പരിഹരിക്കണമെന്നോ തിരിച്ചറിയുന്നില്ല. എഴുത്തുകാരുടെ അമിത അവകാശവാദങ്ങളെയും ഊതിവീർപ്പിച്ച അഹംബോധത്തെയും ഒരു കുമിള പോലെ പൊട്ടിച്ചുകളയാൻ കൃഷ്ണൻ നായർ അസാധാരണമായ വൈഭവമുണ്ടായിരുന്നു. അൽപവിഭവക്കാരായ സാഹിത്യപ്രമാണിമാരെ തൊലിയുരിച്ചു നിർത്തിയിട്ടുണ്ട് അദ്ദേഹം.

ഉറക്കമിളച്ചും സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തിയും അദ്ദേഹം വായിച്ചുണ്ടാക്കിയതിന്റെ വാരഫലങ്ങൾ വായിച്ചു പുസ്തകങ്ങളെ ജീവിതത്തിലേക്കു കൂട്ടിയവരിൽ സമൂഹത്തിന്റെ മേലേക്കിടയിലുള്ളവർ മാത്രമല്ല, സാധാരണക്കാരായ തൊഴിലാളികളുമുണ്ടായിരുന്നു. നർമോക്തികൾ കൊണ്ടും രതിനിർഭരമായ കുസൃതി നിറഞ്ഞ നേരംപോക്കുകൾകൊണ്ടും അദ്ദേഹം കോളത്തെ മുഷിപ്പിൽനിന്നു രക്ഷിച്ചുനിർത്തി. മലയാളത്തിലെ എല്ലാ അക്ഷരങ്ങളും അറിയാവുന്ന തന്റെ പേരിനു മുന്നിൽ പ്രഫസർ എന്നുവയ്ക്കരുതെന്ന് പരിഹസിച്ചു പറഞ്ഞു. സാധാരണ മലയാളികൾ പല എഴുത്തുകാരെക്കുറിച്ചും ആദ്യമായി വായിച്ചത് സാഹിത്യവാരഫലത്തിലായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയ്ക്കു ശേഷം മറ്റാരും നിർവഹിക്കാത്ത ചുമതലയായിരുന്നു അത്. സാഹിത്യത്തിൽ അദ്ഭുതങ്ങളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന് ഗംഭീരമായ പുതിയ പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുമ്പോഴൊക്കെ നല്ല വായനക്കാർ ഓർമിച്ചു. വിശ്വസാഹിത്യത്തിലെ ഉജ്വല രചനകളെ ഏതാനും വാക്കുകളിൽ മനോഹരമായി അദ്ദേഹം സംഗ്രഹിച്ചു. വായനക്കാർക്ക് ആ പുസ്തകം തപ്പിപ്പിടിച്ചു വായിക്കണമെന്നു തോന്നിപ്പിക്കും വിധമാണ് അദ്ദേഹം എഴുതിയത്. ഭാഷാപ്രയോഗങ്ങളുടെയും ഉച്ചാരണത്തിന്റെയും കാര്യത്തിൽ അദ്ദേഹം കടുംപിടിത്തക്കാരനായിരുന്നു. അവയെ ‘റ്റൊലറെയ്റ്റ്’ ചെയ്യാൻ ഒരിക്കലും അദ്ദേഹം തയാറായില്ല. (ടോളറേറ്റ് എന്നെഴുതുകയോ ഉച്ചരിക്കുകയോ ചെയ്യരുതെന്ന് പലവട്ടം സാഹിത്യവാരഫലത്തിൽ എഴുതിയിട്ടുണ്ട്)
കുടിച്ച ചായയുടെ വിലയേക്കാൾ മുന്തിയ തുക ടിപ്പ് നൽകിയിരുന്ന അദ്ദേഹം ജീവിതത്തിൽ എല്ലാക്കാലത്തും സുജനമര്യാദയുടെ പാതയിലൂടെ നടന്നു. കോളമെഴുതുമ്പോഴാകട്ടെ, അദ്ദേഹം വിമർശനശരങ്ങൾക്കു മൂർച്ച കൂട്ടി. അടുത്ത സുഹൃത്തുക്കളുടെ പോലും രചനകളെ വിട്ടുവീഴ്ചകളില്ലാതെ വിലയിരുത്തി. അതിൽ അദ്ദേഹം മുഖംനോക്കിയില്ല. എഴുത്തുകാരന്റെ പേരോ പ്രശസ്തിയോ സ്വാധീനശക്തിയോ മാനദണ്ഡമായില്ല. തന്റെ മേശപ്പുറത്തിരിക്കുന്ന കൃതിയുടെ ഗുണം മാത്രമായിരുന്നു പ്രസക്തം.
ഗൂഗിളിനു മുൻപു മലയാളി വായനക്കാരുടെ സെർച്ച് എൻജിനായിരുന്നു അദ്ദേഹം. ലൈഫ് എ യൂസേഴ്സ് മാന്വൽ എഴുതിയ പെരകിനെപ്പോലെ എത്രയോ എഴുത്തുകാരെ കോളത്തിലൂടെ അദ്ദേഹം പരിചയപ്പെടുത്തി. അറിയപ്പെടുന്ന എഴുത്തുകാരുടെ തന്നെ അത്രമേൽ അറിയപ്പെടാത്ത വരിഷ്ഠരചനകളിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോയി. അധികം അറിയപ്പെടാത്ത എഴുത്തുകാർ പോലും നൊബേൽ ജേതാക്കളാകുമ്പോൾ, അവരെക്കുറിച്ച് അദ്ദേഹം എഴുതിയിരുന്ന കുറിപ്പുകളിൽ ആ വായനയുടെ പരപ്പ് വ്യക്തമായിരുന്നു. അവരുടെ കൃതികളെ ചേർത്തുവച്ചും മറ്റു വിഖ്യാതകൃതികളോടു ചേർത്തുവച്ചും മാറ്റുരച്ചു നോക്കി. മുങ്ങിയെടുക്കാൻ ഇന്റർനെറ്റ് ഇല്ലാതിരുന്ന കാലത്താണ് ശാസ്തമംഗലത്തെ വീട്ടിലെ വായനമുറിയിലിരുന്ന് അദ്ദേഹം ഇതു സാധിച്ചത്. കോളമെഴുതിക്കിട്ടിയ പ്രതിഫലം അദ്ദേഹത്തിനു പുസ്തകങ്ങൾ വാങ്ങാൻ തന്നെ തികയുമായിരുന്നില്ല. വായന അദ്ദേഹത്തിന് ആഡംബരമോ ഒഴിവുകാല വിനോദമോ ആയിരുന്നില്ല, അതു ജീവിതം തന്നെയായിരുന്നു. വായിക്കാത്ത ഒരു ദിനം ജീവിക്കാത്ത ദിനം പോലെയാണ് അദ്ദേഹത്തിനു തോന്നിയിരുന്നത്. സാഹിത്യചോരണത്തോളം മോശം ഏർപ്പാടില്ലെന്നു കരുതിയിരുന്ന കൃഷ്ണൻ നായർ ചിലപ്പോൾ ഷെർലക് ഹോംസായി. പദാനുപദ മോഷണവും പ്രമേയ മോഷണവുമെല്ലാം നടത്തിയവരെ കയ്യോടെ പൊക്കി കോളത്തിൽ വിചാരണ ചെയ്തു.
ഇഷ്ടപ്പെട്ട പുസ്തകങ്ങളിലേക്ക് എല്ലാ വർഷവും അദ്ദേഹം പ്രാർഥനാനിർഭരമായ മനസ്സോടെ തീർഥാടനം പോയി. ‘ലെ മിസറാബിൾ’ അദ്ദേഹത്തിന് അതുപോലൊരു പുസ്തകമായിരുന്നു. ആവർത്തിച്ചുവായിച്ച് ഏതാണ്ടു മനഃപാഠമായതുപോലെയായി. താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനവും അദ്ദേഹത്തിന് അതുപോലൊരു പുസ്തകമായിരുന്നു. ഇന്ത്യൻ സാഹിത്യത്തിലെ ദീപസ്തംഭമാണതെന്ന് വിലയിരുത്തി. നൊബേൽ പുരസ്കാരത്തിനു യോഗ്യതയുള്ള ഇന്ത്യൻ കൃതിയായി അതിനെ കണ്ടു.

എഴുത്തിലെ ഔന്നത്യങ്ങൾക്കു മുന്നിൽ അദ്ദേഹം നമ്രശിരസ്കനായി. അധമസാഹിത്യം സമൂഹത്തിനു നേരെയുള്ള കുറ്റകൃത്യമാണെന്നു വിശ്വസിക്കുകയും അതിനെതിരെ നിരന്തരം എഴുതുകയും ചെയ്തു. അദ്ദേഹത്തിനു മോശമെന്നു തോന്നിയ രചനകളോട് ഒരു ഔദാര്യവും കാണിച്ചില്ല. ‘നക്ഷത്രമെവിടെ? പുൽക്കൊടിയെവിടെ?’ എന്ന ചോദ്യം കൊണ്ട് അവയെ പ്രഹരിച്ചു. എഴുത്തിലെ കൊടുമുടികളെ അദ്ദേഹം തൊട്ടു കാണിച്ചു; പാതാളക്കുഴികളെയും. കയ്യും കാലും വച്ച ഒരു പുസ്തകമാണു താനെന്നാണ് വീട്ടുകാർ കരുതുന്നതെന്നു പ്രശസ്ത നിക്ഷേപകനും ഗംഭീര വായനക്കാരനുമായിരുന്ന ചാർലി മംഗർ പറഞ്ഞിട്ടുണ്ട്. പുസ്തകങ്ങൾക്കിടയിൽ കഴിഞ്ഞിരുന്ന കൃഷ്ണൻ നായർ സാറിന്റേതും അതുപോലൊരു ജീവിതമായിരുന്നു. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും വായിക്കാനും വായിച്ചതിനെക്കുറിച്ചു ചിന്തിക്കാനും ചെലവിട്ടു. എഴുത്തുകാരനും ചിന്തകനുമായ വി.സനിൽ ‘വായന ജീവിതം തന്നെ’ എന്ന ലേഖനത്തിൽ സാഹിത്യവാരഫലത്തിന്റെ പ്രസക്തിയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്: ‘ഈ വായനയുടെ സ്ഥാനം എഴുത്തിന്റെ സാഹിത്യചരിത്രത്തിലല്ല, മറിച്ച് കേരളീയ സമൂഹത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ചരിത്രത്തിലാണ്. വായനയുടെ ജനാധിപത്യവൽക്കരണമാണ് സാഹിത്യവാരഫലം.
കൃഷ്ണൻ നായരെ പരിഹസിക്കാനായി കിട്ടൻ എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ട് വികെഎൻ. ഒരു പയ്യൻ എഡ്വേഡ് ആൽബിയുടെ Who is afraid of Virginia Wolf എന്ന പുസ്തകവുമായി കിട്ടനെ സമീപിക്കുന്നു. പുസ്തകത്തിന്റെ പേരൊന്ന് പരിഭാഷപ്പെടുത്തി പറയാമോ എന്ന് അവൻ ചോദിക്കുന്നു. ‘വെള്ളായണി അർജുനനെ ആർക്കാണു പേടി?’എന്നായിരുന്നു കിട്ടന്റെ പരിഭാഷ. കഥയിലെ പ്രഹരത്തിന് വികെഎന്നിനു കോളത്തിലൂടെ കണക്കിനു കൊടുക്കാൻ കൃഷ്ണൻ നായർ മറന്നില്ല.