പുസ്തകവും ഹ്രസ്വചിത്രവുമായി ജോസ് ആലുക്കാസിന്റെ ആത്മകഥ 'ഗോൾഡ്'

Mail This Article
ഇന്ത്യൻ റീട്ടെയിൽ സ്വർണ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ജോസ് ആലുക്കാസിന്റെ ആത്മകഥ പുസ്തക രൂപത്തിലും ഹ്രസ്വ ചിത്രമായും പ്രകാശിതമായി. തൃശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റവന്യുമന്ത്രി കെ. രാജനും ചേർന്നാണ് ‘ഗോൾഡ്’ എന്ന പേരുള്ള ആത്മകഥ പുറത്തിറക്കിയത്. 13 മിനിറ്റ് ദൈർഘ്യത്തിൽ ഡോക്യു ഫിക്ഷൻ രൂപത്തിലാണ് ഹ്രസ്വചിത്രം. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു, ജോസ് ആലുക്കാസ് ജ്വല്ലറി ബ്രാൻഡ് അംബാസഡറും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാനുമായ ആർ. മാധവൻ മുഖ്യാതിഥികളായി.
‘‘അനുഭവങ്ങളെ ഏറ്റവും ചുരുങ്ങിയ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നൈർമല്യമായ ഭാഷ. ഇതൊരു ബിസിനസ് കഥയല്ല. അനുഭവങ്ങളുടെ ഒരു തൃശൂർ പൂരമാണ്. സ്വർണ്ണത്തിന്റെ കഥ, മനുഷ്യ സ്നേഹം, ശക്തൻ തമ്പുരാന്റെ ചരിത്രം, കുടുംബം അങ്ങനെ എല്ലാം ഇതിൽ കാണാം,’’ മന്ത്രി കെ.രാജൻ പറഞ്ഞു
‘‘ലാളിത്യം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ജോസേട്ടൻ. യുവാക്കൾക്ക് പ്രചോദനാത്മകമായ പുസ്തകമാണിത്. എട്ട് പതിറ്റാണ്ടുക്കാലത്തെ വിജയ കഥയാണ് ഗോൾഡ്,’’ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. തൃശൂർ മേയർ എം.കെ.വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആത്മകഥയുടെ ആമുഖം രചിച്ച നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.
വി.കെ.ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എ.സി.മൊയ്‌തീൻ, സേവ്യർ ചിറ്റിലപ്പിള്ളി തൃശൂർ അതിരൂപത മെത്രാപ്പോലീത്ത ആൻഡ്രൂസ് താഴത്ത്, ശ്രീരാമ കൃഷ്ണമഠം സ്വാമി സദ്ഭവാനന്ദ, മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ, ടി.എസ്.പട്ടാഭിരാമന്‍, നന്ദകുമാർ മണപ്പുറം, പോൾ തോമസ്, നാഷനൽ ജെം ആൻഡ് ജ്വല്ലറി കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രമോദ് അഗർവാൾ, ജെം ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ രാജേഷ് റോക്ഡെ, പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷനൽ മാനേജിംഗ് ഡയറക്ടർ വൈശാലി ബാനർജി, ഡി ബിയേഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ അമിത് അമിത് പ്രതിഹാരി, ഇന്ത്യ ഇന്റർനാഷനൽ ബുള്ളിയൻ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ അശോക് ഗൗതം തുടങ്ങിയവർ പങ്കെടുത്തു.
‘‘ഇന്ത്യയുടെ സ്വർണ തലസ്ഥാനമായ തൃശൂരിൽ നിന്നാണ് ഞാൻ തുടങ്ങുന്നത്. എന്റെ 81 വർഷത്തെ ജീവിതം വ്യക്തിപരം എന്നതിനൊപ്പം ഇന്ത്യൻ ജ്വല്ലറി ബിസിനസിന്റെ ചരിത്രത്തിലൂടെയുള്ള യാത്ര കൂടിയാണ്. പുസ്തകം എന്നെ ഞാനാക്കിയ കഥയാണ്, തൃശൂരിന്റെ കൂടി കഥയാണ്,’’ ചെയർമാൻ ജോസ് ആലുക്കാസ് പറഞ്ഞു. ‘‘ദീർഘവീക്ഷണമുള്ള ഒരാളാണ് ജോസേട്ടൻ എന്നതിനു തെളിവാണ് ആ ജീവിത വിജയം. ധൈര്യമാണ് അദ്ദേഹത്തെ നയിച്ചത്. വലിയ നേട്ടങ്ങൾക്കു ശേഷവും അത്യന്തം വിനീതനായി അദ്ദേഹം തുടരുന്നു,’’ ആർ. മാധവൻ പറഞ്ഞു.
കുട ബിസിനസ് നടത്തിയിരുന്ന കുടുംബത്തിലെ കൗമാരക്കാരൻ സ്വർണ്ണ വ്യാപാരത്തിലേക്ക് ഇറങ്ങിയ സാഹസിക കഥ ആത്മകഥയിലുണ്ട്. ഇന്ത്യൻ റീട്ടെയിൽ സ്വർണ വിപണിയിൽ 916ന്റെ പരിശുദ്ധി അവതരിപ്പിച്ചത് അടക്കം പുസ്തകത്തിൽ പരാമർശമുണ്ട്. അദ്ദേഹം സ്ഥാപിച്ച ആലുക്കാസ് ജ്വല്ലറിയിലേക്ക് സഹോദരങ്ങളെ കൊണ്ടു വന്നതും ലോകമാകെ ജ്വല്ലറി വ്യാപിച്ചതും ആത്മകഥ തുറന്നു പറയുന്നു.
രാജ്യത്തിന് അകത്തും പുറത്തുമായി ബിസിനസ് വ്യാപിപ്പിക്കുമ്പോഴും ഫുട്ബോളും നാടകവും നാടും ഹൃദയത്തോട് ചേർത്തു പിടിക്കുകയും തൃശൂരിനോട് ചേർന്നു ജീവിക്കുകയും ചെയ്ത അനുഭവങ്ങളും ഇതിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സംഘടിത ആഭരണശാല അവതരിപ്പിച്ച് ആലുക്കാസ് ജ്വല്ലറി റീട്ടെയിൽ സ്വർണ്ണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചത് എങ്ങനെയെന്നും വിവരിക്കുന്നു. ചടങ്ങിൽ ജോസ് ആലുക്കാസ് ജ്വല്ലറി മാനേജിങ് ഡയറക്ടേഴ്സും മക്കളുമായ വർഗീസ് ആലുക്കാസ്, പോൾ ജെ ആലുക്കാസ്, ജോൺ ആലുക്കാസ് എന്നിവരും പ്രസംഗിച്ചു.