വായനയുടെ ഓര്‍മകളില്‍ മരണം പോലെ ആഴമുള്ള യോസ
.jpg?w=1120&h=583)
Mail This Article
മാരിയോ വര്‍ഗാസ് യോസ ഒരു പേരിനപ്പുറം മഴക്കാലത്തെ വൈകുന്നേരം പോലെ തിരക്കു പിടിച്ച ആശങ്കയാണ്. ലോകസാഹിത്യത്തിന്‍റെ നേര്‍മയുള്ള നനവുകളില്‍ ചുറ്റിത്തിരിയാതെ ആ മഴക്കാലം പ്രക്ഷുബ്ദമായ ഒരു കാലത്തിന്‍റെ ഓര്‍മ്മപുതുക്കല്‍ നടത്തുന്നുണ്ട്. വിപത്തിനു കാരണമാകുന്ന ശരിതെറ്റുകളുടെ കലക്കങ്ങളെ ജീവിതംകൊണ്ടും എഴുത്തുകൊണ്ടും യോസ കലുഷമാക്കുന്നുണ്ട്. പെറുവിയന്‍ എഴുത്തു സംസ്കാരത്തിന്‍റെ ഭാഗമാണോ എന്നതിനപ്പുറം ലോകം ഒന്നിച്ച് ഉത്തരം തേടുന്ന ചോദ്യങ്ങളോട് കൂര്‍പ്പിച്ച വാക്കുകള്‍ക്കൊണ്ടു തന്നെ യോസ ഐക്യപ്പെടുന്നുണ്ട്. അങ്ങനെയൊരാളുടെ മരണം ഒരു നിമിഷത്തേക്കെങ്കിലും നമ്മെ സ്തബ്ദനാക്കുക സ്വാഭാവികമാണ്.
മിലന്‍ കുന്ദേരയുടെ മരണം ഒരു മരവിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യോസയുടെ മരണമാകട്ടെ പിന്നിട്ടുപോയ ഒരു വായനക്കാലത്തിന്‍റെ ഒറ്റപ്പെട്ട തുരുത്തിലേക്ക് ക്ഷണിക്കുകയാണ് ഉണ്ടായത്. മരിയോ വര്‍ഗാസ് യോസ എന്ന പേര് ആദ്യം കാണുന്നത് കോളജ് കാലത്താണ്. 'ദി ആന്‍റ് ജൂലിയ ആന്‍റ് ദ് സ്ക്രിപ്റ്റ് റൈറ്റര്‍' എന്ന പുസ്തകത്തിന്‍റെ പുറം ചട്ടയായിരുന്നു അത്. പിന്നീട് സാമൂഹ്യ ശരിയോട് അത്രയങ്ങ് ചേര്‍ന്നു നില്‍ക്കാത്ത ഒരു പ്രണയകാലത്ത് എന്നെ തുണച്ചത് ആ പുസ്തകത്തിന്‍റെ ഓര്‍മ്മയാണ്.
യോസയുടെ സാഹിത്യമെഴുത്തുകളോട് അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെ കൂട്ടിച്ചേര്‍ക്കുക ഒരു പ്രധാനപ്പെട്ട കാര്യമാണ്. അതിനു കാരണമുണ്ട്. ലാറ്റിനമേരിക്കന്‍ സാഹിത്യമെന്നാല്‍ മാര്‍ക്കേസ് എന്നു വിചാരിച്ചു നിദ്രയാണ്ടിരുന്ന എന്നെപ്പോലെ അനേകരായ വായനക്കാരുടെ അടുത്തേക്ക് മറ്റൊരു രാഷ്ട്രീയവും ഭാവുകത്വവും പറഞ്ഞാണ് യോസ ഇടിച്ചു കയറിയത്. തന്‍റെ വ്യക്തി ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ പരിണിതഫലമായി അദ്ദേഹത്തില്‍ ഉരുവം കൊണ്ടിരുന്ന ബോധ്യങ്ങളും, ത്വക്കില്‍ സ്പര്‍ശിച്ച അനുഭവങ്ങളുമായിരുന്നു യോസ എന്ന ലോക എഴുത്തുകാരന്‍റെ അടിത്തറ. സ്ത്രീപക്ഷ സാഹിത്യത്തോടും അതിനൊത്ത വിചാരങ്ങളോടും യോസ പുലര്‍ത്തിയ അടുപ്പം നേരനുഭവങ്ങളുടെ ഫലമായിരുന്നു എന്ന് പിന്നീട് നമ്മള്‍ മനസ്സിലാക്കുന്നുണ്ട്.

'ദ് ബാഡ് ഗേള്‍' അതിനൊത്ത ഒരു ഉദാഹരണമാണ്. ലൈംഗിക സ്വാതന്ത്ര്യത്തിന്‍റെ, സ്ത്രീ അസ്തിത്വ ബോധ നവീകരണത്തിന്‍റെ പുതിയ വഴികളോട് ബാഡ് ഗേള്‍ വഴി യോസ സംവദിക്കുന്നു. നോവല്‍ വായിച്ചു കഴിഞ്ഞാല്‍ അതിലെ കഥാപാത്രങ്ങളായ ലിലിയും റിക്കാര്‍ഡോയും മനസ്സിനെ ഭരിച്ചുകൊണ്ടിരിക്കും.
ആ ഭരണം എങ്ങനെയാണ് എന്നുള്ളിടത്താണ് മാരിയോ വര്‍ഗാസ് യോസ വ്യത്യസ്തനാകുന്നത്. മനസ്സിന്‍റെ നേര്‍ത്ത പ്രതലങ്ങളില്‍ നൈസര്‍ഗികമായ ഓര്‍മ്മ നല്‍കുന്ന പ്രണയപാരവശ്യമല്ല അവര്‍ നല്‍കുന്നത്. ഉറപ്പുള്ള നിലപാടിന്‍റെ, കടുപ്പിച്ച രാഷ്ട്രീയത്തിന്‍റെ, ലൈംഗികമായ സ്വത്വ നവീകരണത്തിന്‍റെ അംശങ്ങളാണ് അവയിലോരോന്നിലും പ്രത്യക്ഷമായും പരോക്ഷമായും ഉള്ളടങ്ങിയിരിക്കുന്നത്.
മറ്റൊരു തലം, പെറുവിയന്‍ സംസ്കാരത്തിന്‍റെ അകക്കാമ്പുകളെ തിരയുകയായിരുന്നു. അടിത്തട്ടിലുള്ള പെറുവിയന്‍ ഗോത്ര ജനതയുടെ നേര്‍ക്കാഴ്ച അദ്ദേഹത്തിന്‍റെ ചില എഴുത്തുകളില്‍ കാണാന്‍ കഴിയും. 'ദി സ്റ്റോറി ടെല്ലര്‍' എന്ന നോവല്‍ അത്തരമൊരു പശ്ചാത്തലത്തില്‍ ആഖ്യാനം ചെയ്യപ്പെടുന്ന ഒന്നാണ്. അത്തരം നോവലുകളുടെ ഇതിവൃത്തം സൃഷ്ടിക്കപ്പെടുന്നതിന്‍റെ കാരണമന്വേഷിക്കുമ്പോഴാണ് യോസ എന്ന നോവലെഴുത്തുകാരന്‍ തന്‍റെ കാലവും പ്രതിഭയും ഗവേഷണങ്ങളും എങ്ങനെ ചിലവഴിച്ചു എന്നത് മനസ്സിലാക്കാന്‍ കഴിയുന്നത്. പെറുവിയന്‍ ഗോത്ര ജനതയോടൊപ്പം ജീവിച്ചാണ് അദ്ദേഹം അവരുടെ ലോകത്തെയും ആധികളേയും തന്‍റെ ഫിക്ഷന്‍റെ ശക്തിയിലേക്ക് ആവാഹിച്ചത്. സമകാലിക സാഹിത്യ വായനകളില്‍ നിന്നു മാറി നടന്ന് ചരിത്രത്തെയും ചരിത്രാഖ്യായികളായ പഴയ സാഹിത്യത്തെയും തന്‍റെ വായനയില്‍ ഒപ്പം കൂട്ടുന്ന യോസയെ ഒരു അഭിമുഖത്തില്‍ കാണുന്നുണ്ട്. അതും ഇത്തരം രചനകളുടെ രൂപീകരണത്തോട് കൂട്ടി വായിക്കാവുന്നതാണ്.
ജീവിച്ചിരുന്ന കാലത്ത്, മുഖ്യമായും കൗമാര യൗവ്വനങ്ങളുടെ മൂര്‍ച്ഛയില്‍ താന്‍ ആയിരിക്കുന്ന സമൂഹം കടന്നു പോയ രാഷ്ട്രീയ സങ്കീര്‍ണ്ണതകള്‍ യോസ എന്ന എഴുത്തുകാരനെയും വ്യക്തിയേയും സ്വാധീനിച്ചിട്ടുണ്ട്. വിപ്ലവത്തോടും അതിന്‍റെ പരിണിതഫലങ്ങളോടും അദ്ദേഹത്തിനുണ്ടായ മനോഭാവം എഴുത്തുകളില്‍ പ്രതിഫലിക്കുന്നുണ്ട്. വിപ്ലവമെന്ന സ്വപ്നത്തോട് തോള്‍ ചേരുകയും എന്നാല്‍ പില്‍കാലത്ത് അതിന്‍റെ പ്രയോക്താക്കള്‍ തന്നെ ഏകാധിപത്യത്തിന്‍റെ രീതിശാസ്ത്രം പ്രയോഗിച്ചപ്പോള്‍ അതിനോട് അകലാനും വിമര്‍ശിക്കാനും യോസ തയ്യാറായി.. 'ദ് വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദ് വേള്‍ഡ്' പോലെയുള്ള അദ്ദേഹത്തിന്‍റെ രചനകള്‍ അടിച്ചമര്‍ത്തലിന്‍റെ രാഷ്ട്രീയത്തോടും അതിന്‍റെ പ്രയോക്താക്കളുടെ കാരുണ്യമില്ലായ്മകളോടും അതില്‍ ആലംബമില്ലാതാകുന്ന സാധാരണ ജനത്തോടും സംവദിക്കുന്നുണ്ട്.
പ്രിയപ്പെട്ട യോസ, നിങ്ങള്‍ ഈ ലോകം വിട്ടകലുമ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളാല്‍ തുറന്നു കിട്ടിയത് ഒരു നാടിന്‍റെ രാഷ്ട്രീയ നേരുകളിലേക്കുള്ള വഴിയാണ്, ഉള്ളില്‍ തറയ്ക്കുന്ന വൈകാരികത പേറുന്ന കുറേ മനുഷ്യരെയാണ്, സ്വാതന്ത്ര്യത്തിനായ് വെമ്പല്‍ കൊള്ളുന്നവരുടെ രോദനങ്ങളാണ്. കാലങ്ങളോളം നിങ്ങളെ ഞങ്ങളുടെ ഉള്ളില്‍ ജീവിപ്പിക്കാന്‍ ഇതൊക്കെ ധാരാളം തന്നെ. സമൃദ്ധമായ ഒരു വായനക്കാലത്തെ സമ്മാനിച്ചതിന്, തന്നെക്കാള്‍ പതിനൊന്ന് വയസ്സിന് മുതിര്‍ന്ന സ്ത്രീയെ വിവാഹം ചെയ്ത് ശരി തെറ്റുകളോട് കലഹിക്കുന്നത് കാണിച്ചു തന്നതിന് നന്ദി. ഇരുട്ടറയിലേക്ക് മടങ്ങിയിരുന്ന ചില വായനയുടെ ഓര്‍മ്മകളെയെങ്കിലും മരണം കൊണ്ടു പോലും നിങ്ങള്‍ പ്രകാശിപ്പിക്കുന്നുണ്ട്.