ഇനിയും ഏറെ വായിക്കാനുള്ളവർ ഇനിയും വായിച്ചിട്ടില്ലാത്തവരോട്...

Mail This Article
വായിക്കുന്നതെന്തിനാണ് എന്ന ചോദ്യം കേട്ടപ്പോൾ ഓർമ വന്നത് യൂസുഫ് സിദ്ദീഖിനെയാണ്. അതേ, യൂസുഫ് സിദ്ദീഖിനെത്തന്നെ. റഷീദിന്റെയും അസ്മായുടെയും മകൻ. യൂസുഫ് ഒരു അദ്ഭുത പ്രവൃത്തിയും ചെയ്തിട്ടില്ല. അവൻ കോളജിൽ പഠിക്കുകയാണ്. എന്നാലും അവന്റെ പേര് നടുക്കമുണ്ടാക്കുന്നു. അക്ഷരങ്ങൾക്കു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഞെട്ടൽ. അവനും അക്ഷരങ്ങളുമായുള്ള ബന്ധമല്ല കാരണം. അവൻ വായിക്കുമോ ഇല്ലയോ എന്നറിയില്ല. അവന്റെ മാതാപിതാക്കൾ സ്കൂൾ അധ്യാപകരാണ്. ജോലിക്കു പുറത്ത് അവർക്ക് വ്യാപകമായ വായനയുണ്ടെന്നും തോന്നുന്നില്ല. എന്നിട്ടും അവരെ മറക്കാനാവുന്നില്ല. അങ്ങനെയും ചിലരുണ്ട്. ഒരാൾ മാത്രമല്ല യൂസുഫ് സിദ്ദീഖിനെ ഓർമിക്കുന്നത്. റഷീദിനെയും അസ്മായെയും ഓർമിക്കുന്നത്. പണ്ടെങ്ങോ സ്കൂളിൽ പഠിച്ച ഓർമ വരുന്നില്ലേ. പഠിച്ചതുകൊണ്ടു മാത്രമായില്ല. വർഷങ്ങൾക്കു ശേഷം വീണ്ടും വായിച്ചിട്ടുണ്ടെങ്കിൽ ഉറപ്പാണ് യൂസുഫ് സിദ്ദീഖിനെ മറക്കില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ തേൻമാവ് എന്ന കഥയെയും.
ഒരു വേനൽക്കാലത്ത് ചെറിയ പട്ടണത്തിലൂടെ നടക്കാനിറങ്ങിയ റഷീദ് വൃക്ഷത്തണലിൽ അവശനായി കിടക്കുന്ന വൃദ്ധനെ കാണുന്നു. മരിക്കാറായ മനുഷ്യൻ. അയാൾ വെള്ളം ചോദിച്ചു. അടുത്തു കണ്ട വീട്ടിൽ കയറി റഷീദ് വെള്ളം ചോദിച്ചു. സുന്ദരിയായ യുവതി മൊന്തയിൽ വെള്ളം കൊണ്ടുവന്നു. വഴിയിൽ വീണു കിടക്കുന്ന വൃദ്ധനു കൊടുക്കാനാണെന്നു പറഞ്ഞപ്പോൾ അവരും കൂടെയിറങ്ങി. വെള്ളം കിട്ടിയപ്പോൾ അയാൾ എണീറ്റിരുന്നു. റോഡരികിൽ വാടിത്തളർന്നു നിന്ന തൈമാവിന്റെ ചുവട്ടിൽ പാതി വെള്ളം ഒഴിച്ചു. ആരും നട്ടതൊന്നുമല്ല. എങ്ങനെയോ കിളിച്ചുവന്നത്. ബാക്കി വെള്ളം കുടിച്ചിട്ട് വൃദ്ധൻ എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ എന്ന് ആശംസിച്ച ശേഷം അവിടെത്തന്നെ കിടന്നു മരിച്ചു. അയാളുടെ പേര് യൂസുഫ് സിദ്ധീഖ്. ഉറ്റവരും ഉടയവരുമില്ലാത്തയാൾ. വൃദ്ധന്റെ സഞ്ചിയിലുണ്ടായിരുന്ന പണത്തിനൊപ്പം റഷീദും അസ്മായും കുറച്ചു പണം കൂടിയിട്ട് സ്കൂളിലെ കുട്ടികൾക്കു മിഠായി വാങ്ങിക്കൊടുത്തു.

അസ്മായെ പിന്നീട് റഷീദ് വിവാഹം ചെയ്തു എന്നൊരൊറ്റ വരിയിൽ ബഷീർ അവരുടെ അനുരാഗ കഥ പറഞ്ഞു. കൂടുതലൊന്നും പൊലിപ്പിച്ചില്ല. എന്നാൽ അതവിടെ അവസാനിക്കുന്നില്ല. ചില മുഴക്കങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. തേൻമാവ് എന്ന ചെറിയ കഥ നിറയെ ഇത്തരം മുഴക്കങ്ങളുണ്ട്. പിന്നീടു മാത്രം ലഭിക്കുന്ന വെളിപാടുകൾ. അതാണു ബഷീറിന്റെ ശൈലി. പുറമേ കാണുന്ന ലാളിത്യത്തിനുള്ളിലെ അഗാധ ചിന്ത. കഥ പഠിച്ചതു കുട്ടിക്കാലത്താണെങ്കിലും വർഷങ്ങൾക്കു ശേഷം വീണ്ടും വായിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്. പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രിയ സ്ഥലങ്ങൾ ആരാണു വീണ്ടും സന്ദർശിക്കാത്തത്. ചില ഓർമകളെ എന്തുകൊണ്ടാണു വിട്ടുകളയാത്തത്. ഓർമകൾ നമ്മളെയും.
വൃദ്ധൻ വെള്ളമൊഴിച്ച തേൻമാവ് റഷീദും അസ്മായും കൂടി പറമ്പിൽ മാറ്റിനട്ടു പരിപാലിച്ചു. അതിൽ നിറയെ മാങ്ങകൾ. തേൻമാങ്ങകൾ. അയൽക്കാരനും കൊടുത്തു മാമ്പഴം. അതു തിന്നു കഥയും കേട്ട് അയൽക്കാരൻ പോകാൻ തുടങ്ങിയപ്പോഴാണ് അവരുടെ മകൻ നാലു മാമ്പഴം ഒരു കടലാസിൽ പൊതിഞ്ഞുകൊണ്ടു കൊടുത്തത്. ഭാര്യയ്ക്കും മക്കൾക്കും കൊടുക്കാൻ. മകനോടു പേര് ചോദിച്ചു.
യൂസുഫ് സിദ്ദീഖ്.
യൂസുഫ് സിദ്ദീഖ് ?
അതേ, യൂസുഫ് സിദ്ദീഖ്.
വായന മനുഷ്യരെ നല്ലവരാക്കുന്നുണ്ടോ. നൻമയും സഹജീവി സ്നേഹവും സൃഷ്ടിക്കുന്നുണ്ടോ. മികച്ച സമൂഹത്തെ വാർത്തെടുക്കുന്നുണ്ടോ? ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഉത്തരങ്ങളില്ല. അനുഭവങ്ങളുമില്ല. ഒരു മനുഷ്യനു തന്നെ എത്രയോ മുഖങ്ങളാണ്. വായിക്കുമ്പോൾ കര കവിയുന്ന കാരുണ്യം എല്ലാ പ്രവൃത്തികളിലും പ്രതിഫലിക്കണമെന്നില്ല. പൊതുവേദിയിലെ വ്യക്തിയല്ല വീട്ടിലുള്ളത്. റഷീദിനെയും അസ്മയെയും തന്നെയെടുക്കൂ. മകന് യൂസുഫ് സിദ്ധീഖ് എന്നു പേരിട്ട മാതാപിതാക്കളെ. അവരെ ഒരുമിപ്പിച്ച കാരുണ്യത്തെ. സ്നേഹത്തിന്റെ തുടരുന്ന പ്രവാഹം. കാരുണ്യത്തിന്റെ കഥയെഴുതുന്നവർ തന്നെ അറിഞ്ഞോ അറിയാതെയോ എത്രയോ പേർക്കു നേരെ വാതിൽ വലിച്ചടച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ തന്നെ ആരാണു വിധി പറയേണ്ടത്. പറയുന്നത്. കേൾക്കേണ്ടത്. എല്ലാം എന്തിനെങ്കിലും വേണ്ടിയെന്നു ശഠിക്കേണ്ടതുണ്ടോ. നല്ല മനുഷ്യനായാലും ഇല്ലെങ്കിലും വായിക്കാം. വായിക്കാതിരിക്കാം. വിശദീകരണങ്ങൾക്കു പ്രസക്തിയില്ല. ന്യായീകരണങ്ങൾക്ക് ബോധ്യപ്പെടുത്താനുള്ള കരുത്തില്ല. എല്ലാ ചോദ്യങ്ങൾക്കും എല്ലാവരും ഉത്തരം പറയേണ്ടതുമില്ല.
വായനയുടെ ആനന്ദം, ദുഃഖവും അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. വായിക്കുമ്പോഴുള്ള നേട്ടവും വായിക്കാതിരിക്കുമ്പോഴുള്ള നഷ്ടവും അങ്ങനെ തന്നെ.
അപ്പുക്കിളിയെ ഓർക്കുകയായിരുന്നു. ബോർഡിൽ കണക്കെഴുതാൻ മാഷ് തിരിഞ്ഞപ്പോൾ, പതുക്കെ കിളിയുടെ അരികത്തേക്കു നീങ്ങിയ കൊച്ചു സൊഹറയെ. ഒരിലന്തിപ്പഴം അവന്റെ കയ്യിൽ വച്ചുകൊടുത്തിട്ട് അവൾ മെല്ലെ പറഞ്ഞു: പേടിയ്ക്കണ്ടാട്ടോ (ഒ.വി.വിജയൻ).
എന്തിനാണ് ഓർമിച്ചത്. എന്തിനാണു വായിച്ചത്. വായിച്ചില്ലായിരുന്നെങ്കിൽ. ഓർമിച്ചില്ലായിരുന്നെങ്കിൽ.

പന്തീരാണ്ടിനു ശേഷം ഞാനിന്ന് ലീലയെക്കുറിച്ച് ഓർത്തുപോയി. പ്രിയപ്പെട്ട സഹോദരീ, നാഴികകൾക്കപ്പുറത്തുനിന്ന് ഞാൻ മംഗളം നേരുന്നു.. നിന്റെ ഓർമയ്ക്കു വേണ്ടി ഞാനിതു കുറിക്കട്ടെ.
(എം.ടി.വാസുദേവൻ നായർ).
ഓർമയ്ക്കു വേണ്ടി. ഓരോ വാക്കും ഓർമയാണ്. അക്ഷരം. അഴത്തിലെവിടെയോ അവ നശിക്കാതെ കിടക്കുന്നു. എപ്പോഴോ വീണ്ടും കിളിർക്കുന്നു. വായിക്കുമ്പോൾ വ്യാഖ്യാനിക്കാനാവാത്ത മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. അങ്ങനെ തോന്നുന്നത് ഒരാൾക്കു മാത്രമല്ല. അതിനു വേണ്ടി മാത്രം എല്ലാവരും വായിക്കേണ്ടതുണ്ടോ.
ആകെയുള്ള സ്വത്തായിരുന്നു ആ പുതപ്പ്. മഴക്കാലത്തേക്കുള്ള രക്ഷ. അത് നീ എന്തിന് അവനു കൊടുത്തു?
അയാൾ എന്നോട് സംഗീതത്തെക്കുറിച്ചു സംസാരിച്ചു: ആ സ്ത്രീ പുഞ്ചിരിയോടെ പറഞ്ഞു (മാധവിക്കുട്ടി).
എന്തൊരു ഭംഗിയാണ് ആ പുഞ്ചിരിക്ക്. ചെറുപുഞ്ചിരിയോടെയല്ലാതെ വായിച്ചുതീർക്കുന്നതെങ്ങനെ. വായിച്ചില്ലായിരുന്നെങ്കിൽ ആ പുഞ്ചിരി ലഭിക്കുമായിരുന്നോ. അതുല്യമായ നേട്ടം.

ആ സംഗീതം അവസാനിക്കാതിരിക്കട്ടെ; ഓർമകൾ, അക്ഷരങ്ങളും. വായിച്ചില്ലെങ്കിലും ഓർമിക്കുമായിരിക്കും. അതും ഇങ്ങനെതന്നെയായിരിക്കുമോ.
ഇനിയുമുണ്ട് ഏറെ വായിക്കാൻ. സമയം കടന്നുപോകുന്നു.
ഇന്നലെയിലേക്കു പരിപൂർണമായി ലയിക്കാറായ ഇന്ന്. യുഗങ്ങൾ. മന്വന്തരങ്ങൾ. അനന്തമായ, ശാശ്വതമായ ഇന്നലെയിൽ. യാത്ര പറയുകയാണ്. അതിനു മുൻപ്...
വെറുതെ കരം കോർത്തു
പിടിച്ചും കൊണ്ടാ കരിം
തിരകൾക്കിടയിലേക്കി–
റങ്ങിപ്പോയി; വെറും
വെറുതെയൊരു പ്രേമം !
(സുഗതകുമാരി)