Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ.എൻ.വി.ക്ക് പിറന്നാൾ

onv-birthday

മലയാളമണ്ണിന്റെ പാട്ടെഴുത്തുകാരന് ഇന്ന് പിറന്നാൾ ദിനം. ആത്മാവിനെ മുട്ടിവിളിക്കുന്ന വാക്കുകളുമായി മലയാളത്തെ മധുരാനുഭവമാക്കിയ ഓരോ സംഗീതാസ്വാദകന്റേയും പ്രിയകവിക്ക് ജന്മദിനപ്രണാമം.

കൊല്ലം ചവറയിൽ ഒ.എൻ.കൃഷ്ണക്കുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മേയ് 27നാണ് ഒ.എൻ.വേലുകുറുപ്പ് എന്ന ഒ.എൻ.വി. ജനിച്ചത്. അപ്പുവെന്നായിരുന്നു ഓമനപ്പേര്. സംസ്കൃത പണ്ഡിതനും ആയുർവേദ വൈദ്യനുമായിരുന്ന പിതാവായിരുന്നു ഒൻവിയുടെ വഴികാട്ടി.

1955ൽ കൈലാസ് പിക്ചേഴ്സ് നിർമ്മിച്ച ‘കാലം മാറുന്നു എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടാണ് ഒ.എൻ.വി സിനിമാരംഗത്തേക്കു കടന്നുവന്നത്. ഇൗ ചിത്രത്തിലെ ‘‘ആ മലർ പൊയ്കയിൽ....എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് തുടക്കം.

ഒ.എൻ.വിയുടെ ഗാനങ്ങൾക്കു സംഗീതം പകർന്നത് ദേവരാജനാണ്. ‘കളിയോടമായിരുന്നു അടുത്തചിത്രം. ആദ്യം ബാലമുരളി എന്ന പേരിലാണ് പാട്ടെഴുതിയിരുന്നത്. ‘ഗുരുവായൂരപ്പൻ എന്ന ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽ പാട്ടെഴുതി തുടങ്ങിയത്. ചലച്ചിത്രഗാനരംഗത്ത് വയലാർ നിറഞ്ഞുനിന്ന കാലഘട്ടത്തിൽ തന്നെ ഒ.എൻ.വി.യുടെ ഗാനങ്ങളും മലയാള സംഗീതത്തിൽ അലകളുയർത്തി. പിന്നീട് ദേവരാജനുമായി ചേർന്ന് മലയാള ചലച്ചിത്രഗാനരംഗത്ത് പുതിയ യുഗത്തിന് തുടക്കം കുറിച്ചു.

മാണിക്യവീണയുമായെൻ മനസ്സിന്റെ...(കാട്ടുപൂക്കൾ), ഓർമകളേ കൈവളചാർത്തി....(പ്രതീക്ഷ), ആരേയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണുനീ...(നഖക്ഷതങ്ങൾ), ശ്രീലതികകൾ തളിരണിഞ്ഞുലയവേ...(സുഖമോ ദേവി), മാടപ്രാവേ വാ...(മദനോത്സവം),

ഒരുവട്ടം കൂടിയെൻ....(ചില്ല്), വേഴാമ്പൽ കേഴും...(ഓളങ്ങൾ), തുമ്പീ വാ തുമ്പക്കുടത്തിൻ... (ഓളങ്ങൾ), ആടിവാകാറ്റേ പാടിവാകാറ്റേ....(കൂടെവിടെ), കടത്തുതോണിക്കാരാ....(അക്ഷരങ്ങൾ), പുഴയോരഴകുളള പെണ്ണ്....(എന്റെ നന്ദിനിക്കുട്ടിയ്ക്ക്), സാഗരങ്ങളേ....(പഞ്ചാഗ്നി), ശ്രീലതികകൾ....(സുഖമോ ദേവി ), നെറ്റിയിൽ പൂവുളള സ്വർണ്ണച്ചിറകുളള....(മണിവത്തൂരിലെ ആയിരം ശിവരാത്രികൾ), വിൽക്കാനുണ്ടോ സ്വപ്നങ്ങൾ....(ഇന്ദ്രജാലം), തുടങ്ങി പഴശ്ശിരാജയിലെ ആദിയുഷസന്ധ്യവരെ ഒ.എൻ.വി. രചിച്ച എത്രയായിരം ഗാനങ്ങൾ മലയാളിയുടെ ചുണ്ടിലുണ്ട്.

മികച്ച ഗാനരചനയ്ക്കുളള അംഗീകാരങ്ങൾ പലപ്രാവശ്യം ഒ.എൻ.വിയെ തേടിയെത്തി. 1973ൽ ‘സ്വപ്നം എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടുന്നത്. സ്വപ്നം, സർവേകല്ല്, ഒരു സായാഹ്നത്തിന്റെ സ്വപ്നം, പുറപ്പാട്, മദനോൽസവം, ഉൾക്കടൽ, രാധാമാധവം, ഇത്തിരിപൂവേ ചുവന്നപൂവേ, അക്ഷരങ്ങൾ, യാഗം, അമ്മയും മകളും, മണിവത്തൂരിലെ ആയിരംശിവരാത്രികൾ, ആദാമിന്റെ വാരിയെല്ല്, പരസ്പരം, നഖക്ഷതങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1988 ൽ വൈശാലി എന്ന ഭരതൻ ചിത്രത്തിലെ ഗാനങ്ങൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു.

പത്മശ്രീ പുരസ്കാരം (1998), വയലാർ അവാർഡ് (ഉപ്പ്, 1982), സോവ്യറ്റ്ലാൻഡ് നെഹ്റു അവാർഡ ്(1980), ആശാൻ പ്രൈസ് (ശാർങ്ഗകപ്പക്ഷികൾ, 1990) ഉളളൂർ അവാർഡ് (1990), കൊൽക്കത്ത ഭാരതീയ ഭാഷാ പരിഷത്തിന്റെ ഫിൽവാര അവാർഡ് (മൃഗയ, 1992), കേരള സാഹിത്യ അക്കാഡമി അവാർഡ് (അഗ്നിശലഭങ്ങൾ, 1971), കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് (അക്ഷരം,1975) തുടങ്ങിയ ബഹുമതികൾ കവിയെ തേടിയെത്തി. 1982 മുതൽ 87 വരെ കേന്ദ്രസാഹിത്യ അക്കാഡമി ഭരണസമിതി അംഗമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാഡമിയിലും നിരവധി തവണ പ്രവർത്തിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.