Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതതീരങ്ങളിലെ കഥയുടെ ഓളങ്ങൾ

mt

വർഷങ്ങൾക്കുശേഷമാണ് ഞാൻ നാട്ടിൽ വരുന്നത്. അവിടെ എനിക്കിഷ്ടമാണ്. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ അവിടുത്തെ കുറെ മനുഷ്യർ എന്റെ മനസ്സിൽ കഥാപാത്രങ്ങളായവശേഷിക്കുന്നു.

പൊളിഞ്ഞുവീഴാറായി നിൽക്കുന്ന പഴയ വീട് പൊളിച്ചുമാറ്റി പുതിയൊരു വീട് കെട്ടണം. അതിന്റെ പ്ലാനുകൾ തയ്യാറാക്കാനാണ് വന്നിരിക്കുന്നത്. ഈ വാർത്ത പുറത്തുവിട്ടപ്പോൾ ഗ്രമം മുഴുവനുണർന്നു, കേട്ടോ, തെക്കേപ്പാട്ടെ വാസു വലിയ പണക്കാരനായിരിക്കുന്നു.

എംടിയുടെ അയൽക്കാർ എന്ന കഥയുടെ തുടക്കമാണിത്. കഥ പറയുന്ന തെക്കേപ്പാട്ടെ വാസുവിനെ മലയാളികൾ അറിയും; മഠത്തിൽ തെക്കേപ്പാട്ടു വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായരായി. എഴുത്തുകാരന്റെ പേരു തന്നെയാണു കഥാപാത്രത്തിന് ; വീട്ടുപേരിനും മാറ്റമില്ല. ബന്ധുക്കളുടെ പേരുകളും അയൽക്കാരുടെ പേരുകളും സ്ഥലനാമങ്ങളുമെല്ലാം യഥാർഥത്തിലുള്ളതുന്നെ.

ഈ കഥയിൽ നിന്ന് എംടിയേയോ അദ്ദേഹത്തിന്റെ ജീവിതത്തെയോ മാറ്റിനിർത്താനാവില്ല. കഥാകാരന്റെ ജീവിതയും കഥയും ലയിച്ച് ഒന്നായതുപോലെ. കഥയുടെയും ആത്മകഥയുടെ അതിർവരമ്പുകൾ മാഞ്ഞുപോയതുപോലെ...അയൽക്കാർ എന്ന കഥയിൽ മാത്രമല്ല എംടിയുടെ എല്ലാ കഥകളിലും നോവലുകളിലും തിരക്കഥകളിലും എഴുത്തുകാരനുണ്ട്; ഏറിയും കുറഞ്ഞും. ഈ യാഥാർഥ്യം തുറന്നുസമ്മതിക്കാൻ എംടി ഒരിക്കലും മടി കാണിച്ചിട്ടില്ല. ആത്മകഥയെഴുതുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഒരിക്കൽ എംടി പറഞ്ഞത് തന്റെ എല്ലാ കഥകളും നോവലുകളും കൂട്ടിവച്ചാൽ ആത്മകഥയായി എന്നാണ്.

വളരെ ചെറുപ്പത്തിലേ എഴുതിത്തുടങ്ങിയ ആളാണ് എംടി. വായിച്ച കൃതികൾ, എഴുത്തുകാർ ഒക്കെ ആകർഷണമായി അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. അവരെപ്പോലെ എഴുതുക എന്നതല്ല, അവരെപ്പോലെ എനിക്കും എഴുതാൻ കഴിയണേ എന്ന നിഗൂഢമായ, നിശ്ശബ്ദമായ പ്രാർഥനയോടെ അദ്ദേഹം എഴുതി.

ഇതാ ഇവിടെ ഒരു പയ്യൻ എന്തെക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചിലത് എഴുതാൻ ശ്രമിക്കുന്നു. ഞാൻ, ഈ പയ്യൻ ഇവിടെയുണ്ട് എന്ന പ്രാർഥന. കുറേ കഴിയുമ്പോഴേക്ക് അത് എവിടെയെക്കെയോ...കുട്ടികൾ കടലാസുവഞ്ചി കൊണ്ടു കളിക്കുന്നതുപോലെ.

ചിലതൊക്കെ കുറേക്കൂടി അങ്ങോട്ടു പോകും. ചിലതൊക്കെ മുങ്ങിപ്പോകും. മുതിർന്നപ്പോൾ എംടിയുടെ എഴുത്തിലും ശൈലിയിലുമൊക്കെ മാറ്റങ്ങളുണ്ടായി. അദ്ദേഹത്തിന്റെ എഴുത്ത് ജീവിതത്തിന്റെ അപഗ്രഥനവും വിശകലനവുമായി. ജീവിതത്തെ അപഗ്രഥിക്കുക, ഒപ്പം മനുഷ്യന്റെ ഉള്ളിലേക്കു കടന്നുചെല്ലാൻ ശ്രമിക്കുക. ലക്ഷ്യം ചക്രവാളം പോലെ അകലേക്കു പോയിക്കൊണ്ടിരുന്നെങ്കിലും നിരന്തരമായ ശ്രമവും പ്രയത്നവും അദ്ദേഹം തുടർന്നുകൊണ്ടേയിരുന്നു.

സ്വയം കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ച്, ആത്മകഥാപരമായി എഴുതുമ്പോൾത്തന്നെ തന്നിൽ നിന്നും തന്റെ കാലത്തിൽനിന്നും ദൂരേക്കു സഞ്ചരിച്ചു സാർവലൗകികമായ വിഷയങ്ങളേയും കഥാപാത്രങ്ങളെയും അദ്ദേഹം കണ്ടെത്തി. കാലം എന്ന നോവലിലെ സേതു മികച്ച ഉദാഹരണമാണ്. ഒരു കാലഘട്ടത്തിന്റെ മാത്രം കഥാപാത്രമല്ല സേതു, എല്ലാക്കാലത്തിന്റെയുമാണ്. ഉയരത്തിലെത്തുക. ഉയരത്തിലെത്താനുള്ള വെമ്പലിൽ ചവിട്ടിമെതിച്ചു കയറിപ്പോയി മുകളിലെത്തി തിരിഞ്ഞുനോക്കുമ്പോൾ ഒന്നുമില്ല. ശൂന്യത.

ഉയരങ്ങളിൽ എത്തിച്ചേരാനുള്ള വെമ്പലിൽ കാലടികൾകൊണ്ടു പ്രിയപ്പെട്ട പലതും ചവിട്ടിമെതിച്ചാകും യാത്ര. രോദനങ്ങളൊക്കെയുണ്ടാകും. പലതും കേൾക്കില്ല. കുറേക്കഴിഞ്ഞു മുകളിലെത്തി നോക്കുമ്പോഴാണ് അതിനെപ്പറ്റിയൊക്കെ ഓർമ വരുന്നത്. എവിടെയും, ഏതുകാലത്തും സംഭവിക്കാവുന്ന ഈ വിഷയമാണു കാലത്തിന്റെ കേന്ദ്രപ്രമേയം.

കാലവും സാഹചര്യവും മാറുമ്പോഴും മാറ്റമില്ലാത്ത പ്രമേയം. കാലത്തിലൂടെ ഏറെദുരം സഞ്ചരിച്ചു സമൂഹം വിലപ്പെട്ടതെന്നു കരുതുന്ന പലതും നേടി തിരിച്ചെത്തുന്ന സേതുവിനെ നോവലിന്റെ അവസാനം എഴുത്തുകാരൻ കാണിച്ചുതരുന്നു. ഉദയത്തെപ്പറ്റി കവിതയെഴുതാൻ ആഗ്രഹിച്ച ബാല്യകാലത്തെക്കുറിച്ച് അപ്പോൾ സേതു വേദനയോടെ ഓർമിക്കുന്നു.

ഉദയസൂര്യന്റെ രശ്മികൾ തട്ടി തിളങ്ങിയ കുഞ്ഞോളങ്ങൾ കാണാൻ അയാൾ കണ്ണു വിടർത്തിനോക്കുന്നു. അപ്പോഴാണറിയുന്നത് തന്റെ പുഴ മരിച്ചിരിക്കുന്നു, ഒരു തുള്ളി വെള്ളം പോലും ബാക്കിവയ്ക്കാതെ...വിജയകിരീടം കാൽക്കീഴിൽ വീണടിഞ്ഞതുപോലെ... വീടും നാടും അന്യമാകുകയും ഒരിക്കൽ ആവേശത്തോടെ പുണരാൻ കൊതിച്ച സുമിത്ര കൂടി തള്ളിപ്പറയുകയും ചെയ്തപ്പോൾ സേതുവിന്റെ തകർച്ച പൂർണമാകുന്നു.

എംടിയുടെ മികച്ച സൃഷ്ടികളിലൊന്നായ അയൽക്കാർ എന്ന കഥയിലേക്കുതന്നെ മടങ്ങിപ്പോകാം. വർഷങ്ങൾക്കുശേഷം നാട്ടിലെത്തി, വീട് സന്ദർഷിച്ചു, അയൽവീട്ടിൽക്കൂടി പോയതിനുശേഷം തെക്കേപ്പാട്ടെ വാസു മടങ്ങുകയാണ്.

അൽപനേരം കൂടി കിടന്നു. ഞാൻ പോകാനെഴുന്നേറ്റു. സരോജിനി അമ്മയെയും പത്മാവതിയെയും വിളിച്ചു.

‘‘ഇന്യെന്നാ നാട്ടിൽ വര്വാ ? ’’

‘‘എപ്പഴങ്കില്യൊക്കെ വരാം’’

‘‘എടയ്ക്കൊന്നു വന്നുകൂടെ., ഒന്നു കാണ്വെങ്കിലും ചെയ്യാലോ ? ’’

ഞാൻ വീട്ടുമുറ്റത്തേക്കിറങ്ങി, അടുത്ത അതിർ കടന്നാൽ വീടായി. എന്നിട്ടും ദൂരയാത്രയ്ക്കു പോകുന്ന ഒരു ബന്ധുവെ യാത്രയാക്കുന്നപോലെ എല്ലാവരും കോലായിലിറങ്ങി നിന്നു. എനിക്ക് ആകെപ്പാടെ വിഷമം തോന്നി.

അവരുടെ മുഖങ്ങളിലേക്കു നോക്കാൻ ധൈര്യം വന്നില്ല. ‘‘ഞങ്ങളൊക്കെ സാധുക്കളാണ്, ഞങ്ങളെ ഓർമ വേണം.’’ എന്ന ദയനീയഭാവം അവിടെ കണ്ടെന്നുവരും.വാഴകൾക്കിടയിലൂടെ പച്ചയും കുളിർമ്മയുമുള്ള കവുങ്ങിൻതോട്ടത്തിലേക്കുകയറി ഞാൻ വീട്ടിലേക്കു നടന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.