Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലൊരു വീടു വയ്ക്കാൻ എത്രയെത്ര കടമ്പകൾ!

veed

ഏതൊരുവന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. കടം വാങ്ങിയും എങ്ങനെയൊക്കെയോ പണം സംഭരിച്ചും വീടു വയ്ക്കുന്നവരുടെ കൈയിൽനിന്നു കൈക്കൂലി കിട്ടാൻ നിയമവശങ്ങളുടെ നൂലാമാലകൾ പെരുപ്പിച്ചുകാട്ടി തടസ്സങ്ങൾ നിരത്തുന്നവരെ വെറുതെ വിടാമോ?

ആറ്റുനോറ്റ് ഒരു വീടുവയ്ക്കാൻ ഒരുങ്ങുമ്പോഴാണു മലയാളി സ്വന്തം നാട്ടിൽ ‘അന്യനാ’യി മാറുക. ചിരപരിചിതനായ ഉദ്യോഗസ്ഥൻ പോലും കണ്ടാൽ അറിയില്ല! ഓരോ ഓഫിസിലും കയറിയിറങ്ങി ചെരുപ്പു തേയും. ഒടുവിൽ പലരും പറയും: ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതു വിനയായല്ലോ.

കെട്ടിട നിർമാണത്തിന് അപേക്ഷ കൊടുക്കുന്നതു മുതൽ നിർമാണം പൂർത്തിയായി കെട്ടിട നമ്പരിട്ടു കിട്ടുന്നതുവരെ എന്തൊക്കെ കടമ്പകൾ! കടം വാങ്ങിയും ലോണെടുത്തുമൊക്കെ വീടുവയ്ക്കാൻ ഇറങ്ങുന്നവർ അനുഭവിക്കുന്ന സങ്കടങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ. എന്നാൽ ഒരു ചെറിയ വീടുവയ്ക്കാൻ പോകുന്നവർക്കുള്ള തടസ്സങ്ങളൊന്നും വലിയ കെട്ടിടങ്ങളും ഫ്ലാറ്റുകളും പണിയുന്നവർക്കില്ല. എത്ര വേഗമാണ് അവരുടെ ഫയലുകൾക്ക് ചിറകു മുളയ്ക്കുന്നത്!

കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷിക്കുന്ന ദിവസംതന്നെ ലഭിക്കുന്ന വൺഡേ പെർമിറ്റ് സിസ്റ്റം നിലവിലുണ്ട്. ഇതുവഴി പെർമിറ്റ് കിട്ടിയാലും പിന്നീട് ഉണ്ടാകുന്ന സൈറ്റ് ഇൻസ്പെക്‌ഷനിൽ (സ്ഥല പരിശോധന) പല ഉദ്യോഗസ്ഥരും പല തടസ്സങ്ങളും ഉന്നയിക്കും.

സ്വന്തം ഭൂമിയും അതിന്റെ വ്യക്തമായ രേഖകളും ചട്ടപ്രകാരം വിടേണ്ട തുറസ്സായ സ്ഥലത്തിന്റെ രേഖ, ചട്ടപ്രകാരമുള്ള മറ്റു വിവരങ്ങൾ, അനുബന്ധ രേഖകൾ എന്നിവയും, തീരദേശമാണെങ്കിൽ തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുവാദം തുടങ്ങിയവയും ഉണ്ടെങ്കിൽ സേവനാവകാശ നിയമപ്രകാരം 30 ദിവസത്തിനുള്ളിൽ പെർമിറ്റ് നൽകണം. നൽകാൻ പറ്റാത്തതാണെങ്കിൽ അതിനുള്ള കാരണവും ഈ കാലയളവിനുള്ളിൽ അപേക്ഷകനെ അറിയിച്ചിരിക്കണം.

കെട്ടിടം പണി പൂർത്തിയായി ഓക്യുപൻസി സർട്ടിഫിക്കറ്റിനായി അപേക്ഷ കൊടുക്കുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വൈദ്യുതി കണക്‌ഷനും വാട്ടർ കണക്‌ഷനും ലഭിക്കൂ. അതിനു കെട്ടിട നിർമാണ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പൂർത്തിയായ വീട് പരിശോധിക്കാനെത്തും. അറിവില്ലായ്മകൊണ്ടും അല്ലാതെയും പ്ലാനിൽ നിന്ന് അൽപമൊക്കെ വ്യത്യാസം നിർമാണത്തിൽ ചിലരെങ്കിലും വരുത്തിയിട്ടുണ്ടാവും.

കെട്ടിടത്തിന്റെ ഉൾവശത്ത് നടത്തുന്ന ചെറിയ മാറ്റങ്ങൾ സാധാരണയായി ഗൗരവമായി കാണാറില്ല. എന്നാൽ കെട്ടിടത്തിനു ചുറ്റും വിടേണ്ട തുറസ്സായ സ്ഥലം വിട്ടില്ലെങ്കിൽ അതു ചട്ടലംഘനം തന്നെ. കെട്ടിടം പ്ലാൻ അനുസരിച്ചു പണിയാതെ കൈക്കൂലി നൽകി അതു ശരിയാക്കാമെന്ന ഹുങ്കിലാണെങ്കിൽ ഉദ്യോഗസ്ഥനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? ഇങ്ങനെ ചെയ്യുന്നതു ലൈസൻസി എന്ന ഇടനിലക്കാരന്റെ ഉറപ്പു കേട്ടായിരിക്കും.

കെട്ടിട നിർമാണ അപേക്ഷയുമായി നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെത്തിയാൽ ഒരു കാര്യവും നടക്കില്ലെന്ന് അറിയുന്ന പൊതുജനം ഇതുവരെ ആശ്രയിച്ചിരുന്നത് ലൈസൻസികളെയാണ്. പ്ലാൻ വരച്ച് ഒപ്പുവച്ചുകൊടുക്കുന്ന ജോലി മാത്രം ചെയ്യേണ്ട ഇവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള പെർമിറ്റ് വാങ്ങിക്കൊടുക്കൽ, കെട്ടിട നമ്പരിട്ടു കൊടുക്കൽ തുടങ്ങിയ കാര്യങ്ങൾ കൂടി ഏറ്റെടുക്കും. ഉദ്യോഗസ്ഥന് കൊടുക്കേണ്ട മാമൂലും ചേർത്തായിരിക്കും അവർ ഫീസ് ഈടാക്കുക.

ഓഫിസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവായിക്കിട്ടുമല്ലോ എന്ന ചിന്തയിൽ പലരും ചോദിക്കുന്ന ഫീസ് കൊടുത്ത് ഇക്കൂട്ടരെ പ്രോത്സാഹിപ്പിക്കുന്നു. ആ ഏർപ്പാട് ഇനി അധിക കാലമുണ്ടാവില്ല. അഴിമതിക്കു കൂട്ടുനിൽക്കുന്നവരും കുടുങ്ങും.

കൈക്കൂലി കൊടുക്കില്ലെന്ന് ഉറച്ച തീരുമാനമുള്ള ഒരു പൗരനോട് കൈക്കൂലി ആവശ്യപ്പെടാൻ ഏത് ഉദ്യോഗസ്ഥനാണ് ധൈര്യപ്പെടുക ? ഈയിടെ കൊല്ലം ജില്ലയിലെ ഒരു പ്രൈമറി സ്കൂൾ അധ്യാപികയുടെ അനുഭവം പറയാം:  വീടുപണിക്ക് ഒരുക്കം തുടങ്ങിയതോടെ സഹപ്രവർത്തകരും ബന്ധുമിത്രാദികളും ബിൽഡിങ് പെർമിറ്റ് കിട്ടാനുള്ള നൂലാമാലകളെപ്പറ്റി ടീച്ചറെ പറഞ്ഞു പേടിപ്പിക്കാൻ തുടങ്ങി:  ‘‘മുനിസിപ്പാലിറ്റിയിൽ പലതവണ കയറിയിറങ്ങിയാലേ കെട്ടിട പ്ലാൻ കിട്ടൂവെന്ന്.’’  ഈയിടെ വീടുവച്ച ഒരധ്യാപകൻകൂടി പറഞ്ഞതോടെ ടീച്ചർ ആദ്യമൊന്നു തളർന്നു. ടീച്ചർ കംപ്യൂട്ടർ തുറന്നു LSGD വെബ്സെറ്റിൽ കയറിനോക്കി.  

കെട്ടിടപെർമിറ്റ് നൽകുന്നതു സംബന്ധിച്ചു വ്യക്തമായ നിർദേശങ്ങളുള്ള 15–9–2010 ഗവണ്മെന്റ് ഉത്തരവിന്റെ കോപ്പിയെടുത്തു കൈയിൽവച്ചാണ് അപേക്ഷ നൽകാൻ സെക്‌ഷൻ ക്ലാർക്കിന്നരികിലെത്തിയത്.  ക്ലാർക്ക് നിയമവും വകുപ്പും പറ‍ഞ്ഞു വിരട്ടാൻ തുടങ്ങിയപ്പോൾ ടീച്ചർ ഓഫിസിലെ എല്ലാവരും കേൾക്കെ ഉറക്കെ വിളിച്ചു ചോദിച്ചു:  ‘‘സാറെ, ഈ ഉത്തരവിന്റെ കോപ്പി ഈ ഓഫിസിലില്ലേ?’’

അതു ഫലിച്ചു.  നിശ്ചയിച്ച ദിവസപരിധിക്കു മുൻപേ ബിൽഡിങ് പെർമിറ്റ് ടീച്ചറുടെ കൈയിൽ!

ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങൾ ചെയ്താൽ തീരാവുന്ന അഴിമതികളാണു പലതും.  കാരണം കൈക്കൂലി വാങ്ങുന്ന പലർക്കും ഇപ്പോൾ ഒരു പേടി കുടുങ്ങിയിട്ടുണ്ട്.  അത്തരക്കാരിപ്പോൾ നനഞ്ഞിടം മാത്രമേ കുഴിക്കൂവെന്നായിട്ടുണ്ട്.  

കൈക്കൂലി കൊടുക്കില്ലെന്നു നിങ്ങൾ ധൈര്യമായി ഒരു തീരുമാനെമടുത്തോളൂ.  ഒപ്പം ഞങ്ങളുമുണ്ട്.  

Your Rating: