Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനകീയ സാഹിത്യകാരൻ

 ചെറുകാട് ചെറുകാട്

മലയാള സാഹിത്യത്തിൽ പുരോഗമനാശയങ്ങൾക്കു വിത്തു പാകിയ എഴുത്തുകാരനായിരുന്നു ചെറുകാട്. കവിത, കഥ, നോവൽ, നാടകം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം വ്യക്‌തിമുദ്ര പതിപ്പിച്ചു.

സ്വന്തം ചുറ്റുപാടുകളിൽനിന്നു സാഹിത്യരചനയ്‌ക്കുള്ള പ്രമേയം കണ്ടെത്തിയ അദ്ദേഹം സമകാലിക അരുതായ്‌മകളെ നിശിതമായി വിമർശിച്ചും പരിഹസിച്ചും സാഹിത്യ രചനകൾ നടത്തി. മലബാറിൽ പുരോഗമന സാഹിത്യ പ്രസ്‌ഥാനം യാഥാർഥ്യമാക്കുന്നതിൽ ചെറുകാട് ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവച്ചു.

ചെറുകാടിന്റെ സാഹിത്യ കൃതികൾ സാമൂഹികപ്രസക്‌തി വിളംബരം ചെയ്യുന്നതായിരുന്നു. ഒരു കാലഘട്ടം മുഴുവൻ രംഗവേദികളിൽ നിറഞ്ഞുനിന്ന മണ്ണിന്റെ മാറിൽ, മുത്തശ്ശി തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകളുടെ നാടകാവിഷ്‌കാരം ഇന്നും ജനമനസ്സുകൾ കീഴടക്കുന്നവയാണ്.

ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം എന്നിവയാണ് ചെറുകാടിന്റെ മറ്റു നോവലുകൾ. നമ്മളൊന്ന്, തറവാട്, സ്‌നേഹബന്ധങ്ങൾ, മനുഷ്യഹൃദയങ്ങൾ, കുട്ടിത്തമ്പുരാൻ, വിശുദ്ധ നുണ, ജന്മഭൂമി തുടങ്ങിയവയാണ് പ്രധാനനാടകങ്ങൾ.

ജീവിതപ്പാത എന്ന പ്രശസ്‌തമായ ആത്മകഥയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.വിവിധ സാഹിത്യ ശാഖകളിലായി നാൽപ്പതിലേറെ കൃതികൾ ചെറുകാടിന്റേതായുണ്ട്. തന്റെ കൃതികളിൽ സ്‌ത്രീകഥാപാത്രങ്ങൾക്ക് ശ്രദ്ധേയമായ സ്‌ഥാനം നൽകാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു.

കമ്യൂണിസ്‌റ്റ് സഹയാത്രികനായിരുന്ന ചെറുകാട് 1914 ഓഗസ്‌റ്റ് 26ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള ചെമ്മലശ്ശേരി ചെറുകാട് പിഷാരത്ത് ജനിച്ചു. ചെറുകാട് ഗോവിന്ദ പിഷാരോടി എന്നാണ് പൂർണ നാമം.

പിതാവ് കീഴീട്ടിൽ പിഷാരത്ത് കരുണാകര പിഷാരോടി. മാതാവ് നാരായണി പിഷാരസ്യാർ. ലക്ഷ്‌മി പിഷാരസ്യർ ആണു ഭാര്യ.കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സംസ്‌കൃതവും വൈദ്യവും ഹൃദിസ്‌ഥമാക്കി.

മദ്രാസ് സർവകലാശാലയിൽനിന്നു മലയാളം വിദ്വാൻ പരീക്ഷ വിജയിച്ച് വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി നോക്കി. പാവറട്ടി സംസ്‌കൃത കോളജിലും പട്ടാമ്പി സർക്കാർ സംസ്‌കൃത കോളജിലും മലയാള ഭാഷാധ്യാപകനായി.

ആദ്യകാലത്ത് കോൺഗ്രസിൽ ആകൃഷ്‌ടനായിരുന്നെങ്കിലും പിന്നീട് കമ്യൂണിസ്‌റ്റ് ആശയങ്ങളിൽ തൽപരനായി. ജീവിതാന്ത്യംവരെ ആ പ്രസ്‌ഥാനത്തിനു വേണ്ടി പ്രയത്നിച്ചു. രാഷ്‌ട്രീയപ്രവർത്തനത്തിനു ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ചെറുകാടിന് ഒരുകാലത്തു ജോലിയും നഷ്‌ടപ്പെട്ടു. കുറച്ചുകാലം ഒളിവിലും കഴിഞ്ഞു.

വിപ്ലവാത്മകമായ സാഹിത്യ പ്രവർത്തനം നടത്തിയ ഈ ജനകീയ സാഹിത്യകാരൻ 1976 ഒക്‌ടോബർ 28ന് അന്തരിച്ചു. ചെറുകാടിന്റെ സ്‌മരണ നിലനിർത്താൻ പെരിന്തൽമണ്ണ കേന്ദ്രമാക്കി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

അതിലൊന്നാണു ചെറുകാട് സ്‌മാരക ട്രസ്‌റ്റ്. ഈ ട്രസ്‌റ്റ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വർഷംതോറും മലയാളത്തിലെ മികച്ച ഒരു സാഹിത്യ കൃതിക്ക് ചെറുകാട് സാഹിത്യ പുരസ്‌കാരം നൽകിവരുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.