Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരികിലിരുന്നൊരാള്‍ കഥ പറയുന്നു

karoor ഇന്ന് കാരൂരിന്‍റെ ചരമവാര്‍ഷികം

ഏറെ അടുപ്പമുള്ള ഒരാള്‍ അരികിലിരുന്ന് കഥ പറയുന്ന അനുഭവം. ലളിതമായ ഭാഷ..ഹൃദ്യമായ അവതരണം. ആ കഥകള്‍ നമ്മുടെ ഉള്ളില്‍ പിന്നെ വളര്‍ന്നു പന്തലിക്കുകയാണ്. കാരൂര്‍ നീലകണ്ഠപിള്ള എന്ന കഥാകാരന്റെ കൃതികളിലൂടെ കടന്നുപോകുമ്പോള്‍ നമ്മു‍ടെ അനുഭവം അതാണ്. 

സാധാരണക്കാരും നിസ്സഹായരുമായ മനുഷ്യര്‍..അവരുടെ വേദന..ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. അലങ്കാരങ്ങളുടെയും ആഭരണങ്ങളുടെയും ധാരാളിത്തം കൂടാതെ കാരൂര്‍ അവയെല്ലാം അവതരിപ്പിച്ചത് കഥാപാത്രങ്ങളെല്ലാം പച്ചയായ ജീവിതത്തില്‍ നിന്ന് കടന്നുവന്നവരായതുകൊണ്ടായിരുന്നു.

പൊതുവെ കാരൂര്‍ എന്ന് പറയുമ്പോള്‍ അധ്യാപകകഥകള്‍ എന്നായിരിക്കും ഓര്‍മ്മവരുന്നത്. പൊതിച്ചോറ് പോലെയുള്ള കഥകളുടെ പേരുകള്‍ വളരെ പെട്ടെന്ന് നാവിന്‍ത്തുമ്പിലെത്തുകയും ചെയ്യും.ജീവിതത്തിന്റെ സിംഹഭാഗവും അധ്യാപകവേഷത്തിലായിരുന്നതു കൊണ്ട് ആ മേഖലയില്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും കൂടുതലായി കാരൂര്‍ പകര്‍ത്തിയെന്നത് നേര്. പക്ഷേ അതു മാത്രമായിരുന്നില്ല കാരൂര്‍. കാരുര്‍ കഥകളിലെ ഏറ്റവും വ്യത്യസ്തമായ രണ്ടു കഥകളാണ് പൂവമ്പഴവും മരപ്പാവകളും.

karoor

കാരൂരിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ് പൂവമ്പഴത്തിലെ അന്തര്‍ജ്ജനവും മരപ്പാവകളിലെ നളിനിയും. അമര്‍ത്തിവയ്ക്കപ്പെട്ട സ്ത്രീ ലൈംഗികതയോട് ചേര്‍ത്തുവച്ചുകൊണ്ടുള്ള ആധുനികവായനകള്‍  കൂടി ആ കഥകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഏതു കഥയെയും അതിനപ്പുറം വായിക്കാന്‍ കൂടിയുള്ള സാധ്യതകള്‍ തുറന്നുതരുന്നവയാണല്ലോ നല്ല കഥകള്‍. അത്തരം പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ് ഈ കഥകള്‍. ഭാരതീയ കാവ്യശാസ്ത്രകാരന്മാരിലൊരാളായ ആനന്ദവര്‍ദ്ധന്‍ പറയുന്നതുപോലെ ധ്വനിയുണര്‍ത്തുന്ന കഥകള്‍. 

ഉതുപ്പാന്റെ കിണറാണ് കാരൂരിന്റെ മറ്റൊരു ശ്രദ്ധേയ രചന. ഇവിടെയും പള്ളിക്കൂടം പരിസരത്ത് നിന്ന് മാറിനിന്നുകൊണ്ടാണ് കാരൂര്‍ കഥ പറഞ്ഞത്. യന്ത്രവല്‍ക്കരണം മനുഷ്യന്റെ നന്മകളെ ഇല്ലാതാക്കുന്നു എന്നാണ് ഇതിലൂടെ കഥാകൃത്ത് സങ്കടപ്പെട്ടത്.  സാര്‍ വന്ദനം പോലെയുള്ള കഥകളില്‍ കണ്ണ് നനയിപ്പിച്ചുകൊണ്ട് ചിരിപ്പിക്കാനുള്ള കാരൂരിന്റെ സാമര്‍ത്ഥ്യത്തെയും കാണാതിരുന്നൂകൂടാ. 

മലയാള സാഹിത്യത്തിലെ നവോത്ഥാനഘട്ടത്തിന്റെ വക്താക്കളിലൊരാളായിരുന്നു കാരൂര്‍. തകഴിക്കും ബഷീറിനും വര്‍ക്കിക്കും ഒപ്പം നവോത്ഥാനകാലത്തിന്റെ ദീപ്തമത്തായ മുഖങ്ങളിലൊന്നായി നീലകണ്ഠപിള്ള എന്ന കാരൂരുമുണ്ടായിരുന്നു.1932 ല്‍  ആണ് കാരൂരിന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചത്. ഭൃത്യവാത്സല്യം എന്നായിരുന്നു പേര്. തുടര്‍ന്ന് 22 സമാഹാരങ്ങളിലായി 187 കഥകള്‍. കൂടാതെ നാടകവും ബാലസാഹിത്യവും. ആനക്കാരന്‍, മോതിരം എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവര്‍ഡ് ലഭിച്ചിട്ടുണ്ട്.

കോട്ടയം, ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ 1898 ഫെബ്രുവരി 22 നായിരുന്നു ജനനം. ഏഴാം ക്ലാസ് പാസായതോടെ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. കഥാകാരന്‍ എന്നതിനൊപ്പം തന്നെ കാരൂരിനെ അവിസ്മരണീയനാക്കുന്ന മറ്റൊരു ഘടകം സാഹിത്യപ്രവര്‍ത്തകസഹകരണ സംഘത്തിന്റെ സ്ഥാപിത സെക്രട്ടറി എന്ന പദവിയാണ്. ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗമെന്ന നിലയില്‍ എഴുത്തുകാര്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പുവരുത്തുന്ന കാര്യത്തിലും സഹകരണസംഘത്തെ ഏഷ്യയിലെ തന്നെ മികച്ച സാഹിത്യസംഘടനയായി വളര്‍ത്തുന്നതിലും കാരൂര്‍ വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. 1975 സെപ്തംബര്‍ 30 ന് ആയിരുന്നു മരണം.