Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ഓർമകളിൽ എം.ടിയും ടി. പത്മനാഭനും

memoirs നാളെ മാതൃദിനം. അമ്മയെക്കുറിച്ചുള്ള സ്നേഹനൊമ്പരസ്മരണകൾ പങ്കു വയ്ക്കുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ എം.ടി യും, ടി. പത്മനാഭനും.

അമ്മ തന്ന ആ ഒരുറുപ്പിക നാണയം

എം.ടി.വാസുദേവൻനായർ

എന്നെ ഗർഭം ധരിച്ച സമയത്ത് അമ്മയുടെ ആരോഗ്യം ഭദ്രമായിരുന്നില്ല. പ്രസവം ഒഴിവാക്കണമെന്ന് നാട്ടുവൈദ്യന്മാർ വിധിച്ചു. ഗർഭമലസാനുള്ള മരുന്നുകൾ കൊടുത്തു. പക്ഷേ, ഫലിച്ചില്ല. ജനിക്കാൻ വിധിക്കപ്പെട്ടവനായതുകൊണ്ടായിരിക്കും ഞാൻ പിറന്നു. ആരോഗ്യം ഉണ്ടായിരുന്നില്ല. 

അച്ഛൻ സിലോണിൽ നിന്നു ഒരു പെൺകുട്ടിയുമായി വന്ന സംഭവത്തെപ്പറ്റി ഞാനൊരു കഥയെഴുതിയിട്ടുണ്ട്.–നിന്റെ ഓർമ്മയ്ക്ക്. അതു മകളാണോ എന്ന കാര്യം തീർച്ചയില്ല. സിലോണിലെ സ്ത്രീക്ക് ആദ്യഭർത്താവിലുണ്ടായതാണെന്നും സംസാരമുണ്ടായിരുന്നു. പിന്നീട് അച്ഛന് അവിടെ ഒരു മകനുണ്ടായി എന്നും പ്രഭാകരൻ എന്നാണുപേരെന്നും പഴയ കത്തുകൾ പരിശോധിച്ച് ജ്യേഷ്ഠൻമാർ കണ്ടെത്തി. ഈ സംഭവത്തിനു ശേഷം അമ്മ അച്ഛനുമായി അകന്നു. ഓരോ വരവിലും അച്ഛൻ കൂടല്ലൂര് വരുമെന്നു മാത്രം. പക്ഷേ, കൂടുതൽ പുന്നയൂർക്കുളത്തായിരുന്നു. അമ്മ അങ്ങോട്ടു പോവില്ല. അച്ഛന് അമ്മ എഴുതിയിരുന്ന കത്തുകളെല്ലാം വളരെ ഔപചാരികസ്വഭാവമുള്ളതായിരുന്നു. മിക്കവാറും ചെലവുകളുടെ കാര്യം. അടുത്തമാസം ഇന്ന ചെലവുണ്ടാകും. ഇത്തവണ അരിവാങ്ങേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ. 

അമ്മയ്ക്ക് ഒരുപാടാളുകൾക്കു വച്ചുവിളമ്പികൊടുക്കുന്നതുപോലെ ഇഷ്ടപ്പെട്ട കാര്യമില്ല. സഹായത്തിനായി ആരെങ്കിലും എന്നുമുണ്ടാകും. ഭാഗം പിരിഞ്ഞ് താമസിക്കുന്ന ഏതെങ്കിലും കുടുംബത്തിലെ പെൺകുട്ടികളോ സ്ത്രീകളോ. അമ്മയുടെ സഹായിയായി നിൽക്കാൻ അവർക്കിടയിൽ മൽസരമായിരുന്നു. അമ്മ വാരിക്കോരി കൊടുക്കാൻ മടിക്കില്ല എന്നവർക്കറിയാമായിരുന്നതുകൊണ്ട്...

അമ്മയും ചെറിയമ്മയുമൊന്നും നാടൻരീതിയനുസരിച്ച് അമ്പലങ്ങളിൽ പോകുന്നതോ പ്രാർഥിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. രാവിലെ കുളിയും കുറിയുമൊന്നുമില്ല. വൈകുന്നേരമാണു കുളി. 1953 ജനുവരിയിൽ അമ്മയെ ചികിൽസയ്ക്കു മദ്രാസിലേക്കു കൊണ്ടുപോയി. കാൻസറായിരുന്നു. അതിന്റെ ഗൗരവമൊന്നും അറിഞ്ഞിരുന്നില്ല. മൂത്ത ജ്യേഷ്ഠനായിരുന്നു കൂടെ. ഒലവക്കോട് സ്റ്റേഷനിൽ പോയി ഞാൻ അമ്മയെ കണ്ടു. ഒരു സ്ലീപ്പർ കംപാർട്ടമെന്റിൽ വിരിച്ചിട്ടുണ്ട്. അമ്മ തലയണയിൽ ചാരി കാൽനീട്ടി ഇരിക്കുന്നു. വണ്ടി പോകുംമുൻപ് അമ്മ കോന്തലയിൽ നിന്ന് എന്തോ എടുത്ത് എനിക്കു നീട്ടി. ഒരുറുപ്പിക നാണയമായിരുന്നു. പണമായി അതേ അമ്മയുടെ കൈയിലുള്ളൂ. 

m.t

ഒരുമാസത്തിനു ശേഷം അമ്മയെ തിരിച്ചുകൊണ്ടുവന്നനു. പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയമാണ്. ഞാൻ രാവിലത്തെ വണ്ടിക്കുപോയി അമ്മയെ കണ്ടു. വൈകുന്നേരത്തെ വണ്ടിക്കു മടങ്ങി. അമ്മ കിടക്കുന്നതുകണ്ടപ്പോൾ ഞാൻ പരവശനായി.  ദുഖം കടിച്ചമർത്തിപ്പിടിച്ചുകൊണ്ട് കട്ടിലിന്നരികെ നിന്നു. അമ്മ ആകെ കരിഞ്ഞുണങ്ങിയിരിക്കുന്നു. വെളുത്തുതടിച്ച അമ്മയുടെ രൂപം എത്ര പെട്ടെന്നാണ് മാറിയത്. സംസാരിക്കാൻ വയ്യായിരുന്നു. എന്നെ കുറച്ചിട നോക്കി. പിന്നെ കണ്ണടച്ചുകിടന്നു. 

പരീക്ഷയ്ക്കിടയിലാണ് നാട്ടിൽ നിന്ന് ആളുവന്നത്.  വലിയേട്ടന്റെ കത്തുണ്ട്. 'അമ്മ തലേന്നു രാത്രി മരിച്ചു. താൻ വരണ്ട. പതിനാലിനു വന്ന് ബലിയ്ക്കു കൂടിയാൽ മതി. പരീക്ഷയൊക്കെ ശ്രദ്ധിച്ചെഴുതുക'... 

അമ്മയെന്ന കെടാവിളക്ക്

ടി. പത്മനാഭൻ

എന്റെ അമ്മ അമ്മുക്കുട്ടിയമ്മ ജീവിതത്തിൽ ഒരിക്കലും വെള്ളം ചേർത്തിരുന്നില്ല. സ്നേഹിക്കാൻ മാത്രം അറിയുന്ന സ്ത്രീയായിരുന്നു. 

മക്കളിൽ ഇളയതായതിനാൽ അമ്മയുടെ ലാളന ഏറെ കിട്ടിയത് എനിക്കായിരുന്നു. ’പപ്പാ’ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. ഞങ്ങൾക്ക് ഓർമിക്കാൻ മനസ്സിലൊരു ചിത്രം തരും മുമ്പേ അച്ഛൻ പുതിയടത്ത് കൃഷ്ണൻനായർ മരിച്ചു. മദ്രാസ് സർവെ ഡിപ്പാർട്ടമെന്റിലായിരുന്നു ജോലി. അച്ഛൻ വളരെ വെളുത്തിട്ടായിരുന്നു. അമ്മ കറുത്തിട്ടും. 

T.padmanabhan

ഏറെ ക്ലേശിച്ചാണ് അമ്മ മക്കളെ വളർത്തിയത്. അമ്മാവൻ സഹായിക്കാനുണ്ടെങ്കിലും നാലുമക്കളെ വളർത്തി വലുതാക്കാ‍ൻ ഞങ്ങൾക്കായി അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകളൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ‘കത്തുന്ന ഒരു രഥചക്രം’ എന്ന കഥയിൽ എന്റെ അമ്മയുണ്ട്. മക്കളെ വളർത്താൻ പശുക്കളെ പോറ്റുന്ന ആ അമ്മ അമ്മുക്കുട്ടിയമ്മ തന്നെയാണ്. പശുവിന് കറവ വറ്റാറാകുമ്പോൾ പാലു കുറയും. അന്നേരം ആവശ്യക്കാർക്കു കൊടുക്കാൻ വെള്ളം ചേർക്കുക നാട്ടിൻപുറത്തൊക്കെ പതിവായിരുന്നു. എന്നാൽ അമ്മ ഒരിക്കലും അങ്ങനെ ചെയ്തിരുന്നില്ല. കുട്ടിക്കാലത്ത് അമ്മ ഒത്തിരി കഥകൾ പറഞ്ഞുതരുമായിരുന്നു. ഗുണപാഠങ്ങളടങ്ങിയ  ചെറിയ ചെറിയ കഥകളായിരുന്നു എല്ലാം. പണ്ടൊരു കുരങ്ങൻ മിന്നാമിനുങ്ങിനെ പിടിച്ച് ഊതിയപ്പം സൂചിമുഖി പക്ഷി ചോദിച്ചു –‘നീയെന്തു വിഡ്ഢിത്തമാണ് ചെയ്യുന്നത്. അത് മിന്നാമിനുങ്ങല്ലേ, തീയല്ലല്ലോ’. കുപിതനായ കുരങ്ങൻ സൂചിമുഖിപക്ഷിയെ അടിച്ചുകൊന്നു. ഇത്തരം ഗുണപാഠങ്ങളുള്ള കഥയായിരുന്നു അമ്മ പറഞ്ഞുതന്നത്. 

അഞ്ചാം ക്ലാസ് വിദ്യാഭ്യാസമേ അമ്മയ്ക്കുണ്ടായിരുന്നുള്ളൂ. ഇംഗ്ലിഷ് അത്യാവശ്യത്തിന് അറിയാമായിരുന്നു. അന്ന് ജാതിചിന്തയൊക്കെ ശക്തമായി ഉള്ള കാലമായിരുന്നു. പട്ടർ, വാര്യർ, മാരാർ, നായർ, ഏതാനും കീഴ്ജാതിക്കാർ– ഇതായിരുന്നു അന്നത്തെ പള്ളിക്കുന്ന്. എന്നാൽ അമ്മയ്ക്കടുപ്പം കീഴ്ജാതിയിലെ വീട്ടുകാരോടായിരുന്നു. നായർ തറവാട്ടിലൊന്നും കീഴ്ജാതിക്കാരെ അടുപ്പിക്കില്ല. പക്ഷേ, അമ്മയുടെ മനസ്സിൽ അത്തരമൊരു വേർതിരിവുണ്ടായിരുന്നില്ല. താഴ്ന്ന ജാതിയിലെ സ്ത്രീകളോട് അമ്മ സ്വന്തമെന്നപോലെ പെരുമാറി. അവരെല്ലാം ഒന്നിച്ചു പഠിച്ചവരായിരുന്നു. ഇന്ന് സങ്കൽപ്പിക്കാൻ പോലുമാവാത്തതരം ബന്ധമായിരുന്നു അവർ തമ്മിൽ. കൊണ്ടും കൊടുത്തും സമാധാനത്തോടെ കഴിഞ്ഞിരുന്ന കാലം.

കൂട്ടുകാരെയെല്ലാം വീട്ടിൽ  വിളിച്ചു വരുത്തി ഭക്ഷണം നൽകുന്നത് ഞാൻ എത്രയോ കണ്ടിട്ടുണ്ട്.  അന്യന്റെ കുറ്റം പറയാൻ അമ്മ പോയിരുന്നില്ല. അത് അമ്മയ്ക്ക് ഇഷ്ടവുമായിരുന്നില്ല. ഒഴിവു സമയങ്ങളിൽ വീട്ടിൽ എന്തെങ്കിലും ജോലിയായി കഴിയും. പൂന്തോട്ടമുണ്ടാക്കലായിരുന്നു ഏറ്റവും ഇഷ്ടം. അന്ന് എല്ലാ വീടുകളിലും സാമാന്യം നല്ലൊരു പുസ്തക ശേഖരമുണ്ടാകുമായിരുന്നു. എന്റെ വീട്ടിലുമുണ്ടായിരുന്നു. അവയെല്ലാം അമ്മ വായിക്കുന്നത് ഞാൻ കണ്ടിട്ടുമുണ്ട്. 

ചിറക്കൽ രാജാസ് സ്കൂളിലെത്തിയപ്പോൾ വിദ്യാർഥി കോൺഗ്രസ് സെക്രട്ടറിയായിരുന്നു ഞാൻ. മദ്രാസ് സ്റ്റേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞങ്ങളും പ്രവർത്തിച്ചിരുന്നു. 1945ൽ പാലക്കാട് നടന്ന വിദ്യാർഥി കോൺഗ്രസ് ക്യാംപിൽ പങ്കെടുത്തു.  എറണാകുളത്തെ ക്യാംപിലും ഞാൻ പോയിരുന്നു.  പൊലീസുകാരുടെ കൈവശം പെട്ടാൽ ജീവിതം തന്നെ തുലഞ്ഞുപോകുമായിരുന്നു. പക്ഷേ, അന്ന് അതൊന്നും ചിന്തിക്കുകയുണ്ടായില്ല. ജാഥ, പ്രകടനം എന്നിവയെല്ലാം കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടിലെത്തിയിരുന്നത്.

എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ അമ്മയ്ക്ക് വേവലാതിയില്ലായിരുന്നു. പക്ഷേ, രാത്രി വൈകിയെത്തുന്നതിൽ അമ്മ എന്നും സങ്കടം പറയും. എന്നാൽ എനിക്ക് അക്കാര്യത്തിൽ അമ്മയെ അനുസരിക്കാൻ കഴിയുമായിരുന്നില്ല. വിദ്യാർഥി കോൺഗ്രസ് ഭാരവാഹിയായതിനാൽ പലതിന്റെയും ചുമതല എന്റെ തലയിലായിരിക്കും. അതെല്ലാം തീർത്ത് എത്തുമ്പോഴേക്കും രാത്രിയാകും. വിശാലമായ ജയിൽപറമ്പ് കടന്ന് ഞാൻ വരുന്നതും കാത്ത് അമ്മ  വിളക്കും കത്തിച്ച് പല രാത്രികളിലും ഉറങ്ങാതെ കാത്തിരിക്കും. അമ്മയുടെ പ്രാർഥനയുടെ ശക്തികൊണ്ടായിരിക്കും ഞാൻ ആപത്തിലൊന്നും ചെന്നു ചാടിയില്ല.