Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിയുണ്ടകൾക്കു വേണോ ഇനിയും അമ്മമാരെ?

mothers day വേദനയുടെ വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട എല്ലാ അമ്മമാർക്കും, ഈ മാതൃദിനത്തിൽ മോചനപ്രതീക്ഷയുടെ ചോരയിൽ കുളിച്ച വാടാത്ത പൂവുകൾ.

ആ അമ്മ ഒരു തുള്ളിക്കണ്ണീർ നിലത്തുവീഴ്ത്തിയാൽ മുല്ലപ്പെരിയാർ ഡാം പൊട്ടി നിൽക്കുന്നിടം മുങ്ങിപ്പോകുമെന്നു തോന്നി. കണ്ണ് മുകളിലേക്കുയർത്തിയാൽ ഓസോൺപാളി തകർന്നു തരിപ്പണമാകും. ഇല്ല, ഒന്നുമുണ്ടായില്ല. പോരാട്ടങ്ങളിലെ ഒരോ വെടിയുണ്ടയും തറയ്ക്കുന്നത് ഓരോ അമ്മമാരുടെ മാറിലാണെന്ന റഷ്യൻകവി കൂറിലോവിന്റെ വാക്കുകൾ ഓർമിപ്പിച്ച് അമ്മ നിന്നു: ദാസിന്റെ അമ്മ. 

മലയാളകവിതയിൽ ഭാവുകത്വത്തിന്റെ പുതിയ വഴി വെട്ടിത്തുറന്ന പി.എൻ. ഗോപീകൃഷ്ണന്റെ മികച്ച കവിതകളിലൊന്നായ ദാസിന്റെ അമ്മ വിപ്ളവപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിച്ച് 1982–ൽ ആത്മഹത്യ ചെയ്ത സുബ്രമണ്യദാസിന്റെ അമ്മയെക്കുറിച്ചാണ്. മകൻ സ്വയം മരണം വരിച്ചതിനുശേഷവും അണയാത്ത തിരി പോൽ സഹനത്തിന്റെ കനലുകൾ ജ്വലിപ്പിച്ചു ജീവിക്കുന്ന അമ്മയെക്കുറിച്ച്. സുഹൃത്തുക്കൾക്കൊപ്പം ദാസിന്റെ അമ്മയെക്കാണാൻപോയതിന്റെ ഓർമയിൽ ഗോപീകൃഷ്ണൻ എഴുതിയ കവിത അടുത്തകാലത്തു വായനക്കാരെ വളരെയേറെ വേദനിപ്പിച്ചു.രോഷം കൊള്ളിച്ചു. എന്തിനെന്നില്ലാതെ അസ്വസ്ഥരാക്കി. അമ്മദിനത്തിൽ മലയാളം ആവർത്തിച്ചുവായിക്കേണ്ട കവിത. 

pn-gopikrishnan സുഹൃത്തുക്കൾക്കൊപ്പം ദാസിന്റെ അമ്മയെക്കാണാൻപോയതിന്റെ ഓർമയിൽ ഗോപീകൃഷ്ണൻ എഴുതിയ കവിത അടുത്തകാലത്തു വായനക്കാരെ വളരെയേറെ വേദനിപ്പിച്ചു.രോഷം കൊള്ളിച്ചു. എന്തിനെന്നില്ലാതെ അസ്വസ്ഥരാക്കി. അമ്മദിനത്തിൽ മലയാളം ആവർത്തിച്ചുവായിക്കേണ്ട കവിത.

മഴ പെയ്യണേ എന്ന് അന്തരീക്ഷം ആഗ്രഹിക്കുന്ന സായാഹ്നത്തിലായിരുന്നു യാത്ര. മരിച്ച സുഹൃത്തിന്റെ വീട്ടിലേക്ക്. ആളിക്കത്തുന്ന യൗവ്വനത്തിന്റെ ആവേശരുപമായ ദാസ് മനുഷ്യന്റെ നൻമ ആഗ്രഹിക്കുന്ന എല്ലാവരുടെയും സുഹൃത്തായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലാതായി എല്ലാവരും സമൻമാരായി ജീവിക്കുന്ന പുതിയൊരു ലോകം സ്വപ്നം കണ്ട എല്ലാ വിപ്ളവകാരികളുടെയും സുഹൃത്ത്. വീട്ടിലേക്കു വഴി തെറ്റിപ്പോകേണ്ടതായിരുന്നു. ദാസിന്റെ അമ്മ ഫോണിലൂടെ വഴി ശരിയാക്കിക്കൊടുത്തു. വീടടുക്കുന്തോറും കൂടെയുള്ള സുഹൃത്തുക്കളുടെ ഉള്ളംകൈ വിയർത്തു. കവി ന്യായീകരിക്കുന്നു; അവൻ ദേവൻ‍മാരല്ലല്ലോ, വെറും മനുഷ്യരല്ലേ. 

മരണം നടന്ന വീടുകളിലേക്ക് ഇതാദ്യമല്ല യാത്ര. മുറ്റത്തെ മരങ്ങൾ വെട്ടിയൊതുക്കിയിരിക്കും. പന്തൽ വലിച്ചുകെട്ടിയിരിക്കും. അടുത്തടുത്ത്, എന്നാൽ പരസ്പരം തൊടാതെ, തൊട്ടാൽ ജീവനടിച്ചു ചത്തുകളയുമോ എന്നു പേടിച്ച് ഭാഷ താഴ്ത്തി, മരണത്തിന്റെ കറുത്ത ഗുളിക വിഴുങ്ങിയവരെപ്പോലെ ആളുകൾ കൂട്ടംകൂടി നിൽക്കുന്ന വീടുകൾ. കുട്ടികൾക്കു മാത്രം എന്തു ചെയ്യണമെന്നറിയില്ല. അതിലൊരുവൻ മരിച്ചവനരികിലൂടെ ചൂളം വിളിച്ചു തിരക്കിട്ടു പായുന്നു. അവനെ ആരും കാണുന്നില്ലെങ്കിലും മരിച്ചവൻ മാത്രം കാണുന്നു. അവർ മാത്രമാണല്ലോ അവിടെ നിഷ്കളങ്കർ. അഭിനയിക്കാനറിയാതെ, അവരവരായിത്തന്നെ നിൽക്കുന്നവർ. 

mothersday ചക്രവർത്തിയുടെ ഭാര്യക്കും വിപ്ളവകാരിയുടെ കാമുകിക്കുമൊപ്പം സ്ത്രീകൾക്കു നേടിയെടുക്കാവുന്ന മൂന്നാമതൊരു പദവിയെക്കുറിച്ച് ഹെർമൻ ഹെസ്സേ എഴുതിയിട്ടുണ്ട് : രക്തസാക്ഷിയുടെ അമ്മ.

ദാസിന്റെ അമ്മയെ കണ്ടു. അവന്റെ നെഞ്ചിലേക്ക് മെഴുതിരി പോലെ ഉരുകിവീണുകൊണ്ടിരുന്ന കണ്ണുകളുയർത്തി അമ്മ സുഹൃത്തുക്കളോടു ചിരിച്ചു. ഇടിവെട്ടി തകർത്തുപെയ്ത് പ്രപഞ്ചം എല്ലാറ്റിനെയും ചവിട്ടിക്കൂട്ടുമെന്നു പേടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. വേഗതയെക്കുറിച്ചോർമപ്പെടുത്തി ദേശീയ പാതയിൽ കാണുന്ന വെളുത്ത വരകൾപോലെ ചിരി അൽപനേരം അമ്മയുടെ ചുണ്ടിൽ തങ്ങിനിന്നു. ദാസിന്റെ വേർപാടിനു കാൽനൂറ്റാണ്ട്. മരിച്ചവർ വിത്തുകളായി ഭൂമിക്കടിയിൽനിന്നു മുളച്ചുവരുമെന്ന പ്രതീക്ഷ വെറുതെയായി. മുളയ്ക്കാത്ത വിത്തുകൾ. അവരുടെ ചില്ലകൾക്കു പൂത്തുലയാൻ എന്നു കരുതിയ വിള്ളലുകളിൽ ചെവിവച്ചാൽ കേൾക്കുന്നത് ഇരുട്ടിന്റെ ഭാഷ. അന്നും ഇന്നും നിഷ്കളങ്കരായ മുയലുകൾക്കുനേരെ  തോക്കുകൾ ഉന്നംവച്ചു നീങ്ങുന്നു. കേരളീയർ തോറ്റ ജനതയാണെന്ന് എഴുതിവച്ചാണ് ദാസ് ആത്മഹത്യ ചെയ്തത്. അവന്റെ അവസാനവാക്ക് അറം പറ്റി. എല്ലാവരും ജയിച്ചു; അവനൊഴികെ. സഹജീവികൾക്കുവേണ്ടി ജീവിതം ഹോമിച്ചവൻ തോറ്റു. അന്നുമിന്നും ബാക്കിയുള്ളവരെല്ലാം വിജയിച്ചു. തോറ്റത് അവനും ജീവിച്ചിരിക്കുന്ന അവന്റെ അമ്മയും മാത്രം. 

വലിയ വലിയ കണ്ടുപിടിത്തങ്ങൾ ഇടിച്ചുപരത്തിയ ഭൂമിയെ തിരിച്ചുകുന്നുകൂട്ടാൻ ദാസിന്റെ അമ്മമാരെപ്പോലുള്ളവരുടെ ചെറിയ പാദങ്ങൾ വേണമെന്നു കവി. നിലം നോക്കി ഒറ്റയടി വച്ചുനടക്കുന്ന വാതം പിടിച്ച അമ്മമാരുടെ ചെറുപാദങ്ങൾ. ഏതു സാമൂഹ്യചരിത്രത്തേക്കാളും ഒരടി മുന്നിൽ നടക്കുന്ന പാദങ്ങൾ. വീതിയും വേഗവും വളരെക്കൂടിയ പാതയുടെ ഇരുവശവും ശ്രദ്ധിക്കൂ എന്ന് ഓർമപ്പെടുത്തുന്ന വെളുത്ത വരകൾ പോലെ ചിരിക്കുന്ന അമ്മമാർ. ദാസിന്റെ വീട്ടിൽ നിൽക്കുമ്പോൾ വിയർപ്പിൽ കുളിച്ച സുഹൃത്തുക്കൾ. കൈലേസ് വേണ്ടിവന്നില്ല നെറ്റിയിലെ വിയർപ്പ് ഒപ്പാൻ. പകരം അമ്മയുടെ ചൂടുകൂടിയ വാക്കുകൾ മാത്രം മതിയായിരുന്നു. അലമുറയിടാതെ, അലറിവിളിക്കാതെ, ഒരുതുള്ളി കണ്ണീർപോലും തുവാതെ പറഞ്ഞ വാക്കുകൾ. 

മകൻ വീട്ടിലേക്കു വരാതായതിൽപ്പിന്നെ

കുളിച്ചശേഷം രാസ്നാദി ഇടാറില്ല

ഇതിലും തീവ്രമായി ഒരു അമ്മ എങ്ങനെ ആവിഷ്കരിക്കും മകന്റെ തിരോധാനം, അസാന്നിധ്യം. ജീവിതത്തിലെ കെട്ടുപോയ വെളിച്ചം. അന്നുമുതൽ ഉരുകിത്തീരുകയല്ലേ അമ്മയുടെ ജീവൻ. മുൻകരുതലുകളില്ലാതെ, സുരക്ഷാനിർദേശങ്ങൾ പാലിക്കാതെ, എല്ലാ ദുരന്തങ്ങൾക്കുമായി സ്വയം സമർപ്പിച്ച ഒരമ്മയുടെ ജീവിതം. ചക്രവർത്തിയുടെ ഭാര്യക്കും വിപ്ളവകാരിയുടെ കാമുകിക്കുമൊപ്പം സ്ത്രീകൾക്കു നേടിയെടുക്കാവുന്ന മൂന്നാമതൊരു പദവിയെക്കുറിച്ച് ഹെർമൻ ഹെസ്സേ എഴുതിയിട്ടുണ്ട് : രക്തസാക്ഷിയുടെ അമ്മ. ഗോപീകൃഷ്ണന്റെ വാക്കുകൾ ദാസിന്റെ അമ്മയ്ക്കു സമർപ്പിക്കുന്നു ആദരവിന്റെ പൂക്കൾ. വേദനയുടെ വെടിയുണ്ടകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട എല്ലാ അമ്മമാർക്കും മോചനപ്രതീക്ഷയുടെ ചോരയിൽ കുളിച്ച വാടാത്ത പൂവുകൾ. 

മരിച്ചവരല്ല, ജീവിച്ചിരിക്കുന്നവരാണ് ഫോസിലുകളെന്ന് കവി. 

അവരെ പരിശോധിച്ചാലാണ് തോൽവികളുടെ ആഴമറിയുക. 

സങ്കടങ്ങളുടെ വിസ്താരമറിയുക. 

അതിജീവനത്തിന്റെ ചരിത്രമറിയുക ! 

Your Rating: