Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിളയിൽ നീരാടിയ കഥകൾ

nilas-own-writer

അഖില കേരള യുക്തിവാദ സമ്മേളനം കോഴിക്കോട്ട് നടക്കുന്നു. എംടി അന്നു ചെറുപ്പമാണ്. സംഘാടകർ അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചു. യുക്തിവാദികൾക്കിഷ്ടമാകുന്ന കാര്യങ്ങളൊന്നും തനിക്കു പറയാൻ പറ്റില്ലെന്ന് എംടി പറഞ്ഞെങ്കിലും അവരുടെ നിർബന്ധത്തെത്തുടർന്നു യോഗത്തിനെത്തി സംസാരിച്ചു.

യുക്തിവാദികൾ പറയുംപോലെ ലോകത്ത് ഒരു ദൈവവുമില്ല എന്നു താൻ സമ്മതിക്കാമെന്ന് എംടി പറഞ്ഞു. പക്ഷേ കൊടിക്കുന്നത്തു ഭഗവതിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നുതന്നെ ഞാൻ പറയും.

കൊടിക്കുന്നതു ഭഗവതി എഴുത്തുകാരൻ വളർന്നുവന്ന സാഹചര്യങ്ങളുടെ ഭാഗമാണ്. വീട്ടിൽ മുത്തശ്ശിയും അമ്മയുമൊക്കെ പറഞ്ഞുകൊടുത്ത കഥകളിലൂടെ മനസ്സിൽ ഊറിക്കൂടിയ ദേവീസങ്കൽപം. അതു നിരാകരിക്കാൻ തനിക്കൊരിക്കലും ആവില്ലെന്നാണു യുക്തിവാദി സമ്മേളനത്തിൽപ്പോലും അദ്ദേഹം ആണയിട്ടു പറഞ്ഞത്.

പഴഞ്ചൻ എന്നു മറ്റുള്ളവർ പരിഹസിക്കുമോ എന്നത് എംടി കാര്യമാക്കുന്നില്ല. ജൻമഗ്രാമമായ കൂടല്ലൂരിനെയും അവിടുത്തെ വിട്ടുപോകാൻ മടിക്കുന്ന വേരുകളേയും ലോകത്തിന്റെ ഏതു വിദൂരമായ കോണിലും അഭിമാനത്തോടെ കൊണ്ടുനടക്കുന്നയാളാണ് എംടി. അതുകൊണ്ടാണ് അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാളും അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടമെന്ന് അദ്ദേഹം എഴുതിയത്.

കൂടല്ലൂരും താന്നിക്കുന്നും കണ്ണാന്തളിപ്പൂക്കളും മലമക്കാവുമെല്ലാം നിളയുമെല്ലാം എംടിയുടെ വിശാലമായ കഥാപ്രപഞ്ചത്തിന്റെ ഭാഗമാണ്. അവയില്ലാതെ എംടിയില്ല; അദ്ദേഹത്തിന്റെ കഥകളും. കൂടല്ലൂർ എന്ന ദേശത്തിന്റെ ഭൂപ്രകൃതി ലോകകഥയുടെ ക്യാൻവാസിലേക്കു പകർത്തിയ എഴുത്തുകാരൻ എന്ന മുദ്ര അഭിമാനത്തോടെ അദ്ദേഹം അണിയുന്നു.

കൊടിക്കുന്നത്തു ദേവി എംടിയുടെ കുടുംബദേവതയാണ്. പണ്ട് പണ്ട് വളരെ ദരിദ്രയായ ഒരു വിധവയും മുന്നു മക്കളും മാത്രമേ എംടിയുടെ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആ മുത്തശ്ശി പൈക്കളെ പോറ്റിയിരുന്നു. എന്നും രാവിലെ അവർ അമ്പലത്തിലേയ്ക്ക് പാലു കൊടുക്കുകയും ചെയ്തിരുന്നു. പകരമായി അമ്പലത്തിൽനിന്ന് അവർക്ക് ഒരുദിവസത്തേക്ക് വേണ്ട ചോറ് കിട്ടി.

ഒരിക്കൽ മഴക്കാലത്തു പുഴ നിറഞ്ഞുകവിഞ്ഞു. കടത്തുകാരന് തോണിയിറക്കാൻ ധൈര്യമുണ്ടായില്ല. വിധവ കടവിൽനിന്നു മടങ്ങി. പുഴവെള്ളം ഇറങ്ങുംവരെ ഇനി ചോറു കിട്ടുകയില്ലെന്നു പറഞ്ഞിട്ട് അവർ മക്കൾക്കു പാലു ചൂടാക്കിക്കൊടുത്തിട്ട് അവരെ കിടത്തിയുറക്കി.

നട്ടപ്പാതിരയ്ക്ക് ആരോ ഉമ്മറവാതിലിൽ മുട്ടുന്നതുകേട്ടു. വിധവ ചെന്നു വാതിൽ തുറന്നുനോക്കുമ്പോൾ നനഞ്ഞൊലിച്ച വസ്ത്രംകൊണ്ടു മേലാകെ മൂടി ഒരു വൃദ്ധ മുന്നിൽനിൽക്കുന്നു. അസമയത്തെ ആ അതിഥി വിധവയുടെ മുന്നിൽ ചോറുനിറച്ച ഓട്ടുപാത്രംവച്ചിട്ടു കൽപിച്ചു, ‘‘മക്കളെ വിളിച്ചുണർത്തി ചോറു കൊടുക്കൂ’’. ഉടനടി ആ രൂപം അപ്രത്യക്ഷമായി.

മഴവെള്ളം ഇറങ്ങിയതിന്റെ നാലാംദിവസം വിധവ പതിവുപോലെ പാലുമായി അമ്പലത്തിലെത്തി. അവർ അമ്പലത്തിലെ പൂജാരിയുമായി ഈ സംഭവം സംസാരിക്കണം എന്ന ഉദ്ദേശ്യത്തിൽ ആ ഓട്ടുപാത്രം കയ്യിലെടുത്തിരുന്നു. കഥ കേട്ട് പൂജാരി അമ്പരന്നു. കഴിഞ്ഞ മൂന്നുദിവസമായി ഗർഭഗൃഹത്തിലെ ഓട്ടുപാത്രം കാണാനില്ലായിരുന്നു. പെരുമഴ പെയ്യുന്ന പാതിരയ്ക്ക് ചോറുംകൊണ്ടുവന്ന ദേവീമാതാവിന്റെ എെതിഹ്യം പേറുന്ന ഈ കൊടിക്കുന്നത്തു ദേവിയെക്കുറിച്ചാണ് എംടി യുക്തിവാദികളുടെ സമ്മേളനത്തിൽ പ്രസംഗിച്ചത്.

വള്ളുവനാടൻ ഭാഷയെ സാഹിത്യത്തിലും സിനിമയിലും അനശ്വരമായി പ്രതിഷ്ഠിച്ചത് എംടിയാണ്, നിളയേയും. നിളയും അതിന്റെ ഓളവും തീരവും അവിടെ അധിവസിക്കുന്ന ജനവിഭാഗവും എംടിയുടെ കഥകളിൽ ആവർത്തിച്ചുവരുന്നു. നിള എംടി കഥകളുടെ വെറുമൊരു പശ്ഛാത്തലമല്ല, കഥ തുടങ്ങുമ്പോൾ തുടങ്ങി കഥയോയൊപ്പം സഞ്ചരിക്കുന്ന കഥ തീർന്നാലും തീരാത്ത നിരന്തരപ്രവാഹമാണ്.

കാലാന്തരത്തിൽ നിളയ്ക്കു സംഭവിച്ച അപചയം എഴുത്തുകാരനെ ഏറെ ദുഃഖിതനാക്കി. പലപ്പോഴും ധാർമികരോഷത്തോടെ അദ്ദേഹം നിളയ്ക്കുവേണ്ടി എഴുതി, പ്രസംഗിച്ചു, അധികാരികളുടെ വാതിലിൽ പോലും മുട്ടി. ഓർമ്മകളിലെ നിള എന്ന ലേഖനത്തിൽ എംടി എഴുതി: ഞങ്ങൾക്കു നിളാദേവി കാരുണ്യം നിറ‍ഞ്ഞ അമ്മയാണ്. ഞങ്ങളുടെ രഹസ്യസ്വപ്നങ്ങളെ താലോലിച്ചു കാത്തുപോന്നത് അവരാണ്.

കാലക്കേടു കൊണ്ടുപിഴച്ചുപോയ ഞങ്ങളുടെ കുട്ടികളുടെ നിരാശയും നാണക്കേടും വേദനയോടെ ഏറ്റുവാങ്ങിയത് ഈ പുഴയുടെ കയങ്ങളാണ്. മരിച്ചുപോയ പ്രിയപ്പെട്ടവർക്കുവേണ്ടി ഞങ്ങൾ നടത്തിയ കർമങ്ങൾ ഈ അമ്മയെ സാക്ഷിയാക്കിയാണ് അവർ ഏറ്റുവാങ്ങിയത്. അങ്ങനെയാണ് അവർ സമാധനത്തോടെ പരലോകയാത്രകളിലേക്ക് വഴി തിരിഞ്ഞത്.

എന്നെ ഏറെ പ്രചോദിപ്പിക്കുകയും എന്റെ ഉള്ളിലെ വൈരുദ്ധ്യങ്ങളെ കരുണയോടെ പൊറുക്കുകയും എന്റെ വളർച്ചയ്ക്കു സാക്ഷി നിൽക്കുകയും ചെയ്ത നിളാനദി, ഇതാ, ഊർദ്ധ്വം വലിക്കുകയായി....

മാതൃവാൽസല്യത്തിന്റെ ഏതോ ഞരമ്പുകൾ ആരോ ക്രൂരമായി അരിഞ്ഞുകളയുന്നതുപോലെ എനിക്കു തോന്നിപ്പോവുന്നു. ഗ്രാമത്തിന് അതിന്റെ വർണപ്പകിട്ടാർന്ന ഭൂതകാലവും ഗൃഹാതുരത്വം മുറ്റിയ പെരുമയും സാംസ്കാരിക പാരമ്പര്യവും കൈമോശം വരികയാണ്. അതേ, ഞങ്ങൾക്കതെല്ലാം നഷ്ടമാകുകയാണ്...ഏതാണ്ട് എല്ലാം തന്നെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.