Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിയായതിനു പിന്നിൽ അദ്ദേഹം...

schylan1

പുതുകവിതയിലെ തെമ്മാടിക്കൂട്ടങ്ങളിൽ താനുൾപ്പെട്ടിരിക്കുന്നു എന്ന് പറയാൻ തെല്ലും മടി തോന്നാത്തൊരാൾ അതാണ് ശൈലനെ കുറിച്ച് ഏറ്റവുമാദ്യം ഓർത്തു വയ്ക്കുക. മനസ്സിൽ ജനിക്കുകയും വിടരുകയും മരിക്കുകയും ചെയ്യുന്ന കവിതകളെ ഭാഷകളിൽ വ്യത്യാസമില്ലാതെ പകർന്നു വയ്ക്കാൻ കഴിയുന്നത് അത്ര ചെറിയ കാര്യമാണോ എന്ന ചോദ്യത്തിന്റെ പോലും ആവശ്യമില്ല. കപട സദാചാരത്തിന്റെ പൊളിച്ചെഴുത്തുകളാണ് ശൈലന് കവിതയിലെ വാചകങ്ങൾ. ആ വാക്കുകൾകൊണ്ട് അദ്ദേഹം വായനക്കാരനോടും സമൂഹത്തോടും ചിലപ്പോഴൊക്കെ അവനവനോട് തന്നെയും കലാപം നടത്തുന്നത് കാണാം. തികച്ചും ഒരു സാധാരണ മനുഷ്യന്റെ ആകുലതകളും പ്രണയ-രതി സങ്കൽപ്പങ്ങളും അസാധാരണമായ ഊർജ്ജസ്വലതയോടെ വരികളിൽ തളച്ചിടാൻ ശൈലന് കഴിഞ്ഞിട്ടുണ്ട്. ജാടകളില്ലാത്ത കാവ്യ ജീവിതം കവിത വഴി കലഹിക്കുന്ന ഒരു കൂട്ടത്തിനൊപ്പം കൂടുമ്പോൾ പുതു കവിതയ്ക്ക് ജീവൻ വയ്ക്കുന്നു. Love Experiencs@Scoundrel poet , താമ്രപർണി , നിഷ്കാസിതന്റെ ഈസ്റ്റർ, ഒട്ടകപക്ഷി, ദേജാവു, എന്നീ കവിതാ പുസ്തകങ്ങളിലുള്ളതും ചില പൊളിച്ചെഴുത്തുകളാണ്. സമൂഹം നെയ്തുവച്ച ചില ചട്ടക്കൂടുകൾ പൊളിച്ചു നീക്കാനുള്ള ഒരു കവിയുടെ മനഃപൂർവ്വമായ ശ്രമവുമാണ്. ഏറ്റവും പ്രിയപ്പെട്ട വായനയെ കുറിച്ച്, ഇളക്കി മറിച്ച പുസ്തകത്തെ കുറിച്ച് ശൈലൻ പറയുന്നു,

"..അന്ന് എട്ടാം ക്ലാസ് കാലഘട്ടത്തില്‍ 'ഖസാക്കിന്റെ ഇതിഹാസം' എന്ന പുസ്തകത്തെ/ ഓ വി വിജയന്‍ എന്ന എഴുത്തുകാരനെ എടുത്തു വായിച്ചില്ലായിരുന്നെങ്കില്‍ സാഹിത്യം എന്ന സംഭവം എന്നെ ബാധിക്കുന്ന ഒരു വിഷയമേ ആവുമായിരുന്നില്ല..!" എന്ന ഒറ്റ വാചകത്തിൽ ഒരു പുസ്തകത്തോടും അതിന്റെ എഴുത്തുകാരനോടുമുള്ള ഇഷ്ടങ്ങളെല്ലാമുണ്ട്. ആ പുസ്തകം ഖസാക്കിന്റെ ഇതിഹാസവും എഴുത്തുകാരൻ ഓ വി വിജയൻ ആവുകയും ചെയ്തത് സ്വാഭാവികമായിട്ടാവാം. 

അങ്ങനെയൊന്നു വായനയിൽ സംഭവിക്കപ്പെട്ടിരുന്നില്ലെങ്കിൽ ശൈലൻ എന്ന കവി ജനിക്കുമായിരുന്നില്ല. കാരണം അത്തരത്തിൽ പെട്ട കാവ്യ പാരമ്പര്യങ്ങളിൽ പിറന്ന് പുസ്തകങ്ങളുടെ നടുക്ക് വളർന്ന ഒരാൾ അല്ലാതെയിരിക്കുമ്പോൾ എഴുത്തുകാരനാകാൻ ഒരു കനൽ വേണമല്ലോ എപ്പോഴും മുന്നിലേയ്ക്ക് നോക്കാനും മുൻപേ നടക്കാനും. ആ കനൽ ഒരുക്കി വച്ച പുസ്തകം അതായിരുന്നു. മറ്റൊരു പുസ്തകത്തെ കുറിച്ചും ആഴത്തിൽ പറയാനില്ലാത്ത പോലെ ഖസാക്കിന്റെ ഇതിഹാസം എന്തിനെയും കടത്തിവെട്ടി ഏറ്റവും ആഴത്തിലിരിക്കുന്നു. മലയാള സാഹിത്യം ഖസാക്കിന്റെ മുൻപും പിൻപും എന്നേ അടയാളപ്പെടുത്താനാകൂ. ചിലർ അതിനു മുൻപെഴുതിയവർ, ചിലർ അതിനു ശേഷമെഴുതി അതിനെ മറികടക്കാൻ ശ്രമിക്കുന്നവർ. എന്നാൽ ഇത്രനാളുണ്ടായ വായനയിൽ അതിനെ മറികടക്കാൻ തവണ്ണം ഒരു വായനയും ഉണ്ടായില്ല. 

"വിജയേട്ടാ" എന്ന അധികാര ഗർവ്വോടെ ഖസാക്കിന്റെ എഴുത്തുകാരന് നിരന്തരം കത്തുകളയയക്കുമായിരുന്ന ഒരു ആരാധകനായിരുന്നിട്ടുണ്ട്. പലപ്പോഴും പാർക്കിൻസൺസ് രോഗത്തിന്റെ വിറയലിൽ ഇരുന്നു കൊണ്ടും യുവ സുഹൃത്തിനെന്ന അടയാളപ്പെടുത്തലോടെ അദ്ദേഹമയക്കുന്ന മറുപടി കത്തുകൾക്ക് നിധി ലഭിക്കുന്നത്ര ആനന്ദമുണ്ടാകും. ചില നേരങ്ങളിൽ സഹായിയുടെ കൈപ്പടയിൽ വരുന്ന കുറിപ്പടയ്ക്ക് ക്ഷമാപണവും. ഇതൊന്നും അർഹിച്ചിരുന്നില്ലല്ലോ എന്ന തോന്നലുണ്ടെങ്കിൽ പോലും സ്നേഹവും ആദരവും കൂടുന്നു. 

കവിതയുടെ വഴിയിൽ ഒന്നുമാകാതെ ഇരുന്ന ഒരു യുവാവിന്റെ ആദ്യകാല വായനക്കാരനായും മലയാളത്തിന്റെ ഒരു ഇതിഹാസത്തെ മാറ്റാൻ കഴിഞ്ഞതോർക്കുമ്പോൾ  വർഷങ്ങൾക്കിപ്പുറവും ഞെട്ടലുണ്ടാകുന്നു. 'ചെതലിയുടെ താഴ്വാരത്തിലൂടെ സൈക്കിളോടിക്കുമ്പോള്‍ മേലുടുപ്പിന്റെ ഉള്ളില്‍ പാത്ത് കയറിക്കൂടിയ അന്നത്തെ കാറ്റിന്റെ നൃത്ത ചുവടുകള്‍ വച്ചു നോക്കുമ്പോള്‍ ഇതൊന്നുമൊന്നുമല്ല..' എന്ന് ആദ്യ കത്തിന് മറുപടിയായി അദ്ദേഹം കുറിച്ച് തരേണ്ട കാര്യമെന്തായിരുന്നു.... അന്നത്തെ ബാലിശതയിൽ ഇന്ന് സഹതാപം തോന്നുന്നുണ്ട്, പക്ഷെ അതുകൊണ്ടു ലഭിച്ച നിധികളുടെ കാര്യമോർക്കുമ്പോൾ അഭിമാനവും. 

അന്ന് എഴുതിയ കത്തുകള്‍ക്കും കവിതകള്‍ക്കും ക്ഷമയോടെ എഴുതിയ അദ്ദേഹത്തിന്റെ മറുകുറികള്‍ .. അത് തന്നെയാണ് ലഭിച്ച ഏറ്റവും വല്യ അവാര്‍ഡുകള്‍. ഒരു ജീവിതത്തെ മറ്റൊരാൾ, അയാളുടെ കൃതി ഏറ്റവുംആഴത്തിൽ സ്വാധീനിയ്ക്കുക, ജീവിതം തന്നെ മാറ്റി മറിയ്ക്കുക. ആ അനുഭവത്തിന്റെ പേര് ഓ വി വിജയൻ എന്ന് എത്ര തവണ ആവർത്തിക്കാനും മടിയില്ലാതെയാകുന്നു.  

Your Rating: