Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനർഘനിമിഷത്തിൽ നീയും ഞാനും...

vaikom-muhammad-basheer

നീയും ഞാനുമെന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഒടുവിൽ നീ മാത്രം അവശേഷിക്കാൻ പോകുന്നു... ഒരു യാത്രയ്ക്ക് മുൻപുള്ള പ്രതിധ്വനി പോലെയാണ് ചില വാക്കുകൾ കേൾവിയെ കടന്നു ഹൃദയത്തിലെത്തുന്നത്. ഒന്നുമവശേഷിപ്പിച്ച് യാത്ര പോകരുതെന്ന് എത്ര വിചാരിച്ചാലും നടക്കാറില്ല. പിന്നിൽ ബാക്കി നിർത്തുന്ന ഓരോ ഓർമ്മകളിലേയ്ക്കും പ്രിയമുള്ളതിലേയ്ക്കും പിന്നെയും വന്നു ചേരേണ്ടതുണ്ടെന്ന സത്യം എത്ര വലുതാണ്. 

ഒരു കവിത വായിക്കുന്ന സുഖമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ "അനർഘനിമിഷം" സമ്മാനിക്കുന്നത്. ചെറുകഥ എന്നാണു വിളിപ്പേരെങ്കിലും കാവ്യ സുഖമുള്ള നീണ്ടെഴുത്താണത്. ഏറ്റവും പ്രിയപ്പെട്ട ഒരാളോട് ഏറ്റവും നിശബ്ദമായ യാത്രാമൊഴി നടത്തുന്ന മറ്റൊരാൾ. അങ്ങനെയൊരു യാത്രാമൊഴിയിലേയ്ക്ക് സഞ്ചരിയ്ക്കാൻ തോന്നുന്നു. 

അനർഘനിമിഷം ആദ്യമായി കടന്നെത്തുന്നത് കൗമാര വായനകളിലേക്കാണ്. തുടിച്ചു നിൽക്കുന്ന വിരഹത്തേക്കാൾ വരികൾക്കിടയിലെ അപാരമായ സ്നേഹത്തിന്റെ ആഴങ്ങളിലേക്കേ നോക്കാൻ സാധിച്ചുള്ളൂ. മഹാരഹസ്യമായിരിക്കുമ്പോഴും പരസ്പരം തിരയാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാലങ്ങളെത്രയോ അപാരമായ കാരുണ്യത്തോടെ പരസ്പരം സ്നേഹിക്കുകയും സഹിക്കുകയും ചെയ്യുമ്പോഴും സൗകര്യം പോലെ വായിക്കപ്പെടാവുന്ന ഗ്രന്ഥങ്ങളായി നിലകൊള്ളുന്ന മനുഷ്യർ. അവർ മനുഷ്യർ തന്നെ ആകണമെന്നുണ്ടോ? "നീ" "ഞാൻ" എന്നെ രണ്ടു സെക്കൻഡ് പേഴ്‌സൺ വിളികൾ, അത് ആർക്കിടയിലുമാകാം. ഒന്നേയുള്ളൂ പറയേണ്ടതായി അത്, അവരിരുവരും തമ്മിൽ അത്രമാത്രം സ്നേഹത്തിലാണ് എന്നതാണ്. പരസ്പരം എപ്പോഴാണ് പരിചയപ്പെട്ടത് എന്നത് പോലും എന്നാണെന്നുള്ളത് കണ്ടെത്താൻ ഇരുവരും ശ്രമിക്കുന്നുണ്ട്, 

anarghanimisham2

നനഞ്ഞ വൈക്കോലിന്റെ മണത്തിനുള്ളിലൂടെ നാം ഭൂതകാലങ്ങളിലേയ്ക്ക്‌ യാത്ര തിരിക്കുന്നു... മനസ്സിന്റെ നിഗൂഢതകളിലേയ്ക്ക്‌ വലയെറിഞ്ഞു പരസ്പരം തിരച്ചിൽ നടത്തുന്നു,എവിടെ വച്ചാണു നാം ഒന്നാക്കപ്പെട്ടതെന്ന അന്വെഷണം.. ഗുൽമോഹർ ചുവട്ടിലെ ചുവന്ന പൂക്കളിലാണു നാം ആദ്യം തിരഞ്ഞത്‌.. ഏതൊക്കെയോ യാത്രാവഴികളിൽ ഗുൽമോഹർ നമുക്ക്‌ തണലൊരുക്കിയിട്ടുണ്ട്‌. പിന്നെ നാം ആദിമ മനുഷ്യന്റെ നഗ്നതയിലേയ്ക്ക്‌ ചേക്കേറുന്നു. അവിടെ നാം നിശബ്ദരാണു. മൗനം നമുക്കിടയിൽ സംവദിക്കുന്നു, ഭാഷയില്ലാതെ, പ്രണയമെന്തെന്നറിയാതെ, നാമൊരേ വഴികളാകുന്നു... യാത്ര തുടരുന്നു... മിന്നാമിനുങ്ങുകൾ ഒരേ കൂടുതുറന്ന് പുറത്തു വരുന്നതുപോലെ ഏതോ ഒന്നിൽ നിന്നും നാം ചിതറിത്തെറിച്ചു പലയിടങ്ങളിൽ വീണതാണത്രേ... ശരീരമില്ലാതെ ആത്മാവൊട്ടി ,പല ആത്മാക്കളിലൊന്നായി നാം കിടന്നിരുന്നു... പക്ഷേ എപ്പൊഴോ നമ്മുടെ ഹൃദയങ്ങൾ പരസ്പരം വച്ചു മാറ്റപ്പെട്ടു... സ്വന്തം ഹൃദയം നഷ്ടപ്പെട്ട അരൂപികളായി നാം പരസ്പരമറിയാതെ എത്രയോ യുഗങ്ങൾ, തമ്മിൽ തിരഞ്ഞ്‌, പലപ്പോഴും കണ്ടു.

കണ്ടെടുത്ത്‌... മതിയാകുന്നതേയില്ല, എന്തു ചെയ്തിട്ടും ഹൃദയം തിരികെ ലഭിക്കുന്നതേയില്ല... തമ്മിൽ കൊരുത്തിരിക്കുന്ന നമ്മുടെഹൃദയങ്ങൾ ഇപ്പോഴും അതുതന്നെ തേടുന്നു... കണ്ടെത്തിയെങ്കിലും വച്ചു മാറാനും തിരികെ നേടാനുമാകാതെ ഒന്നിനൊന്നോട്‌ കലഹിച്ച് കൊണ്ടേയിരിക്കുന്നു... 

പരസ്പരം യാത്ര പറഞ്ഞു പിരിയുന്നതോടെ ഒരിക്കൽ മുളപൊട്ടിയ സ്നേഹം ഇല്ലാതായിപ്പോകുമെന്നു കരുതുന്നുണ്ടോ? നീയും ഞാനും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്നും അവസാനം നീ മാത്രമായി അവശേഷിച്ചാലും കാത്തിരിപ്പ് തുടരുകയാണ്. യുഗങ്ങൾ കടന്നും പരസ്പരം വച്ച് മാറപ്പെട്ട ഹൃദയങ്ങൾ തിരഞ്ഞുള്ള യാത്ര അനാദിയായി തുടരും. ബഷീറിനോളം അതറിഞ്ഞവർ ആരുണ്ടാകും? അനുരാഗത്തിന്റെ ദിനങ്ങളെ കുറിച്ചും പ്രിയപ്പെട്ടവളായ ദേവിയെ കുറിച്ചും പ്രണയത്തോടെ എഴുതിയ ബഷീറിന് അത്തരം മറവികൾ ഉണ്ടാകുന്നതേയില്ല. പിന്നെയും നീ മാത്രം എന്ന യാഥാർത്ഥ്യത്തിലേയ്ക്ക് പേന ചൂണ്ടുമ്പോൾ ഒരു ഭയപ്പെടുത്തൽ അത്രയേ ഉദ്ദേശിച്ചിട്ടുണ്ടാകൂ.

കാലമിത്രയുമായിട്ടും സ്നേഹിക്കുന്നവളെ കുറിച്ച് ഒന്നുമറിയാതെ ദിവസങ്ങൾ കടന്നു പോകുമ്പോൾ അറിവ് എന്നത് സ്വയം വെറുപ്പിനുള്ള കാരണമായി തീരുന്നു. എത്രയറിഞ്ഞാലും അറിയാൻ പിന്നെയും അവൾക്കുള്ളിൽ എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാകും. സ്ത്രീ എന്ന രഹസ്യത്തിന്റെ കടലാഴങ്ങൾ കണ്ടവർ അല്ലെങ്കിലും ആരുണ്ട്? ചിലർ യാത്രകൾ നടത്താറുണ്ട്, കടലിനുള്ളിലെ ചുഴികളോടും വൻകരകളോടും കലഹിച്ച് തുഴഞ്ഞു കുഴഞ്ഞ് തീരത്ത് വന്നു വിശ്രമിക്കുന്നവർ. അതിന്റെ ഏറ്റവും ആഴത്തിലുള്ള നിശ്ശബ്ദതയെയും ഇരുട്ടിനെയും ഭയപ്പെട്ടു ഒളിഞ്ഞു മടങ്ങുന്നവർ. ഭയങ്ങളെ ഭേദിച്ചവനെ കണ്ടെത്തൽ സുഗമമാക്കാൻ കഴിയൂ. 

സ്ത്രീയെന്ന കടലിനെ അതിന്റെ നിശ്ശബ്ദതയിലെത്തി ചുംബിച്ചിട്ടു വന്ന ബഷീറിന് അനർഘനിമിഷത്തിൽ അനിവാര്യമായ വേർപിരിയലിനെ കുറിച്ച് എഴുതേണ്ടി വന്നുവെങ്കിൽ അത് കാലത്തിന്റെ അനിവാര്യത എന്ന പറയാനാകൂ. പരിചിതരായവർ യാത്രയാക്കപ്പെട്ട ആ നിത്യമായ ഇടത്തേയ്ക്ക് സഞ്ചരിക്കുമ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള  ജീവിതത്തിലെ അനർഘനിമിഷത്തിന്റെ സ്മരണയാണ് ഈ കഥാകാവ്യം. പലപ്പോഴും യാത്രയുടെ അന്ത്യത്തിലെ ആ നിമിഷങ്ങളിൽ തന്നെയാണ് ജീവിതം ഒന്നാകെ കുറച്ച് നിമിഷങ്ങളിലേയ്ക്ക് ചുരുങ്ങി വരുന്നത്. ഒറ്റ നിമിഷത്തിൽ നടത്തുന്ന ജീവിത യാത്രയിൽ ചിലത് കണ്ടെത്തപ്പെടും. 

യാത്രയ്ക്കുള്ള നിമിഷം അടുത്ത് വരുന്നു... വളരെ അടുത്ത് വരുന്നു. ഇക്കാലമത്രയും നീ എന്നത് എന്റെ രഹസ്യങ്ങളിലേയ്ക്ക് തുറന്നിട്ട വാതിലുകളായിരുന്നു. എല്ലാമറിഞ്ഞു കൊണ്ടും എല്ലാം സഹിച്ച് കൊണ്ടും നീയെന്നെ സ്നേഹിച്ചു. വെറുത്തപ്പോൾ പോലും സ്നേഹത്തിലേക്ക് ഹൃദയമെത്തി.  എങ്കിലും എപ്പോഴും ഓരോ ജന്മങ്ങൾക്കും ശരീരങ്ങൾക്കു അവസാനമുണ്ട്. അന്വേഷണം തുടരാൻ വീണ്ടുമെത്താതെ വയ്യ... ഒരാളെ അവശേഷിപ്പിച്ച് പോയാലും വീണ്ടുമെത്താമെന്ന വാക്കുകൾ വരികൾക്കപ്പുറം എവിടെ നിന്നോ മുഴങ്ങുന്നു...