Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിതകളിലെ പ്രണയം

love1 കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന തീര്‍ത്ഥകണം കണക്കെയാണ് മിക്ക പ്രണയങ്ങളും. കൈക്കുമ്പിളില്‍ ഉണ്ടെന്ന് കരുതുമ്പോഴും അറിയാതെ, അപ്രതീക്ഷിതമായി അത് ചോര്‍ന്നുപോകുന്നു.

പ്രണയം പോലെ മനുഷ്യനെ ഒന്നുപോലെ സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും  ചെയ്യുന്ന മറ്റൊരു വികാരമുണ്ടോ? എല്ലാവരും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രണയം സ്വീകരിക്കാന്‍ കൊതിക്കുന്നവരും.

എന്നിട്ടും കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുന്ന തീർത്ഥകണം കണക്കെയാണ് മിക്ക പ്രണയങ്ങളും. കൈക്കുമ്പിളില്‍ ഉണ്ടെന്ന് കരുതുമ്പോഴും അറിയാതെ, അപ്രതീക്ഷിതമായി അത് ചോര്‍ന്നുപോകുന്നു.

ഒരുപക്ഷേ പ്രണയിക്കുമ്പോഴോ പ്രണയം തിരികെ ലഭിക്കുമ്പോഴോ ആയിരിക്കില്ല പ്രണയത്തിന്റെ വില അറിയുന്നത്. ഒരിക്കലും പ്രണയിക്കപ്പെടാതെ വരുമ്പോഴോ പ്രണയം തിരികെ ലഭിക്കാതെ വരുമ്പോഴോ. അപ്പോള്‍ മാത്രം പ്രണയം എന്താണെന്ന് നാം തിരിച്ചറിയുന്നു

തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനെ പ്രേമത്തിന്റെ രുചിയറിയൂ എന്ന് യൂസഫലി കേച്ചേരി എഴുതിയത് അതുകൊണ്ടാവാം.
 
പ്രണയം നഷ്ടമാകുന്നതോ പ്രണയിക്കാതെ പോകുന്നതോ അല്ല വേദനയെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന പ്രണയങ്ങളാണ് വേദനാകരം. നല്കുന്ന പ്രണയത്തെ പുറംകാല്‍ കൊണ്ട് ചവിട്ടി മെതിച്ചു കടന്നുപോകുന്നതാണ് സങ്കടകരം. പ്രണയഭാവങ്ങളുടെയും ഹൃദയസ്‌നേഹത്തിന്റെയും അടയാളമായി വച്ചുനീട്ടുന്ന പനിനീര്‍പുഷ്പങ്ങള്‍ നിസ്സാരമെന്ന് കരുതി വലിച്ചെറിഞ്ഞുകളയുമ്പോള്‍ ഓ അതെന്റെ ഹൃദയമായിരുന്നു എന്ന് ബഷീറിനെപോലെ നിസ്സാരവല്ക്കരിക്കാന്‍ നാമാരും അത്രമേല്‍ നി്സ്സംഗരുമല്ലല്ലോ.

അറിയാതെ പോകുന്ന പ്രണയത്തിന്റെ തപ്തനിശ്വാസങ്ങള്‍ അതാ സുഗതകുമാരിയിലും മുഴങ്ങികേള്‍ക്കുന്നു.

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീയോടക്കുഴല്‍ വിളിക്കുമ്പോള്‍
പണിയുമുഴുമിക്കാതെ പൊങ്ങിത്തിളച്ചു
പാലൊഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ, ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്‍നിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്ത് നിന്‍ചാരെ
കൃഷ്ണാ നീയെന്നെ അറിയില്ല എന്നാണ് സുഗതകുമാരിയുടെ വേദന.

പ്രണയത്തിന്റെ തീവ്രതയില്‍ നാം എന്തെല്ലാം പറഞ്ഞിരുന്നു അന്ന്..ഒരേ ഹൃദയത്തോടെയും ഒരേ വിചാരത്തോടെയും നാം പങ്കുവച്ചവ എത്രയെത്ര കാര്യങ്ങളായിരുന്നു. പക്ഷേ പിന്നീട് തിരിഞ്ഞു നിന്ന് ആലോചിക്കുമ്പോള്‍ മനസ്സിലാവുന്നു
 
അറിഞ്ഞതില്‍ പാതി പറയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായും പോയി


പ്രണയത്തിന്റെ മധ്യാഹനത്തില്‍ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോയ ആ ദിവസത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നു.. നട്ടുച്ചയ്ക്കിരുട്ട് എന്ന പ്രയോഗം അന്വര്‍ത്ഥമായതുപോലെ.. അതെ, ആ രാത്രി അങ്ങനെയൊരു രാത്രിയായിരുന്നു.
 
അന്ന് മനസ്സിന്റെ വിങ്ങലുകളില്‍ നിന്ന്  എന്നോ വായിച്ച കവിയുടെ വരികള്‍ ഇങ്ങനെ ആര്‍്ത്തലച്ചു.
ഈ രാത്രിയാകുമെനിക്കേറ്റവും ദു:ഖപൂരിത വരികളെഴുതുവാന്‍

പ്രണയവിജയങ്ങളല്ല പ്രണയമാമാങ്കങ്ങളുമല്ല അനശ്വരസൃഷ്ടികള്‍ക്ക് ജീവന്‍ നല്കിയത്. ഓരോ സങ്കടങ്ങളില്‍ നിന്നായിരുന്നു കാലത്തെ അതിജീവിച്ച കവിതകളുടെ പിറവി. ഓരോ കവിതയും സങ്കടങ്ങളുടെ വഴിയോരങ്ങളില്‍ നിന്ന് ജീവിതത്തിന്റെ വരമ്പിലേക്ക് പ്രണയത്തിന്റെ കൈപിടിച്ച് കൂട്ടുവന്നവയായിരുന്നു. എന്നോ ഒരിക്കല്‍ വേര്‍പിരിയേണ്ടവരാണെന്ന തിരിച്ചറിവ് എപ്പോഴുമുണ്ടായിരുന്നു. കാരണം മൗനം ഇടയ്‌ക്കെപ്പോഴോ അസ്വസ്ഥകരമായ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിരുന്നു.

അടുത്തിരിക്കവെ നാം അന്യോനം അകലുന്നു
ഇടയില്‍ മൗനത്തിന്റെ മതില്‍ക്കെട്ടുകളുയരുന്നു


എത്രകാലം ഞാനീ പ്രണയത്തിന്റെ ഭാരം ചുമലിലേറ്റി നടക്കണം. എത്രകാലം ഞാന്‍ നിന്റെ ഓര്‍മ്മകളുടെ തീ തിന്ന് അലയണം? അറിയില്ല.. ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്കും നീളുന്ന പ്രണയത്തിന്റെ   മിഴിമുനയായി  ഞാന്‍ നിന്നെ എന്നും പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.

മതിയെന്ന് നീ പറയുമ്പോഴല്ല.. എനിക്ക് മതിയെന്ന് തോന്നുമ്പോള്‍
അരുത് എന്ന് നീ പറയുമ്പോഴല്ല അരുത് എന്ന് ഞാനെന്നോട് പറയുമ്പോള്‍..
നീ മരിക്കുമ്പോഴല്ല, എന്റെ ഉള്ളിലെപ്രണയത്തിന്റെ അവസാനത്തെ അംശവും നിര്‍ജ്ീവമായിക്കഴിയുമ്പോള്‍..
 
പ്രണയമാണോമനേ
നിന്നെക്കുറിച്ചുള്ള പ്രണയമെനിക്കെന്തൊരാനന്ദമാണോമനേ
എന്ന് ചുള്ളിക്കാടിനെപോലെ ഞാനും പാടുന്നു.

ഒടുവില്‍ മധുസൂദനന്‍ നായരെപോലെയും

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെ നിക്കേത്
സ്വര്‍ഗ്ഗംവിളിച്ചാലും...
കാരണം ,
നീയില്ലാത്ത സ്വര്‍ഗം നരകമാണെനിക്ക്..നീ ഒപ്പമുള്ള നരകം സ്വര്‍ഗ്ഗവും.