Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽമീഡിയ, മണ്ടന്മാരായ എഴുത്തുകാരുടേതോ?

echikanam സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവരെ മണ്ടൻ എന്ന വിളിപ്പേരിലൊതുക്കിയതും ഒരു വലിയ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതുപോലെ തന്നെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു ചിത്രം നോക്കി നിൽക്കുമ്പോൾ ഇന്നത്തെ വാചകമേളയിൽ വന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ വാക്കുകളുടെ അപ്രസക്തിയെ കുറിച്ച് ഓർത്തു പോകുന്നുണ്ട്. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ പത്രപ്രവർത്തക ബർഖ ദത്ത് ക്വിന്‍റ് വെബ് പോര്‍ട്ടലിന് വേണ്ടി യു.പി ഇലക്ഷന്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് മൊബൈൽ വഴിയായിരുന്നു. മൊബൈൽ ജേർണലിസ്റ്റുകൾ (മോജോ) എന്ന വിഭാഗം കരുത്തു തെളിയിക്കുന്നതിന് അടയാളം തന്നെയായിരുന്നു ആ ചിത്രം. എന്തുകൊണ്ട് മൊബൈൽ ജേർണലിസം ഇത്രയും ശക്തി പ്രാപിച്ചു? കാലം മാറുമ്പോൾ മാറിയ വായന മൊബൈൽ വഴിയും സോഷ്യൽ മീഡിയ വഴിയും ആകുമ്പോൾ അതിന്റെ ശക്തി എത്രമാത്രം വലുതാണെന്ന് ആലോചിക്കുക തന്നെ വേണം. അതിനിടയിലേക്കാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ സോഷ്യൽ മീഡിയ എഴുത്തുകൾ കുറിച്ചുള്ള വാചകങ്ങൾ വായിക്കേണ്ടത്.

മുഖ്യധാരാ മാസികകൾ പോലും സോഷ്യൽ മീഡിയ എഴുത്തുകൾക്ക് ഇടങ്ങൾ ഒരുക്കി കൊടുക്കുന്ന ഒരു കാലഘട്ടത്തിന്റെ നടുക്കടലിലാണ് ഇപ്പോൾ വായനാലോകം. സോഷ്യൽ മീഡിയ സാഹിത്യമോ വായനക്കാരോ ചർച്ചകളോ ഇല്ലാതെ മുഖ്യധാരാ സാഹിത്യ മാസികകൾ പോലും പുറത്തിറങ്ങുന്നില്ലെന്ന് ചുരുക്കം. ആ മുഖ്യമാധ്യമത്തിനെയാണ് എഴുത്തുകാരനായ സന്തോഷ് ഏച്ചിക്കാനം ആത്മരതിയെന്നും ആർക്കും സോഷ്യൽ മീഡിയയിൽ വന്നു മലമൂത്രവിസർജ്ജനം നടത്താം എന്നും അവകാശപ്പെട്ടത്. സോഷ്യൽ മീഡിയയിലും വാട്സാപ്പ് പോലെയുള്ള പൊതുഇടങ്ങളിലും അദ്ദേഹത്തിന്റെ വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടാകുന്നതും.

echikkanam

സോഷ്യൽ മീഡിയയിലെ എഴുത്ത് വലിയ സാഹിത്യമല്ലെന്നും അത് സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണമെന്നും ചോദിക്കുന്ന എഴുത്തുകാരൻ അത്തരക്കാർ എന്തിനാണ് പുസ്തകമിറങ്ങുന്നതെന്നും ചോദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവരെ മണ്ടൻ എന്ന വിളിപ്പേരിലൊതുക്കിയതും ഒരു വലിയ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതുപോലെ തന്നെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഇതാദ്യമായല്ല സോഷ്യൽ മീഡിയയിലെ എഴുത്തുകളും എഴുത്തുകാരും അനാദരിക്കപ്പെടുന്നത്. മുരുകൻ കാട്ടാക്കടയും, ഇന്ദുമേനോനും തുടങ്ങി മുഖ്യധാരാ എഴുത്തുകാർ പലരും സോഷ്യൽ മീഡിയയിലെ എഴുത്തിനെ അവഗണിച്ചിട്ടും അപമാനിച്ചിട്ടുമുണ്ട്. അപ്പോഴും സോഷ്യൽ മീഡിയയിൽ കൂടി തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ ഉറക്കെ പറയാൻ പലരും ശ്രമിച്ചിട്ടുമുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ പോലും ഇതേ സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ ഉദാഹരണമായി സാമൂഹികമാധ്യമങ്ങളിലെ നിരൂപകർ വിലയിരുത്തുന്നു.

പലരീതിയിൽ ബിരിയാണി വായിക്കപ്പെട്ടിരുന്നു. ഒരേ കഥയുടെ തന്നെ കഥാമികവിനെ കുറിച്ച് സംസാരിക്കുമ്പോൾ അതിലെ മതവത്കരണവും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. അതായത് വലിയൊരു വിഭാഗം വായനക്കാരുള്ള ഒരു സംവാദത്തട്ടിൽ ഒരേ വിഷയം ചർച്ച ചെയ്യപ്പെടുന്നത് പല രീതിയിലാകാം. അതിൽ മാന്യമായതും കൃത്യമായതുമായ അഭിപ്രായങ്ങളും തനി മണ്ടത്തരങ്ങളും കണ്ടെത്താം. കാഴ്ചയുടെയും രാഷ്ട്രീയത്തിന്റെ ചിന്തകളുടെയും ഫലമായി തന്നെയാണ് ഇത്തരം വ്യത്യസ്തമായ ചിന്തകൾ ഉണ്ടാകുന്നതും. അപ്പോൾ എഴുത്തുകാരൻ അല്ലെങ്കിൽ മറുവശം നിൽക്കുന്ന വ്യക്തി ചെയ്യേണ്ടത് അതിൽ കൃത്യമായ അഭിപ്രായങ്ങൾ സ്വീകരിക്കുകയും മറ്റേതിനെ തള്ളിക്കളയലുമാണ്.

ബിരിയാണി വിഷയത്തിൽ സോഷ്യൽ മീഡിയയെ കുറിച്ചുള്ള സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിപ്രായം പക്ഷേ തുലോം വ്യത്യസ്തമായിരുന്നു. സോഷ്യൽ മീഡിയയുടെ രണ്ടു വശങ്ങളെയും കുറിച്ച് പൂർണ ബോധ്യമുള്ള ഒരാളെന്ന നിലയിലാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ പലയിടങ്ങളിലും വന്നതും. പലപ്പോഴും പോസ്റ്റുകൾ പോലും വായിക്കാതെ കമന്റുകൾ കുറിയ്ക്കുന്ന, അല്ലെങ്കിൽ വായനയെ തകർക്കുന്ന തരത്തിൽ അഭിപ്രായങ്ങൾ കണ്ണുമടച്ച് പറയുന്നവരെ കുറിച്ചാണ് അദ്ദേഹം അന്ന് കുറ്റപ്പെടുത്തി സംസാരിച്ചത്, എന്നതിനാൽ തന്നെ വാചകത്തിന്റെ പൂർണമായ അർത്ഥവും വായിക്കപ്പെടേണ്ടതുണ്ട്.

ബിരിയാണിക്കഥ സോഷ്യൽ മീഡിയ ഇത്രയധികം ചർച്ചയ്ക്ക് വച്ചതിനാൽ തന്നെയാണ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരു സമൂഹത്തെ ഇത്ര പൊള്ളിക്കുന്നതും. കാരണം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചിന്തകൾക്കപ്പുറം സന്തോഷ് ഏച്ചിക്കാനം എന്ന എഴുത്തുകാരനിലെ കഥയെമാത്രം പലരും കാണുകയും അതിനെ രാഷ്ട്രീയവത്കരിച്ചവരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല മുഖ്യധാരാ മാസികയിൽ വന്ന ഒരു ചെറുകഥ ചർച്ച ചെയ്യപ്പെടുന്നത്. പി എഫ് മാത്യൂസിന്റെയും ബെന്യാമിന്റെയും ഉണ്ണി ആറിന്റെയുമൊക്കെ കഥകൾ ഇത്തരത്തിൽ തന്നെ പൊതു സമൂഹം പ്രത്യേകിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. നാൾക്കവലകളിൽ പണ്ട് കേട്ടിരുന്ന സത്യസന്ധമായ ചർച്ചാ വേദികൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങളുടെ ഇടങ്ങളിലും ഉണ്ടാകുന്നത്. പക്ഷേ അതിലുമധികം വായനകളും ശക്തമായ രചനകളും ഇവിടെ ഉണ്ടാവുകയും ചെയ്യുന്നു.

ദീപാ നിഷാന്തിന്റെ ഭൂതകാലക്കുളിർ റെക്കോർഡ് വിൽപ്പന നേടിയതിന്റെ ഒരേയൊരു കാരണം അവരുടെ സോഷ്യൽ മീഡിയ വായനക്കാർ തന്നെയാണ്. കുളിരാണെന്നു കരുതി പൂർണമായും പൈങ്കിളിവത്കരിയ്ക്കാൻ കഴിയാത്ത മനോഹരമായ എഴുത്തുകളായി ഭൂതകാലക്കുളിർ വായിക്കപ്പെടുമ്പോൾ പലപ്പോഴും പല മുഖ്യധാരാ എഴുത്തുകാരും അലോസരപ്പെടുന്നത് സ്വാഭാവികമാകാം.

ചർച്ചകൾ തുടരുകയാണ് സാമൂഹിക മാധ്യമങ്ങളിൽ. കൂടുതലും അദ്ദേഹത്തിനെതിരെ ഉയരുന്നത് അതി തീവ്രമായ വായനക്കാരുടെ വികാരം തന്നെയാണ്. കക്കൂസ് സാഹിത്യമെന്നു സാമൂഹികമാധ്യമങ്ങളിലെ എഴുത്തുകൾ പലരും പുച്‌ഛിച്ചു തള്ളുമ്പോഴും മികച്ച ചർച്ചകളും സമകാലീക രാഷ്ട്രീയത്തെ പോലും ഉലയ്ക്കുന്ന തരത്തിൽ സംവാദങ്ങളും ഇവിടെ നടക്കുന്നു എന്നത് മറക്കാനാവില്ല.

പഴയ സാഹിത്യബോധമാണ്, മുഖ്യധാരാ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതു മാത്രമേ ഉദാത്ത സാഹിത്യമാകൂ എന്നത്. പുതിയ വായനക്കാരും പുതിയ തലമുറയും അതിനെ പുച്‌ഛിച്ചു തള്ളുകയെ ഉള്ളൂ. കാരണം മുൻനിര മാധ്യമപ്രവർത്തകർ പോലും മൊബൈൽ വിപ്ലവവുമായി നടക്കുന്ന കാലത്ത് കാലത്തിനൊപ്പം മാറേണ്ടത് വായനക്കാർക്കു വേണ്ടി എഴുത്തുകാരുടെയും മാധ്യമങ്ങളുടെയും കടമയാകുന്നു. കാലത്തിനൊപ്പം സഞ്ചരിക്കാത്തവരെ വായനക്കാർ പുറംതള്ളുമെന്നു മനസ്സിലായിട്ടാവണം പഴയ എഴുത്തുകാർ ഇപ്പോഴും സംവാദ വിഷയങ്ങളുമായെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നതും. കഥകളൊന്നും പുറത്തു വരുന്നില്ലെങ്കിലും എൻ എസ് മാധവനെ പോലെയുള്ളവർ സംവാദങ്ങളും വിവാദങ്ങളുമുണ്ടാക്കി സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നതും അതുകൊണ്ടു തന്നെ.

എന്തായാലും എഴുത്തുകാരന്റെ വാക്കുകൾക്കും പ്രസക്തിയുണ്ട്. നാലോ അഞ്ചോ വാക്കുകളിൽ ഒരുപക്ഷേ ഒതുക്കി വയ്ക്കാനാകുന്നതല്ല വികാരങ്ങൾ, പ്രത്യേകിച്ച് കാലത്തെ മനസ്സിലാക്കുന്നവനാണ് എഴുത്തുകാരെന്നതിനാൽ സാമൂഹികമാധ്യമങ്ങളുടെ വായന സന്തോഷ് ഏച്ചിക്കാനം അത്ര നിസ്സാരമായി തള്ളിക്കളയാൻ ഇടയില്ല. ചർച്ചകൾക്കെല്ലാം മറുപടി പറയാൻ എഴുത്തുകാരൻ ബാധ്യസ്ഥനുമാണ്. കാരണം അദ്ദേഹത്തിന്റെ കഥകളെ ഉദാത്തവത്കരിക്കുകയും ധൈര്യപൂർവ്വം പല കോണുകളിൽ ചർച്ചകൾ നടത്തിയതും ഇപ്പറഞ്ഞ സോഷ്യൽ മീഡിയയിലെ മണ്ടന്മാർ കൂടി ഉൾപ്പെടുന്ന വായനക്കാരാണെന്നത് മറക്കരുത്. അതുകൊണ്ട് എഴുത്തുകാരന്റെ മറുപടി വായനക്കാർ പ്രതീക്ഷിക്കേണ്ടതുണ്ട്.