Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിരാക്കിളീ, പാട്ടു നിർത്തരുതേ...!

sugathakumari-pathirakkili

സുഗതകുമാരിയുടെ ഒരു കവിതയും എന്നെ ദംശിക്കാതിരുന്നിട്ടില്ല. ഒരു വാക്കിലെങ്കിലുമുണ്ടാവും കവിതയുടെ വൈദ്യുതിസ്പർശം - പുതു തലമുറയിലെ ശ്രദ്ധേയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് സുഗതകുമാരിക്കവിതകൾക്കു നൽകുന്ന സാക്ഷ്യപത്രം. 1934 ജനുവരി 22 നു ജനിച്ച മലയാള കാവ്യസാഗരത്തിലെ മുത്തുച്ചിപ്പിക്ക് 82–ാം ജൻമദിനം. സ്വപ്നങ്ങളുടെയും സത്യങ്ങളുടെയും സംഗമഭൂമി കവിതകളിൽ സൃഷ്ടിച്ച് മലയാള കവിതയെ തന്റെ കാതരവും വിധുരമായ വാക്കിന്റെ വഴിയിലൂടെ അരനൂറ്റാണ്ടായി നയിക്കുന്ന കവയത്രിയുടെ പിറന്നാൾ. അമ്മയെ മറക്കാതെ, മക്കളെ പാലിച്ച്, ജീവന്റെ ഉറവ വറ്റാതെ കാക്കുന്ന ഭൂമീദേവിയുടെ പ്രിയഗായികയുടെ പിറന്നാൾ.

കണ്ണീരു വറ്റാത്ത സഹോദരിമാരുടെ, പീഢിപ്പിക്കപ്പെടുന്ന ജന്മങ്ങളുടെ, വേരുകളറ്റു നിലത്തുവീഴുന്ന മരങ്ങളുടെ, പകുതിയിൽ ഗാനം നിലച്ച കിളികളുടെ, വറ്റുന്ന പുഴകളുടെ, താളം തെറ്റുന്ന തിരകളുടെ, യാത്ര പറയുന്ന മഴയുടെ പ്രിയതോഴിക്കു മലയാളത്തിന്റെ കൂപ്പുകൈ. നടന്നുപോകുന്ന വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ചുകുയിലിനും വരെ നന്ദി ചൊല്ലിയ കവയത്രി. വേദനിപ്പിച്ച കല്ലുകൾക്കും മിഴി ചുവപ്പിച്ച സൂര്യനും ദുരിതങ്ങളുടെ ചുമടു താങ്ങിയ വഴിത്താങ്ങികൾക്കും തോളിനും വഴിക്കിണറിനും ദാഹജലം പകർന്ന കനിവിനും നന്ദി ചൊല്ലിയ രാത്രിമഴയുടെ, പാതിരാപ്പൂക്കളുടെ, ഇരുൾച്ചിറകുകളുടെ കവയത്രി.

വഴിയമ്പലത്തിലെ പാട്ട് എന്ന കവിതയിൽ തനിച്ചിരുന്നു പാടുന്ന കൃഷ്ണഭക്തയായ മീരയുടെ ചിത്രം അവതരിപ്പിക്കുന്നുണ്ട് സുഗതകുമാരി. നൂറു നൂറു ദുഃഖങ്ങൾ തോരാതെ പെയ്യുന്ന രാത്രിയിൽ, വേദനകളുടെ കൊടുങ്കാറ്റടിക്കുന്ന ഇരുട്ടിൽ, ദുരന്തങ്ങളുടെ മേഘങ്ങൾ ആർത്തിരമ്പിപ്പെയ്യുമ്പോൾ ശ്യാമസുന്ദരനായ കണ്ണന്റെ മുടിപ്പീലി ധ്യാനിച്ച് അചഞ്ചലയായി പ്രിയനെ കാത്തിരിക്കുന്ന മീര. വഴി നടന്ന് ഏറെ തളർന്ന മേനി. കൂട്ടിന് ഇരുട്ട്. കരിംകുതിരപ്പുറത്തേറി രാത്രിയെത്തുമ്പോൾ തനിച്ചിരിക്കുന്നവൾ.

ഇവിടെയിക്കോണിൽ തനിച്ചിരിക്കുന്നു ഞാ–

നവിടുത്തെയോർത്തു പാടുന്നു !

മഴ തോരുന്നില്ല. ഇരുട്ടു മാറി വെളിച്ചം വരുന്നില്ല. നീണ്ടുപോകുന്ന വിജനഭീകര പാത. കഴിഞ്ഞ രാത്രി പ്രിയൻ ഔദാര്യത്തോടെ നീട്ടിയതു വിഷപാത്രം. അതവന്റെ സമ്മാനമായതിനാൽ കൊതിതീരെക്കുടിച്ച് തന്നെത്തന്നെ മറന്നു പാടുന്ന മീര. ലോകം പറയും മീരയ്ക്കു ഭ്രാന്താണെന്ന്. പാടിത്തളർന്നെങ്കിലും, കണ്ണുനീർ വറ്റിയെങ്കിലും, ഏറെ നടന്ന പാദങ്ങൾ വീണെങ്കിലും മീര കാത്തിരിക്കുന്നു.

ഹേ, ശ്യാമസുന്ദര വരും വരും നീയെന്ന്

കാറ്റു പറയുന്നു, കടൽത്തിരകൾ പാടുന്നു.

ഭൂമിയെപ്പോലെ, അമ്മയെപ്പോലെ മീര. വറുതിയും വിഷവും വിനാശവും കണ്ണുനീരുമായി ഭാരം പേറി മെയ്യാകെ മരവിച്ചെങ്കിലും കനിവൂറുന്ന കയ്യാൽ പ്രിയൻ തൊടുമ്പോൾ കരഞ്ഞുപോകുന്ന ഭൂമിയെപ്പോലെ.

ഈ മഴയുമീക്കൊടുങ്കാറ്റുമെൻ തോഴിയാം

ഭൂമി തൻ ഗാനമാണല്ലോ.

ഈ മുളംതണ്ടിൽ ഞാൻ മീട്ടുന്നതോ ഘന–

ശ്യാമ നിൻ പ്രേമമാണല്ലോ !

കാറ്റിന്റെ ഇരമ്പം കൂടുന്നു. മേഘം പൊട്ടിയൊലിക്കുന്നു. കൈകൾ മുകളിലേക്കുയർത്തി പ്രാർഥിക്കുന്ന മരങ്ങൾ നിന്നുകത്തുന്നു. അപ്പോഴും മീരയ്ക്കു പേടിയില്ല. ഈ ജന്മത്തിൽ ഇനി താൻ എന്തായി മാറണമെന്നു കണ്ണനോടു ചോദിക്കുന്നു.

ഒരു കാട്ടുപൂവ്

മയിൽപ്പീലി

വെണ്ണയുരുള

പാഴ്മുളംതണ്ട്

കല്ലും മണ്ണും നിറഞ്ഞ തെല്ലവിൽ

പ്രഭോ, ഏതാക്കിടേണം ഈ ജൻമം ?

ശമനമില്ലാതെ മാരി പെയ്യുന്നു. രാത്രിമഴ. മീരയ്ക്കുറപ്പുണ്ട്. മൃത്യുവിനു തന്നെ തൊടാനാവില്ല. ശ്യാമകൃഷ്ണനെ ധ്യാനിച്ച്, അവനുവേണ്ടി പാടുന്ന മീരയെ തൊടാൻ മൃത്യുവിനു കഴിയുമോ ? മീരയുടെ നിസ്വാർത്ഥസ്നേഹം, ജീവൻ ത്യജിച്ചും സമർപ്പണത്തിന്റെ പുണ്യപദം പൂകുന്ന ജീവിത ധന്യത മലയാളത്തിനു നൽകിയ സുഗതകുമാരി ഇനിയുമിനിയും പാടട്ടെ. പ്രിയപ്പെട്ട പാതിരാക്കിളീ, പാട്ടു നിർത്തരുതേ....

സമാനഹൃദയർക്കായി കരുളുരുക്കി കാവ്യമാക്കി കാവ്യോപാസന നടത്തുന്ന സുഗതകുമാരി. സാർത്ഥകമായ കവിജൻമത്തിന്റെ മലയാള മാതൃക. സുഗതകുമാരിക്കുള്ള ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകളുടെ അർച്ചന കവിയുടേതു മാത്രമല്ല. മലയാളത്തിന്റേതാണ്. കൈരളിയുടേതാണ്. എല്ലാ കാവ്യാസ്വാദകരുടേതുമാണ്. ചുള്ളിക്കാടിന്റെ വാക്കുകൾ– കാവ്യലക്ഷ്മിയെ സത്യത്തിന്റെ തീക്കുണ്ഡത്തിലേക്കു നിഷ്കരുണം തള്ളിയിട്ട കരാളഹസ്തയായ സുഗതകുമാരിയാണ് എന്റെ കവി. അവളുടെ മുമ്പിൽ ശിരസ്സു ഛേദിച്ചുനിവേദിച്ച് ഞാൻ അടങ്ങട്ടെ !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.