Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യർത്ഥകാലത്തിനു വാക്കുകളുടെ ‘സൃഷ്ടിഗീത’

സുഭാഷ് ചന്ദ്രൻ, മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ, മനുഷ്യന് ഒരു ആമുഖം

പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ.

സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ ആമുഖവാക്യം. അന്ത്യവാചകം ഇതല്ലെങ്കിലും ഈ വരികളുടെ ഉടമയെ കണ്ടെത്തുന്നതോടെയാണു നോവൽ അവസാനിക്കുന്നത്.

പ്രധാനകഥാപാത്രമായ ജിതൻ എന്നു വിളിക്കപ്പെടുന്ന ജിതേന്ദ്രന്റെ മരണത്തിന് ഒരുമാസത്തിനുശേഷം ഭാര്യ ആൻമേരി ഫ്ലാറ്റിന്റെ കോളിങ് ബെൽ ശബ്ദിച്ചതായി തോന്നി കതകു തുറക്കുമ്പോൾ ഭർത്താവിന്റെ അതേ ഛായയിൽ ഒരു മധ്യവയസ്കൻ വാതിലനപ്പുറം നിൽക്കുന്നു.

അതു ഭർത്താവല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആൻമേരി വാതിൽ തുറന്നു. അയാൾ ഒരു പുസ്തകം അവൾക്കുനേരേ നീട്ടി. അവൾകൂടി കഥാപാത്രമാകുന്ന നോവൽ. ഒരു നിമിഷം അവളുടെ ശ്വാസം നിലച്ചു.

വിറയ്ക്കുന്ന വിരലുകൾകൊണ്ട് പുസ്തകം വാങ്ങിനോക്കി ആൻമേരി പേരു വായിച്ചു:

മനുഷ്യന് ഒരു ആമുഖം.

ജിതേന്ദ്രന്റെയും കുടുംബത്തിന്റെയും നീണ്ടകഥ. ജിതൻ എഴുതാൻ ആഗ്രഹിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന നോവൽ. കുറേഭാഗങ്ങൾ അയാൾ എഴുതി. എഴുതിയ ഭാഗങ്ങൾ വിവാഹത്തിനുമുമ്പുള്ള പ്രണയത്തിന്റെ വർഷങ്ങളിൽ ആൻമേരിക്കു കത്തുകൾക്കൊപ്പം അയച്ചു.

അപ്പോഴൊന്നും മറ്റൊരാൾ സമാന്തരമായി നോവൽ എഴുതുന്ന കാര്യം ആൻമേരി അറിഞ്ഞില്ല. ജിതന്റെ മരണശേഷം നോവൽ പൂർത്തിയായിരിക്കുന്നു. രചന നിർവഹിച്ചത് അവരെ ഒരുമിപ്പിച്ച ആ വലിയ വാചകം – പൂർണവളർച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ – എഴുതിയ ആൾ.

കോളജിന്റെ ക്ലാസ്മുറിയിലെ ബോർഡിൽനിന്നാണു ജിതൻ വരികൾ ആദ്യം വായിക്കുന്നത്. ഇന്നോളം വായിച്ചതിൽ ഏറ്റവും അർത്ഥമുള്ളതെന്നു തോന്നിപ്പിച്ച വാക്കുകൾ. അപ്പോൾ ക്ലാസിൽ ഉണ്ടായിരുന്ന ഏകജീവി ആൻമേരിയായിരുന്നു.

ജീവിതത്തെക്കുറിച്ചുള്ള വരികളിൽനിന്നു തുടങ്ങിയ അവരുടെ ചർച്ച സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും പിന്നീട് അനിവാര്യമായ വിവാഹത്തിലേക്കും എത്തി. അമ്പത്തിനാലാം വയസ്സിൽ അപ്രതീക്ഷിതമായി, അകാലത്തിൽ മരിക്കുന്നതുവരെയും ജിതനു വാക്കുകളുടെ ഉടമയെ കണ്ടെത്താനായില്ല.

മരണത്തിന് ഒരു മാസം തികയുമ്പോൾ ഉടമ സ്വയം പ്രത്യക്ഷപ്പെട്ടു. എഴുതിപ്പൂർത്തിയാക്കിയ നോവലുമായി. അതത്രേ മനുഷ്യന് ഒരു ആമുഖം. 2010 ൽ പ്രസിദ്ധീകരിച്ച് അഞ്ചുവർഷം തികയുമ്പോൾ വയലാർ അവാർഡ് എന്ന ഉന്നതഅംഗീകാരം കരസ്ഥമാക്കിയ പുസ്തകം.

കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ച് ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്നവർക്കു സമർപ്പിച്ച മനുഷ്യന് ഒരു ആമുഖത്തിന്റെ പ്രാരംഭത്തിനും മുന്നേ സുഭാഷ് ചന്ദ്രൻ ജിതേന്ദ്രൻ ആൻമേരിക്ക് അയച്ച കത്തിന്റെ ഒരു ഭാഗം കൊടുത്തിട്ടുണ്ട്.

ധീരനും സ്വതന്ത്രനും സർവോപരി സർഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വർഷം കൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീർന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്നു പറയുന്നതെങ്കിൽ, പ്രിയപ്പെട്ടവളേ, മനുഷ്യനായിപ്പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല.

ജിതന്റെ മനസ്സിനെ മഥിച്ച സംശയത്തിലേക്കുള്ള സൂചന കത്തിലുണ്ട്. കത്തുകൾക്കൊപ്പം നോവൽഭാഗങ്ങളും അയാൾ ആൻമേരിക്ക് അയച്ചിരുന്നെങ്കിലും ഒരു പേപ്പർ മാത്രം അയച്ചില്ല. അതയാളുടെ മരണശേഷം ആൻമേരി കണ്ടെടുത്തു. മരണമെത്തുന്ന നേരത്ത് എല്ലാവരും നേരിടേണ്ടിവരുന്ന ചോദ്യത്തെക്കുറിച്ചു ജിതൻ എഴുതിയിരിക്കുന്നു.

ദൈവം ചോദിക്കും: ഒരു തെളിവു കാണിച്ചുതരൂ. ഭൂമിയിൽ ധൂർത്തടിച്ച ലക്ഷക്കണക്കിനു മണിക്കൂറുകൾക്കിടയിൽ, സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങൾക്കായല്ലാതെ, വരുംതലമുറയ്ക്കായി കൊളുത്തിവച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള തെളിവ്.

തെളിവു സൃഷ്ടിക്കാൻ ജിതൻ തീക്ഷ്ണമായി ആഗ്രഹിച്ചു. ഒരു നോവൽ. അതാണു തെളിവ്. തന്റെയും കുടുംബത്തിന്റെയും കാലത്തിന്റെയും ചരിത്രം. അപൂർണമായ കയ്യെഴുത്തുപ്രതികൾ ഭൂമിയിലുപേക്ഷിച്ച് യാത്രയായെങ്കിലും അയാളുടെ ആഗ്രഹത്തിന്റെ കരുത്തുകൊണ്ടായിരിക്കാം മറ്റൊരാളാൽ ശ്രമത്തിനു സാഫല്യം.

മനുഷ്യന് ഒരു ആമുഖം ഒരു മനുഷ്യൻ കാലത്തിനു നൽകുന്ന സമ്മാനമാണ്. ഭൂമിയിൽ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവും പിന്നാലെ വരുന്ന തലമുറകൾക്കു നൽകുന്ന വഴിവിളക്കും. ഒഴിഞ്ഞ ഹൃദയത്തേക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞ ഒരു വ്യക്തിയുടെ വികാരചിചാരങ്ങളുടെ ആകെത്തുക.

അതു മനുഷ്യനുള്ള ആമുഖം മാത്രമല്ല, അക്ഷരങ്ങളിൽ പൂർത്തിയാക്കിയ ജീവിതത്തിന്റെ സംഗ്രഹം തന്നെയാണ്. ജിതൻ വെറുമൊരു വ്യക്തി മാത്രമല്ല; ഒരു തെളിവിനാൽ ജീവിതം അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതിനിധിയാണ്. അവർക്കെല്ലാംവേണ്ടി സുഭാഷ് ചന്ദ്രൻ എഴുതിയ നോവലാണ് മനുഷ്യന് ഒരു ആമുഖം.

ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥദർശനങ്ങളോടു നോവലിന്റെ ഘടന കടപ്പെട്ടിരിക്കുന്നു. ‘പ്രാരംഭ’ത്തിൽത്തുടങ്ങി ‘പര്യന്ത’ത്തിൽ അവസാനിക്കുന്ന നോവലിന്റെ ഉള്ളടക്കത്തിൽ 40 അധ്യായങ്ങൾ.

ഓരോ ഘട്ടത്തിലും വായനക്കാർ വായിക്കുന്നതു മറ്റൊരാളുടെ ജീവിതമോ കഥയോ അല്ല. അവരവരുടെ ജീവിതം തന്നെയാണ്. ഓരോരുത്തരും എഴുതാൻ ആഗ്രഹിക്കുകയും തുടങ്ങിയിട്ടു പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ ഉപേക്ഷിച്ച സ്വന്തം ജീവിതത്തിന്റെ അക്ഷരരൂപം.

അവസാനത്തെ ചോദ്യവുമായി ദൈവം എത്തുമ്പോൾ തലകുനിച്ചു നിൽക്കാതെ, അഭിമാനത്തോടെ, ആഹ്ലാദത്തോടെ ഇനി തെളിവു ഹാജരാക്കാം: ഇതാ ഞങ്ങളുടെ ജീവിതം അഥവാ മനുഷ്യന് ഒരു ആമുഖം.

ഇന്ന് – ഒക്ടോബർ 27– മലയാള ഗാനശാഖയിലെ കാവ്യഗന്ധർവ്വൻ വയലാർ രാമവർമയുടെ പേരിലുള്ള പുരസ്കാരം സുഭാഷ് ചന്ദ്രൻ ഏറ്റുവാങ്ങുന്നു. ‘മനുഷ്യന് ഒരു ആമുഖം’ ആരുടെ നോവലാണ് ?

ജിതേന്ദ്രൻ എന്ന ജിതന്റെയോ സുഭാഷ് ചന്ദ്രന്റെയോ ? നോവൽ വായിക്കുന്നവരുടെ മനസ്സിൽ സ്വാഭാവികമായി ഉയരുന്ന സംശയത്തിന് ആമുഖത്തിൽ സുഭാഷ് ചന്ദ്രൻ മറുപടി എഴുതിയിട്ടുണ്ട്

: മനുഷ്യന് ഒരു ആമുഖം എന്ന നോവൽ ജിതേന്ദ്രനാണോ ഞാനാണോ എഴുതിയതെന്ന കാര്യത്തിൽ എനിക്കിപ്പോഴും തീർച്ചയില്ല. എന്റെ സങ്കൽപത്തിലെ കഥാപാത്രമാണ് ജിതേന്ദ്രൻ എന്നതുപോലെ ജിതേന്ദ്രന്റെ യാഥാർഥ്യത്തിലെ എഴുത്തുകാരനാണ് ഞാൻ എന്നുമാത്രം എനിക്കിപ്പോൾ തോന്നുന്നു.