Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കിന്റെ വഴിയിലെ വീരപോരാളി

vt-death

അന്ധതയുടെ മൂടുപടം പിച്ചിച്ചീന്തി വിജ്ഞാനത്തിന്റെ പുഞ്ചിരിയേറ്റപ്പോൾ കോരിത്തരിച്ച ഒരു മനുഷ്യന്റെ കൂടി കഥയാണ് കേരളത്തിന്റെ സാമൂഹിക നവോത്ഥാനം. ആദ്യത്തെ ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് ഒരു ശാസ്താംകോവിലെ ശാന്തിക്കാരനായിരുന്നു അയാൾ. ഇരുപതാം നൂറ്റാണ്ടിന്റെ കണ്ഠത്തിൽനിന്നുയർന്ന സമരകാഹളം അയാളെ ഞെട്ടിച്ചു. ജൻമിത്വത്തിന്റെ പതുപ്പേറിയ പട്ടുകിടക്കയിൽനിന്നു ചാടിയെഴുന്നേറ്റു. ബ്രാഹ്മണ്യത്തിന്റെ കരിമ്പടപ്പുതപ്പ് തട്ടിക്കളഞ്ഞുപുറത്തുവന്നപ്പോൾ പരിവർത്തനത്തിന്റെ പുലരിക്കാറ്റ്. പൊതു സേവനത്തിനുള്ള കർത്തവ്യം മാടിവിളിക്കുന്നു. സ്വയം ഒന്നുനോക്കി. തളിർത്തുവരുന്ന താരുണ്യത്തിന്റെ മുഖത്ത് രോമം മുറ്റിത്തഴച്ചിട്ടും അക്ഷരജ്ഞാനം നേടിയിട്ടില്ല. വായിൽ നിറയെ വൈദികമന്ത്രവും മനസ്സിൽ ദഹിക്കാത്ത കുറേ വ്യാമോഹങ്ങളും മാത്രം.

ഒരു നിമിഷം തളർന്നുപോയെങ്കിലും ചാടിയെഴുന്നേറ്റു. പ്രാഥമിക പാഠശാലയിൽ പഠിച്ചിരുന്ന ഒരു തിയ്യാടികുടുംബത്തിലെ പത്തുവയസ്സുപ്രായം വരുന്ന ഒരു കുട്ടിയെ ശരണം പ്രാപിച്ചു.ശിഷ്യനായി. ആ പെൺകിടാവ് സ്ളേറ്റിൽ കുത്തിക്കുറിച്ച അക്ഷരങ്ങളെ ലോകം കൂർക്കംവലിച്ചുറങ്ങുന്ന നിശ്ശബ്ദ രാത്രികളിൽ ചവച്ചിറക്കി പഠിച്ചു. കുറേനാളത്തെ പഠനത്തിനുശേഷം പണപ്പായസത്തിനു ശർക്കര പൊതിഞ്ഞുകൊണ്ടുവന്ന പത്രക്കടലാസ്സിൽനിന്ന് ഒരു പരസ്യം കൂട്ടിവായിച്ചു. വിലക്കപ്പെട്ടിരുന്ന അക്ഷരലോകത്തേക്കു 18–ാം വയസ്സിൽ പ്രവേശിച്ച ആ മനുഷ്യൻ കേരളത്തിന്റെ സാമൂഹിക വിപ്ളവപ്രസ്ഥാനത്തിലെ തീപ്പന്തമായി ജ്വലിച്ചുയർന്നു. വെള്ളിത്തിരുത്തി താഴത്തു കറുത്ത പട്ടേരി രാമൻ എന്ന വി.ടി. ഭട്ടതിരിപ്പാട്.

ദരിദ്രനും അജ്ഞനുമായ ഒരു നമ്പൂതിരി യുവാവിൽനിന്ന് ഉജ്വലമായ സാമൂഹികപരിവർത്തനത്തിന്റെ സമുന്നതനേതാവായിത്തീർന്ന അവിസ്മരണീയ വ്യക്തിത്വം. വിപ്ളവ വഴികളിലെ കെടാത്ത നാളമായ വിടി ഒരു എഴുത്തുകാരൻ കൂടിയായിരുന്നു. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന പ്രശസ്ത കൃതിയിലൂടെ കൊടുങ്കാറ്റഴിച്ചുവിട്ട അദ്ദേഹത്തിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥ ഭാഷയിലെ മികച്ച പുസ്തകങ്ങളിലൊന്നാണ്. 1982 ഫെബ്രുവരി 12 ന് അന്തരിച്ച വിടിയുടെ ചരമദിനമാണിന്ന്. വിടിയുടെ 120–ാം ജൻമശതാബ്ദിവർഷം കൂടിയാണിത്.

vt-death-2

പരസ്പരം പങ്കിടാനൊരിടം. ഒരു ജാലകവാതിൽപോലും ഇടയിലില്ലാതെ വാക്കുകൾ തേടാൻ ഒരിടം. കലാസാമൂഹിക പ്രവർത്തനവും എഴുത്തും വായനയും അതിലൂടെ നേടിയെടുക്കുന്ന പരസ്പര വിശ്വാസവും സൗഹൃദവും വോട്ടവകാശത്തെക്കാൾ വലിയ പൗരധർമമാണെന്ന സർഗാത്മകരാഷ്ട്രീയബോധം – വിടിയുടെ ജനാധിപത്യ സങ്കൽപങ്ങൾ വീണ്ടും ഓർമിക്കപ്പെടുകയാണ്. ഒപ്പം രാഷ്ട്രീയപ്രവർത്തനത്തോളം തീക്ഷ്ണമായ അദ്ദേഹത്തിന്റെ അക്ഷരവഴിയിലെ സംഭാവനകളും സ്മരിക്കപ്പെടുന്നു.

വിടിയെക്കുറിച്ചെഴുതുമ്പോൾ പ്രശസ്ത കവി ജി. കുമാരപിള്ളയുടെ മനസ്സിൽ ഓടിയെത്തിയ മറ്റൊരു പേരുണ്ട്. ‘ഇരുട്ടിന്റെ ഹൃദയം’ എന്ന കൃതിയിലൂടെ പ്രശസ്തനായ ജോസഫ് കോൺറാഡ്. പോളണ്ടിൽ ജനിച്ചുവളർന്ന കോൺറാഡിനു പതിനെട്ടുവയസ്സുവരെ ഇംഗ്ളിഷ് ഭാഷയിലെ ഒരക്ഷരം പോലും അറിയില്ലായിരുന്നു. ഒരു യാദൃച്ഛികസംഭവത്തിലൂടെ രൂപാന്തരത്തിനു വിധേയമായ അദ്ദേഹം പിന്നീട് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരനായി. വിടിയും 18–ാം വയസ്സിലാണ് അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്നതെങ്കിലും ശൈലിയുടെ ഓജസ്സും ദർശനത്തിന്റെ തേജസ്സും നിറഞ്ഞ കൃതികളിലൂടെ ആദരണീയനായ സാഹിത്യകാരൻ എന്ന പദവിയിലെത്തി. കണ്ണീരും കിനാവും എന്ന ആത്മകഥതന്നെ പ്രധാന തെളിവ്.

അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചു പുസ്തകങ്ങളും അനുകാലിക പ്രസിദ്ധീകരണങ്ങളും ആർത്തിയോടെ വായിക്കാൻ തുടങ്ങിയ കാലത്തെക്കുറിച്ചു ദീപ്തമായ സ്മരണകൾ വിടിയുടെ ആത്മകഥയിലുണ്ട്. മുണ്ടമുക ശാസ്താംകാവിലെ ശാന്തിക്കാരനായിരുന്ന കാലത്ത് പത്രപാരായണത്തിൽ അഭിരുചി തോന്നിയ വിടി പത്രം അയച്ചുതരണമെന്ന അർത്ഥത്തിൽ എന്തൊക്കൊയോ കുത്തിക്കുറിച്ച് ഒരു കാർഡ് യോഗക്ഷേമം ഓഫിസിലേക്കയച്ചു. അതൊരു വിഡ്ഢിത്തമാണെന്നും അവർ അത് ആദരിക്കില്ലെന്നും ഉറച്ചു വിശ്വസിച്ചു.

ഒരു ദിവസം പുറശ്ശാന്തി കഴിച്ചു മടങ്ങുമ്പോൾ ഗോപുരദ്വാരത്തിൽ തപാൽശിപായി കാത്തുനിൽക്കുന്നു. വേണ്ടപ്പെട്ടവരിൽ വല്ലവരുടെയും ദീനം എന്നാണു കരുതിയത്.

മിസ്റ്റർ താഴത്തു രാമൻ ഭട്ടിതിരിപ്പാട്

മുണ്ടമുക അമ്പലത്തിൽ താമസം

പിഒ ഷൊർണ്ണൂർ

എന്ന് ഇംഗ്ളിഷ് റാപ്പറിൻമേൽ അച്ചടിച്ച ഒരാഴ്ചപ്പത്രം മുമ്പിലിട്ടു. ജീവിതത്തിലാദ്യമയാ ലഭിച്ച തപാലുരുപ്പടി. പൗരജീവിതത്തിലേക്കു വെളിച്ചം വീശിയ അരിപ്പച്ചൂട്ട്. അതു ജീവിതത്തിൽ പിന്നീടൊരിക്കലും കുത്തിക്കെടുത്താതെ നോക്കിയ വിടി സമൂഹത്തിനു കൈമാറിയത് അറിവിന്റെയും വെളിച്ചത്തിന്റെയും സാമൂഹിക പരിഷ്കാരത്തിന്റെയും വിപ്ളവത്തിന്റെയും കെടാത്ത തീനാളങ്ങൾ.