Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്തിനു വേണ്ടി തൊഴിൽ ഉപേക്ഷിച്ചവർ...

ramakrishnan-surendran ടി. ഡി. രാമകൃഷ്ണന്‍, പി. സുരേന്ദ്രൻ.

ഇഷ്ടപ്പെട്ട എഴുത്തിനു വേണ്ടി ജോലി ഉപേക്ഷിക്കുക. ആ ഒരു പാതയിലാണ് മലയാളത്തിലെ പ്രശസ്തരായ രണ്ട് എഴുത്തുകാർ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണും കഥാകൃത്ത് പി. സുരേന്ദ്രനും. ടി.ഡി. രാമകൃഷ്ണൻ ജനുവരി 31ന് റയിൽവേ ചീഫ് കൺട്രോളർ സർവ്വീസിൽ നിന്നാണു സ്വമേധയാ വിരമിച്ചത്. ഇനിയുള്ള കാലം സാഹിത്യലോകത്ത് എഴുത്തും വായനയുമായി കഴിയാൻ വേണ്ടിയാണ് ടി.ഡി. രാമകൃഷ്ണൻ വിആർഎസ് എടുത്തത്.

നോവലിസ്റ്റ് പി.സുരേന്ദ്രൻ കഴി‍ഞ്ഞ ഡിസംബർ 30ന് ആണ് അധ്യാപക ജോലിയിൽ നിന്നു സ്വയം വിരമിച്ചത്. നാലുകൊല്ലം ഇനിയും സർവ്വീസുണ്ടായിരിക്കെയാണ് സുരേന്ദ്രൻ ജോലി ഉപേക്ഷിച്ചത്. മലപ്പുറം ജില്ലയിലെ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം. യാത്രചെയ്യുക, എഴുതുക എന്നതായിരുന്നു സുരേന്ദ്രന്റെ ഇഷ്ടവിനോദം. അതു തുടരാൻ തന്നെയാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്. ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് സുരേന്ദ്രൻ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളെല്ലാം ഏറെ ശ്രദ്ധേയമായവയാണ്. കണ്ണൂരിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു സാഹിത്യ മാസികയുടെ എഡിറ്റർ പദവി കൂടി അദ്ദേഹം സ്വീകരിച്ചേക്കും.

ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നീ മൂന്നു നോവലുകളിലൂടെ ശ്രദ്ധേയനായ ടി.ഡി. രാമകൃഷ്ണൻ ദീർഘകാലമായി റയിൽവേ പാലക്കാട് ഡിവിഷനിലാണു ജോലി ചെയ്യുന്നത്. 1985 മുതൽ പാലക്കാട്ടാണു താമസം. ഇനി ജന്മനാടായ കുന്ദംകുളത്ത് എഴുത്തിന്റെയും വായനയുടെയും ലോകത്ത്.

എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിക്കുന്നത് കലാകാരൻമാരിൽ പതിവാണ്. പ്രത്യേകിച്ച് എഴുത്തുകാരിൽ. പത്രാധിപരായിരിക്കുമ്പോഴാണ് എം.ടി. വാസുദേവൻനായർ ആ ജോലി ഉപേക്ഷിച്ച് പൂർണമായും എഴുത്തിലേക്കു മാറിയത്. അതോടെ മലയാളത്തിന് എന്നും ഓർത്തുവയ്ക്കാവുന്ന ധാരാളം കൃതികളും മികച്ച സിനിമകളും ലഭിച്ചു.

അധ്യാപകനായിരുന്ന സി.വി. ബാലകൃഷ്ണൻ വിരമിക്കാൻ പത്തുവർഷത്തോളമുള്ളപ്പോഴാണ് വിആർഎസ് വാങ്ങിയത്. പിന്നീട് കാസർകോട് ജില്ലയിലെ കാലിക്കടവിലെ ‘ദിശ’ എന്നവീട്ടിലിരുന്ന് എഴുത്തും വായനയും തന്നെ. ജോലി എഴുത്തിനെ ബാധിക്കുമെന്നു തോന്നിയപ്പോഴാണ് സി.വി. ജോലി ഉപേക്ഷിച്ചത്. എന്നാൽ എഴുത്തും ജോലിയും ഒരേപോലെ കൊണ്ടുപോയവരും ഉണ്ട്. എഫ്എസിടിയിൽ ചീഫ് പർച്ചേസ് മാനേജരായിരുന്ന ടി. പത്മനാഭൻ പതിവു സമയത്തു തന്നെയാണ് വിരമിച്ചത്. അതുവരെ എഴുതിയതുപോലെ തുടർന്നും അദ്ദേഹം എഴുതി. ഡൽഹിയിൽ ഫ്രഞ്ച് എംബസിയിൽ ഉദ്യോഗസ്ഥനായിരുന്ന എം. മുകുന്ദൻ വിരമിച്ച ശേഷമാണ് മയ്യഴിയിലേക്കു തിരിച്ചുപോന്നത്. അതിനു ശേഷം അദ്ദേഹം നാലു നോവലുകളെഴുതി. കുറേ ചെറുകഥകളും.