Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിൽ വഞ്ചിക്കപ്പെടുന്ന ജീവിതത്തിൽ പരാജയപ്പെടുന്ന ഭാഗ്യരാജ്

ഷാജി ചെന്നൈ
cinemapiranthukal

അപ്നേ പ്യാർ കേ സപ്നേ സച്ച് ഹു വേ.., കോയൽ ബോലീ ദുനിയാ ഡോ ലീ.. അർഥമൊന്നും മനസ്സിലായില്ലെങ്കിലും റേഡിയോയിൽ വരുന്ന ഹിന്ദിപ്പാട്ടുകൾ ഞാൻ കുത്തിയിരുന്ന് കേൾക്കുമായിരുന്നു. കുറച്ച് വർഷങ്ങൾക്കു മുൻപു ചെമ്പകപ്പാറ പള്ളിക്കൂടത്തിൽ ഹിന്ദി പഠിപ്പിക്കാനെത്തിയ തിരുവനന്തപുരംകാരനായ കരുണാകരൻ സാർ ഞങ്ങളെയെല്ലാം ഹിന്ദിക്കാരാക്കി മാറ്റാൻ കിണഞ്ഞു ശ്രമിച്ചതാണ്. ബഡീ ഊ കീ മാത്രാ.. ഛോട്ടീ ഈ കീ മാത്രാ.. ഊപ്പർ ബിന്ദി.. നീച്ചേ ഹലന്ത്.. ആത്താ.. ആത്തീ.. ആത്തേ.. ആയേഗാ.. ആയേഗീ.. ആയേംഗേ.. ആവോഗേ.. ആവൂംഗാ.. ഒരേ കാര്യം പറയാൻ ഒരു നൂറു വ്യാകരണങ്ങൾ! കുട്ടികൾക്കു ഹിന്ദി കീറാമുട്ടിയായി. ഹിന്ദിപ്പടങ്ങളോടും പാട്ടുകളോടുമുള്ള മോഹംകൊണ്ടാവണം എനിക്ക് ഹിന്ദി ബുദ്ധിമുട്ടായില്ല. ഹിന്ദി പ്രചാര സഭയുടെ പ്രതിനിധിയായിരുന്ന കരുണാകരൻ സാർ പ്രത്യേകമായി എനിക്കു ഹിന്ദി പറഞ്ഞുതന്നു. അവരുടെ പരീക്ഷകൾ എഴുതിപ്പിച്ചു. ഹിന്ദി സിനിമാ സംഭാഷണങ്ങളും പാട്ടുകളും അർഥമറിഞ്ഞ് ഞാനാസ്വദിച്ചത് കരുണാകരൻ സാറിന്റെ കരുണകൊണ്ടായിരുന്നു.

തമിഴ് തടസ്സമില്ലാതെ പറയാൻ എന്നെ പഠിപ്പിച്ചത് തമിഴ് സിനിമകളാണ്. തമിഴിനോടുള്ള ഇഷ്ടംകൊണ്ട് നാട്ടിൽ വന്ന ഒരുവിധം എല്ലാ തമിഴ് പടങ്ങളും കണ്ടു. തമിഴ് മാസികകൾ വായിച്ചു തുടങ്ങിയപ്പോൾ ബൊമ്മൈ, പേശും പടം, മുത്തം, മുത്താരം, കർക്കണ്ട്, കുങ്കുമച്ചിമിഴ്, റാണി, ദേവി എന്നിവയിൽനിന്നൊക്കെ കിട്ടുന്ന വിവരങ്ങൾ വച്ചായി സിനിമാ കാണൽ. അക്കാലത്ത് വന്ന പതിനാറ് വയതിനിലെ, കിഴക്കേ പോകും റയിൽ, സികപ്പു റോജാക്കൾ, നിറം മാറാത പൂക്കൾ, അലൈകൾ ഓയ്‌വതില്ലൈ എന്നിവയൊക്കെ ഞാൻ രസിച്ചു കണ്ട പടങ്ങളാണ്. ഭാരതിരാജ എന്ന സംവിധായകന്റെ മികവാണതെന്ന് മനസ്സിലായത് വൈകിയാണെന്നുമാത്രം. ആകാശംമുട്ടെ ചാടിമറിഞ്ഞുള്ള അടിപിടിയിൽ നിന്ന് ജീവിതമുള്ള സിനിമകളിലേക്ക് തമിഴ് സിനിമാ വഴിമാറുന്ന കാലമായിരുന്നു. രജനീകാന്ത് അഭിനയിച്ച മുള്ളും മലരും, ജോണി എന്നിവ എനിക്ക് നല്ല സിനിമകളായി. മഹേന്ദ്രന്റെ സംവിധാനമായിരുന്നു. മഹേന്ദ്രന്റെ ഉതിരിപ്പൂക്കൾ എന്നെ കരയിച്ചു. ബാലു മഹേന്ദ്രയുടെ അഴിയാതെ കോലങ്കൾ, മൂടുപനി, മൂണ്ട്രാം പിറൈ എന്നിവയും ഇഷ്ട സിനിമകളായി. എന്നാൽ അഭിനയവും സംവിധാനവും ഒന്നിച്ചു ചെയ്ത ഭാഗ്യരാജ് ആയിരുന്നു അക്കാല തമിഴ് സിനിമയിലെ എന്റെ ആരാധനാപാത്രം. 

വിടിയുംവരൈ കാത്തിരു, അന്ത ഏഴ് നാൾകൾ, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്, മുന്താനൈ മുടിച്ച്, ദാവണി കനവുകൾ തുടങ്ങിയ സിനിമകളിലെ കണ്ണീർ നനവുള്ള തമാശകളിലൂടെ ഭാഗ്യരാജ് മനസ്സിൽ ഇടം പിടിച്ചു. ഭാഗ്യരാജ് സുന്ദരനൊന്നുമല്ല. കാഴ്ചക്കുറവിനുള്ള കണ്ണട വയ്ക്കുന്ന ആൾ. സ്വപ്നരംഗങ്ങളിൽ പോലും ആ കണ്ണട വച്ചിട്ടുണ്ടാകും. വീരശൂര പരാക്രമിയോ അതിമാനുഷനോ ഒന്നുമല്ലാത്ത അയാൾ പൊതിരെ അടിവാങ്ങുന്നു, അപമാനിക്കപ്പെടുന്നു, പ്രേമത്തിൽ വഞ്ചിക്കപ്പെടുന്നു, ജീവിതത്തിൽ പരാജയപ്പെടുന്നു. ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് എന്ന സിനിമയിൽ ഭാഗ്യരാജ് പാടിയഭിനയിക്കുന്ന ‘ഓ നെഞ്ചേ നീ താൻ പാടും ഗീതങ്കൾ’ എന്ന ശോകപ്പാട്ട് പാടി കൂടെപ്പഠിച്ച ജെയിനെ ആകർഷിക്കാൻ നോക്കി അമ്പേ പരാജയപ്പെട്ടവനാണല്ലോ ഞാനും. 

തമിഴ് സിനിമാപ്പാട്ടുകൾ എനിക്ക് വലിയൊരു മോഹമായിക്കഴിഞ്ഞിരുന്നു. അവ കേൾക്കാൻവേണ്ടി മാത്രം തമിഴ്‌നാട് അതിർത്തിയിലുള്ള പാട്ടുകടകൾക്കു മുൻപിൽ ചെന്നു നിൽക്കും. അവിടെ കേൾക്കുന്ന പാട്ടുകൾ കാണാതെ പഠിച്ച് വെറുതെ പാടിക്കൊണ്ട് നടന്നിരുന്ന എന്നെ നാട്ടിൽ നടന്ന ചില ചെറുകിട ഗാനമേളകളിൽ പാടാൻ വിളിച്ചു. ആർക്കൊക്കെയോ അതിഷ്ടപ്പെട്ടതുകൊണ്ടാവണം കുറച്ചുകൂടി ദൂരെ നിന്നൊക്കെ ആളുകൾ പാടാൻ വിളിച്ചുതുടങ്ങി. ടി എം എസ്, മലേഷ്യാ വാസുദേവൻ, എസ് പി ബി എന്നിവരുടെ തട്ടുപൊളിപ്പൻ പാട്ടുകളാണ് ഞാൻ പാടുക. ആർ ഡി ബർമൻ, ബപ്പി ലഹിരി തുടങ്ങിയവർ പാടിയ വേഗത്തിലുള്ള ഹിന്ദിപ്പാട്ടുകളും പാടും. വേഗം കുറഞ്ഞ മധുരഗാനങ്ങൾ നമുക്കു പറ്റുകയില്ല. അവ പാടിയാൽ പാട്ടുകാരന്റെ പൂച്ച് പുറത്താകും. 

ഒരിക്കൽ ശാന്തമ്പാറ എന്ന സ്ഥലത്ത് വലിയൊരു പരിപാടിക്ക് പാടാൻ വിളിച്ചു. തമിഴർ തിങ്ങിപ്പാർക്കുന്ന തോട്ടം മേഖലയാണ്. തമിഴന്മാർക്കു മുൻപിൽ തമിഴ് പാട്ടുകൾ പാടുന്ന കാര്യമോർത്തപ്പോൾ എനിക്ക് കാൽ വിറച്ചു. പാടാൻ ആവശ്യപ്പെട്ടിരിക്കുന്ന പാട്ടുകളെല്ലാം യേശുദാസ് പാടിയവ. സിന്ധുഭൈരവിയിലെ ‘തണ്ണീർ തൊട്ടി തേടിവന്ത’, പടിക്കാതവനിലെ ‘ഊര തെരിഞ്ചുക്കിട്ടേൻ’, നല്ലവനുക്കു നല്ലവനിലെ ‘വെച്ചുക്കവാ ഒന്ന മട്ടും നെഞ്ചുക്കുള്ളേ..’ ആ പാട്ടുകളൊന്നും എനിക്കറിഞ്ഞുകൂടാ. മാത്രമല്ല യേശുദാസിന്റെ പാട്ടുകൾ ഞാൻ പാടിയാൽ നന്നാവുകയുമില്ല. എങ്കിലും അത്രയും വലിയ വേദിയിൽ ആദ്യമായി പാടാൻ കിട്ടിയ അവസരം കളയാൻ വയ്യ. രണ്ടുംകൽപ്പിച്ച് ചെല്ലാമെന്നു ഞാൻ സമ്മതിച്ചു. എവിടെ നിന്നൊക്കെയോ ഓടിച്ചിട്ട് പാട്ടുകൾ പഠിച്ച് ഗാനമേളയുടെ തലേന്ന് പരിശീലനത്തിനെത്തി.

ഉപകരണക്കാർ നിരന്നു. ചെറിയ വിറയലോടെ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ പാട്ടുകൾ ആദ്യം നോക്കാം എന്ന് അവർ തീരുമാനിക്കുന്നു! ‘വെച്ചുക്കവാ ഒന്ന മട്ടും’ യുഗ്മഗാനമാണ്. കൂടെപ്പാടാൻ അതാ വരുന്നു കറുത്ത ഒരു സുന്ദരിച്ചേച്ചി. എന്റെ ചങ്കിടിപ്പ് കൂടി. താളം മുറുകി. ആദ്യത്തെ രണ്ടുവരി ഞാൻ ഒരുവിധം പാടിയൊപ്പിച്ചു. രണ്ടാമത്തെ വരിയായ ‘സൊക്കത്തങ്ക തട്ടപ്പോല..’ പാടിയതും ‘തെറ്റി. അതങ്ങനെയല്ലല്ലോ..’ എന്ന് പിന്നിൽ നിന്ന് ഒരു പുരുഷ ശബ്ദം. സംഗീതം നിന്നു. ഞാൻ തിരിഞ്ഞുനോക്കി. കറുകറാ കറുത്ത മുഖത്തിനുമേൽ കറുത്ത കട്ടിക്കണ്ണടയും വച്ചു കാണാൻ ‘മെനകെട്ട’ ഒരാളാണ് എന്റെ പാട്ടിനെ കുറ്റം പറയുന്നത്. കുയിലിനെത്തേടി സിനിമയിൽ ‘കൃഷ്ണാ നീ വരുമോ’ എന്ന് വി ഡി രാജപ്പൻ പാടുമ്പോൾ ‘പൂയ്.. തെറ്റി! അങ്ങനെയല്ല’ എന്ന് മാസ്റ്റർ രഘു കളിയാക്കുന്നതും ‘എങ്കിൽപ്പിന്നെ നീ പാടിക്കാണിക്കെടാ വാനരാ..’ എന്ന് വി ഡി രാജപ്പൻ തിരിച്ചടിക്കുന്നതും ഓർമ വന്നു. ‘കൊച്ചു പയ്യനല്ലേ വിജയകുമാറേ.. ഒന്ന് പാടിക്കാണിച്ചുകൊടുക്ക്’ എന്ന് ഗിറ്റാർ വായിക്കുന്ന ചേട്ടൻ പറഞ്ഞതും ആ കണ്ണടക്കാരൻ എഴുന്നേറ്റുവന്ന് ‘വൺ.. ടൂ.. ത്രീ.. ഫോർ’ പറഞ്ഞ് ആ പാട്ടു മുഴുവൻ ഒരൊറ്റ അലക്ക്. എന്റെ കണ്ണുതള്ളിപ്പോയി. നല്ല ഒന്നാന്തരം തമിഴ് ഉച്ചാരണത്തോടെ ഗംഭീരമായി പാടുന്നു. വിജയകുമാറിനോട് എനിക്ക് ആരാധനയായി. 

(തുടരും)

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.