Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേംനസീറും നടക്കാതെ പോയ ആ മോഹവും...

ഷാജി ചെന്നൈ
prem nazir കേരളത്തിന്റെ മലയോരഗ്രാമത്തിൽ വളർന്ന കുട്ടിയെ ബാധിച്ച സിനിമാഭ്രാന്തിന്റെ കഥ. തമിഴ്, തെലുങ്ക്, മലയാളം, ഭാഷകളിൽ അറിയപ്പെടുന്ന സിനിമാനടൻ കൂടിയായ ഷാജി ചെന്നൈയുടെ ഓർമകുറിപ്പുകൾ തുടരുന്നു ...

കോട്ടയത്തെ ഇന്ത്യൻ കോഫി ഹൗസിന് മുൻപിലൂടെ നടക്കുമ്പോൾ സംവിധായകൻ ജി. അരവിന്ദൻ അങ്ങോട്ട് കയറിപ്പോകുന്നു. നീണ്ട താടിയും മുടിയുമുള്ള അദ്ദേഹത്തിന്റെ രൂപം സിനിമാ മാസികകളിലും പത്രങ്ങളിലും കണ്ട് നല്ല പരിചയമാണ്. ചിദംബരവും തമ്പും എസ്തപ്പാനും ഒരിടത്തുമൊക്കെ മനസ്സിൽ ഓടി. ആദ്യമായിട്ടാണ് ഒരു സിനിമാ സംവിധായകനെ നേരിൽ കാണുന്നത്. അതും ഇത് എമ്മാതിരി സംവിധായകൻ! ഞാൻ പിന്നാലെ ഓടിച്ചെന്ന് ‘അരവിന്ദൻ സാറേ’എന്ന് വിളിച്ച് അദ്ദേഹത്തിന്റെ നേരെ കൈനീട്ടി. എന്റെ കൈ കുലുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.‘കൈ തന്നേന് സന്തോഷം. പക്ഷേ, ഞാൻ അരവിന്ദനല്ല. ഗോപനാ. അരവിന്ദന്റെ അനിയൻ.’ ഞാൻ ആകെ ചമ്മി. എങ്കിലും ആശ്വസിച്ചു. അരവിന്ദന്റെ അനിയനാണല്ലോ. 

കടകളിലും കാര്യാലയങ്ങളിലും കയറിയിറങ്ങി സോവ്യറ്റ് നാടിന് വരിക്കാരെ ചേർക്കാൻ നടന്നു മടുത്ത് ഒരിടത്ത് ചെന്നുകയറുമ്പോൾ കണ്ണടവച്ച് ഒത്ത ഉയരവും വണ്ണവുമുള്ള ഒരു മനുഷ്യൻ ചാരുകസേരയിൽ ഇരുന്ന് മുന്നോട്ടും പിന്നോട്ടും ആടുന്നു. പരിശീലിച്ചെടുത്ത അമിത വിനയത്തോടെ ഞാൻ ചെന്ന കാര്യം പറഞ്ഞു.

‘തനിക്ക് ഭയങ്കര വിനയമാന്നല്ലൊ. റഷ്യാക്കാര് പഠിപ്പിച്ച് വിട്ടതാന്നോ?’

‘പുസ്തകക്കമ്പിനിക്കാര് പഠിപ്പിച്ച് വിട്ടതാ സാറേ?’

‘താനാള് കൊള്ളാമല്ലോ! ഈ വയസ്സാംകാലത്ത് സോവ്യറ്റ് സോഷ്യലിസവൊന്നും നമ്മക്ക് ഒക്കത്തില്ലെടോ. എന്നാലും താനിവിടംവരെ വന്ന സ്ഥിതിക്ക് എന്തവേലും ഒന്ന് എഴുത്.’

‘സ്പുട്നിക് എഴുതട്ടേ സാറേ?’

‘അയ്യോ.. സ്പുട്നിക്* വേണ്ട. അത് സ്കൈലാബ്** പോലെ വന്ന് തലേ വീണാലോ! കട്ടി കൊറഞ്ഞത് വല്ലോം മതി.’ അപ്പോഴാണ് ഒരു വശത്തുള്ള ചുവരിൽ സംവിധായകൻ അരവിന്ദന്റെ വലിയൊരു പടം ഞാൻ കാണുന്നത്.

‘അത് അരവിന്ദൻ സാറിന്റെ പടവല്ലേ? അരവിന്ദൻ സാറിനെ സാറിന് അറിയാവോ?’

‘കൊറച്ചൊക്കെ അറിയാം. എന്റെ വകേലൊരു മോനായിട്ട് വരും.’ ഹാസ്യ സാഹിത്യകാരനും പേരുകേട്ട വക്കീലും എല്ലാറ്റിലുമുപരി ജി. അരവിന്ദന്റെ അച്ഛനുമായ എംഎൻ ഗോവിന്ദൻ നായരായിരുന്നു അദ്ദേഹം.

ഒരു സന്ധ്യക്ക് ചിറയിൻകീഴ് കവലയിൽക്കൂടി നടക്കുമ്പോൾ എതിരേ നിൽക്കുന്നു ജി.കെ. പിള്ള. മുൻപുകണ്ട കൊല്ലം ജി.കെ. പിള്ള അല്ല. മലയാള സിനിമയിലെ ആദ്യത്തെ ഭീകര വില്ലന്മാരിൽ ഒരാളും ബലാത്സംഗ വീരനുമായ സാക്ഷാൽ ജി. കെ. പിള്ള. പാൽപ്പാട നിറമുള്ള മുണ്ടും ഉടുപ്പുമാണ് വേഷം. കൊമ്പൻ മീശയും രൂപവും ചിരിയുമൊക്കെ സിനിമയിൽ കാണുന്നതുപോലെ തന്നെ. എത്രയോ കാലമായി സിനിമയിലുള്ള നടൻ. ഉമ്മിണിത്തങ്ക, വേലുത്തമ്പി ദളവ മുതൽ ആയിടെ വന്ന വെള്ളം വരെ എത്രയെത്ര സിനിമകൾ. ഞാനടുത്തേക്ക് ചെന്നു. മുഖം മുഴുവൻ നിറഞ്ഞ വലിയ ചിരിയോടെ ജി.കെ. പിള്ള എന്റെ നാടും വീടും ജോലിയുമൊക്കെ ചോദിച്ചു. സിനിമാ സംഭാഷണംപോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. 

ആ സ്ഥലത്ത് എന്താണ് നിൽക്കുന്നത് എന്നു ചോദിച്ചതിന് ‘അയ്യോടാ.. ഞാൻ പിന്നെ എവിടെ നിക്കും? ചെറേങ്കീഴി ഞാൻ നടനല്ലല്ലോ, നാട്ടുകാരനല്ലേ’ എന്ന് പറഞ്ഞു. വലിയ വലിയ ആളുകൾ ജനിച്ച സ്ഥലമാ. ഇടുക്കീന്ന് ഇത്ര ദൂരം വന്ന സ്ഥിതിക്ക് പ്രേംനസീറിനെക്കൂടെ ഒന്ന് കാണാൻ നോക്ക്. അദ്ദേഹം സ്ഥലത്തുണ്ടോന്ന് എനിക്കറിയില്ല കേട്ടോ’. പ്രേംനസീർ ചിറയിൻകീഴുകാരനാണെന്നും ശരിക്കുള്ള പേര് അബ്ദുൾ ഖാദർ എന്നാണെന്നുമൊക്കെ പണ്ടേ എനിക്ക് അറിയാമായിരുന്നു. പക്ഷേ, വീട്ടിൽ ചെന്ന് പ്രേംനസീറിനെ കാണാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. എന്നാൽ ഏറെ വൈകാതെ മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ താരമായ പ്രേംനസീറിനെ എന്റെ നാട്ടിൽവച്ചുതന്നെ നേരിൽക്കാണാനും അദ്ദേഹത്തിന്റെ മനുഷ്യസ്നേഹം തൊട്ടറിയാനും എനിക്ക് ഭാഗ്യമുണ്ടായി. അതിന് വഴിയൊരുക്കിയത് കലാരാജനായിരുന്നു. 

കലാരാജനെ ഞാൻ ആദ്യമായി കാണുന്നത് ഒരു ചെറുകിട ഗാനമേളയ്ക്ക് പാടാൻ ചെന്നപ്പോഴാണ്. മുഖത്ത് വലിയ മറുകുകളും പാടുകളുമൊക്കെയുള്ള കറുത്തു കുറുകിയ ഒരു ചെറിയ മനുഷ്യൻ. ചുവപ്പിനുമേൽ ചതുരങ്ങളിട്ട, അടിഭാഗം വീർത്ത കളസം. അതേ തുണികൊണ്ട് വളയം വച്ചതുപോലെ വലിയ കഴുത്തുപട്ടയുള്ള നീല ഉടുപ്പ്. കഴുത്തുപട്ടയ്ക്കിടയിലേക്ക് മഞ്ഞ നിറത്തിലുള്ള ഒരു കൈലേസ് ഇറക്കി വച്ചിരിക്കുന്നു. ഈട്ടിത്തടി പൊളിമ്പൊട്ടിച്ച ഹാർമോണിയത്തിനുമേൽ ഒരു ഇത്തിരിക്കുഞ്ഞൻ കാസിയോ കീബോർഡ് വച്ച് തകർത്ത് വായിക്കുകയാണ് അദ്ദേഹം. ‘സമുന്ദർ മേ നഹാ കേ ഔറ് ഭീ...’ പുകാർ എന്ന സിനിമയിൽ ആർ.ഡി. ബർമൻ പാടിയ പാട്ട് ഞാൻ അലച്ചു വിളിച്ച് പാടി. പരിപാടി കഴിഞ്ഞപ്പോൾ കലാരാജൻ എന്നെ അരികിൽ വിളിച്ച് ’തന്റെ ശുറുതി ആകെ പ്രശ്നവാടോ. എങ്കിലും ഒരുവിതം തരക്കേടില്ലാതെ പാടുന്നൊണ്ട്. ഇന്തി പാടാൻ പിന്നെ ഇവിടെ ആളുവില്ലല്ലോ. നമ്മക്ക് സകേരിക്കാം. അടുത്താഴ്ച നെടുങ്കണ്ടത്തിന് എറങ്ങ്’ എന്ന് പറഞ്ഞു. 

ഞാൻ കലാരാജനെ വിടാതെ പിടികൂടി. കുറെ ഭജനകളിലും ചില ഗാനമേളകളിലും പാടാൻ കലാരാജൻ എന്നെയും വിളിച്ചു. 

എൺപതുകളുടെ നടുവിൽ അടൂർ ഭാസി, തിക്കുറിശ്ശി, എസ്.പി. പിള്ള എന്നിവരെ ഒപ്പം കൂട്ടി കേരള കലായൂണിയൻ എന്ന ഒരു സംഘടന പ്രേംനസീർ ഉണ്ടാക്കി. കേരളത്തിലെ സകല കലാകാരന്മാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക, അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക എന്നതൊക്കെ ആയിരുന്നു ലക്ഷ്യങ്ങൾ. ആ സംഘടനയുടെ ഇടുക്കി ജില്ലാ നേതാവ് കലാരാജനായിരുന്നു. കലാ യൂണിയന്റെ ജില്ലാ ഘടകം വമ്പിച്ച പരിപാടികളോടെ ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നു. സാക്ഷാൽ പ്രേംനസീറാണ് ഉദ്ഘാടകൻ. തിക്കുറിശ്ശിയും അടൂർ ഭാസിയും എസ്.പി. പിള്ളയും വരുന്നു. കലാ യൂണിയൻ ഓർക്കെസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയാണ് പ്രധാന കലാപരിപാടി. മാസങ്ങൾക്കു മുൻപേ പരിശീലനം തുടങ്ങി. കൊള്ളാവുന്ന പാട്ടുകാരാണ് പാടുന്നത്. അതുകൊണ്ട് എനിക്ക് പാട്ടില്ല എന്ന് കലാരാജൻ പറഞ്ഞു. 

പ്രേംസീറിന്റെ മുമ്പിൽ ഒരു പാട്ടെങ്കിലും പാടിയിട്ട് ചത്താലും വേണ്ടില്ല. ഞാൻ കലാരാജന്റെ പിന്നാലെ നടന്ന് കെഞ്ചി. ഒടുവിൽ ഒരേ ഒരു പാട്ട് തരാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, പാട്ട് നോക്കാനൊന്നും നേരം കാണത്തില്ല. പണ്ട് നോക്കിയ ആ ‘സെമന്തർ’ തന്നെ അങ്ങ് പാടിയേച്ചാ മതി എന്ന് കലാരാജൻ പറഞ്ഞപ്പോൾ എനിക്കാകെ വിമ്മിട്ടമായി. വാദ്യക്കാരുടെ കൂടെ പരിശീലിക്കാതെ പാടിയാൽ എല്ലാം പൊളിയും. എപ്പോഴെങ്കിലും എന്റെ പാട്ടും നോക്കും എന്ന പ്രതീക്ഷയിൽ പരിശീലനമുള്ള എല്ലാ ദിവസവും ഞാനവിടെ ചെന്നുനിന്നു. ഒന്നും നടന്നില്ല. നസീറിനെ കൂട്ടിക്കൊണ്ട് വരാൻ കലാരാജൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് ദയനീയമായ എന്റെ അപേക്ഷ കേട്ട് ഒരു പ്രാവശ്യം സമുന്ദർ ഒന്നോടിച്ച് നോക്കി. പുതുതായി ഒരാൾകൂടി അന്ന് കീബോർഡ് വായിക്കാൻ എത്തിയിരുന്നു. പയസ് എന്നു വിളിക്കുന്ന വെള്ളിലാംകണ്ടം പ്രൈസ്. എന്റെ പരിചയക്കാരനാണ്. പ്രൈസും ഞാനും ഒരു തമിഴ്പാട്ടും മറ്റൊരു ഹിന്ദിപ്പാട്ടും വെറുതേ ഒന്ന് നോക്കി വച്ചു. 

പരിപാടി ദിവസം ഉച്ചതിരിഞ്ഞപ്പോഴേക്കും പ്രേംനസീറും എസ്.പി. പിള്ളയും എത്തി എന്ന വാർത്ത വന്നു. ആരാധകരുടെയും നാട്ടുകാരുടെയും ശല്യം ഭയന്ന് ഏതോ രഹസ്യ സങ്കേതത്തിൽ അവരെ പാർപ്പിച്ചിരിക്കുകയാണ്. വെളിപ്പെടുത്താനാവാത്ത കാരണങ്ങളാൽ ഭാസിയും തിക്കുറിശ്ശിയും വന്നിട്ടില്ല. ഗാനമേളയുടെ അവസാനവട്ട പരിശീലനം തകൃതിയായി നടക്കുന്നിടത്തേക്കു പെട്ടെന്ന് കലാരാജൻ വന്നുകയറുമ്പോൾ ആയിടെ വന്ന ഒരു തമിഴ്പാട്ട് ഞാൻ ആഞ്ഞ് പാടിക്കൊണ്ടിരിക്കുകയാണ്. ‘നിറുത്ത്... നിറുത്ത്! ഈ പാട്ടൊന്നും ലിസ്റ്റിൽ ഇല്ലല്ലോ. ആറേഴ് പാട്ടുകാരും പത്ത് മുപ്പത്തിരണ്ട് പാട്ടും ഒള്ളതല്ലേ! അയിന് തന്നേ സമയവില്ല. അയിനെടയ്ക്ക് ഇതൊക്കെ നോക്കിയാ എങ്ങനാ ശെരിയാകുന്നെ?’ കലാരാജൻ കടുപ്പിച്ചു. എന്നെ പുറത്തേക്കു വിളിച്ചു. 

‘തന്റെ ഒരു പാട്ടുപോലും ഇന്ന് കേറ്റാൻ നിവർത്തിയില്ല. മറ്റൊള്ളോരടേം പാട്ടുകള് വെട്ടിക്കൊറയ്ക്കാൻ പോകുവാ. ഒന്നിനും സമേം തെകേത്തില്ല. ആകെപ്പാടേ പ്രശ്നവാ. എസ്.പി. പിള്ള ആശാൻ ഒടക്കിലാ. ഫിറ്റാ. പരുവാടിക്ക് കൊണ്ടരാമ്പോലും പറ്റുവെന്ന് തോന്നുന്നില്ല. നസീർ സാറിനെ തൊറന്ന ജീപ്പേൽ കെഴക്കേ കവലേന്ന് പടിഞ്ഞാറേക്കവല വരെ കൊണ്ടുപോണം. എനിക്ക് ഒട്ടും സമയവില്ലാത്തപ്പം താനിങ്ങനെ ചെയ്താലോ? താനൊരു കലായൂണിയൻ അങ്കവല്ലേ? യൂണിയന്റെ സ്തിരം ന്തിപ്പാട്ടുകാരൻ താനാടോ. ഗാനമേള ഇനീം വരും. ഇന്നൊരു ദൂസം വിട്.’ കലാരാജൻ തീർത്തുപറഞ്ഞു. 

എനിക്ക് ചങ്ക് പൊട്ടുന്നതു പോലെ വിഷമമായി. പക്ഷേ, കലാരാജനോട് ദേഷ്യം തോന്നിയില്ല. ‘താൻ ഒന്നും കഴിച്ചില്ലല്ലേ! വാടോ.. നമുക്ക് പരുക്കനടിക്കാം’ എന്നു പറഞ്ഞ് എത്രയോ തവണ എനിക്ക് ഊണ് വാങ്ങിത്തന്നിട്ടുണ്ട്. പരുക്കൻ എന്നു പറഞ്ഞാൽ മീനും ഇറച്ചിയുമൊന്നുമില്ലാതെ വെറും ചോറും സാമ്പാറുമാണ്. അതിനുതന്നെ കടയിൽ കടം പറയുന്നതും കണ്ടിട്ടുണ്ട്. എങ്കിലും ഇന്ന് എന്നോടീ ചെയ്തത് വലിയ ചതിയായിപ്പോയി. പ്രേംനസീറിന്റെ മുമ്പിൽ പാടാനുള്ള അവസരം എനിക്ക് നഷ്ടമായല്ലൊ! ഞാൻ കടുത്ത നിരാശയിൽ വീണു. ‘സ്റ്റേജിന്റെ പൊറകിലത്തെ എല്ലാക്കാര്യത്തിനും മുമ്പിത്തന്നെ താൻ കാണണം’ എന്നു പറഞ്ഞുകൊണ്ട് കലാരാജൻ സ്ഥലംവിട്ടു.

* ലോകത്തിലെ ആദ്യത്തെ ശൂന്യാകാശ പേടകത്തിന്റെ പേര്. റഷ്യ വിക്ഷേപിച്ചത്. 

** അമേരിക്കയുടെ ആദ്യത്തെ ശൂന്യാകാശ നിലയം. 1979 ജൂലൈയിൽ ഭൂമിയിൽ തകർന്നു വീണു. അത് എവിടെ ആരുടെ തലയിലാണ് വീഴാൻ പോകുന്നത് എന്ന ഭീതി കുറേക്കാലം നിലനിന്നിരുന്നു.

(തുടരും...) 

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം