Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തുടക്കക്കാർക്കും അവസരങ്ങൾ വേണ്ടേ?' നസീർ അന്നു ചോദിച്ചു

ഷാജി ചെന്നൈ
image

സന്ധ്യയാകുന്നു. പരിപാടികൾ നടക്കുന്ന പള്ളിക്കൂടമൈതാനത്തിനു മുമ്പിൽക്കൂടി കടന്നുപോകുന്ന കുമളി-മൂന്നാർ വഴിയരികിൽ ആകെ വിഷണ്ണനായി എന്നാൽ നസീറിനെ നേരിൽ കാണാനുള്ള കൊതിയോടെ ഞാൻ നിൽക്കുകയാണ്. ഗാനമേളയിലെ മറ്റു കലാകാരന്മാരുമുണ്ട്. വഴിക്കിരുപുറവും ആളുകൾ തിങ്ങിക്കൂടിയിരിക്കുന്നു.‘കലാ കേരളത്തിന്റെ പൊന്നോമനപ്പുത്രൻ. മലയാള സിനിമയുടെ നിത്യവസന്തം. കോടാനുകോടി സിനിമാപ്രേമികളുടെ കണ്ണിലുണ്ണി.. ശ്രീ പദ്മഭൂഷൺ പ്രേംനസീർ ഇതാ ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ കടന്നു വരുന്നു...’ എന്ന വിളിച്ചുപറച്ചിലോടെ ഒരു വാഹനം കടന്നുപോയി. തപ്പും തകിലും താളമേളങ്ങളുമായി വന്ന മറ്റൊരു വാഹനത്തിനു പിന്നാലെ തുറന്ന ജീപ്പിൽ ആളുകൾക്ക് നേരേ കൈവീശിക്കൊണ്ട് അതാ പ്രേംനസീർ. 

പുകച്ചാരത്തിന്റെ നിറമുള്ള സഫാരി സ്യൂട്ടാണ് വേഷം. സിനിമയിൽ കാണുന്നതിലും സുന്ദരൻ. ഏതോ മായാലോകത്തിൽ എത്തിപ്പെട്ടതുപോലെ കണ്ണിമയ്ക്കാതെ ഞാൻ അദ്ദേഹത്തെ നോക്കി നിന്നു. നസീറിന്റെ തൊട്ടുപിന്നിൽ കലാരാജനുണ്ട്. ഞങ്ങളുടെ അടുത്തെത്തിയപ്പോൾ ജീപ്പ് വേഗം കുറച്ചു. ഞങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഇവരെല്ലാം കലാരന്മാരാ സാറേ.. നമ്മടെ യൂണിയന്റെ പ്രവർത്താരാ..’ കലാരാജൻ നസീറിനോട് പറഞ്ഞു. ആ ജീപ്പിൽ ചാടിക്കയറി പ്രേംനസീറിന് കൈ കൊടുക്കാൻ ഞാനൊരു ശ്രമം നടത്തിയെങ്കിലും ജീപ്പ് മുന്നോട്ട് ഓടിക്കഴിഞ്ഞിരുന്നു.

പള്ളിക്കൂട മൈതാനത്ത് തടിച്ചു കൂടിയ ആളുകളോട് വളരെച്ചുരുങ്ങിയ വാക്കുകളിൽ പ്രേംനസീർ സംസാരിച്ചു. ‘ഇത്രയും കാലം നിങ്ങൾ എന്നെ സ്നേഹിച്ചു. ഇനിയുള്ള കാലം എന്നാലാവും വിധം നിങ്ങളെ സേവിക്കാനും സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ രാഷ്ട്രീയപ്രവേശനത്തിൽ എതിർപ്പുള്ള ധാരാളമാളുകൾ ഉണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലുമൊരു കക്ഷിയിൽ നിന്നുകൊണ്ടല്ലാതെ ജനസേവനം സാധ്യമല്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് ഞാൻ ഒരു പാർട്ടിയിൽ നിൽക്കുന്നു എന്നേയുള്ളൂ. പക്ഷേ, കലാകാരന് കക്ഷിയില്ല. കലായൂണിയനും കക്ഷിരാഷ്ട്രീയമില്ല. നിങ്ങൾ എല്ലാവരും കലായൂണിയന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കണം. സഹായിക്കണം’ ഇതായിരുന്നു പ്രസംഗത്തിന്റെ സാരം. യോഗം കഴിഞ്ഞു. കലാരാജനടക്കം കുറെ ആളുകളുടെ നടുവിൽ പിൻവേദിയിലേക്കു വരികയാണ് പ്രേംനസീർ. അദ്ദേഹം പുറപ്പെടുകയായി. നസീറിന്റെ മുമ്പിൽ പാടാൻ ആർക്കും അവസരമില്ല. എനിക്ക് അൽപം ആശ്വാസമായി. പെട്ടെന്ന് ഏതോ ഒരു ഉൾവിളി തോന്നിയതുപോലെ ആളുകൾക്കിടയിൽക്കൂടി തള്ളിക്കയറി ഞാൻ പ്രേംനസീറിന്റെ കാൽ തൊട്ട് നമസ്കരിച്ചു. 

കാൽ തൊട്ട് നമസ്കരിക്കുന്നവർ നാട്ടിൽ പൊതുവേ കുറവായതുകൊണ്ടും എന്റെ പ്രായക്കുറവുകൊണ്ടുമാകണം പ്രേംനസീർ എന്നെ ശ്രദ്ധിച്ചത്. എന്തു പഠിക്കുന്നു? വീട്ടിലാരൊക്കെയുണ്ട്? എന്നൊക്കെ അദ്ദേഹം തിരക്കി. കലാരംഗത്ത് എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ പാട്ടുകാരനാണ് എന്ന് ഞാൻ പറഞ്ഞു. ‘ഇന്നിവിടെ പാടുന്നുണ്ടോ?’ എന്നായി അടുത്ത ചോദ്യം. ഇല്ല എന്ന് വിഷമത്തോടെ ഞാൻ പറഞ്ഞപ്പോൾ കലാരാജനെ നോക്കി ‘എന്താ അസേ ഈ പയ്യനെ പാടിക്കാത്തത്?’ എന്നു ചോദിച്ചു. മുതിർന്ന പാട്ടുകാരുടെ എണ്ണക്കൂടുതൽകൊണ്ട് തുടക്കക്കാരനെ ഒഴിവാക്കേണ്ടി വന്നതാണെന്ന് കലാരാജൻ. ‘തുടക്കക്കാർക്കും അവസരങ്ങൾ വേണ്ടേ രാജാ! ഒരു പാട്ട് ഈ പയ്യനും പാടട്ടെ’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുറത്തേക്കിറങ്ങിയത്. തിക്കി ഞെരുക്കിയ ആൾക്കൂട്ടത്തിനിടയിലൂടെ നസീറിനെ വാഹനത്തിലേറ്റി യാത്രയാക്കാൻ കലാരാജനും കൂട്ടർക്കും നന്നേ വിഷമിക്കേണ്ടി വന്നു. പ്രേംനസീർ പോയതോടെ പരിപാടിക്ക് വന്ന ആൾക്കൂട്ടത്തിൽ നല്ലപങ്കും പിരിഞ്ഞു.

ശേഷിച്ചവരുടെ നിർത്താതെയുള്ള കൂക്കുവിളികൾക്കിടയിൽ ഗാനമേള നടക്കുകയാണ്. മറ്റൊരു ഗാനമേള സംഘത്തിന്റെ നടത്തിപ്പുകാരനായ ജോസുകുട്ടി മാഷാണ് ശബ്ദ സംവിധാനം. മനപ്പൂർവം ചെയ്തതാണോ എന്ന് സംശയം തോന്നാവുന്ന മട്ടിൽ അത്രയ്ക്ക് പരാജയമായിരുന്നു അത്. കൂടെ ഉപകരണക്കാരുടെയും പാട്ടുകാരുടെയും പോരായ്മകളും ചേർന്നപ്പോൾ ആ ഗാനമേള ശരിക്കുമൊരു ഗാനലഹളയായി. തൂക്കുപാലം മണിയും ഞാനുമൊഴികെ എല്ലാ പാട്ടുകാരും ഒന്നും രണ്ടും പാട്ട് പാടിക്കഴിഞ്ഞു. എല്ലാ പാട്ടുകൾക്കും നിറഞ്ഞ കൂവലായിരുന്നു. മണിയോട് പാടാൻ കലാരാജൻ ആവശ്യപ്പെട്ടെങ്കിലും ‘ഗെൾഫിൽ’ നിന്നും അളിയൻ കൊണ്ടുവന്നുതന്ന ‘എക്കോ മൈക്ക്’ ഇണക്കി അതിലൂടെ മാത്രമേ പാടുകയുള്ളൂ എന്ന വാശിയിലാണ് മണി.’ ആ കത്തം സാതനവൊന്നും എന്റെ മിക്സറേൽ തൊടീക്കത്തില്ല’ എന്ന് ജോസുകുട്ടി തീർത്തു പറഞ്ഞത്രേ.

‘വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ, എന്റെ... വിരുന്നുകാരൻ...’ ഒന്നാന്തരം കൂവലിന്റെ അകമ്പടിയോടെ കൂട്ടാർ സുലോചന പാടിയവസാനിപ്പിക്കുമ്പോൾ പിൻവേദിയിൽ മണിയുടെ മൈക്ക് വാങ്ങി പരിശോധിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാൻ. ’എല്ലാപ്പാട്ടിനും പയങ്കര കൂവലാണല്ലൊ! എന്നാ അടുത്ത പാട്ട് താൻ പാടെടോ..’ കലാരാജൻ എന്നോട് പറയുന്നു. അതു കേട്ടയുടൻ മണിയുടെ മൈക്കുംകൊണ്ട് ഞാൻ വേദിയിലേക്ക് കയറി.’എന്റെ മൈക്ക് ഇവിടെത്താടാ’ എന്ന് മണി പറഞ്ഞു തീരുന്നതിനു മുമ്പേ ഞാൻ ജനത്തിന് മുൻപിൽ എത്തിയിരുന്നു. കറുത്ത കളസവും അയഞ്ഞു തൂങ്ങുന്ന കള്ളി ഉടുപ്പുമിട്ട് കാറ്റിലാടുന്ന തെങ്ങോലപോലെ മെലിഞ്ഞു വലിഞ്ഞ ഒരു പയ്യൻ കയറി വരുന്നതു കണ്ട കൗതുകം കൊണ്ടാകണം ജനം ഒട്ടൊന്ന് അടങ്ങി. 

എന്റെ കാലുകൾ സാമാന്യം നന്നായിത്തന്നെ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ ബലം പിടിച്ചുനിന്നു. ‘ഇതൊന്ന് കണക്ട് ചെയ്യാവോ മാഷേ’ എന്ന് ഉറക്കെ ചോദിച്ചുകൊണ്ട് മണിയുടെ മൈക്കിന്റെ അറ്റത്തു തൂങ്ങുന്ന നീണ്ട കേബിൾ ഞാൻ താഴെയിരിക്കുന്ന ജോസുകുട്ടി മാഷിന് എറിഞ്ഞുകൊടുത്തു. അത് കുത്തുകയല്ലാതെ മറ്റ് വഴിയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ഞാൻ മൈക്കിന്റെ എക്കോ പരമാവധി കൂട്ടിവച്ച ശേഷം ‘ഹലോ’ എന്ന് പറഞ്ഞതും ഹല ഹല ഹല ഹലൊ ഹലൊ ഹലൊ ഒ ഒ ഒ... എന്ന മാറ്റൊലികൾ ഉയർന്നു. അവിടെ അതുവരെ കേൾക്കാത്ത ആ വിചിത്ര ശബ്ദം കേട്ടതും ജനം കലമ്പൽ നിർത്തി. 

‘സ്നേഹമുള്ളവരേ... ഈയിടെ റിലീസായ പുന്നകൈ മന്നൻ എന്ന തമിഴ് സിനിമയിൽ ഇസൈ ജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ മലയാളിയായ മലേഷ്യാ വാസുദേവൻ പാടിയ തമിഴ് ഗാനമാണ് ഞാൻ ആലപിക്കാൻ പോകുന്നത്. പക്ഷേ, വലിയ ആശങ്കകളോടെയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. ഈ വേദിയിൽ ഇതുവരെ പാടിയ പാട്ടുകൾക്ക് നിങ്ങൾ നൽകിയ പ്രതികരണം ഒട്ടും ആശാവഹമല്ല. നിരുൽസാഹപ്പെടുത്താൻ ആർക്കും കഴിയും. പക്ഷേ, പ്രോത്സാഹിപ്പിക്കാനുള്ള മനസ്സ് ദൈവീകമാണ്. ഈ വേദിയിലുള്ള എളിയ കലാകാരന്മാരെ നിങ്ങളുടെ സഹോദരങ്ങളായി കരുതി ദയവായി പ്രോൽസാഹിപ്പിക്കുക..’ ഞാൻ ഒരു പ്രസംഗം വെച്ച് കാച്ചി. പക്ഷേ, ആ ആശയമോ വാക്കുകളോ ഒന്നും എന്റേതായിരുന്നില്ല. 

ഒന്നുരണ്ട് വർഷം മുൻപ് ഇരട്ടയാറ്റിൽ തൊടുപുഴക്കാരുടെ ഗാനമേള നടക്കുമ്പോൾ ഇതുപോലെ സകല പാട്ടിനും ആളുകൾ കൂവുകയും ഒടുവിൽ ആ ഗാനമേള സംഘത്തെ നയിച്ച പള്ളീലച്ചൻ വേദിയിൽ വന്ന് ഇതേ വാക്കുകളിൽ ദയനീയമായി അപേക്ഷിക്കുകയും ചെയ്തപ്പോൾ ജനത്തിന്റെ കൂവലിന് ഒട്ടൊരു ശമനം വന്നത് ഓർത്തുകൊണ്ട് ഒരു ധൈര്യത്തിൽ ഞാനത്രയും പറഞ്ഞൊപ്പിച്ചതാണ്. ‘നീ ധൈര്യവായിട്ട് പാടിക്കോടാ കൊച്ചേ..’, ‘നീ പാടറാ എറുക്കാ..’ എന്നൊക്കെ ആൾക്കൂട്ടത്തിൽ നിന്ന് ശബ്ദങ്ങൾ കേട്ടു. സംഗീതമുയർന്നു. രണ്ടും കൽപ്പിച്ച് ഞാൻ പാടിത്തുടങ്ങി. ‘മാമാവുക്ക് കുടുമാ കുടുമാ അട ഒണ്ണ്... ഒണ്ണ്..’ അതിവേഗത്തിലുള്ള ആ അടിച്ചുപൊളിപ്പാട്ട് എങ്ങനെയൊക്കെയോ പാടി അവസാനിപ്പിച്ചപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് നീണ്ട കൈയടി. ‘ഇനി നീ പാടിയാ മതിയെടാ   മോനേ...’എന്നൊക്കെ  ആരോ പറയുന്നതും കേട്ടു. മറ്റുള്ളവരുടെ ഓരോ പാട്ടുകൾ കഴിഞ്ഞ് സമുന്ദർ, ഹോളിഡേ എന്നീ പാട്ടുകളും ഞാൻ പാടി. മണിയുടെ മൈക്കിന്റെ ഗുണമാണോ പാടിയ പാട്ടുകളുടെ വേഗമാണോ അതോ എന്റെ പ്രായക്കുറവിന് കിട്ടിയ ദാക്ഷിണ്യമാണോ എന്താണെന്നറിയില്ല അന്ന് ഞാൻ പാടിയ മൂന്നു പാട്ടും ഏറ്റു.

‘ഹോളിഡേ’യ്ക്ക് മുമ്പ് ’ഈ വേദിയിലെ എന്റെ അവസാന ഗാനമാണിത്, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി’ എന്നൊരു വിളിച്ചുപറച്ചിലും ഞാൻ നടത്തി. ആളുകൾക്ക് അത് സമ്മതമായെന്ന് തോന്നിയില്ല. ‘ഷാജീ.. താൻ രണ്ടൂന്ന് പാട്ടൂടെ പാടണം..’ കലാരാജൻ പറയുന്നു! നോക്കിവച്ച പാട്ടൊന്നും ഇല്ല എന്ന കാര്യം ഞാൻ ഓർമിപ്പിച്ചെങ്കിലും ’അതൊന്നും കാര്യവാക്കണ്ട, അറിയാവുന്ന ഏതേലുവൊക്കെ പാട്..’ എന്നായി. വാദ്യക്കാരോടൊപ്പം പരിശീലിക്കാതെ പാടിയാൽ എല്ലാം തീരും എന്ന് അറിയാവുന്നതുകൊണ്ട് ആ വിഷ പരീക്ഷയ്ക്ക് നിൽക്കാതെ പരിപാടി തീരുന്നതിനു മുമ്പേ ഞാൻ വേദിക്കു പിന്നിലൂടെ പുറത്തുകടന്നു. വീട്ടിലെത്തണമെങ്കിൽ ഇനി ഇരുപതു നാഴിക ഇരുട്ടത്ത് നടക്കണം.

(തുടരും...)  

Books In Malayalam LiteratureMalayalam LiteratureNewsമലയാളസാഹിത്യം