Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളിളക്കത്തിൽ മറഞ്ഞുപോയ ജയന്റെ അറിയപ്പെടാത്ത ആ രഹസ്യം!

ഷാജി ചെന്നൈ
cinemapiranthu-8

“ഡാ... നീയാണീ അലവലാതി ഷാജി. അല്ലേ?” ഷാജി എന്ന പേരിന്റെ പേരിൽ കൂട്ടുകാരും നാട്ടുകാരും എന്നെ ഏറ്റവുമധികം കളിയാക്കിയത് ലിസ എന്ന സിനിമയിൽ ജയൻ പറയുന്ന ഈയൊരു സംഭാഷണം വച്ചുകൊണ്ടായിരുന്നു. സിനിമ കാണാൻ വേണ്ടിയുള്ള അലഞ്ഞുതിരിയലും അതിന് പണമുണ്ടാക്കാൻ വേണ്ടിയുള്ള അഭ്യാസങ്ങളും പഠിത്തത്തിലും മറ്റു കാര്യങ്ങളിലുമുള്ള സ്ഥിരമായ ഉഴപ്പും കൂടിയായപ്പോൾ ‘അലവലാതി ഷാജി’ എന്ന പട്ടപ്പേര് എനിക്ക് ഉറയ്ക്കും എന്ന നിലയായി. അലവലാതി ഷാജി അല്ല എന്നു പറഞ്ഞാലും അതെ എന്നു പറഞ്ഞാലും ജയൻ ഇടിക്കും.“നീ എന്നോട് കളിച്ചാൽ നിന്റെ എല്ലിന്റെണ്ണം കൂടും പല്ലിന്റെണ്ണം കുറയും” എന്നു പറഞ്ഞുകൊണ്ട് വില്ലന്മാരെയും ഗുണ്ടകളെയും തല്ലി പപ്പടമാക്കിയ ജയന്റെ ഭരണമായിരുന്നു അപ്പോൾ മലയാള സിനിമയിൽ. വർഷം ശരാശരി 25 സിനിമകളിലെങ്കിലും കഥാനായകനായി ജയൻ തകർത്തുകൊണ്ടിരുന്ന കാലം. പ്രത്യേക ശൈലിയിലുള്ള ജയന്റെ അടിയോടും വെടിയോടും, പലനിറത്തിലുള്ള വസ്ത്രങ്ങളോടും, വായ് അധികം തുറക്കാതെ പല്ലുകടിച്ചുപിടിച്ചുകൊണ്ടുള്ള സംഭാഷണ രീതിയോടുമൊക്കെ എനിക്ക് ആരാധനയായിരുന്നു. 

ഒട്ടുമിക്ക ജയൻ സിനിമകളും ഞാൻ കണ്ടു കൂട്ടി. എല്ലാം നല്ല പൊരിഞ്ഞ തല്ലുള്ള സിനിമകൾ. ശത്രുസംഹാരം, അടിമക്കച്ചവടം, പട്ടാളം ജാനകി, സൂത്രക്കാരി, ജയിക്കാനായ് ജനിച്ചവൻ, അടവുകൾ പതിനെട്ട്, കല്ല് കാർത്യാനി, പിച്ചാത്തിക്കുട്ടപ്പൻ, സർപ്പം, ഇരുമ്പഴികൾ, കഴുകൻ, അവനോ അതോ അവളോ, ആവേശം, ശക്തി, ചന്ദ്രഹാസം, തീനാളങ്ങൾ, നായാട്ട്, കാന്തവലയം, അങ്ങാടി, കരിമ്പന, ഇടിമുഴക്കം, കരിപുരണ്ട ജീവിതങ്ങൾ, ബെൻസ് വാസു, മനുഷ്യമൃഗം... എന്നിത്യാദി തട്ടുപൊളിപ്പൻ ജയൻ സിനിമകളെല്ലാം ഒന്നുവിടാതെ കണ്ടിട്ടുള്ള ഈ എളിയ ജയൻ ആരാധകൻ ഒരുദിവസം രാവിലെ അടുക്കളയിലിരുന്ന് പഴങ്കഞ്ഞി കുടിക്കുകയാണ്. അപ്പുറത്തെ മുറിയിൽ അച്ചാൻ റേഡിയോയിൽ പ്രാദേശികവാർത്ത കേട്ടുകൊണ്ടിരിക്കുന്നു. പെട്ടെന്ന് അച്ചാൻ ഉച്ചത്തിൽ “എടാ.. നീയിതു കേട്ടോ.. ജയൻ മരിച്ചെന്ന്...!” എന്ന് വിളിച്ചുപറഞ്ഞു. എന്റെ കഞ്ഞിപ്പാത്രം കൈതട്ടി മറിഞ്ഞുപോയി. ഞാൻ ഓടിപ്പിടഞ്ഞ് റേഡിയോയ്ക്കരികിൽ എത്തി. 

cinemapiranth-8

“മദ്രാസിനടുത്തുള്ള ഷോളാവാരത്തു വച്ച് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച ഹെലിക്കോപ്റ്റർ അപകടത്തിലായിരുന്നു മരണം..” ഞാൻ ആകെത്തകർന്നു. പി കെ വിജയൻ ഒരു ഭ്രാന്തനെപ്പോലെ അലറിക്കരഞ്ഞു. പ്രിയനും ചാത്തനുമൊക്കെ സങ്കടക്കടലിൽ വീണുപോയി. സ്വന്തം വീട്ടിലൊരാൾ മരിച്ചാൽപ്പോലും ഞങ്ങളാരും ഇങ്ങനെ സങ്കടപ്പെടുമായിരുന്നില്ല. മാസങ്ങളോളം ജയന്റെ ചിന്തയായിരുന്നു എല്ലാവർക്കും. “ജെയനെ കൊന്നതാ... ചതിച്ച് കൊന്നതാ...” ഞങ്ങൾ പരസ്പരം പറഞ്ഞു. ജയന് സാധാരണമായി മരിക്കാൻ ആവില്ലെന്ന് ഞങ്ങൾ വിശ്വസിച്ചു. 

ഞങ്ങളുടെ നാട്ടിൽനിന്നാണ് ജയൻ മരണത്തിലേക്ക് പോയത് എന്നറിഞ്ഞത് കൂടുതൽ വേദനയായി. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് അമ്പത് നാഴിക ദൂരെയുള്ള പീരുമേട് എന്ന സ്ഥലത്ത് അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജയൻ ഉണ്ടായിരുന്നു. രണ്ടുദിവസം കൂടി നിന്നാൽ ആ സിനിമയിലെ ജയന്റെ ഭാഗങ്ങൾ എടുത്തു തീരുമായിരുന്നത്രേ! എന്നാൽ കോളിളക്കം എന്ന സിനിമയുടെ ആൾക്കാർ ‘നൂറുകണക്കിനാളുകളും ഹെലിക്കോപ്റ്ററും മറ്റ് സന്നാഹങ്ങളും താങ്കൾക്കുവേണ്ടി ഇവിടെ കാത്തിരിക്കുകയാണ്, ഒരൊറ്റ ദിവസത്തേക്ക് വന്നാൽ മതി’ എന്ന് നിർബന്ധിച്ച് മദ്രാസിലേക്ക് വിളിച്ചുകൊണ്ടു പോയതാണ്. പീരുമേട്ടിൽ കൂടെയുണ്ടായിരുന്ന നസീറിനോട് രണ്ടുദിവസത്തിനുള്ളിൽ തിരിച്ചെത്താം എന്ന് ഉറപ്പുകൊടുത്തിട്ടാണ് ജയൻ പോയതത്രേ. ഇതെല്ലാം ഐതിഹ്യകഥകൾ പോലെ നാട്ടിൽ പരന്ന് ഞങ്ങളുടെ സങ്കടം കൂട്ടി. 

അതിനു മുമ്പും ഞങ്ങളുടെ നാട്ടിൽ ജയൻ സിനിമാ ചിത്രീകരണത്തിന് വന്നിട്ടുണ്ടത്രേ! പൊന്തമ്പുഴ വിജയൻ ജയനെ നേരിൽ കണ്ടിട്ടുണ്ട്. കുളമാവ് എന്ന സ്ഥലത്തുവച്ച് നടന്ന തച്ചോളി അമ്പു എന്ന സിനിമയുടെ ചിത്രീകരണത്തിൽ. അങ്കം കാണുന്ന ആൾക്കൂട്ടത്തിൽ ഒരാളായി ഉടുപ്പൂരി നിന്നതിന് വിജയന് ഒന്നര രൂപയും ചായയും കിട്ടി! തേക്കടി, വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, ഇടുക്കി ഡാമിനകത്തുള്ള കുളമാവ് എന്നീ സ്ഥലങ്ങളിൽ അക്കാലത്ത് സിനിമാ ചിത്രീകരണങ്ങൾ നടക്കുമായിരുന്നു. ആളനക്കമില്ലാത്ത ഇടങ്ങളിൽ രഹസ്യമായിട്ടായിരുന്നു അന്നത്തെ പടം പിടിത്തങ്ങൾ. 

തേക്കടിയിൽ ഏതോ തെലുങ്ക് സിനിമയുടെ പടംപിടിത്തം നടക്കുമ്പോൾ പാട്ടുപാടി ഓടിയാടി വന്ന വിജയശ്രീയുടെ ഇറുകിപ്പിടിച്ച കളസം കുത്തുവിട്ട് കീറിപ്പോയെന്നും അതുകണ്ട് ഉറക്കെച്ചിരിച്ച തന്നെ സിനിമയുടെ ആൾക്കാർ തെറിവിളിച്ച് ഓടിച്ചെന്നും തേനാലി ബേബിച്ചേട്ടൻ ഒരിക്കലെന്നോട് പറഞ്ഞു. കുളത്തുങ്കൽ കുഞ്ഞും ഒരു പടം പിടിത്തം കണ്ടിട്ടുണ്ട്, കട്ടപ്പന ആശുപത്രി വളപ്പിൽ വച്ച്. ശരത്ബാബു അഭിനയിച്ച ഏതോ ഒരു തമിഴ്പടം. “അത് മട്ടും എങ്കിട്ടെ സൊല്ലക്കൂടാത്” എന്നോ മറ്റോ ആരംഭിക്കുന്ന ഒരു സംഭാഷണം പറയാൻ ശരത് ബാബുവിന് വളരെ നേരം വേണ്ടി വന്നു എന്ന് കുഞ്ഞ് പറഞ്ഞു. ഏതായാലും എന്റെ നാട്ടിൽ വച്ച് ഒരു സിനിമാ എടുക്കുന്നതു കാണാനുള്ള ഭാഗ്യം ഒരിക്കലും എനിക്കുണ്ടായില്ല.   

ജയൻ മരിച്ചശേഷവും ജയന്റെ നിരവധി സിനിമകൾ പുറത്തുവന്നു. പലതിലും അവിടെയും ഇവിടെയും മാത്രമേ ജയൻ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതൊക്കെ ഞങ്ങൾ സഹിച്ചു. ജയന്റെ നേരിയ ഛായ ഉണ്ടെന്ന ഒറ്റക്കാരണംകൊണ്ട് രഘുവെന്ന നടൻ അഭിനയിച്ച ഭീമൻ എന്ന പടവും ജയന്റെ അനിയൻ സോമൻ നായർ എന്നയാൾ അജയൻ എന്ന് പേരുമാറ്റി അഭിനയിച്ച സൂര്യൻ എന്ന പടവും ആളുകൾ കണ്ടു വിജയിപ്പിച്ചു. ഞാനതൊന്നും കാണാൻ പോയില്ല. ജയന് പകരമാകാൻ ആർക്കും കഴിയില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പാട്ടിനും പ്രേമത്തിനും തല്ലിനും ‘ഹമ്മേ...’ എന്ന കരച്ചിലിനുമൊക്കെ എപ്പോഴും വിശ്വസിക്കാവുന്ന പ്രിയപ്പെട്ട നസീറിലേക്ക് ഞാൻ തിരിച്ചുപോയി. ചക്കപ്പഴം കൊട്ടിനോക്കുന്നതുപോലെയാണ് നസീറിന്റെ അടിയും അടവുകളും എന്ന് കുറ്റം മാത്രം കാണുന്നവർ പറഞ്ഞോട്ടെ. ഞാനാദ്യം കണ്ട സിനിമ മുതൽ ഇന്നോളം മിന്നിത്തിളങ്ങി നിൽക്കുന്ന താരമാണദ്ദേഹം. 

തുടരും...

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം