Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

“അപ്പം മലയാളത്തില് നല്ല പടം ഇല്ലേ?... സെക്സും സ്റ്റണ്ടും മാത്രവേയൊള്ളോ”...

ഷാജി ചെന്നൈ
cinemapiranth-9

തന്റെ കുടിലിന്റെ ഇഷ്ടികച്ചുവരിൽ വെള്ളത്തുണി ആണിയടിച്ച് വലിച്ചുനിർത്തി, ചീഞ്ഞ നാറ്റം പരത്തുന്ന വജ്രപ്പശ തീയിലുരുക്കി അത് നിറങ്ങളിൽ ചേർത്ത് ഒരു പരസ്യത്തുണി എഴുതാൻ ഒരുങ്ങുകയായിരുന്ന പൊന്തൻപുഴ വിജയനോട് ഞാൻ ചോദിച്ചു. “ജെയൻ മരിച്ചുപോയപോലെ നസീറിനൂടെ എന്തേലും പറ്റിയാപ്പിന്നെ നമ്മളെന്നാ ചെയ്യും?” 

“ഒരു നല്ല സിനിമാപോലും കാണാത്തതുകൊണ്ട് ഷാജിക്ക് തോന്നുന്നതല്ലേ അതൊക്കെ..! നല്ല സിനിമായ്ക്ക് വെല്യ നടന്മാരൊന്നും വേണ്ടെന്നേ..”

വിജയനെന്താണീപ്പറയുന്നത്? ഞാനിതുവരെ കണ്ടതൊന്നും നല്ല സിനിമ അല്ലെന്നോ? വലിയ നടന്മാരില്ലാതെ എന്ത് സിനിമ? 

“അപ്പൊ ഷോലെ?” 

“അതും ഒരു സ്റ്റണ്ട് പടമല്ലേ! എടുത്തിരിക്കുന്നത് കൊള്ളാം. പാട്ടൊക്കെ നല്ലതാ. പക്ഷേ അതുകൊണ്ടൊന്നും അത് നല്ല സിനിമാ ആകത്തില്ല.” 

“പിന്നേത് സിനിമായാ? സെക്സില്ല, സ്റ്റണ്ടില്ല എന്നു പേരൊള്ള പടവാണോ?”

“അതോ! അതില് സെക്സും സ്റ്റണ്ടും മാത്രവേയൊള്ളു.”

“അപ്പം മൃഗയാ?” 

“അതു കൊള്ളാം.”

“അപ്പം മലയാളത്തില് നല്ല പടവേ ഇല്ലേ?” 

“ഒണ്ടല്ലോ!  തമ്പ്, എസ്തപ്പാൻ, ഉത്തരായനം, സ്വയംവരം, കൊടിയേറ്റം, സ്വപ്നാടനം, ഉൾക്കടൽ.. ഷാജിക്ക് കാണാമ്പറ്റിയ പടോമൊണ്ട്. കുമ്മാട്ടി..”

ഞാൻ ആകെ കുഴപ്പത്തിലായി. ജീവിതത്തിൽ കേട്ടിട്ടില്ലാത്ത സിനിമാപ്പേരുകളാണ് വിജയൻ പറയുന്നത്. സിനിമാപ്പേര് പറഞ്ഞുള്ള പിള്ളേരുടെ ഒരു കളിയുണ്ട്. അതിൽപോലും ഈ പേരൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഇതൊന്നും സാധാരണയായി കൊട്ടകകളിൽ വരുന്ന പടങ്ങളല്ലത്രേ! കട്ടപ്പനയിൽ ദർശനാ സിനിമാസംഘം എന്നൊരു സംഘടനയുണ്ട്. വിജയൻ അതിൽ അംഗമാണ്. അവർ കട്ടപ്പന സംഗീതയിൽ ഇടയ്ക്കിടെ ഇത്തരം സിനിമകൾ കൊണ്ടുവന്ന് കാണിക്കാറുണ്ടത്രേ. വിജയന്റെ അഭിപ്രായത്തിൽ നസീറും ജയനുമൊന്നും നല്ല നടന്മാരേ അല്ല. അവർ വെറും താരങ്ങളാണ്. നല്ല സിനിമകളെടുക്കാൻ താരങ്ങളൊന്നും ആവശ്യമില്ല. ഞാനതുവരെ കേൾക്കാത്ത ഇത്തരം ഓരോ കാര്യങ്ങൾ പറഞ്ഞ് വിജയൻ എന്റെ സിനിമാ ധാരണകളെയാകെ കുഴച്ചുമറിച്ചു.

collage-2

നസീറിനെക്കുറിച്ചുള്ള വിജയന്റെ അഭിപ്രായം മുഴുവനങ്ങോട്ട് എനിക്ക് സമ്മതമായില്ല. അതിന് കാരണം ആയിടയ്ക്ക് ഞാൻ കണ്ട ആറടി മണ്ണിന്റെ ജന്മി എന്ന ഒരു പഴയ കറുപ്പ് വെളുപ്പ് പടമായിരുന്നു. നസീറും മധുവും ഷീലയും ജയഭാരതിയും ജോസ്പ്രകാശുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിജയൻ പറയുന്ന തരത്തിലുള്ള ഒരു ‘നല്ല’ സിനിമയാണതെന്ന് എനിക്കു തോന്നി. അടിയും ബഹളവുമൊന്നുമില്ല. അതുവരെ ഞാൻ കണ്ട എല്ലാ നസീർ സിനിമകളെയുംകാൾ അദ്ദേഹത്തിന്റെ അഭിനയം ഗംഭീരമായി. സേതു എന്ന അർബുദ രോഗിയായി ജീവിക്കുകതന്നെയായിരുന്നു അദ്ദേഹം. ഒടുവിൽ നസീർ മരിക്കുകയാണ്. വാവിട്ടുകരഞ്ഞുകൊണ്ടാണ് ഞാൻ കൊട്ടകവിട്ട് പുറത്തുവന്നത്. ആറടി മണ്ണിന്റെ ജന്മി, അനുഭവങ്ങൾ പാളിച്ചകൾ, കള്ളിച്ചെല്ലമ്മ, മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, പടയോട്ടം, നദി തുടങ്ങിയ പല പടങ്ങൾ നസീറിലുണ്ടായിരുന്ന നല്ല നടനെ എനിക്ക് കാണിച്ചുതന്നവയാണ്. 

അക്കാലത്തൊരു ദിവസം കട്ടപ്പന സാഗരയിൽ ചെല്ലുമ്പോൾ ഓളങ്ങൾ എന്നൊരു പടമാണ് അവിടെ ഓടുന്നത്. അവിടെയുമിവിടെയും ഒട്ടിച്ചിരിക്കുന്ന ചെറിയ ചുവർപരസ്യങ്ങളിൽ പരിചയമുള്ള മുഖങ്ങളൊന്നുമില്ല. ഒരു പക്ഷേ വിജയൻ പറയുന്നമാതിരിയുള്ള പടം വല്ലതുമാണോ ഇത്? കാണാൻതന്നെ തീരുമാനിച്ചു. ചെറിയ ഒരാൺകുട്ടി കാൽപ്പന്ത് കളിക്കുന്നു. അതിവേഗത്തിലോടി പന്തടിക്കുന്ന അവന്റെ കാലുകൾ. ഇരുട്ടിലൊഴുകുന്ന ഒരു മലയരുവി മെല്ലെമെല്ലെ തെളിയുന്നു. ഒരു പുതിയ പകൽ പിറക്കുന്നതിന്റെ സൂചന. പ്രത്യേകതയുള്ള പാട്ടുകളാണ്. പക്ഷേ ആരും ചുണ്ടനക്കിപ്പാടുന്നില്ല. പിന്നിൽനിന്നും കേൾക്കുകയാണ്. പാതിയിൽ വച്ച് മുറിഞ്ഞുപോകുന്ന ഒരു രംഗം. അതിലെ സംഭാഷണങ്ങൾ അടുത്ത കാഴ്ചയ്ക്ക് മേലേയും അശരീരിയായി തുടരുകയാണ്. ഒരു സിനിമയിലും ഇങ്ങനെയൊന്നും കണ്ടിട്ടില്ല. ഓളങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു. സാഹസ നായകന്മാരുടെ അടവുകളും അടിതടകളുമില്ലാത്ത സിനിമകളിലേക്ക് മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരുന്നു. 

ഓളങ്ങൾ കണ്ട കാര്യം വിജയനോട് പറഞ്ഞപ്പോൾ ബാലു മഹേന്ദ്ര എന്ന സംവിധായകനെപ്പറ്റിയും മുമ്പ് മലയാളത്തിൽ അദ്ദേഹം ചിത്രീകരിച്ച നെല്ല്, ഉൾക്കടൽ പോലെയുള്ള സിനിമകളെപ്പറ്റിയും വിജയൻ പറഞ്ഞു. വിജയന്റെ പിന്നാലെ സദാസമയവും ഞാൻ ചുറ്റിപ്പറ്റാൻ തുടങ്ങി. വിജയൻ പരസ്യപ്പലകകൾ എഴുതുമ്പോഴും മുളകുപറിക്കാൻ ഏണിപ്പുറത്തേറി കുരുമുളക് വള്ളികൾക്കിടയിൽ തല പൂഴ്ത്തുമ്പോഴുമൊക്കെ ഞാൻ പിന്നാലെയുണ്ടായിരുന്നു. കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത, ഇംഗ്ലിഷ് വായിച്ചു മനസ്സിലാക്കാൻപോലും കഴിയാത്ത വിജയൻ പറഞ്ഞാണ് ആർട്ട് സിനിമ, സത്യജിത് റേ, റിത്വിക് ഘട്ടക്, ഐസൻസ്റ്റെയിൻ, പുഡോവ്കിൻ, കുറൊസാവ, തർകോവ്സ്കി എന്നൊക്കെയുള്ള പേരുകൾ ഞാൻ ആദ്യമായിക്കേൾക്കുന്നത്. 

കട്ടപ്പന സംഗീതയിൽ ദർശനയുടെ സിനിമാ പ്രദർശനം തുടങ്ങാൻ പോകുകയാണ്. റിത്വിക് ഘട്ടക്കിന്റെ സുവർണരേഖ എന്ന പടമായിരുന്നു അന്നവിടെ കാണിക്കുന്നത്. ഞാനവിടെയെത്തി. കയ്യിൽ കാശുണ്ട്. പക്ഷേ അംഗങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ. സാധാരണപോലെ ശീട്ടെടുത്ത് കയറൽ നടപ്പില്ല. വിജയൻ വരുമ്പോൾ എങ്ങനെയെങ്കിലും കൂടെ അകത്തുകയറാം എന്ന ധാരണയിൽ ഞാൻ കൊട്ടകയ്ക്ക് പുറത്ത് ചുറ്റി. പക്ഷേ വിജയൻ വന്നില്ല. കൊട്ടകയ്ക്കു മുമ്പിൽ സദാ കാണപ്പെടുന്ന ഉഴപ്പൻ പിള്ളേരിൽ ഒരുത്തനായ എന്നെ കാവൽക്കാരൻ മീശച്ചേട്ടന് അറിയാം. അങ്ങേരോട് “ചേട്ടാ ഞാനൂടെ പടത്തിന് കേറിക്കോട്ടേ?’ എന്നു ചോദിച്ചു.”ഹയ്യോ.. ഇത് പിള്ളാരൊന്നും കാണുന്ന പ ടവല്ല. ദരിശനേടെ ആൾക്കാരെയല്ലാതെ പൊറത്തൊള്ളോരേയൊന്നും കേറ്റിവിടാനൊക്കത്തില്ല..” ആദ്യം എതിരു പറഞ്ഞെങ്കിലും ശീട്ടെടുക്കാനുള്ള കാശ് കൈമടക്കായി കൊടുക്കാമെങ്കിൽ കയറ്റിവിടാമെന്ന് ഒതുക്കത്തിൽ അങ്ങേർ സമ്മതിച്ചു. സിനിമാ തുടങ്ങി അൽപം കഴിഞ്ഞ് ഏറ്റവും മുമ്പിൽ പോയി ഒരു മൂലയിൽ ഇരുന്നുകൊള്ളണം.

പമ്മി അകത്തുകയറി ഏറ്റവും മുൻ നിരയിലെ മൂലയ്ക്കുള്ള ഇരിപ്പിടത്തിൽ ഞാനിരുന്നു. അങ്ങ് പിന്നിലുള്ള ഒന്നോ രണ്ടോ നിരകളിൽ മാത്രമേ ആളുകളുള്ളു. മൃഗയാ പോലെയുള്ള ഹിന്ദിപ്പടമായിരിക്കും സുവർണരേഖ എന്നു കരുതിയാണ് കയറിയത്. ‘സുവർണ രേഖാ നദിയിൽ പണ്ടൊരു സുന്ദരി നീന്താനിറങ്ങി’ എന്ന് പാട്ടുണ്ടല്ലോ. പക്ഷേ ഇത് ഒരു പിടിയും കിട്ടാത്ത ഏതോ ഭാഷ. ആദ്യമൊക്കെ വളരെ പതുക്കെ ഇഴഞ്ഞിഴഞ്ഞാണ് പടം നീങ്ങിയത്. ഇറങ്ങിപ്പോയാലോ എന്നുപോലും വിചാരിച്ചു. പക്ഷേ മെല്ലെമെല്ലെ ആ ബംഗാളി സിനിമ എന്റെ തലയിൽ കയറിത്തുടങ്ങി. കഥ മനസ്സിലായി. ‘ആജ് ദാനേർ ഖേതേ രൗദ്ര ഛായായ് ലൂകോ ചൂരി ഖേലാ...’ പാട്ടുകളും കാഴ്ചകളുമൊക്കെ അക്ഷരത്തെറ്റുകളോടെയാണെങ്കിലും മനസ്സിൽ പതിഞ്ഞു. നീണ്ട പടമായിരുന്നെങ്കിലും നിറഞ്ഞ മനസ്സോടെയാണ് അന്ന് ഞാൻ കൊട്ടകവിട്ടിറങ്ങിയത്.

കട്ടപ്പന ദർശനയെ അനുകരിച്ച് ഇരട്ടയാറിലും ആരൊക്കെയോ ചേർന്ന് ഒരു സിനിമാ സംഘം തുടങ്ങി. പക്ഷേ ചേരാൻ അംഗങ്ങളെ കിട്ടേണ്ടേ? ഒടുവിൽ നിർമലാ കൊട്ടക വാടകയ്ക്ക് എടുത്ത്, ശീട്ടെടുക്കുന്ന ആർക്കും കയറാം എന്ന പരസ്യത്തോടെ ഓരോ ആഴ്ചയിലും ഓരോ സിനിമ അവർ കാണിച്ചു. കെ.ജി. ജോർജ് സംവിധാനം ചെയ്ത നാല് സിനിമകളാണ് ആദ്യം കൊണ്ടുവന്നത്. മണ്ണ്, ഉൾക്കടൽ, മേള, കോലങ്ങൾ. പ്രായപൂർത്തിയായവർ കാണേണ്ട പടങ്ങളാണ്. കാമക്കാഴ്ചകളും പച്ചത്തെറികളുമൊക്കെയുണ്ട്. പക്ഷേ പടം കാണാൻ അധികം ആളുകൾ വരാഞ്ഞതുകൊണ്ട് ചോദിച്ചവർക്കൊക്കെ ശീട്ട് കിട്ടി. നാല് സിനിമകളും ഞാൻ കണ്ടു. അത്തരം സിനിമകൾ ഞാൻ ആദ്യമായിക്കാണുകയായിരുന്നു. ചുറ്റും കാണുന്ന പച്ചയായ ജീവിതം ആ സിനിമകൾ വലുതാക്കി കാണിച്ചു തന്നു. അവയിലെ നായകന്മാർ പരാജയപ്പെട്ടുപോകുന്ന സാധാരണ മനുഷ്യർ.  

മണ്ണിലെ സോമന്റെയും ശാരദയുടെയും അഭിനയവും ‘അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ അറിയുമോ?’ എന്ന പാട്ടും മനസ്സിൽ മങ്ങാതെ നിന്നു. ഉൾക്കടലിലെ പ്രത്യേകതയുള്ള കാഴ്ചകളും ശരീരത്ത് ദശയേ ഇല്ലാത്ത ശോഭ എന്ന നായികയും പുതിയ അനുഭവങ്ങളായി. കൊഴുകൊഴുത്ത ഷീലയും ജയഭാരതിയും രാജശ്രീയും വിജയശ്രീയുമൊക്കെയായിരുന്നല്ലോ അതുവരെയുള്ള നായികമാർ. ഉൾക്കടലിലെ പാട്ടുകൾ പിന്നീട് കുറേക്കാലം നിർമലയിൽ കേട്ടിരുന്നു. മേളയും കോലങ്ങളുമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. തന്റെ കാൽ മുട്ടുവരെ മാത്രം ഉയരമുള്ള ഒരു കുള്ളനാണ് തനിക്കു വരാൻ പോകുന്ന ഭർത്താവ് എന്നറിഞ്ഞ് സമ്മതത്തോടെയാണ് അയാളെ കല്യാണം കഴിച്ചതെങ്കിലും യാതൊരു വിലയുമില്ലാത്ത ഒരു സർക്കസ് കോമാളിയാണ് അയാൾ എന്ന് പിന്നീട് തിരിച്ചറിയുമ്പോൾ കടുത്ത നിരാശയിൽ വീഴുന്ന അതിസുന്ദരിയായ അഞ്ജലി നായിഡുവും ആത്മഹത്യയിൽ അഭയം തേടുന്ന നിസ്സഹായനായ ആ കുള്ളനും എന്നെ നൊമ്പരപ്പെടുത്തി. അയൽക്കാരിയെ പച്ചത്തെറി വിളിക്കുന്ന കോലങ്ങളിലെ ആ സ്ത്രീയെപ്പോലെയുള്ള എത്രപേരെ എന്റെ ഗ്രാമത്തിൽ ഞാൻ കണ്ടിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ജീവിതത്തിൽനിന്നും ആർക്കും മനസ്സിലാകുന്നതും അസാധാരണവുമായ സിനിമകൾ ഉണ്ടാകുന്നത് കെ ജി ജോർജിന്റെ സിനിമകളിലാണ് ഞാൻ ആദ്യമായി അനുഭവിക്കുന്നത്. കാണാൻ ആളില്ലാത്തതുകൊണ്ട് ആ നാല് സിനിമകളോടെ ഇരട്ടയാർ സിനിമാ സംഘം അടച്ചുപൂട്ടി. 

ഒരിക്കൽ ദൂരെയുള്ള ബന്ധുവീടുകളിൽ സന്ദർശനത്തിന് പോയപ്പോൾ അമ്മ എന്നെയും ഒപ്പം കൂട്ടി. ചങ്ങനാശേരിക്കടുത്ത് താമസിച്ചിരുന്ന അമ്മയുടെ ചിറ്റപ്പന്റെ വീട്ടുകാർക്ക് തെങ്ങണാ എന്ന സ്ഥലത്ത് ഒരു സിനിമാകൊട്ടക ഉള്ള കാര്യം മുമ്പേ എനിക്ക് അറിയാമായിരുന്നു. പക്ഷേ അത്രയും വലിയ ഇടങ്ങളിലൊക്കെ നമ്മൾ എങ്ങനെയെത്താനാണ് എന്ന വിചാരമായിരുന്നു. ഇപ്പോൾ ഞാനും ഇതാ ഒരു കൊട്ടക ഉടമയായിരിക്കുന്നു! ഞാൻ കൊട്ടകയിൽതന്നെ കൂടി. സ്വന്തക്കാരുടെ കൊട്ടക സ്വന്തം കൊട്ടക എന്ന് ഞാൻ സ്വയമങ്ങ് തീരുമാനിച്ചു. അവിടെ ഓടിക്കൊണ്ടിരുന്ന ബില്ല എന്ന രജനീകാന്തിന്റെ തമിഴ് സിനിമ ഒന്നര വർഷം മുമ്പ് ഞാൻ കണ്ടതായിരുന്നു. മാത്രമല്ല അത്തരം സിനിമകളിൽ എനിക്ക് താൽപര്യവും നഷ്ടപ്പെട്ടിരുന്നു. ശീട്ട് വിൽക്കുന്ന മുറിയിലും കൊട്ടകയ്ക്കുള്ളിലെ വേറേ വേറെ ഇരിപ്പിടങ്ങളിലും മാറിമാറിയിരുന്ന് ഞാൻ കൊതി തീർത്തു. ആളു കുറവുള്ള സമയത്ത് വാതിൽക്കൽ നിന്ന് ശീട്ട് കീറി. കൂടുതൽ സമയവും പടമോടിക്കുന്ന മുറിയിലായിരുന്നു. കറുത്ത് പല്ലുപൊങ്ങിയ അനിയൻ എന്നു പേരുള്ള ഒരു ചേട്ടനാണ് സിനിമായന്ത്രം പ്രവർത്തിപ്പിക്കുന്നത്. അയാൾ പടച്ചുരുൾ മാറ്റുന്നതും ചുറ്റുന്നതും കാർബൺ ദണ്ഡുകൾ യന്ത്രത്തിലെരിക്കുന്നതുമൊക്കെ നോക്കി ഒരു കൊട്ടക ഉടമസ്ഥന്റെ ഗമയോടെ ഞാനവിടെ ചുറ്റിപ്പറ്റി. 

ഒരു ശനിയാഴ്ച വൈകുന്നേരം പടമോടിക്കൊണ്ടിരിക്കുന്നു. നല്ല ആളുണ്ട്. തിരയിൽ അവസാനത്തിനു മുമ്പുള്ള പൊരിഞ്ഞ തല്ല് നടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ചില്ലിനിടയിലൂടെ പടം നോക്കിക്കൊണ്ടും ഓരോരോ യന്ത്രഭാഗങ്ങളിൽ വെറുതെ തൊട്ടുനോക്കിക്കൊണ്ടും നിൽക്കുകയായിരുന്നു ഞാൻ. അനിയൻ ചേട്ടൻ എന്തിനോ പുറത്തേക്കിറങ്ങിയ നേരം. ഏതോ ഒരു തിരിപ്പിൽ അറിയാതെ ഒന്നു വലിച്ചുനോക്കിയതാണ്. പെട്ടെന്ന് സിനിമ നിന്നു. കൊട്ടകയ്ക്കകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളും അണഞ്ഞു. ഇരുട്ടിൽ ഭയപ്പെട്ട് നടുങ്ങി വേറേ ഏതോ ഒന്നിൽ കയറിപ്പിടിച്ച എനിക്ക് ശക്തമായ വൈദ്യുതാഘാതമേറ്റു. തറയിൽ വീണ് ഞാൻ പിടഞ്ഞുരുണ്ടു.

(തുടരും)

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം