Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിക്കറ്റെടുക്കാതെ കണ്ട 'ആഭിജാത്യം'

ഷാജി ചെന്നൈ
cinima-2

വലിയതോവാള ക്രിസ്തുരാജാ പള്ളിക്കൂടത്തിൽ നാലാം തരത്തിൽ പഠിക്കുന്ന ഞങ്ങൾ നാൽപ്പത് പേരെ, സുന്ദരിയും കുട്ടികളെ അടിച്ചും വിരട്ടിയും വരച്ച വരയിൽ നിർത്താൻ മിടുക്കിയുമായ ഇലന്തൂർ റോസമ്മ ടീച്ചറിന്റെ മേൽനോട്ടത്തിൽ രണ്ടു മൈൽ ദൂരെയുള്ള ഇരട്ടയാർ നിർമലയിലേക്ക് കൊണ്ടുപോകുകയാണ്. നാഴികക്കല്ല് എന്ന സിനിമ അവിടെ കാണിക്കുന്നുണ്ടത്രേ. നിർമല ഒരോലക്കൊട്ടകയാണ്. മേൽക്കൂരയിലെ ഒരു വലിയ ഓട്ടയിലൂടെ ധാരാളം പകൽ വെളിച്ചം നടപ്പുരയ്ക്കുള്ളിൽ വീഴുന്നുണ്ടായിരുന്നു. തിരശ്ശീലയുടെ ഒരു മൂലയിൽ അഴുക്കുവെള്ളം വീണുണങ്ങിയത് ആരോ പടം വരച്ചുവച്ചതുപോലെ തോന്നിച്ചു. നസീറായിരുന്നു ഇവിടെയും നായകൻ. നായികയുടെ പേര് ഷീലയെന്ന് ഞാൻ പിന്നീടു മനസ്സിലാക്കി. പുസ്തകങ്ങളുമായി കോളജിൽ പോകുന്ന നായകൻ നായികയുടെ പിന്നാലെ പാട്ടും പാടി നടക്കുകയാണ്. ‘നിൻപദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം’ അയാൾ അവരുടെ സാരി പിടിച്ച് വലിക്കുന്നു. വഴി നടക്കാൻ സമ്മതിക്കാതെ വട്ടം കയറി നിൽക്കുന്നു. പാദസരം കിലുക്കി, മുന്നും പിന്നുമിളക്കി നടക്കുന്ന നായിക വലിയ ദേഷ്യത്തിലാണ്. ‘മനുഷ്യനായാൽ കുറച്ചൊക്കെ നാണം വേണം, ഞാൻ കാണിച്ചു തരാം’ എന്നൊക്കെ പാട്ടിനിടയിൽ അവർ പറയുന്നുണ്ട്. പക്ഷേ ഇടയ്ക്കിടയ്ക്ക് അവർ രഹസ്യമായി പുഞ്ചിരിച്ച് നാണിക്കുന്നുമുണ്ട്! അതിൽ വരുന്ന മറ്റൊരു നടി ആണുങ്ങളുടെ കൂടെയിരുന്ന് പുകവലിക്കുന്നു, ചീട്ടുകളിക്കുന്നു, കള്ളുകുടിക്കുന്നു!

‘ചെമ്പവിഴച്ചുണ്ടിൽ ചുംബന മുന്തിരിപ്പൂവുണ്ടോ?’ എന്നു പാടിക്കൊണ്ട് ആണും പെണ്ണും തമ്മിൽ ഉമ്മ കൊടുപ്പും കെട്ടിപ്പിടിത്തവും എല്ലാം തകൃതിയായി നടക്കുന്നു. കുട്ടികൾ കണ്ടിരിക്കേണ്ട സിനിമ! തങ്കൻ ഉണ്ടായിരുന്നെങ്കിൽ അവന് ഇഷ്ടപ്പെട്ടേനെ. എനിക്കെന്തോ ആ സിനിമ തീരെ ഇഷ്ടപ്പെട്ടില്ല. റോസമ്മട്ടീച്ചറിനും വല്ലാതെ കലിയിളകി. പടം തീരുന്നതിനുമുൻപ് ടീച്ചർ കൊട്ടകയിൽനിന്ന് ഞങ്ങളെ വലിച്ചു പുറത്തിറക്കി തല്ലിയൊതുക്കി പള്ളിക്കൂടത്തിലേക്ക് തിരികെക്കൊണ്ടുപോയി. ആ സിനിമ എന്തിനാണ് അന്ന് ഞങ്ങളെ കാണിക്കാൻ കൊണ്ടുപോയതെന്ന് പിടികിട്ടുന്നില്ല. എന്നാൽ അതിൽ എസ്. ജാനകി പാടിയ 'ചന്ദനത്തൊട്ടിൽ ഇല്ലാ, ചാമരക്കട്ടിൽ ഇല്ലാ' എന്ന മനോഹരമായ താരാട്ട് പാട്ടുമാത്രം കാലങ്ങളോളം മനസ്സിൽ ഉണ്ടായിരുന്നു.

movie-1

ആയിടെ ഒരു ദിവസം ഒരു പരസ്യത്താൾ എനിക്ക് വഴിയിൽ കിടന്നുകിട്ടി. വമ്പിച്ച സിനിമാ പ്രദർശനം! ആഭിജാത്യം. അഭിനയിക്കുന്നവർ മധു, ശാരദ, അടൂർഭാസി, ശങ്കരാടി. ശനിയാഴ്ച മൂന്നിനും ഏഴിനും രണ്ട് പ്രദർശനങ്ങൾ. എഴുകുംവയൽ ജയ്മാതാ പള്ളിക്കൂടത്തിൽ. എഴുകുംവയലിന് മേലെയുള്ള കൂമ്പൻമലയിലാണ് അമ്മിണിപ്പേരമ്മയുടെ വീട്. അമ്മയുടെ മൂത്ത ചേച്ചിയാണ്. ഭയങ്കര ഭക്തയും കർക്കശക്കാരിയുമായിരുന്നെങ്കിലും നല്ല സ്നേഹമുള്ള ആളായിരുന്നു പേരമ്മ. അമ്മയേക്കാൾ പലപ്പോഴും പേരമ്മയെ ആയിരുന്നു എനിക്കിഷ്ടം. ശനിയാഴ്ച രാവിലെതന്നെ ഞാൻ പേരമ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു. മൂന്നാല് മൈൽ ദൂരെയാണ്. അപ്പോഴേക്കും ഏഴും എട്ടും മൈലൊക്കെ ഞാൻ തനിയെ നടന്നു തുടങ്ങിയിരുന്നു. നടപ്പിനിടയിൽ ‘ഈ ആഭി ജാത്യം... ആഭിജാത്യം.. എന്നു പറഞ്ഞാൽ എന്താണ്? എങ്ങനെയുള്ള സിനിമ ആയിരിക്കും?’ എന്നൊക്കെയായിരുന്നു എന്റെ ആലോചന. 

ഒട്ടൊരു ഭയപ്പാട് ഉണ്ടായിരുന്നെങ്കിലും ചെന്നയുടൻ രണ്ടും കൽപ്പിച്ച് പേരമ്മയോട് ‘പേരമ്മേ ഞാൻ പള്ളിക്കൂടത്തിൽ സിനിമാ കാണാൻ പൊക്കോട്ടേ?’ എന്നു ചോദിച്ചു. ‘പള്ളിക്കൂടത്തി പോകുന്നെ സിനിമാ കാണാനാണോടാ? പഠിക്കാനല്ലേ? നല്ല കുട്ടികള് സിനിമാ കാണല് പോലൊള്ള അനുസർണം കെട്ട പരിപാടിക്കൊന്നും പോകുകേല. ഇവിടുത്തെ പിള്ളാരൊക്ക പേരപ്പനെ സഹായിക്കാമ്മേണ്ടി താഴേപ്പറമ്പി പോയിരിക്യാ.. നീയും വേണേ അങ്ങോട്ട് ചെല്ല്. അല്ലെങ്കി ഒരു മൂലക്ക് അടങ്ങിയിരുന്നോ’ പേരമ്മയുടേത് അവസാന വാക്കാണ്. എനിക്ക് ചങ്കിടിച്ചു. സത്യത്തിൽ അനുവാദമല്ല, സിനിമാ കാണാനുള്ള പൈസാ ചോദിക്കാനാണ് ഞാൻ ഒരുങ്ങിയത്. എല്ലാം തീർന്നു. പേരമ്മയോടുള്ള എന്റെ സ്നേഹം അൽപമൊന്നു കുറഞ്ഞോ? എന്തുചെയ്യണം? ഞാൻ ആലോചിച്ചു. ‘പേരമ്മേ.. എന്നാ ഞാൻ വീട്ടിപ്പോകുവാണേ.. പറയാതാ വന്നെ. ചെന്നില്ലേൽ അച്ചാൻ തല്ലും.’ ‘എന്തിനാടാ പറയാതെവന്നെ? എന്നാ വെക്കം പൊക്കോ? സന്ത്യക്ക് മുൻപേ വീട്ടിച്ചെന്ന് കേറിക്കോണം’ എന്ന് പേരമ്മ പറഞ്ഞുതീരുന്നതിനു മുൻപേ ഞാൻ ഓടിക്കഴിഞ്ഞിരുന്നു. 

ഊഞ്ഞാലാ... ഊഞ്ഞാലാ... ദൂരെ നിന്നേ പാട്ട് കേട്ടു. വൈദ്യുതിയന്ത്രം വല്ലാതെ ശബ്ദമുണ്ടാക്കുന്നു. ജയ്മാതാ പള്ളിക്കൂടത്തിനു മുൻപിൽ നല്ല ആൾക്കൂട്ടം. എല്ലാവരുടെ കൈയിലും ശീട്ടുണ്ട്. ശീട്ടില്ലാതെ അകത്തു കയറാൻ നോക്കിയാലോ? കള്ളത്തരം കാണിക്കാനുള്ള ഭയം ഒരു വശത്ത്. സിനിമാ കണ്ടേ തീരൂ എന്ന ദുര മറുവശത്ത്. സിനിമാ തുടങ്ങാറായി. പള്ളിക്കൂടത്തിന്റെ വാതിലിനരികിലാണെങ്കിൽ ആകെ ആളും ബഹളവും ഉന്തും തള്ളും. പൊക്കവും വലുപ്പവുമില്ലാതെ മൊത്തത്തിൽ ഒരശുവായ ഞാൻ ഭയന്നുവിറച്ചാണെങ്കിലും അവരോടൊപ്പം കയറി നിന്ന് ഉന്തിത്തള്ളി. ആ തള്ളലിൽ ശീട്ടുകീറാൻ നിൽക്കുന്നവരുടെ കണ്ണിൽപ്പെടാതെ എളുപ്പത്തിൽ ഞാനകത്തെത്തി. കൈക്കും കാലിനും നല്ല ചവിട്ടൊക്കെ കിട്ടിയെങ്കിലും അതിന്റെ വേദനയൊന്നും സിനിമാ.. സിനിമാ.. എന്നുള്ള  മോഹത്തിൽ ഞാനറിഞ്ഞില്ല.

movie-2

ആഭിജാത്യം 

പള്ളിക്കൂടത്തിന്റെ ജനലുകളെല്ലാം കറുത്ത തുണികൊണ്ടും ഇലക്കൊമ്പുകൾകൊണ്ടും മൂടി മറച്ചിരിക്കുന്നതുകൊണ്ട് അകത്ത് ചെറിയ വെളിച്ചമേയുള്ളൂ. ഒന്നും ശരിക്ക് കാണാൻ പറ്റുന്നില്ല. ഒരു വിധത്തിൽ നീങ്ങിയും നിരങ്ങിയും ഞാൻ മുൻപിലിരിക്കുന്ന കുട്ടികളോടൊപ്പം ചെന്നിരുന്നു. ആരെങ്കിലും എന്റെ ശീട്ട് കീറാൻ വരുമോ എന്ന പേടിയോടെ. പടമോടിക്കാനുള്ള ചെറിയ യന്ത്രം ഡ്രർർർ... എന്ന് ശബ്ദമുണ്ടാക്കി തിരിഞ്ഞുതുടങ്ങിയ ഉടൻ കൊട്ടകയിലേതിന്റെ പകുതി പോലും വലുപ്പമില്ലാത്ത തിരശ്ശീലയിൽ സിനിമ തെളിഞ്ഞു. തുടക്കം തന്നെ ഒരു പാട്ടും നൃത്തവുമായിരുന്നു. രാസലീലയ്ക്ക് വൈകിയതെന്ത് നീ... അടൂർഭാസിയും കുറേകുട്ടികളും ചേർന്ന് ഓടാതെ വഴിയിൽ കിടന്നുപോകുന്ന ഒരു ബസ്സ് തള്ളിക്കൊണ്ട് നടന്ന് ഒരു പാട്ടുപാടുന്നു. തള്ള് തള്ള് തല്ലിപ്പൊളി വണ്ടി... അടൂർഭാസി തന്നെ പാടിയ പാട്ടാണത്രേ. ഒരു ബസ്സ് നേരിട്ടു കണ്ടിട്ടുള്ളവർ കുറവായിരുന്ന ഞങ്ങളുടെ നാട്ടിൽ ആ ബസ്സ് കാഴ്ച വലിയ കൗതുകമായി.

ധാരാളം നല്ല പാട്ടുകളുള്ള സിനിമയായിരുന്നു. വൃശ്ചിക രാത്രിതൻ അരമന മുറ്റത്തോരു, ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ, മഴമുകിലൊളിവർണൻ... ശീട്ടെടുക്കാത്തവനായ എന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് പടച്ചുരുൾ മാറ്റുന്ന ഇടവേളകളിലൊന്നിൽ ചുറ്റും പരതിനോക്കുമ്പോൾ അതാ തൊട്ടടുത്തിരിക്കുന്നു, എന്റെ സമപ്രായക്കാരനായ സഹോദരൻ സാബുമോൻ. പേരമ്മയുടെ പ്രിയപുത്രൻ. അവനും ശീട്ടെടുക്കാതെ തള്ളിക്കയറിയതായിരുന്നു! സിനിമാ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ല വിശപ്പ്. സാബുവിന്റെ കൈയിൽ കുറച്ച്‌ പൈസയുണ്ടായിരുന്നു. അതുകൊണ്ട് അവനും ഞാനും ബോളിയും ബോണ്ടയും വാങ്ങിക്കഴിച്ചു. വയറു നിറഞ്ഞപ്പോൾ എനിക്കൊരാശയം. സിനിമാ ഒന്നുകൂടി കണ്ടാലോ? അങ്ങനെ അടുത്ത കാണിക്കലിനും ഞങ്ങൾ ശീട്ടെടുക്കാതെ തള്ളിക്കയറി രണ്ടാമതും ആഭിജാത്യം കണ്ടു. 

എല്ലാം കഴിഞ്ഞപ്പോൾ രാത്രി ഒമ്പതര. അതുവരെ രാത്രിക്ക് തനിയെ എവിടെയും പോയിട്ടില്ല. സാബു ഒപ്പമുണ്ടല്ലോ. പേരമ്മയുടെ വീട്ടിലേക്കുതന്നെ പോകാം. കരടുമുരടായ മലവഴികളിലൂടെ ഇരുട്ടത്ത് തപ്പിത്തടഞ്ഞും വീണും തല്ലിയും കൂമ്പൻമലയിലെ വീട്ടിലെത്തുമ്പോൾ പേരമ്മ വല്ലാതെ വിഷമിച്ച് ഉറങ്ങാതെ സാബുവിനെ കാത്തിരിപ്പാണ്. ചോദ്യംചെയ്യലിൽ സാബുവും ഞാനും പരസ്പര വിരുദ്ധമായി ഉരുണ്ടുകളിച്ചപ്പോൾ പേരമ്മയ്ക്ക് കാര്യം മനസ്സിലായി. തവിക്കണ കൊണ്ട് പേരമ്മ സാബുവിനെ പൊതിരെ തല്ലി. അത്യാവശ്യത്തിന് എനിക്കും കിട്ടി. ആഭിജാത്യം എന്ന വാക്ക് എവിടെക്കേട്ടാലും എനിക്ക് ഓർമവരിക ആ സിനിമയും അത് രണ്ടു പ്രാവശ്യം കാണാൻ അന്ന് ഞാൻ നടത്തിയ ‘ആഭിജാത്യം’ നിറഞ്ഞ പ്രവൃത്തികളുമാണ്.

പള്ളിക്കൂടങ്ങളിൽ നടത്തുന്ന പതിനാറെമ്മം സിനിമാ പ്രദർശനങ്ങൾ അപ്പോഴേക്കും ഞങ്ങളുടെ നാട്ടിൽ ഒരു സ്ഥിരം പരിപാടി ആയിക്കഴിഞ്ഞിരുന്നു. ഓരോ ഗ്രാമത്തിലുമുള്ള പള്ളിക്കൂടങ്ങൾ മൽസരിച്ചായിരുന്നു സിനിമാ കാണിക്കൽ. ഏതെങ്കിലും ഗ്രാമപ്പള്ളിക്കൂടത്തിൽ മാസത്തിൽ ഒരു സിനിമയെങ്കിലും ഉണ്ടാകും. കൊട്ടകകളിൽ പോയി സിനിമ കാണാൻ അനുവാദമില്ലാത്ത ചാത്തനും എനിക്കും ഇത് വലിയ ഒരനുഗ്രഹമായി. ചാത്തൻ എന്ന വിളിപ്പേരുള്ളവൻ എന്റെ അടുത്ത ബന്ധു. എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് അധികമുള്ളവൻ. അക്കാലം എന്റെ സിനിമാന്വേഷണ പരീക്ഷകളിലെ പ്രധാന കൂട്ടുപ്രതി അവനായിരുന്നു. ചാത്തൻ പള്ളിക്കൂടത്തിൽ പോകുന്നത് സിനിമ കാണാൻ വേണ്ടി മാത്രമായിരുന്നു. 

ചെമ്പകപ്പാറ സർക്കാർ പള്ളിക്കൂടത്തിൽ ‘ചെമ്പരത്തി’ക്ക് മൂന്ന് പ്രദർശനങ്ങളുണ്ടായിരുന്നു. ചാത്തനും ഞാനും മൂന്നും കണ്ടു. അതിൽ വന്ന ശോഭന എന്ന നടിയെ എനിക്ക് വലിയ ഇഷ്ടമായി. എന്നാൽ പതിനാറ് തികയാത്ത ആ കൊച്ചു സുന്ദരിയെ സുധീർ എന്ന നടൻ ഒരു മഴയത്ത് ക്രൂരമായി പിടിച്ചുവലിച്ച് 'നശിപ്പിക്കുക'യാണ്. എനിക്ക് വലിയ സങ്കടമായി. 'ഇതൊക്കെ ശരിക്കും നടത്തുന്നതാണോ?' എന്ന എന്റെ ചോദ്യത്തിന് 'അത് പിലീൻ വെട്ടിക്കുന്നതാ' എന്ന് ചാത്തൻ പറഞ്ഞു. എനിക്ക് ആശ്വാസമായി. എങ്കിലും ആ രംഗം വരുമ്പോൾ ‘വേഗം ഓടിച്ചു വിട്... വേഗം ഓടിച്ചു വിട്...’ എന്ന് പ്രധാന അധ്യാപകൻ ജോസഫ് സാർ പടം ഓടിക്കുന്ന ആളോട് അടക്കം പറയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ‘വെലാസംഗം’ കണ്ട് കുട്ടികൾ വഷളാകാതിരിക്കാനാണെന്ന് ചാത്തൻ. ചെമ്പരത്തി ശോഭന കുളത്തിൽ ചാടി മരിക്കുകയാണ്. സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിൽ ഭാരമേറിയ കരിങ്കല്ല് എടുത്തുവച്ചതുപോലെയുള്ള അനുഭവം എനിക്ക് ആദ്യമായുണ്ടായത് ചെമ്പരത്തി കണ്ടപ്പോഴാണ്.

തുടരും...

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം