Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഷയുടെ ആ കാവൽക്കാരൻ മടങ്ങുമ്പോൾ...

panmana ramachandran

തിരുവനന്തപുരം വഴുതയ്ക്കാട് ഗാന്ധിനഗറിലെ ‘കൈരളി’ എന്ന വീട്ടിലാണു പ്രഫ.പന്മന രാമചന്ദ്രൻ നായർ താമസിച്ചിരുന്നത്. കൈരളിയുടെ കാവലാൾ എന്ന് അതുകൊണ്ടുതന്നെ അദ്ദേഹത്തെ സംശയലേശമില്ലാതെ വിശേഷിപ്പിക്കാം. പക്ഷേ, പ്രഫസറുടെ ശതാഭിഷേകത്തിന് ശിഷ്യൻമാർ ചേർന്ന് ഗുരുവിന് ‘കൈരളിയുടെ കാവലാൾ’ എന്ന ഗ്രന്ഥം സമർപ്പിച്ചത് അദ്ദേഹം ഭാഷയ്ക്കു ചെയ്ത സേവനങ്ങളുടെ പേരിലാണ്. എഴുത്തിലൂടെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെയാണ് മറ്റ് എഴുത്തുകാർ ചെയ്തതെങ്കിൽ ലക്ഷ്യം എന്തായിരുന്നാലും എങ്ങനെ തെറ്റില്ലാതെയും ഭംഗിയായും ഭാഷ പ്രയോഗിക്കണമെന്നാണ് പന്മന സാർ പറഞ്ഞുതന്നത്. എഴുത്തുകാരൻ എന്നതിനേക്കാൾ എഴുത്തിന്റെ അച്ഛനാണ് അദ്ദേഹം. ആധുനിക മലയാള ഭാഷയുടെ ‘എഴുത്തച്ഛൻ’. 

കഥയോ കവിതയോ ലേഖനമോ ആകട്ടെ.എഴുതിത്തുടങ്ങുമ്പോഴേ എഴുത്തുകാരുടെ കയ്യിൽ ഒരു വിറ പാഞ്ഞുകയറിയ കാലമുണ്ടായിരുന്നു. പ്രഫ.എം.കൃഷ്ണൻ നായർ സാഹിത്യവാരഫലമെഴുതിയ കാലം. അദ്ദേഹത്തിന്റെ കണ്ണിലെങ്ങാനും പെട്ടാൽ ! ക്രൂരമെന്നു തോന്നാവുന്ന വിമർശനത്തിന്റെ തീയിൽ കരിഞ്ഞുപോയവരുണ്ട്. എഴുത്തുതന്നെ അവസാനിപ്പിച്ചവരുമുണ്ട്. എഴുത്തിന്റെ സാഹിത്യമൂല്യത്തിലായിരുന്നു കൃഷ്ണൻ നായരുടെ കണ്ണ്. നന്നായി എഴുതിയത് എടുത്തുകാണിച്ചിട്ട് പരിമിതികളെക്കുറിച്ചു ബോധ്യപ്പെടുത്തി ഉയരങ്ങളിലേക്കു പോകാൻ പ്രേരണയായി അദ്ദേഹം. ഉദാത്തമായ സാഹിത്യത്തിന്റെ കാവലാളായിരുന്നു കൃഷ്ണൻ നായരെങ്കിൽ മലയാളഭാഷയുടെ കാവലാളായിരുന്നു പ്രഫ.പന്മന രാമചന്ദ്രൻ നായർ. സാഹിത്യകൃതികളാകണമെന്നില്ല ഒരു നോട്ടിസിലേക്കോ അറിയിപ്പിലേക്കോ വേണ്ടി ഒരു വരി മലയാളം എഴുതേണ്ടിവരുമ്പോൾ പോലും അദ്ദേഹത്തെ സ്മരിക്കുന്ന മലയാളികളുണ്ട്. തെറ്റു വരരുതേ എന്നു പ്രാർഥിക്കുന്നവരുണ്ട്. എഴുതിയതെങ്ങാൻ പന്മന സാറിന്റെ  കണ്ണിൽപ്പെടുമോ എന്നു പേടി പിടികൂടിയവരുണ്ട്. വരുംകാലത്ത് മലയാളം എഴുതുമ്പോൾ തെറ്റു പിണഞ്ഞാലും ചൂണ്ടിക്കാട്ടാൻ ഒരാളില്ലല്ലോ എന്നല്ല ഇപ്പോൾ മലയാളം ആശ്വസിക്കുന്നത്. ശരി പറഞ്ഞുതരുന്ന ഗുരുനാഥൻ പോയമറഞ്ഞല്ലോ ഖേദം. തെറ്റേത് ശരിയേത് എന്നു ചോദിച്ചു സംശയനിവൃത്തി വരാൻ ഇനി ആരെ വിളിക്കും എന്ന ആശങ്ക. പ്രഫ. പന്മന രാമചന്ദ്രൻ നായർ അദ്ദേഹം പഠിപ്പിച്ച ശിഷ്യൻമാരുടെ മാത്രം ഗുരുനാഥനല്ല. നല്ല മലയാളം എഴുതാൻ ആഗ്രഹിച്ചവരുടെയെല്ലാം മനസ്സിലെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ വിയോഗം നഷ്ടം തന്നെയാണ്. എല്ലാ മരണങ്ങളും നഷ്ടങ്ങളാണെന്ന ക്ളീഷേ പ്രയോഗിക്കുന്ന അർഥത്തിലല്ല, അക്ഷരാർഥത്തിൽതന്നെ. 

എഴുതിത്തുടങ്ങുമ്പോൾ, മറ്റുള്ളവരെ ആകർഷിക്കാൻ‌ കഴിയണമെങ്കിൽ, ഭാഷാ ചരിത്രത്തിൽ മികവിന്റെ മുദ്ര ചാർ‌ത്തണമെങ്കിൽ ഇനി പന്മനയുടെ കൃതികൾ മാത്രം കൂട്ട്. ഓരോ ഭാഷാ സ്നേഹിയും സൂക്ഷിച്ചുവയ്ക്കുന്ന നിധികൾ. പോയ്മറഞ്ഞ ഗുരുനാഥൻ മലയാളത്തിനു സമ്മാനിച്ച സാംസ്കാരിക പൈകൃതകങ്ങൾ. നാളെകളിലും ഭാഷയുടെ അടിസ്ഥാനവും അരൂഡവും. 1979–ൽ പുറത്തുവന്ന തെറ്റും ശരിയും. തെറ്റില്ലാത്ത മലയാളം. നല്ല ഭാഷ. ഈ മൂന്ന് ആധാരഗ്രന്ഥങ്ങൾക്കു പുറമെ ബാലകവിതകളും സാഹിത്യപഠനങ്ങളും പരിഭാഷകളും ലേഖനങ്ങളുമായി 19 പുസ്തകങ്ങൾ. മാസ്റ്റർപീസ് എന്നും ക്ളാസിക് എന്നും വിശേഷിപ്പിക്കുന്ന പുസ്തകങ്ങൾ കൂടി കാലത്തിന്റെ ചവറ്റുകുട്ടിയിൽ ഉപേക്ഷിക്കപ്പെട്ടാലും ഭാഷയുടെ ജീവനാഡിയും ശരീരവും ആത്മാവുമായി പന്മനയുടെ കൃതികൾ നിലകൊള്ളും. ഒരുപക്ഷേ ഭാഷാചരിത്രത്തിൽ നിഘണ്ടുക്കൾക്കുള്ള സ്ഥാനം തന്നെ. 

ഭാഷയുടെ ഭംഗിയിലേക്കും വികലപ്രയോഗങ്ങളുടെ അഭംഗിയിലേക്കും പന്മനയുടെ ശ്രദ്ധ പതിയുന്നത് 1960–കളുടെ തുടക്കത്തിൽ അന്നദ്ദേഹം അധ്യാപകൻ. പാലക്കാട് ചിറ്റൂർ ഗവ.കോളജിൽ. കുട്ടികളുടെ പരീക്ഷാപേപ്പർ നോക്കുകയായിരുന്നു അദ്ദേഹം. പ്രിഡിഗ്രിക്കാരുടെ ഉത്തരക്കടലാസുകൾ. ഒരു കുട്ടി എഴുതിയിരിക്കുന്നു: കാളിയൻ കൃഷ്ണനെ ദംശിച്ചു. എന്നിട്ടും മതിവരാഞ്ഞു കടിക്കുകയും ചെയ്തു. ദംശിക്കുക എന്നാൽ കടിക്കുക തന്നെയല്ലേ ?  എഴുതിയ ആൾ വിചാരിക്കുന്നത് കടിക്കുക എന്നതിനേക്കാൾ കടുപ്പം കുറഞ്ഞ പ്രവൃത്തിയാണ് ദംശിക്കുക എന്ന്. കണ്ണിൽപെട്ട ഈ തെറ്റ് കണ്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല പന്മനയ്ക്ക്. അന്നുമുതൽ ഉത്തരക്കടലാസുകളിലുൾപ്പെടെ എവിടെയും കാണുന്ന തെറ്റുകൾ അദ്ദേഹം കുറിച്ചുവച്ചു.പത്രങ്ങൾ. പുസ്തകങ്ങൾ. അറിയിപ്പുനോട്ടീസുകൾ. സിനിമാപ്പരസ്യങ്ങൾ. എഴുതിവച്ച കുറ്റങ്ങളും കുറവുകളും അവസരം കിട്ടുമ്പോഴൊക്കെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നും എന്നുമെന്നും ഭാഷയുടെ നവതാരുണ്യം നിലനിർത്താൻ. നാളെകളിലും ലാവണ്യം നഷ്ടപ്പെടാതിരിക്കാൻ. 1960 –ൽ തുടങ്ങുയ ഭാഷാപ്രതിബദ്ധത അവസാനകാലം വരെ അദ്ദേഹം തുടർന്നു. ഏതാണ്ട് അര നൂറ്റാണ്ടോളം കാലം. ഇതിനിടെ ചെറുതും വലുതുമായ ആറു ശസ്ത്രക്രിയകളിലൂടെയും അദ്ദേഹം കടന്നുപോയി. നട്ടെല്ലിനു ബലം നൽകാൻ തോൾ മുതൽ അരക്കെട്ടുവരെ പൊതിഞ്ഞിരിക്കുന്ന ഏഴുകൊളുത്തിട്ട ബെൽറ്റിട്ടു മുറുക്കിയും പന്മന ഭാഷയെ വഴിതെറ്റാതെ കാത്തു. ശരിയായ വഴി കാണിച്ചുകൊടുത്തു. 

ഇനി നമുക്ക് പന്മനയുടെ കൃതികളിലേക്കു മടങ്ങാം. വായിച്ചും ആവർത്തിച്ചു വായിച്ചും മനഃപാഠമാക്കിയും ഭാഷ ശരിയായി പ്രയോഗിക്കാം. ഓരോ അക്ഷരത്തിലും വാക്കിലും വരിയിലും പ്രിയപ്പെട്ട ഗുരുനാഥന്റെ കണ്ണു പതിയണേ എന്നു പ്രാർഥിക്കാം. തെറ്റെഴുതുമ്പോൾ വിലക്കിയും അർഥം തിരിയാതെവരുമ്പോൾ സംശയനിവൃത്തിവരുത്തിയും നല്ല ശിഷ്യൻമാരാകാം. മികവിന്റെ മുദ്രകൾ ഗുരുദക്ഷിണയാകട്ടെ; തെറ്റുകൾക്കു നേരെ ഒരിക്കലും കണ്ണടയ്ക്കാതിരുന്ന പ്രിയ ഗുരുനാഥന്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.